4 May 2024, Saturday

Related news

April 29, 2024
April 29, 2024
April 28, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 13, 2024
April 11, 2024
April 10, 2024

സമൂഹത്തെ വിഭജിക്കുന്ന ഉദാരീകരണ വിദ്യാഭ്യാസനയം

Janayugom Webdesk
January 20, 2024 5:00 am

ഇന്ത്യയുടെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പുറത്തുവന്ന രണ്ട് പഠന റിപ്പോർട്ടുകൾ സ്കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ച നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസനിലവാരത്തെപ്പറ്റി 2005 മുതൽ പ്രഥം ഫൗണ്ടേഷൻ എന്ന സർക്കാരിതര സംഘടന തുടർന്നുവരുന്ന 2023ലെ സർവേയുടെ ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്. 14–18 പ്രായപരിധിയിലുള്ള 25 ശതമാനം കൗമാരക്കാർക്കും സ്വന്തം മാതൃഭാഷയിൽ രണ്ടാം ക്ലാസ് പാഠപുസ്തകംപോലും ശരിയാംവണ്ണം വായിക്കാൻ കഴിവില്ലെന്നാണ് കണ്ടെത്തൽ. മൂന്നക്ക സംഖ്യയെ ഒരക്ക സംഖ്യകൊണ്ട് ഹരിക്കാൻ കഴിയുന്നവർ 43.3 ശതമാനം മാത്രം. ഇംഗ്ലീഷ് വായിക്കാൻ കഴിയുന്ന 57.3 ശതമാനം പേരിൽ മൂന്നിൽഒന്നിന് മാത്രമേ അതിന്റെ അർത്ഥം പറയാൻ കഴിയൂ. ഇതാണ് സ്കൂൾ വിദ്യാഭ്യാസത്തിലൂടെ ഭാഷയിലും പ്രാഥമിക ഗണിത ബോധത്തിലുമുള്ള ഇന്ത്യൻ കൗമാരക്കാരുടെ പ്രാവീണ്യത്തിന്റെ തോത്.

വ്യാഴാഴ്ച ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ‘ശരിയായ അധ്യാപകർ എല്ലാ കുട്ടികളുടെയും അവകാശം: അധ്യാപകരുടെ നിലവാരം, അധ്യാപനം, അധ്യാപക പഠനം 2023’ എന്ന റിപ്പോര്‍ട്ടിലൂടെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രൈമറി ക്ലാസുകളിലെ അധ്യാപകരിൽ 30 ശതമാനം പേർക്കും പഠിപ്പിക്കുന്ന വിഷയത്തിൽ ആവശ്യമായ വൈദഗ്ധ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സ്കൂൾ വിദ്യാഭ്യാസനിലവാരത്തിലേക്ക് വെളിച്ചം വീശുന്ന ഈ പഠനങ്ങൾ രാജ്യം ഭരിക്കുന്നവർക്ക് മറ്റെല്ലാ പഠനഫലങ്ങളും തള്ളിക്കളയുന്ന ലാഘവത്തോടെ തള്ളിക്കളയാം. എന്നാൽ, പുതുതലമുറയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും ചിന്തിക്കുന്ന ഏതൊരാൾക്കും ഉത്കണ്ഠാജനകമാണ് ഈ റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ. ആധുനിക മനുഷ്യ സമൂഹങ്ങളുടെ ഭാവി സംബന്ധിച്ച കാഴ്ചപ്പാടുകളുടെ സാക്ഷാത്ക്കാരം അവയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ഭിന്നജീവിതങ്ങള്‍ക്ക് വേണം വിഭിന്നമായ കരുതല്‍


