18 January 2026, Sunday

നടിയെ ആക്രമിച്ച കേസിൽ നീതി പകുതി മാത്രം

Janayugom Webdesk
December 9, 2025 5:00 am

കോളിളക്കം സൃഷ്ടിച്ച, നടിക്കെതിരായ അതിക്രമ കേസിൽ വിചാരണക്കോടതി വിധിയെഴുതിയിരിക്കുന്നു. കുറ്റകൃത്യത്തിന്റെ മാനങ്ങൾകൊണ്ടും നിയമപോരാട്ടത്തിന്റെ അപൂർവതകൊണ്ടും ശ്രദ്ധേയമായ കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം റോസ് തീർപ്പ് കല്പിച്ചിരിക്കുന്നത്. സുനിൽ എൻ എസ് (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ 12നാണ് തീരുമാനിക്കുക. 

ഈ കേസ് പല കാരണങ്ങളാൽ ശ്രദ്ധേയമായിരുന്നു. ഇരയാക്കപ്പെട്ടത് ചലച്ചിത്ര താരമായിരുന്നുവെന്നതും കുറ്റാരോപിതരിൽ അതേ മേഖലയിലുള്ളവര്‍ ഉൾപ്പെട്ടിരുന്നു എന്നതും കേസിന് വൻ പ്രാധാന്യം ലഭിക്കുന്നതിന് കാരണമായി. ചലച്ചിത്രത്തിന് ലഭിക്കുന്ന ഭ്രമാത്മകത കേസിന് കൈവന്നത് അതുകൊണ്ടു കൂടിയാണ്. കാണാമറയത്തുനിന്ന് വെളിച്ചത്തുവന്ന് ഇരയല്ലെന്നും അതിജീവിതയാണെന്നും പ്രഖ്യാപിച്ച അവൾ മറ്റൊരത്ഭുതമായിരുന്നു. കുറ്റാരോപിതരായ അതികായന്മാരെയും അകത്താക്കുന്നതിന് മടികാണിക്കാതിരുന്ന, കൃത്യമായി മുന്നോട്ടുകൊണ്ടുപോയ അന്വേഷണ രീതി കേസിന്റെ പ്രത്യേകതകളിൽ ഒന്നായി. അതുവരെ ഉണ്ടായിട്ടില്ലാത്തതായിരുന്നു അത്. ചലച്ചിത്ര മേഖലയിലെ സ്ത്രീവിരുദ്ധതയും ചൂഷണങ്ങളും പുറത്തുവന്നു എന്നത് മറ്റൊരു പ്രത്യേകത. വെള്ളിവെളിച്ചത്തിന് പിന്നിൽ നടക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകൾ തുറന്നുകാട്ടുന്നതിനും ഈ സംഭവം കാരണമായി. ഇരയ്ക്കൊപ്പം നിന്ന ചലച്ചിത്രപ്രവർത്തകർ ആൺ പെൺ വ്യത്യാസമില്ലാതെ, മേൽക്കോയ്മാവാദികളുടെ വേട്ടയ്ക്കിരയായി. ചിലർക്ക് അവരുടെ നിലനില്പ് പോലും അസാധ്യമായി. ഇതെല്ലാം കൊണ്ടാണ് കേവലമൊരു സ്ത്രീപീഡനക്കേസിനപ്പുറം മാനങ്ങൾ ഈ അതിക്രമത്തിനുണ്ടായത്. എങ്കിലും പൂർണമായും തൃപ്തി നൽകുന്ന വിധിയല്ല ഉണ്ടായിരിക്കുന്നത്. 

