
ഓരോ മനുഷ്യന്റെയും നിലനില്പിനാധാരം ദാരിദ്ര്യമില്ലായ്മയും, അവന്റെ സ്വപ്നം താമസിക്കുവാൻ അടച്ചുറപ്പുള്ള വീടുമാണ്; അതിനൊപ്പം മികച്ച വേതനം ലഭിക്കുന്ന തൊഴിലും. ജീവിതത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ ദാരിദ്ര്യ നിർമ്മാർജനവും വിവിധ സ്വപ്നസാക്ഷാത്കാരവും സർക്കാരുകളുടെ കൊടിക്കൂറപ്പദ്ധതികളാകുന്നത് അവ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന്റെ പ്രധാന അളവുകോലാണ് എന്നതിനാലാണ്. അതുകൊണ്ടാണ് ഭക്ഷണം, ഭവനം, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നിവ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ വിവിധ സർക്കാരുകൾ, പ്രത്യേകിച്ച് ജനകീയ പ്രതിബദ്ധതയുള്ള ഇടതുപക്ഷ സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. 2016ൽ കേരളത്തിൽ അധികാരത്തിലെത്തുകയും 2021ൽ തുടർഭരണം നേടുകയും ചെയ്ത എൽഡിഎഫ് സർക്കാർ പൊതുവികസന പദ്ധതികൾക്കൊപ്പം ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകിയത്. അതിദരിദ്രരെ കണ്ടെത്തി അതിൽ നിന്ന് അവരെ മുക്തമാക്കുന്നതിനുള്ള അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി അതിലൊന്നാണ്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ സംസ്ഥാനത്ത് 1,032 തദ്ദേശ സ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിൽ 1,03,099 വ്യക്തികളെയാണ് അതിദാരിദ്ര്യ വിഭാഗത്തിൽ നിർണയിച്ചത്. ഇതിൽ 30,658 (47.89%) കുടുംബങ്ങളെ 2023 നവംബർ ഒന്നിന് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി പ്രഖ്യാപിച്ചു. അതിനുശേഷം ഇതുവരെയായി ഈ കണക്ക് 75 ശതമാനത്തില്‍ അധികമായിട്ടുണ്ട്. അവശ്യവസ്തുക്കൾ സബ്സിഡികളോടെ, പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കിയും കൃഷി പ്രോത്സാഹിപ്പിച്ചും എല്ലാവർക്കും ഭക്ഷണമെത്തിക്കുന്നതിന് കിണഞ്ഞ് പരിശ്രമിക്കുന്നു. ഭവനരഹിതരില്ലാത്ത കേരളത്തിനുള്ള പ്രക്രിയയുടെ ഭാഗമായിരുന്നു ലക്ഷംവീട് മുതൽ ഇപ്പോള്‍ തുടരുന്ന ലൈഫ് വരെയുള്ള വിവിധ പദ്ധതികൾ. ഭൂമി ലഭ്യമാക്കുന്നതിന് ഭൂപരിഷ്കരണ നിയമം മുതൽ ഭൂപ്രശ്നങ്ങൾ പരിഹരിച്ച് പട്ടയ വിതരണം വരെ തുടരുകയും ചെയ്യുന്നു. വിദ്യാഭ്യാസ, ആരോഗ്യ പരിപാലന രംഗത്തും കുതിച്ച് മുന്നേറുകയാണ് കേരളം. ഇതിനോട് ചേർത്തുവയ്ക്കാവുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭവന സ്വപ്നം സഫലീകരിക്കുന്ന പദ്ധതിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുനർഗേഹത്തിന്റെ ഒരു ഘട്ടം.
നമ്മുടെ സമൂഹത്തിലെ തൊഴിൽ ശക്തിയിൽ പ്രബല വിഭാഗമാണ് മത്സ്യത്തൊഴിലാളികളെങ്കിലും സാമൂഹ്യ, സാമ്പത്തിക കാരണങ്ങളാൽ അരികുവൽക്കരിക്കപ്പെട്ടവരാണ് അവർ. കാലവർഷത്തിന്റെയും കടൽക്ഷോഭത്തിന്റെയും എല്ലാ ദുരിതങ്ങളും നേരിട്ടനുഭവിക്കുന്നവരുമാണ് ഈ ജനവിഭാഗം. കടലൊന്ന് കലികൊണ്ടാലും മഴ തിമിർത്ത് ചെയ്താലും തൊഴിലും ജീവിതവുമില്ലാതെയും, പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ വീടുകൾ കടലെടുത്തും നിലനില്പ് ഭീഷണി നേരിടുന്ന ഈ വിഭാഗത്തിലെ ആയിരങ്ങൾക്ക് സുരക്ഷിത ഭവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനർഗേഹം പദ്ധതി ആവിഷ്കരിച്ചത്. കാലാവസ്ഥാ വ്യതിയാനം കടലിലുണ്ടാക്കുന്ന ക്ഷോഭങ്ങൾ തൊഴിലിനൊപ്പം ഇവർ താമസിക്കുന്ന തീരങ്ങളെയും പ്രധാനമായും ബാധിക്കുന്നു. ഓരോ വർഷകാലത്തും വീട് നഷ്ടപ്പെടുന്നവരിൽ കൂടുതലും കടൽത്തീരങ്ങളിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവരെ പ്രത്യേകമായി കണ്ട് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയിൽ പൂർത്തിയായ 332 ഫ്ലാറ്റുകളാണ് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികൾക്ക് കൈമാറിയത്. ഇവിടെ ആദ്യഘട്ടത്തില്‍ ലക്ഷ്യംവച്ച 400ൽ 332 ഫ്ലാറ്റുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. റോഡ്, ഡ്രെയിനേജ്, നടപ്പാത, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളൊരുക്കി, വളരെ മികച്ച ഗുണനിലവാരത്തിലാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 9,104 കുടുംബങ്ങളാണ് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ 4,421 കുടുംബങ്ങൾ ഭൂമി കണ്ടെത്തി ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം നേടുകയും 2,488 ഭവനനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. 779 ഭവനങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 568 കുടുംബങ്ങൾ ഭവനനിർമ്മാണം ആരംഭിക്കാനുണ്ട്. തിരുവനന്തപുരത്ത് കാരോട് (128), ബീമാപള്ളി (20), കൊല്ലത്ത് ക്യൂഎസ്എസ് കോളനി (114), മലപ്പുറത്ത് പൊന്നാനി (128) എന്നിവിടങ്ങളിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. ഇപ്രകാരം 5,361 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തീകരിക്കാനും 2,878 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞു. തുടർച്ചയായ കടൽക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുഃസഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പുനർഗേഹം എന്ന ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയത്. 2019 ഡിസംബറിൽ 2,450 കോടി രൂപയുടെ ഭരണാനുമതി നൽകിയ പദ്ധതി വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന 22,174 കുടുംബങ്ങളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യത്തിലെത്തുന്നത്. അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലൂടെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തികൂടിയാണ് പ്രകടമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.