11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026

ദേശീയ പണിമുടക്കെന്ന രാഷ്ട്രീയ ചെറുത്തുനില്പ്

Janayugom Webdesk
February 11, 2026 5:00 am

നാളെ, 2026 ഫെബ്രുവരി 12, സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ തൊഴിലാളി, കർഷക, ബഹുജന പ്രക്ഷോഭത്തിന്റെ വേദിയായി മാറുകയാണ്. രാജ്യത്തെ 10 കേന്ദ്ര ട്രേഡ്‌യൂണിയനുകളും സർക്കാർ, അർധസർക്കാർ, അനൗപചാരിക തൊഴിൽമേഖലകളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും യൂണിയനുകളും അസോസിയേഷനുകളും ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് കർഷകരുടെയും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സംഘടനകളും ഇതര ബഹുജന പ്രസ്ഥാനങ്ങളും ഇടതുപാർട്ടികളടക്കം പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും നൽകുന്ന പിന്തുണയും പങ്കാളിത്തവും അഭൂതപൂർവമായ ഒരു രാഷ്ട്രീയ ചെറുത്തുനില്പാക്കി മാറ്റും.

രാജ്യത്തെ ബാങ്കിങ്, ഇൻഷുറൻസ്, തപാൽ, ഖനനം, ഉരുക്ക്, പെട്രോളിയം, പ്രതിരോധം, ഗതാഗതം, കൃഷി തുടങ്ങി സമ്പദ്ഘടനയിലെ നിർണായകമേഖലകളിൽ പണിയെടുക്കുന്ന പരശതകോടി തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1991ൽ രാജ്യം ഉദാരീകരണ സാമ്പത്തികപാതയിൽ പ്രവേശിച്ചതിനെത്തുടര്‍ന്ന് നടക്കുന്ന 24-ാമത്തെ പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികളെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദാരീകരണ സാമ്പത്തികനയങ്ങൾക്കെതിരെ പണിയെടുക്കുന്നവരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഊന്നൽനൽകി ആരംഭിച്ച ചെറുത്തുനില്പ് ഇന്ന് കക്ഷിരാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്ര ഭിന്നതകളുടെയും അതിർവരമ്പുകൾ മറികടന്ന് വിശാല ജനവിഭാഗങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സംഘടനാപരവും, കൂട്ടായ വിലപേശലിനും അവകാശങ്ങൾക്കും വേണ്ടിയുമുള്ള ഭരണകൂട, മൂലധന ശക്തികൾക്കെതിരായ ചെറുത്തുനില്പായി വളർന്നുവികസിച്ചിരിക്കുന്നു.

ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അണിനിരക്കുന്ന സംഘടിത തൊഴിലാളിവർഗത്തോടൊപ്പം കർഷകത്തൊഴിലാളികളും ഇതര ഗ്രാമീണ പണിയാളുകളും കർഷകരും ഈ ചെറുത്തുനില്പിൽ കൈകോർക്കുന്നു. നവഉദാരീകരണ സാമ്പത്തികനയങ്ങളുടെയും, ഏറ്റവുമവസാനം ഒപ്പുവയ്ക്കപ്പെട്ട ഇന്ത്യ‑യുഎസ് വ്യാപാര കരാറിന്റെയും, ഇരകളായിമാറുന്ന കർഷകരും, സംയുക്ത കിസാൻ മോർച്ചയടക്കം കർഷക സംഘടനകളും ഒരുമിച്ചണിനിരക്കുന്ന നാളത്തെ പ്രക്ഷോഭം തൊഴിലാളി, കർഷക, രാഷ്ട്രവിരുദ്ധ നയങ്ങൾ നിർലജ്ജം പിന്തുടരുന്ന നരേന്ദ്ര മോഡി സർക്കാരിന് നൽകുന്ന കർശന താക്കീതാണ്. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യൻ തൊഴിലാളിവർഗം ധീരോദാത്തവും ത്യാഗസുരഭിലവുമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നിയമാനുസൃത അവകാശങ്ങൾ കവർന്നെടുക്കുന്ന പുതിയ ലേബർകോഡുകൾ അക്ഷരാർത്ഥത്തിൽ തൊഴിലാളിവർഗത്തിന്റെ സംഘടിതശക്തിയെയും തൊഴിൽ സുരക്ഷിതത്വത്തെയും തകർക്കാനുള്ള ആയുധമായി മാറിയിരിക്കുന്നു.

