23 January 2026, Friday

മംദാനിയുടെ വിജയം ട്രംപിനും പ്രതിലോമ രാഷ്ട്രീയത്തിനും തിരിച്ചടി

Janayugom Webdesk
November 6, 2025 5:00 am

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ (ഡിഎസ്എ) പ്രഖ്യാപിത അംഗവും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനി യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഒട്ടും അപ്രതീക്ഷിതമല്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഭ്രാന്തൻ കമ്മ്യൂണിസ്റ്റ്’ എന്ന് മുദ്രകുത്തിയ മംദാനിയുടെ അട്ടിമറിവിജയവും വെർജീനിയ, ന്യൂജേഴ്സി, കാലിഫോർണിയ എന്നിവിടങ്ങളിൽ ഗവർണർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ കൈവരിച്ച തകർപ്പൻവിജയവും ട്രംപിന്റെ വിഭാഗീയ രാഷ്ട്രീയത്തിനും കോർപറേറ്റ് പണക്കൊഴുപ്പിനും ഡെമോക്രാറ്റിക്ക് പാർട്ടിയിലെതന്നെ യാഥാസ്ഥിതിക നേതൃത്വത്തിനും ഏറ്റ കനത്ത രാഷ്ട്രീയ തിരിച്ചടിയാണ്. മുതിർന്ന സെനറ്റ് അംഗവും ഡിഎസ്എയുടെ പൊതുമുഖവുമായി മാറിയ ബേണി സാൻഡേഴ്സ്, ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസംഗം അലക്സൻഡ്രിയ ഒക്കാസിയോ കോർട്സ് തുടങ്ങിയവർ നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക മുന്നോട്ടു വയ്ക്കുന്ന പുരോഗമന രാഷ്ട്രീയമാണ് ട്രംപിന്റെ പ്രതിലോമ രാഷ്ട്രീയത്തെ ചെറുക്കാനും ഡെമോക്രാറ്റിക് പാർട്ടിയുടെ തിരിച്ചുവരവിനുമുള്ള പാതയെന്നാണ് ഈ തെരഞ്ഞെടുപ്പുവിജയങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്ക മാത്രമല്ല, ലോകം മുഴുവൻ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ന്യൂയോർക്കിൽ നടന്നത്. അത് കേവലം ലോകത്തെ പ്രധാനപ്പെട്ട ഒരു നഗരത്തിന്റെ മേയർ തെരഞ്ഞെടുപ്പ് എന്നതിലുപരി ട്രംപ് ഭരണകൂടവും കോർപറേറ്റ്, യാഥാസ്ഥിതിക അമേരിക്കയും ഉയർത്തിപ്പിടിക്കുന്ന ആഭ്യന്തര, ആഗോള രാഷ്ട്രീയ നയസമീപനങ്ങളെ രൂക്ഷതയോടെ തുറന്നുകാട്ടുന്ന രാഷ്ട്രീയ പോരാട്ടമായി മാറിയിരുന്നു. യുഎസ് ഭരണകൂടത്തിന്റെയും യാഥാസ്ഥിതിക അമേരിക്കയുടെയും പലസ്തീൻ വിരുദ്ധതയെയും സയണിസ്റ്റ് ഇസ്രയേലിന്റെ ഉന്മൂലന യുദ്ധത്തെയും മംദാനി പരസ്യവും തീവ്രവും നിരന്തരവും ചോദ്യംചെയ്തു. വലിയൊരുവിഭാഗം അമേരിക്കൻ ജൂതന്മാരെ തന്റെ നിലപാടുകൾക്കൊപ്പം അണിനിരത്തുന്നതിനും യാഥാസ്ഥിതിക അമേരിക്കയുടെ ഇസ്ലാം വിരുദ്ധ വിദ്വേഷ രാഷ്ട്രീയത്തെ തുറന്നുകാട്ടാനും മംദാനിക്കും അദ്ദേഹത്തിന്റെ പ്രചരണയന്ത്രത്തിനും ഫലപ്രദമായി കഴിഞ്ഞു. കോർപറേറ്റ് അമേരിക്കയുടെ പണക്കൊഴുപ്പിനെതിരെ തൊഴിലാളികളുടെയും നാനാവർഗ, വംശ ജനവിഭാഗങ്ങളുടെ തുച്ഛമായ സംഭവനയിലൂടെ ഉജ്വലമായ പ്രചാരണതന്ത്രത്തെ വിജയത്തിലേക്ക് നയിക്കാനും മംദാനിയുടെ പ്രചരണയന്ത്രത്തിന് കഴിഞ്ഞത് ലോകത്തെവിടെയും, ഇന്ത്യയിലടക്കം, സമാന വെല്ലുവിളി നേരിടുന്ന പുരോഗമന ജനാധിപത്യ ശക്തികൾക്ക് മാതൃകയായി മാറണം. 

