
നീണ്ട പതിനേഴ് വർഷങ്ങൾക്കുശേഷം മലേഗാവ് സ്ഫോടനക്കേസിൽ ഉൾപ്പെട്ട ഏഴ് പ്രതികളെയും വെറുതെ വിട്ടുള്ള എൻഐഎ കോടതി വിധിയുണ്ടായി. മഹാരാഷ്ട്ര നാസിക് ജില്ലയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിലെ മസ്ജിദിന് മുന്നിൽ 2008 സെപ്റ്റംബർ 29ന് സ്ഫോടനമുണ്ടായതാണ് മലേഗാവ് സ്ഫോടനക്കേസെന്ന നിലയിൽ കുപ്രസിദ്ധമായത്. മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തീവ്ര ഹിന്ദുത്വവാദിയും ബിജെപി മുൻ എംപിയുമായ പ്രഗ്യ സിങ് ഠാക്കൂർ, മുൻ സൈനിക ഉദ്യോഗസ്ഥരായ ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, രമേശ് ശിവാജി ഉപാധ്യായ, സമീർ ശരദ് കുൽക്കർണി, അജയ് ഏക്‌നാഥ് രഹിർക്കർ, സുധാകർ ഓംകാർനാഥ് ചതുർവേദി, സുധാകർ ധർ ദ്വിവേദി എന്നിവരായിരുന്നു കുറ്റാരോപിതർ. ജൂലൈ 21നാണ്, 2006 ജൂലൈ 11ന് മുംബൈയിൽ നടന്ന ട്രെയിൻ സ്ഫോടന പരമ്പരയിൽ വധശിക്ഷയും ജീവപര്യന്തവും ശിക്ഷ വിധിക്കപ്പെട്ട 12 പേരെയാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. മുംബൈ റെയിൽവേയുടെ കീഴിലുള്ള വിവിധ ട്രെയിനുകളിൽ ഏഴ് ബോംബുകൾ പൊട്ടിത്തെറിച്ച് 189 പേർ മരിക്കുകയും 820ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. പ്രഷർ കുക്കറിൽ ബോംബുകൾ കൂട്ടിച്ചേർത്ത് ട്രെയിനുകളിൽ സ്ഥാപിച്ചുവെന്നായിരുന്നു കേസ്. ഈ കേസിൽ 2015 സെപ്റ്റംബറിലാണ് പ്രത്യേക കോടതി മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിന് (എംസിഒസിഎ) കീഴിൽ അഞ്ച് പ്രതികൾക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചത്. രണ്ട് കേസുകളിലും പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടത് നിയമ വിദഗ്ധരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്.
കൃത്യമായി തെളിയിക്കപ്പെടാതെ ഒരാളെയും ശിക്ഷിക്കരുതെന്നതാണ് നീതിയെങ്കിലും രണ്ട് കേസുകളും തീവ്രവാദവും ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ് എന്നതിനാലാണ് പ്രതികളെ വിട്ടയച്ചത് അത്ഭുതപ്പെടുത്തുന്നത്. ഇവരാരും കുറ്റക്കാരല്ലെങ്കിൽ പിന്നെ ആരാണ് കൃത്യം നടത്തിയത് എന്ന് കണ്ടെത്താനാകാതെ പോയത് അന്വേഷണ ഏജൻസികളുടെ പരാജയമാണ്. നൂറുകണക്കിന് മനുഷ്യജീവനുകൾ പൊലിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളുടെ യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതുമാണ്. അ തേസമയം പ്രതികൾ കുറ്റവിമുക്തമാക്കപ്പെട്ട രണ്ട് കേസുകളോടും നിലവിലുള്ള ബിജെപി സർക്കാർ സ്വീകരിക്കുന്ന സമീപനം അപലപനീയവും നീതിയോടുള്ള കൊഞ്ഞനം കുത്തലുമാണ്. മുംബൈ സ്ഫോടനക്കേസിൽ കുറ്റവിമുക്തരാക്കിയ വിധിയുണ്ടായപ്പോൾ അതിനെ അപലപിക്കുകയും അപ്പീൽ നൽകുന്നതിന് തീരുമാനിക്കുകയുമാണ് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ചെയ്തത്. അപ്പീലിന്റെ അടിസ്ഥാനത്തിൽ മുംബൈ ഹൈക്കോടതി വിധി, സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മലേഗാവ് കേസിൽ വിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നത്. സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ മലേഗാവ് കേസിലെ കോടതി വിധി സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നുമാത്രമല്ല ഹിന്ദുക്കൾക്ക് തീവ്രവാദമോ ഭീകര പ്രവർത്തനമോ നടത്താനാകില്ലെന്ന് കടത്തിപ്പറയാനും അദ്ദേഹം സന്നദ്ധമായി. ഹിന്ദു, തീവ്രവാദം എന്നിവ എതിർ ദിശയിലുള്ള പദങ്ങളാണെന്നായിരുന്നു മറ്റൊരു ബിജെപി മുഖ്യമന്ത്രിയുടെ വാദം. കുറ്റാരോപിതർക്ക് നഷ്ടമായ വർഷങ്ങൾ ആര് തിരിച്ചുനൽകുമെന്ന ചോദ്യവും ചില ബിജെപി നേതാക്കളിൽ നിന്നുണ്ടായി. ഇതേ ചോദ്യം മുംബൈ സ്ഫോടനക്കേസിലെ കുറ്റാരോപിതർക്കും ബാധകമാണ്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ടവരും 19 വർഷമായി ജയിലിൽ കഴിയുകയാണ്. 2015ൽ കുറ്റവിമുക്തനാക്കപ്പെട്ട വാഹിദ് ഷെയ്ഖ് എന്ന വ്യക്തി ഒമ്പത് വർഷമാണ് തടവിൽ കഴിഞ്ഞത്. എന്നുമാത്രമല്ല കുറ്റവിമുക്തമാക്കപ്പെട്ടുവെങ്കിലും പുറത്തിറങ്ങാൻ അനുവദിക്കാതെ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ സ്റ്റേ വാങ്ങുകയും ചെയ്തു. മലേഗാവ് കേസിൽ എൻഐഎ കോടതിവിധിക്കെതിരെ അപ്പീൽ പോകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ അതിന് സന്നദ്ധമാകുമെന്ന് കരുതാനാകില്ല.
ബിജെപിയുടെയും അവരെ നയിക്കുന്ന ആശയങ്ങളുടെയും ഇരട്ടമുഖമാണ് ഇതിലൂടെ വീണ്ടും തെളിയുന്നത്. ഒരു കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ അപ്പീൽ നൽകുകയും മറ്റൊരു കേസിലെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നത് തീവ്രവാദത്തോടുള്ള അവരുടെ സമീപനങ്ങളിലെ പക്ഷപാതിത്തം വെളിപ്പെടുത്തുന്നു. കഴിഞ്ഞ കുറേക്കാലമായി നാമിത് കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണത്തിന്റെ തണലിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ ഭീകരപ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ ന്യായീകരിക്കുകയും സംരക്ഷണമൊരുക്കുകയും ചെയ്യുന്നു. ഇത്തരം സംഘടനകൾ കുറ്റാരോപിതരാകുമ്പോൾ വിരുദ്ധ നിലപാടുകളും അവരെ പൂട്ടാനുള്ള എല്ലാ ശ്രമങ്ങളും സ്വീകരിക്കുന്നു. ഇത്തരമൊരു ആകുലാവസ്ഥയിൽ തീവ്രവാദത്തിന്റെ നിർവചനം മാറ്റപ്പെടുന്നു എന്ന് മാത്രമല്ല യഥാർത്ഥ നീതി മരിക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.