4 February 2026, Wednesday

ട്രംപിന് മുന്നില്‍ മു‌ട്ടുമടക്കുന്ന നരേന്ദ്ര മോഡി

Janayugom Webdesk
February 4, 2026 5:00 am

ഏകദേശം ഒരാഴ്ച മുമ്പാണ് യൂറോപ്യന്‍ യൂണിയനു (ഇയു) മായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിലെത്തിയ വിവരം പുറത്തുവന്നത്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവർ പങ്കെടുത്ത ഉച്ചകോടിയിലായിരുന്നു പ്രസ്തുത പ്രഖ്യാപനമുണ്ടായത്. പക്ഷേ ഇന്ത്യയുമായി യുഎസ് കരാറിലെത്തിയിരിക്കുന്നുവെന്ന വിവരം വെളിപ്പെടുത്തുന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായിട്ടായിരുന്നു. തിങ്കളാഴ്ച രാത്രി സമൂഹമാധ്യമത്തിലൂടെയുണ്ടായ ഈ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചുള്ള പ്രതികരണം തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിലൂടെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നുണ്ടാകുകയും ചെയ്തു. ഇന്ത്യയും യുഎസും രണ്ട് രാജ്യങ്ങളാണ്. അവിടെയാണ് ട്രംപും മോഡിയും സുഹൃത്തുക്കളെന്ന നിലയില്‍ തങ്ങളുണ്ടാക്കിയ കരാ‍ര്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുന്നത്. യുഎസിന്റെ കാര്യത്തില്‍ എന്തുമാകട്ടെ, പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ഇത് നാണക്കേടും പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയുമാണ്. അത് മനസിലാകണമെങ്കില്‍ ഒരാഴ്ച മുമ്പ് ഇന്ത്യ — ഇയുവുമായും തിങ്കളാഴ്ച യുഎസുമായും എത്തിച്ചേര്‍ന്നെന്ന് പറയപ്പെടുന്ന വ്യാപാരക്കരാറിന്റെ നടപടിക്രമങ്ങള്‍ താരതമ്യം ചെയ്താല്‍ മതിയാകും. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരക്കരാര്‍ എത്രത്തോളം ഇന്ത്യക്ക് ദോഷകരമാണെന്നതു സംബന്ധിച്ചുള്ള ആശങ്കകള്‍ തുടരുകയാണ്. പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ പ്രതിഷേധമുയരുകയും ചെയ്തു. ഇന്ത്യക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കുമോ, പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്നീ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും അതുണ്ടായതുമില്ല. എങ്കിലും രണ്ട് രാജ്യങ്ങളുടെ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ്, രാജ്യതാല്പര്യങ്ങള്‍ക്ക് ദോഷകരമാണെങ്കിലും ഈ കരാര്‍ ഉണ്ടായിരിക്കുന്നത്. 

പക്ഷേ യുഎസുമായുള്ള കരാര്‍ ട്രംപും മോഡിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലൂടെ രൂപപ്പെട്ടതാണ് എന്നാണ് ഇരുവരുടെയും സമൂഹമാധ്യമ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. “ഇന്ന് രാവിലെ ഇന്ത്യയുടെ പ്രധാനമന്ത്രി മോഡിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി തോന്നി, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ വാങ്ങാനും അദ്ദേഹം സമ്മതിച്ചു. ഇത് ഉക്രെ‌യ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും” എന്നായിരുന്നു വൈറ്റ് ഹൗസ് സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ട വെളിപ്പെടുത്തല്‍. തന്റെ സ്വന്തം സമൂഹമാധ്യമത്തിലൂടെ ട്രംപ് നടത്തിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. മോഡിയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കെ തിരെ ചുമത്തിയ അധിക തീരുവ 25ല്‍ നിന്ന് 18% ആക്കുന്നതിനും ഘട്ടംഘട്ടമായി പൂജ്യത്തിലെത്തിക്കുന്നതിനും സമ്മതിച്ചതായാണ് ട്രംപ് വിശദീകരിച്ചിട്ടുള്ളത്. പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് മോഡിയുടെ സമൂഹ മാധ്യമ പ്രതികരണം ആരംഭിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ഉല്പന്നങ്ങൾക്ക് തീരുവ 18% കുറഞ്ഞ നിരക്കിലാക്കിയതില്‍ സന്തോഷമുണ്ട്. ഈ പ്രഖ്യാപനത്തിന് 140 കോടി ജനങ്ങളുടെ പേരിൽ നന്ദി പറയുന്നു എന്ന് തുടരുകയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് മോഡി കുറിച്ചുവെങ്കിലും റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തിക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലില്‍ മൗനം പാലിക്കുന്നു. 