തെരഞ്ഞെടുപ്പിൽ മംദാനി മുന്നോട്ടുവച്ച പരിപാടിയാണ് വിജയത്തിലേക്ക് നയിച്ച മുഖ്യ ഘടകം. മഹാഭൂരിപക്ഷം നഗരവാസികളും നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾക്ക് മംദാനി മുന്നോട്ടുവച്ച പരിഹാരമാർഗങ്ങൾ കോർപറേറ്റ്, യാഥാസ്ഥിതിക അമേരിക്ക അപ്രായോഗികമായി തള്ളിക്കളഞ്ഞവയെങ്കിലും സാധാരണ നഗരവാസികൾക്ക് ആകർഷകവും സ്വീകാര്യവുമായി. കുതിച്ചുയരുന്ന വീട്ടുവാടക മരവിപ്പിക്കുക, യാത്രയ്ക്കായി അവർ ആശ്രയിക്കുന്ന ബസ്‌ യാത്ര സൗജന്യവും അവ സുഗമമാക്കാൻ പ്രത്യേക ലെയ്നുകള്‍ ഉറപ്പുവരുത്തുക, ഭക്ഷ്യവസ്തുക്കൾക്ക് നഗരസർക്കാരിന്റെ നേതൃത്വത്തിൽ നിയന്ത്രിത വില്പനശാലകൾ തുറന്ന് വിലക്കയറ്റം നിയന്ത്രിക്കുക, അഞ്ചുവയസുവരെയുള്ള കുഞ്ഞുങ്ങൾക്ക് പൊതു പരിചരണ സംവിധാനം തുടങ്ങി സാധാരണക്കാർക്കും തൊഴിലാളികൾക്കും ആശ്വാസംപകരുന്ന നടപടികളായിരുന്നു അവ. അതിനാവശ്യമായ പണം അതിസമ്പന്നരില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും അധികനികുതി ചുമത്തി കണ്ടെത്തുമെന്നും മംദാനി വാഗ്ദാനം ചെയ്തു. ന്യൂയോർ‌ക്ക് നഗരത്തിലെ പൊലീസ് സംവിധാനത്തെ പൗരസൗഹൃദമാക്കി മാറ്റുമെന്നും മംദാനി ഉറപ്പുനൽകി. തുടക്കം മുതൽതന്നെ താൻ മുന്നോട്ടുവയ്ക്കുന്ന പരിപാടിയിൽ ആകൃഷ്ടരായ 50,000ത്തില്പരം യുവ സന്നദ്ധപ്രവർത്തകരെ തന്റെ പ്രചരണയന്ത്രത്തിൽ അണിനിരത്താൻ മംദാനിക്ക് കഴിഞ്ഞു. സമൂഹ മാധ്യമങ്ങളുടെ സമസ്ത സാധ്യതകളും ആകർഷകവും ഫലപ്രദവുമായി അവർ പ്രയോജനപ്പെടുത്തി. ഒന്നര ദശലക്ഷത്തോളം വാതിലുകളിൽ സന്നദ്ധപ്രവർത്തകർ നിരവധിതവണ മുട്ടിവിളിച്ച് പരമ്പരാഗത രീതിയിൽ സമ്മതിദായകരുമായി സംവദിച്ചു. ബിൽ ക്ലിന്റൺ അടക്കം ഡെമോക്രാറ്റിക് പ്രമുഖർ പ്രൈമറിയിൽ പരാജയപ്പെട്ട മുൻ ന്യൂയോർ‌ക്ക് ഗവർണർ ആൻഡ്രു കുവോമോയ്ക്കുവേണ്ടി രംഗത്ത് അണിനിരന്നെങ്കിലും ബരാക് ഒബാമയടക്കം നിരവധി പുരോഗമന ഡെമോക്രാറ്റുകളുടെ പിന്തുണ ആർജിക്കാനും മംദാനിയുടെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞു. മതത്തിന്റെയും വംശത്തിന്റെയും കുടിയേറ്റത്തിന്റെയും ക്രമസമാധാനത്തിന്റെയും മറ്റുംപേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മംദാനിയുടെ മതത്തിന്റെയും നിലപാടുകളുടെയും പേരിൽ അവരെ ഭയപ്പെടുത്താനും ഭിന്നിപ്പിക്കാനും ട്രംപ് മുതൽ പ്രതിയോഗികൾ നടത്തിയ ശ്രമങ്ങളും ഭീഷണികളും വിലപ്പോയില്ല. മംദാനിയുടെ പൗരത്വം തന്നെ റദ്ദാക്കുമെന്നും ന്യൂയോർക്കിനുള്ള സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് ഭീഷണിയുയർത്തി. അമേരിക്കൻ ജൂതന്മാരെത്തന്നെ ഭിന്നിപ്പിക്കാൻ ട്രംപ് ഉൾപ്പെടെ യാഥാസ്ഥിതിക കേന്ദ്രങ്ങൾ നടത്തിയ ശ്രമങ്ങൾ പോലും വിജയിച്ചില്ലെന്നത് മംദാനി മുന്നോട്ടുവച്ച തത്വാധിഷ്ഠിതവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ വിശാലതയുടെ സ്വീകാര്യതയുമാണ് വെളിപ്പെടുത്തുന്നത്. 

