23 January 2026, Friday

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കേരള ബദല്‍

Janayugom Webdesk
January 23, 2026 5:00 am

സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുതന്നെ വന്‍ നാശം വിതച്ച ദുരന്തങ്ങളില്‍ ഒന്നായിരുന്നു വയനാട് മേപ്പാടിയില്‍ 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടല്‍. ഇതേ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മേഖലയിലും ദുരന്തം നാശം വിതച്ചു. മേപ്പാടിയെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരുന്നുവെങ്കിലും ഇരുപ്രദേശങ്ങളിലെയും ജനങ്ങള്‍ ഏറ്റക്കുറച്ചിലോടെ അനുഭവിച്ചത് സമാന പ്രതിസന്ധികളായിരുന്നു. മേപ്പാടിയില്‍ 436 മരണമുണ്ടായി. നാശത്തിന്റെ തോത് വളരെയധികവുമായിരുന്നു. വിലങ്ങാട് ഒരു മരണം മാത്രമാണുണ്ടായത്. മേപ്പാടിയില്‍ വ്യാപകമായും വാണിമേലും വിലങ്ങാട് മേഖലയിലും വന്‍ നാശങ്ങളുമുണ്ടായി ജനജീവിതത്തെ ബാധിച്ചു. മേപ്പാടിയില്‍ കേന്ദ്ര മാനദണ്ഡ പ്രകാരം 1,200 കോടിയുടെ നാശമുണ്ടായതായാണ് കണക്കാക്കിയത്. മാനദണ്ഡ നിര്‍ണയത്തിലെ പോരായ്മകള്‍ മാറ്റിവച്ചാല്‍ യഥാര്‍ത്ഥ നാശം അതിന്റെ എത്രയോ ഇരട്ടിയായിരുന്നു. വിലങ്ങാട് മേഖലയില്‍ 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകളും നാല് കടകളും ഉപയോഗിക്കാന്‍ സാധിക്കാത്തവിധം തകര്‍ന്നു. റോഡുകള്‍ പൊളിഞ്ഞും പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചും 156 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. എല്ലാം ചേര്‍ത്തുള്ള നഷ്ടം കോടികളുടേതായിരുന്നു. ഇത്രയും വലിയ ദുരന്തം സംഭവിക്കുമ്പോള്‍ കാരുണ്യത്തിന്റെ ഉറവയൊഴുകേണ്ടത് പ്രധാനമായും സര്‍ക്കാരുകളില്‍ നിന്നുതന്നെയാണ്. അതിന് പുറമേയാണ് സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്‍കുന്ന സഹായങ്ങള്‍. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നിന്ന് ആവശ്യത്തിലധികം കരുതലും ചേര്‍ത്തുനിര്‍ത്തലുമുണ്ടായെങ്കിലും കേന്ദ്രത്തില്‍ നിന്ന് അതുണ്ടായില്ലെന്നത് വിമര്‍ശനം മാത്രമല്ല, വസ്തുതയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം നല്‍കുന്നതിന് മുന്നോട്ടുവന്നവരില്‍ നിന്ന് അത് സ്വീകരിക്കുന്നതിന് സാങ്കേതിക കാരണങ്ങള്‍ നിരത്തി കേന്ദ്രം തടസം സൃഷ്ടിക്കുകയും ചെയ്തു.

ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അതിജീവനത്തിന് കൈത്താങ്ങാകുന്നതിനും നിരവധി മാര്‍ഗങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. അതില്‍ പ്രധാനം കിടപ്പാടം നഷ്ടമായവര്‍ക്കുള്ള ഭവന നിര്‍മ്മാണവും ജീവനോപാധികള്‍ നഷ്ടമായവര്‍ക്കുള്ള കൈത്താങ്ങുമായിരുന്നു. വീട് നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും ആദ്യഘട്ടം അടുത്ത മാസം ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും കഴിഞ്ഞ ദിവസം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ട്. 289 വീടുകളാണ് കൈമാറുക. വീട് നഷ്ടമായി വാടകവീട്ടിൽ കഴിയുന്നവര്‍ക്ക് സഹായം നല്‍കുന്നതായിരുന്നു മറ്റൊന്ന്. ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ ഇല്ലാതായ പശ്ചാത്തലത്തില്‍ മൂന്നു മാസം വരെ ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനായിരുന്നു സർക്കാർ തീരുമാനിച്ചത്. അതനുസരിച്ച് 2024 ഓഗസ്റ്റ് മുതൽ പണം കൊടുത്തു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 656 കുടുംബങ്ങളിലെ 1,185 ആളുകൾക്കാണ് പണം നൽകിയത്. ഇതില്‍ ഘട്ടംഘട്ടമായി ജീവനോപാധികള്‍ നേടിയവരൊഴികെയുള്ളവര്‍ക്ക് കഴിഞ്ഞ ഡിസംബര്‍ വരെ തുക നല്‍കുകയുണ്ടായി. ഈ തുക കൃത്യമായി നല്‍കിയില്ലെന്നും അവസാനിപ്പിച്ചുവെന്നുമുള്ള കുപ്രചരണങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടായി. അക്കാര്യത്തിലും സര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തത വരുത്തിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന് സഹായിക്കാന്‍ സാധിക്കുന്ന വിധത്തില്‍ കേരള ബാങ്കില്‍ നിന്നുള്‍പ്പെടെയുള്ള വായ്പകള്‍ എഴുതിത്തള്ളുന്നതിനും നടപടികളെടുത്തു. പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായ നിഷേധാത്മക സമീപനം കോടതികളുടെ വിമര്‍ശനത്തിന് വിധേയമായത് ഇവിടെയോര്‍ക്കണം.

ഇതിനെല്ലാം പുറമേയാണ് ദുരിതബാധിത കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനുള്ള പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്. മേപ്പാടി, വാണിമേല്‍ പഞ്ചായത്തുകളില്‍ ദുരിത ബാധിതര്‍ക്ക് വായ്പാ, ഉജ്ജീവന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് വായ്പ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ളതാണ് പദ്ധതി. 8.57 കോടി രൂപയുടെ വായ്പയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ പലിശ ഏകദേശം 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടംബശ്രീ മിഷന് നല്‍കും. ഉജ്ജീവന വായ്പാ പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതം നല്‍കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായുള്ള 20 കോടിയോളം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ (എസ്‍ഡിആര്‍എഫ്) നിന്ന് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കണ്ടെത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്‍ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ മുറുകെപ്പിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ദുരിതബാധിത മേഖലയിലെ യഥാര്‍ത്ഥ നഷ്ടം പരിഗണിക്കാതെ കുറവ് വരുത്തുകയോ നിഷേധിക്കുകയോ ചെയ്യുന്നത്. എന്നാല്‍ ഇവിടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ദുരിതബാധിതരെ സഹായിക്കുകയെന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഒരു സര്‍ക്കാരിന്റെ ജനകീയ പ്രതിബദ്ധതയാണ് ഇവിടെ പ്രതിഫലിക്കുന്നത്. പണം നല്‍കാതെ, കണക്കുകളിലൂടെ മാത്രം അനുവദിക്കുകയും ദുരിതാശ്വാസം ഉപാധിവച്ച് വായ്പയായി നല്‍കുകയും ചെയ്യുന്ന കേന്ദ്രത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ വ്യത്യസ്തമാകുകയാണ് ഇതിലൂടെ. ഇങ്ങനെയെല്ലാമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്ത് ബദലുയര്‍ത്തുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.