കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2020–21 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ ഒന്നാമതെത്തിയത് കേരളമാണ്. വിജ്ഞാന സമ്പാദനം, വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം, അടിസ്ഥാന സൗകര്യങ്ങൾ, പങ്കാളിത്തം, ഭരണ പ്രക്രിയ എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങളാണ് ഇൻഡക്സ് തയാറാക്കുന്നതിനായി പരിഗണിച്ചത്. ഗ്രേഡിങ് ആരംഭിച്ച 2017 മുതൽ കേരളം പ്രഥമ ശ്രേണിയിലുണ്ട് എന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ഗുണമേന്മ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷവും സംസ്ഥാനത്തിന്റെ സ്കോർ പടിപടിയായി ഉയരുകയായിരുന്നു. 2017–18 ൽ 826 ആയിരുന്ന പോയിന്റാണ് കോവിഡ് പ്രതിസന്ധിക്കാലമായ 2020–21 ൽ 928 ലേക്കുയർന്ന് രാജ്യത്ത് പ്രഥമസ്ഥാനത്തെത്തിയത്. മഹാമാരിയുടെ അതിതീവ്ര ഘട്ടത്തിൽ പോലും കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ സജീവമായി എന്നർത്ഥം. ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസ നയവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമാണ് സ്കൂൾതലവിദ്യാഭ്യാസത്തെ രാജ്യത്തെ ഒന്നാംനിരയിലേക്കുയർത്തിയത്.
നിലവിൽ 901നും 950നും ഇടയിൽ പോയിന്റ് നേടുന്ന ലെവൽ രണ്ട് വിഭാഗത്തിൽ ഏറ്റവും മുന്നിലാണ് കേരളം. 951‑1000 പോയിന്റ് നേടി ലെവൽ ഒന്നിൽ എത്തുകയെന്ന ലക്ഷ്യം അതിവിദൂരമല്ല. ഇതിനായി സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി സമൂലം പരിഷ്കരിക്കുന്നതിനുള്ള ഗൗരവപൂർണമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ മുതൽ സംസ്ഥാനതലം വരെ ജനകീയ ചർച്ചകൾ നടത്തിയാകും പാഠ്യപദ്ധതി പരിഷ്കരണം. പ്രാദേശിക വിദ്യാഭ്യാസ വിദഗ്ധർ, രാഷ്ട്രീയ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിന്റെ വൈവിധ്യം ഉൾക്കൊള്ളുന്ന പ്രാതിനിധ്യമാണ് ചർച്ചകളിൽ ഉറപ്പുവരുത്തുക. ഇതിൽ ഏറ്റവും സവിശേഷമായത് പാഠ്യപദ്ധതി പരിഷ്കരണത്തിൽ ലോകത്താദ്യമായി കുട്ടികൾ പങ്കാളികളാകുന്നുവെന്നതാണ്. കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് ഈ മാസം 17ന് സംസ്ഥാനത്തെ എല്ലാ ക്ലാസുകളിലും അവരെ ഉൾപ്പെടുത്തി ചർച്ചകൾ നടക്കും. ലോകത്തെവിടെയുമുള്ള ആർക്കും പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് ടെക് പ്ലാറ്റ് ഫോം രൂപീകരിച്ചിട്ടുമുണ്ട്.
