6 January 2026, Tuesday

ഭരണകൂടം തച്ച് തുലയ്ക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

Janayugom Webdesk
July 20, 2025 5:00 am

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം അസമിനെ വർഗീയമായി വെട്ടിമുറിക്കാൻ നിശ്ചയിച്ചിറങ്ങിയിരിക്കുകയാണ്. ആസൂത്രിതമായി മുസ്ലിം ജനതയെ വേട്ടയാടുന്നു. അസമിൽ ചേരിതിരിവിന്റെയും കൂട്ടായ മുസ്ലിം വേട്ടയുടെയും മൃഗീയകാലമാണ്. സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടി വിവിധ ജില്ലകളിലായി തുടരുകയാണ്. ലക്ഷ്യം മുസ്ലിം ജനതയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവും പീഡനവും സാധാരണമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അസമില്‍ 3,300 മുസ്ലിം കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. ജൂലൈ 12ന്, ഗ്വാൽപാറ ജില്ലയിൽ ബിദ്യാപര ഗ്രാമത്തിൽ നൂറുകണക്കിന് മുസ്ലിം പൗരന്മാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചടുക്കി. ഇരകൾ നിശബ്ദമായി വീടുകൾ ഒഴിഞ്ഞ് സാധനങ്ങളും ഭാണ്ഡങ്ങളും പേറി എങ്ങോട്ടോ പോയി. ജൂലൈ ആദ്യം, ധുബ്രി ജില്ലയിൽ ഏകദേശം 1,400 മുസ്ലിം കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. പവർ പ്ലാന്റ് നിർമ്മാണത്തിന്റെ പേരിൽ ബംഗാളി വംശജരായ ഈ കുടുംബങ്ങളുടെ പാർപ്പിടങ്ങൾ സംസ്ഥാന സർക്കാർ ഇടിച്ചുനിരത്തി. അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള പവർ പ്ലാന്റ് പദ്ധതിക്കായി ഇവിടെയാണ് സ്ഥലം കണ്ടെത്തിയത്. നാല് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന ഏകദേശം 10,000 ബംഗാളി വംശജരായ മുസ്ലിങ്ങളെ, ധുബ്രിയിലെ ചാപ്പർ റവന്യു സർക്കിളിന് കീഴിലുള്ള ചിറാകുട്ട ഒന്നും രണ്ടും ഡിവിഷൻ, ചാരുഖാര ജംഗിൾ ബ്ലോക്ക്, സന്തേസ്‌പൂർ എന്നീ ഗ്രാമങ്ങളിൽ നിന്ന് കുടിയിറക്കാനുള്ള ബിജെപി സർക്കാരിന്റെ കുതന്ത്രമാണ് നടപ്പാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് പൂർവികസ്വത്തുക്കളടക്കം നഷ്ടപ്പെട്ടവരായിരുന്നു ഈ ജനത. 

കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി ജില്ലാ അധികാരികൾ നീക്കിവച്ചിരിക്കുന്ന ഭൂമി താഴ്ന്ന നദീതീരത്താണ്. മഴക്കാലത്ത് ഇവിടം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് റോഡുകളോ ആശയവിനിമയ മാർഗങ്ങളോ ഇല്ല. കുടിയിറക്കപ്പെട്ടവര്‍ ഇക്കാരണങ്ങളാൽ‍ ഈ പ്രദേശത്തേക്ക് മാറാൻ മടിച്ചു. ന്യൂനപക്ഷ സമുദായത്തിൽ ഭയം വിതച്ച് ബിജെപി സർക്കാർ ഇവരിൽ ഒരു വലിയ വിഭാഗത്തെ നാട് ഉപേക്ഷിക്കാൻ നിർബന്ധിതരാക്കി. ചെറുത്തുനിന്നവരുടെ വീടുകൾ തകർത്തു. വീട്ടുപകരണങ്ങൾ നശിപ്പിക്കപ്പെട്ടു. ജൂലൈ എട്ടിനും സമാന സംഭവങ്ങൾ ആവർത്തിച്ചു. ചെറിയ പ്രതിഷേധങ്ങൾപോലും പൊലീസ് അനുവദിച്ചില്ല. ക്രൂരമായ ലാത്തിചാർജിലൂടെ അടിച്ചമർത്തി. ഒരു മാസം മുമ്പ്, ഗോൾപാറ ജില്ലയിലെ ഹസില ബീൽ ഗ്രാമത്തിലെ താമസക്കാരെയും ഒഴിപ്പിക്കാൻ ഭരണകൂടം മുന്നിട്ടിറങ്ങി. അവിടെ 600ലധികം കുടുംബങ്ങളുണ്ടായിരുന്നു. എല്ലാവരും ബംഗാളി വംശജരായ മുസ്ലിങ്ങൾ. ജില്ലയിലെ 1,550 ബിഘ തണ്ണീർത്തടങ്ങൾ ഒഴിപ്പിക്കുകയായിരുന്നു പൊളിക്കൽ നീക്കത്തിന്റെ ലക്ഷ്യം. പൊളിച്ചുമാറ്റൽ ആരംഭിച്ചപ്പോൾ, ഗ്വാൽപാറ ജില്ലാ കളക്ടർ ഖനീന്ദ്ര ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞത്, ഈ കുടുംബങ്ങളെല്ലാം സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയവരാണ് എന്നായിരുന്നു. “ഇവിടം ഒരു തണ്ണീർത്തടമാണ്. 2023ലും 2024ലും അനധികൃത കയ്യേറ്റക്കാർക്ക് ഒഴിയാൻ ഞങ്ങൾ നോട്ടീസ് നൽകിയിരുന്നു, പക്ഷേ ചിലർ ഇപ്പോഴും അവിടെ തുടരുന്നു.” ആറ് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്ന ജനതയെ ഒഴിപ്പിക്കാൻ തുനിഞ്ഞിറങ്ങും മുമ്പ് സംസ്ഥാന സർക്കാർ പുനരധിവാസ ക്രമീകരണങ്ങളോ പദ്ധതികളോ ആസൂത്രണം ചെയ്തില്ല. ധുബ്രി ജില്ലയിലെ മുസ്ലിം ജനതയും ഗ്വാൽപാറയിലെ ഹസിലബീൽ ഗ്രാമനിവാസികളും പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്നവരുമാണ്. 