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി അവലംബിച്ച രാഷ്ട്രീയ നയസമീപനങ്ങളോടും പ്രചാരണ തന്ത്രത്തോടുമുള്ള അമേരിക്കൻ ജനതയുടെ വിമർശനവും തിരുത്തലുമായി മംദാനിയുടെ വിജയത്തെ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു കുടിയേറ്റ പാരമ്പര്യത്തിന്റെ ഉടമയായിരുന്നിട്ടും കമലാ ഹാരിസിന് തൊഴിലാളികൾ, കുടിയേറ്റ ജനവിഭാഗങ്ങൾ, സാധാരണക്കാർ തുടങ്ങിയവരെ വേണ്ടവിധം ഉൾ‌ക്കൊണ്ടുകൊണ്ടുള്ള ഒരു പരിപാടി മുന്നോട്ടുവയ്ക്കാനും ഭൂരിപക്ഷം വരുന്ന അവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഒരുപക്ഷെ, അവർക്ക് അതിനുള്ള അവസരമോ സമയമോ ലഭിച്ചിരുന്നില്ല എന്നും വാദിക്കാം. തെരഞ്ഞെടുപ്പ് ഫണ്ടിനായി കോർപറേറ്റുകളടക്കം പരമ്പരാഗതമായ സ്രോതസുകളെയാണ് അവർ മുഖ്യമായും ആശ്രയിച്ചിരുന്നത്. അതായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെയും പരിപാടിയുടെ ഉള്ളടക്കത്തെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത്. അമേരിക്കയുടെ യാഥാസ്ഥിതിക രാഷ്ട്രീയത്തെയും കോർപറേറ്റ് ആധിപത്യത്തിന് വഴങ്ങുന്ന നയപരിപാടികളെയും ആഗോള രാഷ്ട്രീയത്തിൽ അവർ പിന്തുടരുന്ന പ്രതിലോമതയെയും വെല്ലുവിളിക്കാൻ തന്റേടമുള്ള യുവത്വം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പുകളിൽ പ്രസക്തിയും സ്വീകാര്യതയും ലഭിക്കുമെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അത് ജനാധിപത്യത്തിന്റെ സാധ്യതകൾ അസ്തമിച്ചിട്ടില്ലാത്ത ഇന്ത്യയടക്കം രാഷ്ട്രങ്ങൾക്ക് നൽകുന്ന സന്ദേശം അവഗണിച്ചുകൂട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.