25 December 2024, Wednesday
KSFE Galaxy Chits Banner 2

വാനര വസൂരി: കരുതലെടുക്കുമോ കേന്ദ്രം

Janayugom Webdesk
July 25, 2022 5:00 am

ഏകദേശം രണ്ടര വര്‍ഷം മുമ്പ് ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോവിഡ് ഇപ്പോഴും ലോകത്ത് പല വകഭേദങ്ങളായി രൂപപ്പെട്ട് തുടരുകയാണ്. കൂടിയും കുറഞ്ഞും സമൂഹത്തില്‍ നിലനില്ക്കുന്ന കോവിഡ് 19ന് ആദ്യ കേസ് കണ്ടെത്തി ഒരുവര്‍ഷമെത്തുന്നതിന് മുമ്പ് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന ആശ്വാസമുണ്ടായി. ധൃതിപിടിച്ച് പുറത്തിറക്കിയ വാക്സിന്റെ രോഗ പ്രതിരോധശേഷി ഇപ്പോഴും തര്‍ക്കവിഷയമാണ്. രണ്ടു ഡോസ് സ്വീകരിച്ചവരിലും കരുതല്‍ ഡോസെടുത്തവരിലുമൊക്കെ വീണ്ടും കോവിഡ് ബാധയുണ്ടാകുന്നുണ്ട്. എങ്കിലും ആദ്യ തരംഗഘട്ടത്തിലെന്നതുപോലെ മാരകമോ കൂടുതല്‍ മരണകാരണമോ ആകുന്നില്ലെന്നത് ആശ്വാസകരം തന്നെ. കോവിഡിന്റെ ആശങ്കകള്‍ നിലനില്ക്കുന്നതിനിടെയാണ് വാനര വസൂരിയെന്ന രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാരകമല്ലെന്നാണ് നിഗമനമെങ്കിലും പടരല്‍ ശേഷി ആശങ്കപ്പെടുത്തുന്നുവെന്നാണ് വാനര വസൂരി ആഗോള പകര്‍ച്ചാ വ്യാധിയായി പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തില്‍ നിന്ന് മനസിലാക്കേണ്ടത്.

നൈജീരിയയിലെത്തി മടങ്ങിയ ബ്രിട്ടീഷ് പൗരനിലാണ് കഴിഞ്ഞ മേയ് ആറിന് ഇത്തവണത്തെ ആദ്യരോഗം സ്ഥിരീകരിച്ചത്. മേയ് 12ന് രണ്ടുപേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. തുടര്‍ന്ന് യൂറോപ്പിലെ ചില മേഖലകളിലും രോഗബാധ കണ്ടെത്തി. ആ മാസത്തില്‍തന്നെ പോര്‍ച്ചുഗലിലും സ്പെയിനിലും യുഎസിലും കാനഡയിലും യുഎഇയിലും മെക്സിക്കോയിലുമൊക്കെ രോഗികളുണ്ടായതോടെയാണ് വാനര വസൂരി ആഗോളതലത്തില്‍ ആശങ്കയായത്. പിന്നീട് മറ്റു ഭൂഖണ്ഡങ്ങളിലെ പല മേഖലകളിലും എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായി. മേയ് മാസം ആഫ്രിക്കയില്‍ 1405 വാനര വസൂരി കേസുകളുണ്ടായതില്‍ 62 മരണങ്ങളാണുണ്ടായതെന്നും 4.4 ശതമാനമാണ് മരണ നിരക്കെന്നുമാണ് ആഫ്രിക്കയുടെ രോഗ നിയന്ത്രണ — പ്രതിരോധ കേന്ദ്രം അറിയിച്ചത്. ആദ്യരോഗ ബാധ പുറത്തുവന്നത് നൈജീരിയയില്‍ എത്തി തിരിച്ചുപോയ ബ്രിട്ടീഷ് പൗരനിലായിരുന്നുവെന്നതിനാല്‍ നൈജീരിയയില്‍ നേരത്തെ തന്നെ രോഗികളുണ്ടായിരിക്കാമെന്നും കോവിഡ് പിടിപെടാമെന്ന് സംശയിച്ച് രോഗികള്‍ ആരോഗ്യ പരിപാലന സംവിധാനത്തെ സമീപിക്കാത്തതിനാല്‍ അവിടെ എണ്ണം കൂടുതലായിരിക്കാമെന്നുമുള്ള വിദഗ്ധരുടെ വിലയിരുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗികമായി ജൂണില്‍ രോഗികളുടെ എണ്ണം 47 രാജ്യങ്ങളില്‍ 3040 എന്നതായിരുന്നുവെങ്കില്‍ ശനിയാഴ്ചത്തെ കണക്കനുസരിച്ച് 17,186 പേരിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. 72രാജ്യങ്ങളില്‍ വാനര വസൂരിയുടെ സാന്നിധ്യം കണ്ടെത്തി. 70 ശതമാനം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ ഇന്നലെ ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ നാലു കേസുകളായി. ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ്.