‘ബിസിനസ് സൗഹൃദ’, നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ പേരിൽ കൊണ്ടുവന്ന നിയമങ്ങൾ തൊഴിലാളികളെ തൊഴിലിട അടിമകളാക്കിമാറ്റുന്നു. തൊഴിലവകാശം നിയമപരമായി നിഷേധിക്കപ്പെട്ടത് തൊഴിൽരഹിതരുടെ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തുകയാണ്. രാജ്യത്ത് നിയന്ത്രണങ്ങൾകൂടാതെ യഥേഷ്ടം ആണവനിലയങ്ങൾ സ്ഥാപിക്കാൻ അനുമതിനൽകുന്ന നിയമം ജനങ്ങളുടെ ജീവനും പരിസ്ഥിതിയുടെ നിലനില്പിനുതന്നെയും കനത്ത ഭീഷണിയാണ്. കോടാനുകോടി ദരിദ്രഗ്രാമീണർ തൊഴിലിനും ജീവന്റെ നിലനില്പിനും ആശ്രയിച്ചുപോന്ന മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മോഡി സർക്കാർ നിയമംമൂലം ഉന്മൂലനം ചെയ്തിരിക്കുന്നു. പുതുതായി നടപ്പാക്കുന്ന ‘ആജീവിക’ പദ്ധതിയുടെ ചെലവിന്റെ 40% സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിബന്ധന അതിന്റെ സ്വാഭാവിക അന്ത്യം കുറിക്കുമെന്നതിൽ ആർക്കും സംശയംവേണ്ട. ഇൻഷുറൻസ് രംഗത്ത് 100% നിക്ഷേപം നടത്താൻ വിദേശകുത്തകകളെ അനുവദിക്കുക വഴി മുഴങ്ങുന്നത് ഇന്ത്യയുടെ ഇൻഷുറൻസ് മേഖലയുടെ മരണമണിയാണ്. ഇന്ത്യയുടെ സമ്പത്ത് യഥേഷ്ടം കൊള്ളയടിക്കാൻ വിദേശകുത്തകകൾക്ക് വാതിൽ മലർക്കെ തുറക്കുകയാണ്.

തൊഴിലാളികളും കർഷകരും ഉൾപ്പെടെ സംഘടിതരും അസംഘടിതരുമായ പണിയെടുക്കുന്നവർ ഒന്നാകെയും വിദ്യാസമ്പന്നരും അല്ലാത്തവരുമായ തൊഴിൽരഹിതരായ ശതകോടികളും കർഷകരും ഗ്രാമീണപണിയാളരും ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷവും നവഉദാരീകരണ സാമ്പത്തികനയങ്ങളുടെ ഇരകളായി മാറിയിരിക്കുന്നു. ഇത്, കേവലം ഒരു സാമ്പത്തികനയത്തിന്റെ പ്രശ്നമല്ല. പൊതുസമ്പത്തിന്റെയും മനുഷ്യരാശിയുടെയുംമേൽ ആധിപത്യം ഉറപ്പുവരുത്താൻ പ്രയോഗിക്കപ്പെടുന്ന ആസൂത്രിത മൂലധന രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടണമെന്ന തിരിച്ചറിവാണ് കക്ഷിരാഷ്ട്രീയത്തിനും ആശയവൈവിധ്യങ്ങൾക്കും അതീതമായ ബഹുജന സമരൈക്യം സാധ്യമാക്കിയിരിക്കുന്നത്. നാളെ നടക്കുന്ന പൊതുപണിമുടക്ക് കേരളമടക്കം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഒരു പൂർണബന്ദിന്റെ രൂപം കൈവരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. രാജ്യത്തുടനീളം തൊഴിൽമേഖല നിശ്ചലമാകും. പണിമുടക്ക് പരാജയപ്പെടുത്താൻ മൂലധന ശക്തികളും അവരുടെ സംരക്ഷകരായ ഭരണകൂടവും എല്ലാ ശ്രമങ്ങളും നടത്തും. നാളത്തെ പണിമുടക്കിനെ അപ്രതിരോധ്യമായ രാഷ്ട്രീയ ചെറുത്തുനില്പായി വളർത്തിയെടുക്കുകയെന്നതാണ് തൊഴിലാളിവർഗ പുരോഗമന രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.