യഥാര്‍ത്ഥത്തില്‍ യുഎസിന്റെ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ കീഴടങ്ങിയിരിക്കുകയാണ് ഈ ധാരണയിലൂടെ. ഇത് രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. രാജ്യത്തിന്റെ സ്വതന്ത്ര നയതന്ത്ര, വ്യാപാര നയങ്ങള്‍ ട്രംപിന്റെ കണ്ണുരുട്ടലിന് മുന്നില്‍ പണയപ്പെടുന്നുവെന്നതാണ് ഒന്ന്. വിദേശനയം അമേരിക്കന്‍ താല്പര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുന്നുവെന്നത് മറ്റൊന്ന്. ദീര്‍ഘകാല ചര്‍ച്ചകള്‍ക്കും നയതന്ത്ര കൂടിയാലോചനകള്‍ക്കും ശേഷമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ രൂപപ്പെടേണ്ടത്. ഇവിടെ രണ്ടുപേര്‍ ഫോണില്‍ സംസാരിച്ച് കരാര്‍ രൂപപ്പെട്ടുവെന്നാണ് വ്യാഖ്യാനിക്കുന്നതെങ്കിലും മോഡിയെ ഫോണില്‍ വിളിച്ച് ട്രംപ് ഭീഷണിപ്പെടുത്തിയെന്നാണ് അനുമാനിക്കേണ്ടത്. തീരുവയില്‍ കുറവ് വരുന്നത് രാജ്യത്തിന് ഗുണമാകുമെന്ന വാദം അംഗീകരിക്കുമ്പോള്‍ത്ത‍ന്നെ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന നടപടി അവസാനിപ്പിക്കുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. കാരണം കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ എണ്ണ വാങ്ങിക്കൊണ്ടിരുന്നത്. എന്നുമാത്രമല്ല, രാജ്യത്തിന്റെ വ്യാപാര തീരുമാനങ്ങള്‍ യുഎസിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമാകുന്നത് പരമാധികാരം പണയപ്പെടുത്തുന്നതിന് തുല്യവുമാണ്. കൂടാതെ വെനസ്വേലയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിന് ഇന്ത്യ സമ്മതിച്ചുവെന്ന് ട്രംപ് കുറിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ വെനസ്വേലയെന്ന രാജ്യത്തിന്റെ പരമാധികാരം ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ആ രാജ്യം യുഎസിന്റെ സാമന്തരാഷ്ട്രമാണെന്ന ട്രംപിന്റെ അവകാശത്തെ പിന്തുണയ്ക്കുകയാണെന്നും കരുതേണ്ടതുണ്ട്. ഒരുമാസം മുമ്പ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച യുഎസ് നടപടിയെ വിമര്‍ശിക്കുന്നതില്‍ പിശുക്ക് കാട്ടിയ നരേന്ദ്ര മോഡി, യു
എസ് നടപടിയെ ഇപ്പോള്‍ പരോക്ഷമായി അംഗീകരിച്ചിരിക്കുന്നുവെന്നും ഈ കരാറിലൂടെ വെളിപ്പെടുകയാണ്. ഇവിടെയാണ് മോഡിയുടെ നെഞ്ചളവിന്റെ പേരിലുള്ള മേനിപറച്ചില്‍ പൊള്ളയാണെന്നും ട്രംപിന് മുന്നില്‍ മുട്ടിടിക്കുകയാണെന്നും ബോധ്യമാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.