കുടിയിറക്കപ്പെടുന്ന ജനതയുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിൽ ഒരു പുനരധിവാസ പദ്ധതി കൊണ്ടുവരേണ്ടിയിരുന്നു. എന്നാൽ ഇതൊന്നും അവിടെ ഭരണകൂടം ചിന്തിച്ചതേയില്ല. പുനരധിവാസത്തിന് ക്രമീകരണങ്ങൾ ചെയ്യാതെ ആളുകളെ ഏകപക്ഷീയമായ രീതിയിൽ ബലമായി ഒഴിപ്പിക്കരുതെന്ന് സുപ്രീം കോടതി മാർഗനിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഈ കേസുകളിൽ ഇരകൾക്ക് നോട്ടീസ് നൽകി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ബുൾഡോസറുകൾ ഒഴിപ്പിക്കലിനായി എത്തുകയായിരുന്നു. സർക്കാർ നടപടികളും പുനരധിവാസ പദ്ധതിയും സുപ്രീം കോടതി മാർഗനിർദേശങ്ങളെ പരിഹസിക്കുന്നതാണ്. പുതിയ പ്രദേശത്തേക്ക് കുടുംബത്തെയും വസ്തുക്കളെയും മാറ്റാൻ ആളുകൾക്ക് വേണ്ടത്ര സമയമോ പിന്തുണയോ സർക്കാർ നൽകുന്നില്ല. അസമിലെ മുസ്ലിം ജനതയെ വേട്ടയാടാൻ സംസ്ഥാന ബിജെപി സർക്കാർ സ്വീകരിക്കുന്ന ആക്രമണ മാർഗങ്ങളിൽ കുടിയൊഴിപ്പിക്കൽ മാത്രമല്ല ഉള്ളത്. അവരിൽ പലരുടെയും പൗരത്വം നിയമവിരുദ്ധമായി എടുത്തുകളയാനും ബംഗ്ലാദേശിലേക്ക് നാടുകടത്താനും ശ്രമിക്കുന്നു. ‘നിയമവിരുദ്ധ’ കുടിയേറ്റക്കാർ എന്ന് ചുട്ടികുത്തി ബംഗ്ലാദേശിലേക്ക് തള്ളാനുള്ള നീക്കത്തിന് 2025 മേയ് മുതൽ ശക്തിപ്രാപിച്ചു. അതിർത്തി സുരക്ഷാ സേന മുന്നൂറോളം മുസ്ലിങ്ങളെ ബംഗ്ലാദേശിലേക്ക് തള്ളിവിടാൻ ശ്രമിച്ചു. പിന്നീട് അവരിൽ ഭൂരിഭാഗത്തെയും ബംഗ്ലാദേശ് സൈന്യം ഇന്ത്യയിലേക്ക് മടക്കി. ഇന്ത്യക്കാരാണെങ്കിലും ആരുടെയും സ്വന്തമല്ല എന്ന തോന്നലോടെ കഠിനവും വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു ജനതയ്ക്ക്. ഇരുവശത്തുനിന്നും ഇത്തരം തിരിച്ചടികൾ നേരിടേണ്ടി വന്ന ഒരു പൗരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത് “ബിഎസ്എഫ് ഞങ്ങളെ മറുവശത്തേക്ക് കടക്കാൻ നിർബന്ധിക്കുകയായിരുന്നു, അവിടെ ബംഗ്ലാദേശ് അതിർത്തി സേനയും തദ്ദേശീയരും ചേർന്ന് ഇന്ത്യക്കാരായതിനാൽ ഞങ്ങളെ അപമാനിച്ച് തിരിച്ചയയ്ക്കുയും ചെയ്തു” എന്നാണ്.

മേയ് മുതൽ ഏകദേശം 300 മുസ്ലിങ്ങളെ ബംഗ്ലാദേശിലേക്ക് മടക്കിയയച്ചു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ പറഞ്ഞു. “ഇത്തരം തിരിച്ചയയ്ക്കലുകൾ കൂടുതൽ ശക്തമാക്കും. സംസ്ഥാനത്തെ രക്ഷിക്കാൻ കൂടുതൽ സജീവവും തീവ്രവുമായ നടപടികൾക്ക് മുൻകൈയെടുക്കും” മുഖ്യമന്ത്രി പറഞ്ഞു. അസമിൽ നിരവധി മുസ്ലിങ്ങളെ അനധികൃത കുടിയേറ്റക്കാർ എന്ന് വിളിച്ച് സർക്കാർ സൃഷ്ടിച്ച തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഈ തടങ്കൽ കേന്ദ്രങ്ങളിലെ ഇരകളിൽ ഭൂരിഭാഗവും രേഖകളില്ലാത്ത കുടിയേറ്റക്കാരാണ്. അസമിൽ മുസ്ലിങ്ങൾക്കെതിരെ തുടരുന്ന പീഡനങ്ങളുടെ നിരവധി സംഭവങ്ങളിൽ ചിലത് മാത്രമാണിത്. ബിജെപി സർക്കാർ ഇതിനകം മണിപ്പൂരിനെ ജാതീയമായി ചാമ്പലാക്കിയിരിക്കുന്നു. ഇപ്പോൾ മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനത്തെ ലക്ഷ്യമിടുന്നു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷജനത ഹിന്ദുക്കളെപ്പോലെ തന്നെ ഇന്ത്യക്കാരാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ നിരന്തരമായ ആക്രമണം രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭൂഷണമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.