18 December 2024, Wednesday
KSFE Galaxy Chits Banner 2

കെജ്‌രിവാളിന്റെ അറസ്റ്റും മോഡി സര്‍ക്കാരിന്റെ ഹീനതന്ത്രങ്ങളും

Janayugom Webdesk
March 23, 2024 5:00 am

ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്, സാമാന്യ ധാരണയുള്ള ആരിലും അത്ഭുതമോ നടുക്കമോ ഉണ്ടാക്കിയിരിക്കില്ല. ദീർഘനാളായി അണിയറയിൽ ഒരുങ്ങിവന്ന രാഷ്ട്രീയ നാടകത്തിന്റെ ഉദ്വേഗജനകമായ ഒരു ഭാഗം മാത്രമാണത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചുള്ള പരിഭ്രാന്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലും ബിജെപി പാളയത്തിലും പ്രകടമാണ്. സാധ്യമായ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ച് പ്രതിപക്ഷപാർട്ടികളെ നിരായുധരാക്കാനുള്ള തീവ്രശ്രമത്തിലാണ് അവർ. പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, അവരുടെ പരിമിത വിഭവശേഷിയും അവർ നേതൃത്വം നൽകുന്ന സംസ്ഥാന ഭരണകൂടങ്ങളും ബിജെപിയുടെ ശിഥിലീകരണ ലക്ഷ്യത്തിൽ ഉൾപ്പെടും. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ മോഡി സർക്കാരും ഇഡി അടക്കം കേന്ദ്ര അന്വേഷണ ഏജൻസികളും ഉൾപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി നേരത്തെ തുറുങ്കിലടയ്ക്കപ്പെട്ടിരുന്നു. കെജ്‌രിവാളിന്റെ അറസ്റ്റ് അവസാനത്തേതായിരിക്കില്ലെന്ന സൂചനകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പശ്ചിമബംഗാളിലും ഡൽഹി ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഭീഷണി മുഴക്കിക്കഴിഞ്ഞു. സമാനമായ ഭീഷണികൾ കേരളത്തിലെ ബിജെപി വൃത്തങ്ങളിൽനിന്നും ഉയരുന്നുണ്ട്. മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നും മോഡി സർക്കാരിനും ബിജെപിക്കും തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത പ്രഹരങ്ങളിൽ സമനില തെറ്റിയതുപോലെയാണ് അവരുടെ പ്രതികരണം. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുംവിധമാണ് അവർതന്നെ ‘ജനാധിപത്യത്തിന്റെ മാതാവ് ’ എന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചുപോന്ന ഇന്ത്യൻ ജനാധിപത്യത്തോടുള്ള മോഡിയുടെയും ബിജെപിയുടെയും അതിക്രമ പരമ്പരകൾ. അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയും ബിജെപിയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയുടെ മുകളിലാണ് തങ്ങളുടെ അധികാരത്തിന്റെ സിംഹാസനം ഉറപ്പിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ തുറന്നുകാട്ടി. മോഡി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ഈ തിരിച്ചടികളെ മറികടക്കാനും തങ്ങളുടെ ഹീനകൃത്യങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള തത്രപ്പാടിലാണ് മോഡിയും ബിജെപിയും.

 


