17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 15, 2026
February 14, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026

അഭിമാനപൂര്‍വം അഞ്ചാം വര്‍ഷത്തിലേക്ക്

Janayugom Webdesk
April 21, 2025 5:00 am

ഇന്ത്യയുടെയും ലോകത്തിന്റെയും മുമ്പില്‍ അത്ഭുതകരമായ ഒട്ടേറെ മാതൃകകള്‍ സൃഷ്ടിച്ച കേരളം ഇന്ന് പുതിയൊരു ചരിത്രം കൂടിയെഴുതുകയാണ്. 2021ല്‍ തുടര്‍ഭരണം നേടിയ സംസ്ഥാനത്തെ ഇടതുപക്ഷ തുടര്‍സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണിന്ന്. ഇന്ന് മുതല്‍ മേയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് സര്‍ക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെയും അതിന് ചൂട്ട് പിടിക്കുന്ന സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫിന്റെ നയങ്ങളെയും വെല്ലുവിളിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതുവര്‍ഷവും വികസന — ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയത്. ദുരന്തമുഖങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ചും വിഭാഗീയ പ്രവണതകളില്‍ നിന്ന് രക്ഷാകവചമൊരുക്കിയും ജനകീയമായി നിലനിന്നുകൊണ്ടുതന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെയും ആഗോള ഏജന്‍സികളുടെയും വിലയിരുത്തലുകളില്‍ വികസന — സാമൂഹിക മേഖലകളില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് കേരളത്തെ എത്തിക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയിലെ ദുരിതബാധിതരെ അവഗണിക്കുകയും അപഹസിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ വെല്ലുവിളിച്ചുകൊണ്ട്, ജീവിതവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് തണലാകാന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. 

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന പ്രചരണത്തിന് 2016 മുതല്‍ മാറ്റമുണ്ടായി. സംസ്ഥാനം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപവും മാറി. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വന്‍ നേട്ടമാണിവിടെയുണ്ടായത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍ നിന്ന് ആറായിരത്തിലധികമായതോടെ തൊഴിലവസരങ്ങളും ക്രമാനുഗതമായി വര്‍ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകളാണെന്ന സവിശേഷതയുമുണ്ട്. ഐടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയാണുണ്ടായത്. ദേശീയപാതാ വികസനം, ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി എന്നിവ നടപ്പായി. 2028ല്‍ വിഴിഞ്ഞം തുറമുഖം പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. വെന്റിലേറ്ററിലായിരുന്ന ആരോഗ്യരംഗത്തെ ആര്‍ദ്രം മിഷനിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ മാറ്റിയെടുത്തു. ആരോഗ്യരംഗത്തെ ബജറ്റ് വിഹിതം മൂന്നിരട്ടിയായി ഉയര്‍ത്തി. ആരോഗ്യ — വിഭ്യാഭ്യാസ രംഗങ്ങളില്‍ തുടര്‍ച്ചയായി രാജ്യത്ത് ഒന്നാം സ്ഥാനത്താണിപ്പോള്‍ സംസ്ഥാനം. ഉന്നത വിദ്യാഭ്യാസമേഖലയില്‍ മികവിന്റെ ഹബ്ബായി കേരളം മാറി. തളര്‍ന്നു കിടക്കുകയായിരുന്ന കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കി. നെല്‍ക്കൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനും യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞു. നാളികേരത്തിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള തുക 600 കോടിയായി ഉയര്‍ത്തി. ക്ഷീരമേഖലയിലും മികച്ച ഇടപെടല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു. സംസ്ഥാനത്ത് 63 ലക്ഷം പേര്‍ക്കാണ് സാമൂഹ്യ പെന്‍ഷന്‍ നല്‍കുന്നത്. യുഡിഎഫ് ഭരണകാലത്ത് നല്‍കിയിരുന്ന 600 രൂപയില്‍ നിന്ന് 1600 രൂപയായി പെന്‍ഷന്‍ വര്‍ധിപ്പിച്ചു. ലെെഫ് മിഷന്‍ പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്കായി നാലര ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഫിഷറീസ് മേഖലയിലും 12,400ലേറ വീടുകള്‍ നല്‍കി. എട്ട് വർഷത്തിനിടെ മൂന്നരലക്ഷത്തിലേറെ പട്ടയങ്ങൾ വിതരണം ചെയ്തു. 1.42 ലക്ഷം പട്ടയങ്ങള്‍ കൂടി ഉടൻ വിതരണം ചെയ്യാനിരിക്കുന്നു. 2025–26ലെ ബജറ്റിന്റെ ഏറ്റവും പ്രതീക്ഷ നൽകുന്ന വശങ്ങളിലൊന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികാരോഗ്യത്തിലെ പ്രകടമായ പുരോഗതിയാണ്. 2021–22 ൽ 2.25 ശതമാനമായിരുന്ന റവന്യു കമ്മി 2023–24ൽ 1.58 ശതമാനമായും ധനക്കമ്മി 4.04 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായും കുറയ്ക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനം സ്വന്തം നികുതി വരുമാനം 70 ശതമാനം വർധിപ്പിച്ച് 2024–25ൽ 81,000 കോടിയിലെത്തിച്ചു. അതിദരിദ്രരില്ലാത്ത കേരളം, ഭൂരഹിതരില്ലാത്ത കേരളം എന്നീ ലക്ഷ്യങ്ങള്‍ ഈ വര്‍ഷം തന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തുന്നത്.

വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേളകളും എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങളും നടക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്‌സി/എസ്‌ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികളുമായും സയൻസ് ആന്റ് ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരുമുള്‍പ്പെടെ പങ്കെടുക്കുന്ന യോഗങ്ങളാണ് നടക്കുക. വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭരണപരമോ, സാങ്കേതികമോ ആയ തടസങ്ങൾ നേരിടുന്നുണ്ടങ്കിൽ അവ കണ്ടെത്തുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ജനങ്ങളെ കേള്‍ക്കാനും അറിയാനും അവര്‍ക്കാവശ്യമായ തുടര്‍വികസനം ഉറപ്പാക്കാനുമുള്ള മന്ത്രിസഭയുടെ നേരിട്ടുള്ള ഇടപെടലാണ് ഒന്നര മാസത്തോളം നടക്കുക. വാർഷികാഘോഷങ്ങളുടെ സമാപനം മേയ് 23ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുമ്പോള്‍ പുതിയൊരു കേരളത്തിനുള്ള രൂപരേഖ തയ്യാറായിട്ടുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.