20 December 2025, Saturday

രാജ്യത്തിനെതിരായ നീക്കങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണം

Janayugom Webdesk
April 24, 2025 5:00 am

രാജ്യത്തെയാകെ നടുക്കിയ ഭീകരാക്രണമാണ് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായത്. അതീവ ദുഃഖകരവും അപലപനീയവുമായ സംഭവമാണിത്. രാജ്യത്ത് സാധാരണ പൗരന്മാരെ ലക്ഷ്യംവച്ച് സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്ന്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കുവാനാകാത്ത ആക്രമണത്തിൽ ഒരു മലയാളിയടക്കം 26 സാധാരണ മനുഷ്യരെയാണ് ഭീകരർ കൊന്നുതള്ളിയത്. രാജ്യത്തിന്റെ മാത്രമല്ല വിദേശ രാജ്യങ്ങളിലെയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലാെന്നാണ് കശ്മീർ, അതില്‍ത്തന്നെ സവിശേഷമാണ് പഹൽഗാം. അതുകൊണ്ടുതന്നെയാണ് ജീവഹാനിയുണ്ടായവരിൽ വിദേശികളും ഉൾപ്പെട്ടത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് വിദേശ ശക്തികളുടെ കയ്യിലെ പാവകളായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ഭീകരർ നടത്തിയ ഈ കൂട്ടക്കൊലയെ രാജ്യസ്നേഹികളാകെയും ലോകരാഷ്ട്രങ്ങളും ശക്തമായ ഭാഷയിൽ അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിനെതിരായ എല്ലാ നീക്കങ്ങളെയും ചെറുക്കുന്നതിന് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി അണിനിരക്കേണ്ട ഘട്ടമാണിത്. ഭീകരവാദവും അതിനെ പാലൂട്ടിവളർത്തുകയും നിലനിർത്തുകയും ചെയ്യുന്ന പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങളുടെ നയസമീപനങ്ങളും വച്ചുപൊറുപ്പിക്കാവുന്നതല്ല. അതിനെ ചെറുത്ത് തോല്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ 26 മനുഷ്യജീവനുകൾ അപഹരിച്ച ഭീകര നടപടിക്കെതിരെ ശക്തമായ പ്രതികരണങ്ങൾ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ഈ നിഷ്ഠുരമായ അതിക്രമത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികൾ അതിർത്തിക്കുള്ളിലോ പുറത്തോ എവിടെയായിരുന്നാലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽക്കൊണ്ടുവരികയും ശക്തമായ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. ഇക്കാര്യങ്ങളിൽ ഏകപക്ഷീയമായ നീക്കങ്ങളല്ല കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകേണ്ടത്. കശ്മീരിനെയും രാജ്യത്തെയാകെയും കൂടെനിർത്തി വേണം ഈ പ്രക്രിയ. അവിടെ തെരഞ്ഞെടുക്കപ്പെട്ടൊരു സർക്കാരുണ്ട് എന്നത് പരിഗണിച്ചുവേണം അനന്തര നടപടികൾ തീരുമാനിക്കേണ്ടത്. അതോടൊപ്പം ഇത്രയും ഭീകരമായ ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവോ എന്നും പരിശോധിക്കപ്പെടണം. 

2019ൽ പുൽവാമയിൽ സൈനികരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്ന ആരോപണം അ­ന്നത്തെ ലഫ്റ്റനന്റ് ഗവർണറായിരുന്ന സത്യപാൽ മാലിക് പിന്നീട് വെളിപ്പെടുത്തിയത് ഇവിടെ നാമോർക്കേണ്ടതുണ്ട്. ബിജെപിയുടെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹമെന്നതും ഇതിനോട് കൂട്ടിവായിക്കണം. അതിർത്തിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നിരവധി വിനോദ സഞ്ചാരികളെത്തുന്ന പഹൽഗാം. വളരെയെളുപ്പത്തിൽ ഇത്രയും ദൂരം താണ്ടി ഭീകരർക്ക് ഇവിടെ എത്തിച്ചേരാനായെങ്കിൽ അതിന് ആഭ്യന്തര സഹായം ലഭിച്ചുവെന്ന കാരണം മാത്രം മതിയാകില്ല. മറിച്ച് സുരക്ഷാ ക്രമീകരണങ്ങളിലും ഇന്റലിജൻസ് സംവിധാനങ്ങളിലും പാളിച്ചയുണ്ടായോ എന്നതും അവഗണിക്കാവുന്നതല്ല. അനുച്ഛേദം 370 റദ്ദാക്കിയതിനെത്തുടർന്ന് കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന അവകാശവാദവും അമിതമായ ആത്മവിശ്വാസവും കാരണം സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെങ്കിലും പാകപ്പിഴകളുണ്ടായോയെന്ന സംശയവും അസ്ഥാനത്തല്ല. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് വസ്തുതകളുടെ ഔദ്യോഗിക വിശദീകരണം ലഭിക്കുക എന്നതാണ്. പക്ഷേ പഹൽഗാമിലെ സംഭവമുണ്ടായപ്പോഴും കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായില്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെയുണ്ടായ ചില സംഭവങ്ങളോട് പഹൽഗാം ഭീകരാക്രമണത്തിനുള്ള സമാനതകളും പരിഗണിക്കപ്പെടണം. 2000 മാർച്ചിൽ ചിത്തിസിൻഗപുരയിൽ 36 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇന്ത്യ സന്ദർശന വേളയിലായിരുന്നു എന്നതും പഹൽഗാമിലേത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ സന്ദർശന വേളയിലാണെന്നതുമാണ് ആ സാമ്യത. ചിത്തിസിൻഗപുര സംഭവത്തിന്റെ നിജസ്ഥിതിയും പുൽവാമയെ സംബന്ധിച്ച ദുരൂഹതകൾ ഇല്ലാതാക്കാനുതകുന്ന വസ്തുതകളും ഇപ്പോഴും പുറത്തുവന്നിട്ടുമില്ല.
അതെന്തായാലും മതത്തിന്റെ പേരിലോ വിദേശരാഷ്ട്രങ്ങളുടെ പിന്തുണയോടെയോ ഉണ്ടാകുന്ന ഭീകരവാദവും അതിനെ ഊട്ടിവളർത്തുന്ന നയസമീപനങ്ങളും വച്ചുപൊറുപ്പിക്കാവുന്നതല്ല. ശക്തമായ പ്രതികരണം ആവശ്യവുമാണ്. അതുപക്ഷേ കേവലം ആയുധംകൊണ്ടോ അടിച്ചമർത്തൽകൊണ്ടോ നേടിയെടുക്കാവുന്ന ലക്ഷ്യമല്ലെന്ന് തിരിച്ചറിയാനാകണം. ജനങ്ങളുടെ ഐക്യവും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും അന്തരീക്ഷത്തെയും നിലനിർത്തിക്കൊണ്ട് അത് നേടാനാകണം. കശ്മീർ താഴ്‌വരയുടെ ശാശ്വത സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുന്നതിന് ജനങ്ങളുടെ സുരക്ഷ, വിശ്വാസം, ജനാധിപത്യ അവകാശങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയുള്ള നടപടികളും എല്ലാവരെയും കൂട്ടിയോജിപ്പിച്ചുള്ള സമീപനങ്ങളുമാണ് ഉണ്ടാകേണ്ടത്. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.