 


ഇതുകൂടി വായിക്കു; പഴയ അനുഭവങ്ങള്‍, പുതിയ പാഠങ്ങള്‍


ലോകമാകെയുള്ള രാജ്യങ്ങളിലെ ഭരണാധികാരികളും ജനങ്ങളും കനത്ത ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കുകയും മതിയായ ചികിത്സാ — പ്രതിരോധ സംവിധാനമൊരുക്കുകയും ചെയ്യുന്നതിനുള്ള ആഹ്വാനമെന്ന നിലയിലാണ് രോഗ വ്യാപനമുണ്ടാകുമ്പോള്‍ ആഗോള മഹാമാരി, ആരോഗ്യ അടിയന്തരാവസ്ഥ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങള്‍ ലോകാരോഗ്യ സംഘടന നടത്തുന്നത്. കോവിഡിന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ വലിയ പ്രാധാന്യത്തോടെ ഇത്തരം ആഹ്വാനങ്ങള്‍ ചെവിക്കൊള്ളാറുണ്ടോ എന്ന ആശങ്ക ഇത്തവണയും പ്രസക്തമാണ്. കോവിഡിനെ നേരിടുന്നതില്‍ ഒരുപരിധിവരെ ആരോഗ്യ പരിപാലന സംവിധാനവും സാമൂഹ്യ സംരക്ഷണ നടപടികളും ഒരുക്കി നേരിട്ട അനുഭവമുള്ളവരാണ് കേരളീയരെങ്കിലും കേന്ദ്രത്തിന്റെ സമീപനം നിരാശാജനകമായിരുന്നു. അതുകൊണ്ടുതന്നെ മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് അതിഭീകരമായ അനുഭവങ്ങളാണ് നല്കിയത്. എന്നിട്ടും പഠിക്കുവാന്‍ തയാറാകാതിരുന്ന കേന്ദ്രത്തിന്റെ ഉദാസീനതയുടെയും നിസംഗതയുടെയും തെളിവാണ് വാക്സിന്‍ നല്കുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ച.

ഇപ്പോഴും നാലുകോടി പേര്‍ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്തവരാണെന്ന് കേന്ദ്ര മന്ത്രി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. കരുതല്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം അതിദയനീയ സ്ഥിതിയിലാണ്. നാലു ശതമാനംപേര്‍ മാത്രമാണ് കരുതല്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. വാനര വസൂരിക്ക് അനുയോജ്യമായ വാക്സിനുകള്‍ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും മരണമൊഴിവാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും മതിയായ കരുതലുകള്‍ ആരോഗ്യ പരിപാലന രംഗത്ത് ഒരുക്കേണ്ടതുണ്ട്. എല്ലായ്പോഴുമെന്നതുപോലെ സംസ്ഥാനങ്ങള്‍ക്ക് ഉപദേശവും നിര്‍ദ്ദേശവും നല്കുന്ന പതിവ് രീതിയാണ് ഇക്കാര്യത്തിലും കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. കൈവിട്ടുപോയപ്പോഴും ഒന്നും ചെയ്യാതിരുന്ന കോവിഡ് കാലത്തെ ഓര്‍മകളുണ്ടെങ്കിലും വ്യാപന സാധ്യതയുള്ള രോഗമാണെന്നതിനാല്‍ വാനര വസൂരി നേരിടുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഗൗരവത്തോടെയുള്ള നടപടികളുണ്ടാകണമെന്നുതന്നെയാണ് ജനങ്ങളും സംസ്ഥാന സര്‍ക്കാരുകളും ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.