ഗവർണറെ ഉപയോഗപ്പെടുത്തി കേന്ദ്രഭരണകൂടം അട്ടിമറിക്കാൻ ശ്രമിക്കുന്ന സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയും ദേശീയതലത്തിൽ മികച്ചനിലവാരത്തിലാണ്. ദേശീയ ഗുണനിലവാര പരിശോധനാ ഏജൻസികളായ നാഷണൽ അസസ്‍മെന്റ് അക്രഡിറ്റേഷൻ കൗൺസില്‍ (നാക്), നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്(എന്‍ഐആര്‍എഫ്)എന്നിവയുടെ റാങ്കിങ്ങില്‍ വൻ മുന്നേറ്റമാണുണ്ടായത്. സംസ്ഥാന സർവകലാശാലകൾക്ക് നാക് റാങ്കിങ്ങിൽ നാലിൽ ശരാശരി 3.5 (എ പ്ലസ് പ്ലസ് ) മാർക്കാണ്. അഞ്ച് വർഷംമുമ്പ് ഇത് 2.75 (ബി) ആയിരുന്നു. എൻഐആർഎഫ് റാങ്കിങ്ങിൽ കോളജുകളടക്കം 80 സ്ഥാപനങ്ങൾ നൂറിനുള്ളിൽ ഇടംനേടി. അക്കാദമിക, അക്കാദമികേതര, അധ്യാപക നിലവാരത്തില്‍ ഏഴ് പ്രധാന നിബന്ധനയും അമ്പതോളം ഉപനിബന്ധനകളും പരിശോധിച്ചാണ് ‘നാക് ’ റാങ്കിങ്. സർവകലാശാലകളിലും കോളജുകളിലും സ്വതന്ത്ര പരിശോധന നടത്തി നിലവാരം വിലയിരുത്തുന്നതാണ് എൻഐആർഎഫ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ പരിഷ്കരണങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകാൻ കഴിയുന്ന രീതിയിൽ ചാൻസലർ പദവിയിൽ വിദ്യാഭ്യാസ വിചക്ഷണരെ നിയോഗിക്കുന്നതിനുള്ള ഓർഡിനൻസാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചത്. വിദേശ സർവകലാശാലകളിലേതുപോലെ, വിദ്യാഭ്യാസ മേഖലയിൽ ആഴത്തില്‍ പഠിച്ച് കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്ന വിദ്യാഭ്യാസ വിചക്ഷണരെ ചാന്‍സലർ ആയി നിയമിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾക്കായുള്ള കമ്മിഷനുകള്‍ നിർദ്ദേശിച്ചിരുന്നതാണ്. പൂഞ്ച് കമ്മിഷൻ റിപ്പോർട്ടിലും ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് പരാമർശിക്കുന്നിടത്ത് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ സർവകലാശാലകളെ അനാഥമാക്കിത്തീർക്കുന്ന നിലയിലേക്ക് നയിക്കുന്ന ഇടപെടലുകളാണ് അടുത്ത കാലത്തായി ചാന്‍സലർ പദവിയിലുള്ള ഗവർണറിൽ നിന്ന് ഉണ്ടായത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പ്രഥമ പരിഗണന പൊതുവിദ്യാഭ്യാസ മേഖലയിലായിരുന്നുവെങ്കിൽ നിലവിലെ സർക്കാരിന്റേത് ഉന്നതവിദ്യാഭ്യാസ മേഖലയിലാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് അനുസൃതമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും നമ്മുടെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർത്ഥികളെയും സജ്ജരാക്കാൻ വിദേശ സഹകരണമുൾപ്പെടെ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശപര്യടനത്തിൽ ഏറ്റവും ശ്രദ്ധേയമായത് വിദ്യാഭ്യാസരംഗത്തെ കേരള‑ഫിൻലാൻഡ് സഹകരണത്തിനുള്ള ധാരണയാണ്. ഇടതുപക്ഷം അധികാരത്തിൽ വന്ന സമയങ്ങളിലെല്ലാം ഏറ്റവും മികച്ച വൈസ് ചാൻസലർമാരെ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് ലഭിച്ചിട്ടുണ്ട്. അത്തരം അക്കാദമിക വിദഗ്ധരെ ‘ക്രിമിനലുകള്‍’ എന്ന് അധിക്ഷേപിക്കുന്ന തരത്തില്‍ നിലവാരം കുറഞ്ഞ നോമിനേറ്റഡ് ചാന്‍സലര്‍ ഇല്ലാതാകുന്നത് എന്തുകൊണ്ടും വിഭ്യാഭ്യാസരംഗത്തിന്റെ മികവിന് അഭികാമ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.