ഇതുകൂടി വായിക്കൂ: സംശുദ്ധ രാഷ്ട്രീയത്തിന്റെ ദീപ്തസ്മരണ


ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലാവുന്ന 17-ാമത്തെ കുറ്റാരോപിതനാണ് അരവിന്ദ് കെജ്‌രിവാൾ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രി. കുറ്റവാളികൾ എന്ന് ആരോപിതരായവർ, അവർ എത്രതന്നെ ഉന്നതരാണെങ്കിലും, വിചാരണയ്ക്ക് വിധേയരാവുകയും കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടുകയും വേണം. എന്നാൽ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനും അവരെ നിശബ്ദരാക്കാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് ഭൂഷണമല്ല. നാസി ജർമ്മനിയിൽ ഹിറ്റ്ലർ എങ്ങനെയാണോ ‘ഗെസ്റ്റപ്പോ’ അടക്കം സ്റ്റേറ്റ് ഏജൻസികളെ ദുരുപയോഗം ചെയ്തത്; സമാന രീതിയിലാണ് ഇഡി, സിബിഐ, ആദായനികുതി വകുപ്പ്, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളെ മോഡി ഭരണകൂടം പ്രതിയോഗികൾക്കെതിരെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. ഇഡി അതിന്റെ 17 വർഷത്തെ പ്രവർത്തനത്തിനിടയിൽ 5,906 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 25 കേസുകളിൽ മാത്രമാണ് തീർപ്പുകല്പിക്കാനായത്. അതിൽത്തന്നെ ശിക്ഷിക്കപ്പെട്ടത് 24 എണ്ണം. എന്നാൽ, 96 ശതമാനം കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് മോഡി സർക്കാർ നടത്തുന്ന അവകാശവാദം. മോഡി സർക്കാരും ബിജെപിയും എങ്ങനെയാണ് ഇഡിയെ സ്വാർത്ഥലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതെന്നതിന്റെ മകുടോദാഹരണമാണ് മദ്യനയ കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് മാപ്പുസാക്ഷിയായി മാറ്റപ്പെടുകയും ചെയ്ത അരബിന്ദോ ഫാർമയുടെ ഡയറക്ടർ ശരത് ചന്ദ്ര റെഡ്ഡി എന്ന ബിസിനസുകാരൻ. എക്സൈസ് കേസിൽ 2022 നവംബർ 10ന് ഇയാളെ ഇഡി അറസ്റ്റ്ചെയ്യുന്നു. ആ മാസം 15ന് അയാളുടെ കമ്പനി അഞ്ചുകോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി ബിജെപിക്ക് നൽകുന്നു. നവംബർ 21ന് ബിജെപി അത് പണമായി മാറ്റുന്നു. 2023 ജൂണിൽ അയാളെ മാപ്പുസാക്ഷിയാക്കുന്നു. പ്രത്യുപകാരമായി നവംബറിൽ അരബിന്ദോ ഫാർമ മറ്റൊരു 25 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി ബിജെപിക്ക് നൽകുന്നു. ഈ വസ്തുതകളെല്ലാം ഇതിനകം എസ്ബിഐ പുറത്തുവിട്ടതും തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതുമായ തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പലയിടത്തും അഴിമതി നടന്നിരിക്കാം. പക്ഷേ, ഇവിടെ നടക്കുന്നത് അഴിമതിയുടെ കുത്തകവൽക്കരണമാണ്. തങ്ങളൊഴികെ മറ്റൊരു പാർട്ടിക്കും അഴിമതി നടത്താനുള്ള അവകാശമില്ലെന്നുള്ള പ്രഖ്യാപനമാണ് നരേന്ദ്ര മോഡിയും ബിജെപിയും നടത്തുന്നത്.
തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ ഇതുവരെ വെളിപ്പെട്ട വിവരങ്ങൾ 2018ൽ മോഡി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ ഭരണഘടനാ വിരുദ്ധ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണെന്ന് വ്യക്തമാക്കുന്നു. സിപിഐ, സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഒഴികെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രചരിത്രത്തിലെ ഏറ്റവും വലിയ ഈ അഴിമതിയിൽ ഏറ്റക്കുറച്ചിലുകളോടെ പങ്കാളികളാണ്. അതിനുവേണ്ടി മോഡിയും ബിജെപിയും ഉപയോഗിച്ച അധാർമ്മിക തന്ത്രങ്ങൾ മറ്റുള്ളവരും പ്രയോഗിച്ചിട്ടുണ്ടാവാം. പരമോന്നത കോടതി റദ്ദാക്കിയ പ്രസ്തുത അഴിമതിപ്പണം കണ്ടുകെട്ടുകയും അത് രാഷ്ട്രത്തിന്റെ സഞ്ചിതനിധിയിൽ നിക്ഷേപിക്കുകയുമാണ് വേണ്ടത്. അതിനുപകരം ഇതിനകം ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ മോഡി സർക്കാരിനെയും അതിന്റെ ഹീനവൃത്തികൾക്ക് നിയോഗിക്കപ്പെട്ട ഏജൻസികളെയും അനുവദിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും രാഷ്ട്രത്തിന്റെ നിലനില്പിനുതന്നെയും വിനാശകരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.