ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അവരുടെ വിജയം സാങ്കേതികമായി ഉറപ്പുവരുത്തുക മാത്രമായിരുന്നു തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും. ഇത് ആദ്യമായാണ് രാജ്യത്തെ ആദിവാസി ജനവിഭാഗങ്ങളിൽനിന്നും ഒരാൾ പ്രഥമ പൗരസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അവർ രാജ്യത്തിന്റെ മുഴുവൻ അഭിനന്ദനവും പരമോന്നത ഭരണഘടനാ പദവിയിൽ എല്ലാ പിന്തുണയും വിജയാശംസകളും അർഹിക്കുന്നു. നൂറ്റാണ്ടുകളായി കടുത്ത ചൂഷണവും കൊടിയ വിവേചനവും അനുഭവിച്ചുവരുന്ന ഒരു ജനവിഭാഗത്തിനെ രാഷ്ട്രജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ടുവരാൻ ശ്രീമതി മുർമുവിന്റെ തെരഞ്ഞെടുപ്പും രാഷ്ട്രപതി പദവിയിലേക്കുള്ള ആരോഹണവും സഹായകമാവും എന്ന് രാജ്യം പ്രതീക്ഷിക്കുക സ്വാഭാവികമാണ്. രാജ്യത്തിന്റെ ഭരണഘടന അതിന്റെ സംരക്ഷകരായിരിക്കേണ്ടവരിൽ നിന്നുതന്നെ അഭൂതപൂർവമായ വെല്ലുവിളികളും അട്ടിമറിശ്രമങ്ങളും നേരിടുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ അതിന്റെ മുഖ്യ കാവൽക്കാരിയെന്ന പരമപ്രധാനമായ ഉത്തരവാദിത്തം നിറവേറ്റാൻ അവർക്കു കഴിയണമെന്ന് ജനാധിപത്യ ഇന്ത്യ ആഗ്രഹിക്കുക സ്വാഭാവികമാണ്.
അതുതന്നെ ആയിരിക്കും രാഷ്ട്രപതി എന്നനിലയിൽ അവർ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി. ഭരണ, പ്രതിപക്ഷ പാർട്ടികൾ സമവായത്തിലൂടെ ഒരു പൊതു സ്ഥാനാർത്ഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുക എന്നത് ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു രാഷ്ട്രത്തിനു ഏറെ അഭികാമ്യമാണെങ്കിലും രാജ്യത്തെ രാഷ്ട്രീയ യാഥാർത്ഥ്യം അതിനു അനുവദിക്കുന്നില്ല. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് എല്ലാവർക്കും സ്വീകാര്യമായ നയസമീപനങ്ങളോടെ തന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. അതിനുള്ള മുന്നുറപ്പ് പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഭരണഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധത ഒന്നുമാത്രം ആയിരിക്കും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന് നാം ഊറ്റംകൊള്ളുന്ന ഇന്ത്യയുടെ രാഷ്ട്രീയജീവിതം അഭൂതപൂർവമായ വെല്ലുവിളികളെ നേരിടുന്ന ചരിത്ര ഘട്ടത്തിലാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അവയ്ക്ക് പരിഹാരം കാണുന്നതിൽ നാമമാത്രമായ പങ്കുമാത്രമേ അവർക്ക് രാഷ്ട്രപതി എന്നനിലയിൽ നിർവഹിക്കാനാവൂ എന്ന് നാളിതുവരെയുള്ള രാഷ്ട്രപതിമാരുടെ ഭരണകാലയളവിലെ അനുഭവങ്ങളും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. അവരിൽ ചിലരെങ്കിലും ഭരണഘടനാ തത്വങ്ങളെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽപോലും ആ പദവിയുടെ പരിമിതികൾ അനിഷേധ്യമാണ്. രാഷ്ട്രപതിയുടെ അധികാര അവകാശങ്ങളെ റബർമുദ്രയോടു താരതമ്യം ചെയ്യുന്നത് ആ പദവിയോടുള്ള അനാദരവായി കണക്കാക്കപ്പെടും. എന്നാൽ അതുകൊണ്ട് ആ പദവിയുടെ ആലങ്കാരികതാ മൂല്യത്തിന് യാതൊരു മാറ്റവും ഉണ്ടാവുന്നില്ല. നാളിതുവരെയായി രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചിരുന്നവർ ഓരോരുത്തരും രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ചിരുന്നവരായാണ് അറിയപ്പെട്ടിരുന്നത്. അവരിൽ മത ന്യൂനപക്ഷങ്ങൾ, ദളിതർ തുടങ്ങിയവരും ഉൾപ്പെട്ടിരുന്നു. എന്നാൽ ആ സ്ഥാനലബ്ധികൾ ആ ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അഭ്യുന്നതിക്ക് ഏതെങ്കിലും തരത്തിൽ സഹായകമായി എന്ന് കരുതാനാവില്ല.
മുസ്‌ലിങ്ങൾ, ദളിതർ തുടങ്ങിയ പാർശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥ അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഇരു വിഭാഗങ്ങളും കടുത്ത വിവേചനത്തിനും കൊടിയ ചൂഷണത്തിനും അനീതികൾക്കും ഇരകളായി തുടരുന്നു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലയളവിലാണ് രാജ്യത്ത് ദളിതർക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങൾ അരങ്ങേറിയതെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. വസ്തുതകൾ എന്തുതന്നെ ആയാലും രാജ്യത്തെ എട്ടുശതമാനത്തിൽ അധികംവരുന്ന ആദിവാസി ജനവിഭാഗങ്ങളെയും മറ്റെല്ലാ പ്രാന്തവൽകൃത ജനവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരവും ആഹ്ലാദപ്രദവുമായ വിജയമാണ് ദ്രൗപദി മുർമുവിന്റേത്. ആദിവാസി ജനത ഏറെ പ്രതീക്ഷയോടെയാണ് തങ്ങളിൽ ഒരുവളായ മുർമുവിന്റെ വിജയത്തെ നോക്കിക്കാണുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം തങ്ങൾക്കു ഇതുവരെ സ്വാധീനിക്കാൻ കഴിയാതിരുന്ന ഒരു ജനവിഭാഗത്തെ തങ്ങളുടെ വോട്ടുബാങ്കാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ആദ്യ ചവിട്ടുപടി മാത്രമായിരിക്കാം മുർമുവിന്റെ വിജയം. എന്നാൽ ഭരണകൂടത്തിന്റെയും അവരുടെ കോർപറേറ്റ് ചങ്ങാതിമാരുടെയും കൊടിയ അതിക്രമങ്ങൾക്കെതിരെ പ്രതിരോധത്തിനുള്ള പ്രതീക്ഷയായാണ് ആദിവാസിസമൂഹം പുതിയ രാഷ്ട്രപതിയെ നോക്കിക്കാണുക. ഭരണകൂട, കോർപറേറ്റ് അതിക്രമങ്ങൾക്ക് എതിരായ ആദിവാസി ജനതയുടെ നാളിതുവരെയുള്ള പോരാട്ടങ്ങളിൽ മൂകസാക്ഷിയായി നിന്ന മുർമുവിന്റെ ഭൂതകാലം അവർക്ക് മുന്നിലുണ്ട്. അവരുടെ ജീവിത സമരത്തിൽ അവർക്കു എക്കാലവും ആശ്രയിക്കാവുന്ന ശക്തി ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ രാഷ്ട്രീയം ആയിരിക്കും.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.