സമൂഹത്തിന്റെ ജനാധിപത്യ ഭാവി എല്ലാ കുട്ടികൾക്കും അനിവാര്യമായി ലഭിക്കേണ്ട വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കും. സമത്വത്തിൽ അധിഷ്ഠിതമായ സമൂഹസൃഷ്ടിയാണ് ലക്ഷ്യമെങ്കിൽ മറ്റെല്ലാ അവകാശങ്ങൾക്കുമൊപ്പം അനിഷേധ്യ അവകാശമാണ് വിദ്യാഭ്യാസവും. അങ്ങനെയെങ്കിൽ സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ജനിച്ച ഓരോ കുഞ്ഞിനും വിദ്യാഭ്യാസം അനിഷേധ്യമായ അവകാശമായി ലഭിക്കേണ്ടതായിരുന്നു. പക്ഷെ, രാജ്യത്തെ നയിച്ച ഭരണാധികാരികളുടെ മുൻഗണനാ പട്ടികയിൽ അതുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം മൂന്നുതലമുറകൾ പിന്നിട്ടശേഷം ഇപ്പോഴും മുഴുവൻ കുഞ്ഞുങ്ങളെയും വിദ്യാലയങ്ങളിൽ എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ നാം കൈവരിച്ച നേട്ടങ്ങൾ അപ്പാടെ നിരസിക്കാതെ തന്നെ പറയട്ടെ, പ്രാഥമിക വിദ്യാലയങ്ങളിൽ എത്തുന്ന ഭൂരിപക്ഷത്തിനും സ്കൂൾ വിദ്യാഭ്യാസം വിജയകരവും ഫലപ്രദവുമായി പൂർത്തിയാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യവും വിഭവശേഷിയും ഒരുക്കിനൽകാൻ സമൂഹത്തെ നയിക്കുന്ന ഭരണവർഗത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ ഇരകളാവട്ടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഏറ്റവും താഴെത്തട്ടിലുള്ള പട്ടിണിപ്പാവങ്ങളുടെ കുട്ടികളാണ്.

സമ്പന്നരെയും വരേണ്യരെയും സംബന്ധിച്ചിടത്തോളം മികച്ച വിദ്യാഭ്യാസം അവരുടെ വാങ്ങൽശേഷിക്കനുസരിച്ച് വിലയ്ക്ക് ലഭ്യമാകുന്ന വില്പനച്ചരക്കാണ്. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന അനീതിയെയും അസമത്വത്തെയും നേരിട്ട് പരിഹരിക്കുന്നതിനുപകരം അത് സ്വാഭാവിക സാമൂഹികക്രമമായി വ്യാഖ്യാനിക്കാനാണ് ഉദാരീകരണ സിദ്ധാന്തങ്ങൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി മോഡി ഭരണകൂടം സമൂഹത്തിനുമേൽ അടിച്ചേല്പിച്ച ‘നവ വിദ്യാഭ്യാസ നയം’ രാജ്യത്തെ മുഴുവൻ കുഞ്ഞുങ്ങൾക്കും തുല്യമായ വിദ്യാഭ്യാസ അവസരം പ്രദാനം ചെയ്യുന്നില്ല. കുറഞ്ഞ സാർവത്രിക വിദ്യാഭ്യാസം എല്ലാവർക്കും നൽകുക എന്നതിനപ്പുറം യാതൊന്നും ആ നയം ലക്ഷ്യംവയ്ക്കുന്നില്ല. സമ്പന്ന, വരേണ്യ വർഗങ്ങൾക്ക് ഗുണനിലവാരമുള്ള ജീവിതം ഉറപ്പുനല്‍കുന്ന, വിലകൊടുത്തുവാങ്ങാവുന്ന മികച്ച വിദ്യാഭ്യാസവും, ഭാഷയിലും ഗണിതത്തിലും കുറഞ്ഞ നിലവാരം പുലർത്തുന്ന പൊതുവിദ്യാഭ്യാസവും എന്നതാണ് മൂലധനശക്തികൾ വിഭാവനം ചെയ്യുന്ന നവ വിദ്യാഭ്യാസ നയം. അത്തരം ഒരു സമൂഹത്തിന്റെ പരിച്ഛേദത്തെയാണ് ഇപ്പോൾ പുറത്തുവന്ന പഠനങ്ങൾ തുറന്നുകാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.