2017ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. അതുവച്ച് കണക്കാക്കിയാൽ വിധിപ്രസ്താവത്തിന് എട്ടുവർഷത്തിലധികമെടുത്തു. 2017 നവംബറിൽ കേസിന്റെ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ആരംഭിക്കുന്നത് 2020 ജനുവരി 30നാണ്. ഇതിനിടെ കുറ്റാരോപിതരായ വൻതോക്കുകൾ നിരന്തരം വിവിധ കാരണങ്ങൾ പറഞ്ഞ് കോടതികളെ സമീപിച്ചതും വിചാരണയുൾപ്പെടെ തടയുന്നതിനുള്ള വ്യവഹാരങ്ങൾ നടത്തിയതും നാം കണ്ടതാണ്. ഇന്നലെയുണ്ടായ വിധിയിൽ ആദ്യ ആറ് പ്രതികളെയാണ് കുറ്റക്കാരെന്ന് വിധിച്ചിരിക്കുന്നത്. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യാ­യ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്ക­ൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മുഴുവൻ പ്രതികൾക്കുമെതിരെ ചുമത്തിയത്. ഇതിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞിരിക്കുന്നു. ഗൂ­ഢാലോചന തെളിയിക്കുന്നതിന് സാധ്യമായില്ലെന്ന് കണ്ടെത്തിയാണ് ചില പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇരയ്ക്കും അവൾക്കൊപ്പം നിലക്കൊണ്ടവർക്കും പാതി നീതി മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത്. 

തീർച്ചയായും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. കേസിന്റെ വിചാരണവേളയിലും ഇപ്പോൾ ശിക്ഷിക്കപ്പെട്ട ചിലരുടെ മൊഴികൾ പുറത്തുവന്നപ്പോഴും ചലച്ചിത്ര രംഗത്തുള്ള ചിലരുടെ വെളിപ്പെടുത്തലായും അക്കാര്യം വ്യക്തമായതാണ്. എങ്കിലും വിചാരണക്കോടതി അതിന് തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇ‌ൗ സാഹചര്യത്തിലാണ് ശിക്ഷാവിധിക്ക് പാതി നീതിയെന്ന വിശേഷണം നൽകേണ്ടിവരുന്നത്. അതുകൊണ്ട് പൂർണ നീതി ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ ഈ കേസിൽ ഉണ്ടാകേണ്ടതുണ്ട്. ഇരയ്ക്കൊപ്പമാണ് സർക്കാരെന്ന് ബന്ധപ്പെട്ടവരുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന കാരണത്താൽ വെറുതെ വിടപ്പെട്ട നടൻ ദിലീപിന്റെ പ്രതികരണം ഇക്കാര്യത്തിൽ അന്വേഷണ സംവിധാനത്തിനും നീതിന്യായ സംവിധാനത്തിനും നേരെയുള്ള വെല്ലുവിളിയാണ്. പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിയോടെ കേസ് അവസാനിച്ചുവെന്ന ധാരണയിലാണ് പ്രതികരണമുണ്ടായതെന്ന് തോന്നുന്നു. അന്വേഷണ സംവിധാനത്തെ അപഹസിക്കുക മാത്രമല്ല, ആരോപണങ്ങൾ ഉന്നയിക്കുക പോലുമുണ്ടായിരിക്കുന്നു. കുറ്റാരോപിതനായ വേളയിൽ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ചില വിമർശനങ്ങൾ ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അത് ധിക്കാരത്തിന്റേതുകൂടിയാണ്. 

അതുകൊണ്ട് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണ വേളയിൽ കണ്ടെത്തിയതും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചതുമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും സത്യസന്ധത തെളിയിക്കപ്പെടണമെന്നാണ് മുഴുവൻ പേരും ആഗ്രഹിക്കുന്നത്. അത്തരമൊരു സാഹചര്യം മേൽക്കോടതികളിലെ അപ്പീൽ ഹർജിയുടെ പരിഗണനാ വേളയിൽ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതും. അപ്പോൾ മാത്രമേ അതിജീവിതയ്ക്ക് പൂർണ നീതി ലഭിച്ചു എന്ന് കരുതാനാകൂ. അതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നത് ശുഭോദർക്കമാണ്.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.