
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് പരാതികളും പരിഭവങ്ങളുമില്ലാതെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഞായറാഴ്ച കൊടിയിറങ്ങി. ഏറ്റവുമധികം സ്കൂൾ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കുന്നുവെന്നതുതന്നെയാണ് സംസ്ഥാന സ്കൂള്‍ കലാമേളയുടെ വലിയ പ്രത്യേകത.
സ്കൂൾ, സബ്‌ജില്ല, ജില്ലാ കലോത്സവങ്ങളിൽ കഴിവ് തെളിയിച്ചെത്തുന്ന വിദ്യാർത്ഥികളുടെ പ്രകടനം ഒത്തിണങ്ങിയതും ഭാവിക്ക് പ്രതീക്ഷ നൽകുന്നതുമാണെന്നതിലും സംശയമില്ല. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ, അവർക്കൊപ്പമെത്തുന്ന രക്ഷിതാക്കൾ, അധ്യാപകരും പരിശീലകരും, ആസ്വാദകരായെത്തുന്ന പതിനായിരങ്ങൾ, മാധ്യമങ്ങൾ എല്ലാം കൂടിയുള്ള സംസ്ഥാന സ്കൂൾ കലോത്സവം ചിട്ടയായ പ്രവർത്തനം, സംഘാടന മികവ് എന്നിവകൊണ്ടും ശ്രദ്ധേയമായി. 14ന് തിരിതെളിഞ്ഞ് 18വരെ നീണ്ടുനിന്ന 64-ാമത് സ്കൂൾ കലോത്സവത്തിൽ 11,000ത്തിലധികം പ്രതിഭകളാണ് മാറ്റുരച്ചത്.
25 വേദികളിലായി 250 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ഉത്തരവാദിത്ത കലോത്സവമെന്ന് പേരിട്ടാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. അഞ്ച് ദിവസത്തെ മേള സമാപിച്ചപ്പോൾ ആ മുദ്രാവാക്യം അർത്ഥവത്തായി. സാംസ്കാരിക നഗരിയിലെ സംഘാടനം അതാണ് തെളിയിച്ചത്. പൂരപ്പെരുമയും സാംസ്കാരിക സ്ഥാപനങ്ങളുടെ സാന്നിധ്യവുമെല്ലാം ചേർന്ന പശ്ചാത്തലം കലോത്സവ വിജയത്തിന് പ്രധാന ഘടകമായി.
മേളയെ പാകപ്പിഴകളും പരിഭവങ്ങളുമില്ലാതെ പരിസമാപ്തിവരെ എത്തിക്കുന്നതിന് എല്ലാവരുടെയും ഒരുമ സഹായകമായി. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമുൾപ്പെടെ ജീവനക്കാരും അധ്യാപകരും രക്ഷിതാക്കളുമൊക്കെ കൈമെയ് മറന്ന് ഏകമനസോടെ പ്രവർത്തിച്ചാണ് തൃശൂർ കലോത്സവത്തെ ഇത്രമേൽ വിജയകരമാക്കിയത്. ചെറിയൊരു പോരായ്മ, കൈപ്പിഴവ് മതിയാകുമായിരുന്നു പതിനായിരങ്ങളെത്തുന്ന ഈ ഉത്സവത്തിന്റെ ശോഭ കെടുത്തുവാൻ. എന്നാൽ അതൊന്നുമുണ്ടായില്ല.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവം കൂടുതൽക്കൂടുതൽ പ്രസക്തമായി വരുന്നുണ്ട്. അതിനുള്ള കാരണം മത്സരത്തിന് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുന്നു എന്നുള്ളതാണ്. ഗോത്രകലാരൂപമായ ഇരുള നൃത്തവും പണിയ നൃത്തവും മലപ്പുലയ ആട്ടവുമൊക്കെ അങ്ങനെ മത്സര ഇനങ്ങളാക്കപ്പെട്ടു. പ്രാദേശികമായി ഒടുങ്ങിപ്പോകുമായിരുന്ന കലാ സാഹിത്യ ശാഖകളെയാണ് മത്സര ഇനങ്ങളിൽ ചേർത്തത്.
ഇതിലൂടെ ന്യൂനപക്ഷ, പാർശ്വവല്‍കൃത ജനവിഭാഗങ്ങളെയും ഉൾച്ചേർക്കുകയും നാശോന്മുഖമായേക്കുന്ന അത്തരം കലാ സാഹിത്യ ശാഖകളെ നിലനിർത്തുകയും ചെയ്യുകയെന്ന ദൗത്യവും ഏറ്റെടുക്കപ്പെടുകയാണ്. അടുത്തകാലത്ത് മറ്റെല്ലാ ശാഖകൾക്കുമൊപ്പം ജനപ്രീതിയാർജിച്ചു തുടങ്ങിയ നാടൻ കലാരൂപങ്ങളിൽപ്പെട്ട ഈ ഇനങ്ങൾ സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയതോടെ ജനപ്രീതി വർധിച്ചതിനൊപ്പം പുനരുജ്ജീവനം കൂടി സാധ്യമാകുന്നുണ്ട്. അത് ഇതിനെ ആശ്രയിച്ചു കഴിയുന്ന കലാകാരന്മാർക്ക് സഹായകവുമാകുന്നു. ഇതെല്ലാംകൊണ്ടാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പ്രാധാന്യമേറുന്നതും ആഴവും പരപ്പും വർധിക്കുന്നതും.
ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കണമെന്ന് പറയാറുണ്ട്. അത്തരം ശരിതീരുമാനങ്ങള്‍ ഇത്തവണയുമുണ്ടായി. അതിലൊന്നായിരുന്നു കാസർകോട് പടന്ന വികെപികെഎച്ച്എം എംആർവി എച്ച്എസ്എസിലെ വിദ്യാർത്ഥിനി സിയ ഫാത്തിമയ്ക്ക് അനുകൂലമായെടുത്ത തീരുമാനം. ‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗബാധിതയായ ആ പെൺകുട്ടിയുടെ, കലോത്സവ പങ്കാളിത്തമെന്ന സ്വപ്നമാണ് സംസ്ഥാന സർക്കാർ തീരുമാനത്തിലൂടെ സാക്ഷാത്കൃതമായത്. വീഡിയോ കോൺഫറൻസ് വഴി ഹൈസ്കൂൾ വിഭാഗം അറബിക് പോസ്റ്റർ രൂപകല്പന വിഭാഗത്തില്‍ മത്സരിച്ച പെൺകുട്ടി, തീരുമാനം ശരിവച്ചുകൊണ്ട് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
കഴിവ് പ്രകടിപ്പിക്കുകയും മികവുറ്റതാകുകയും ചെയ്യുക എന്നതിനപ്പുറം മത്സരബുദ്ധി വർധിക്കുന്നതിനും സഹജഭാവവും സഹവർത്തിത്വവും ഇല്ലാതാകുന്നതിനും കാരണമായ കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ എടുത്തുകളഞ്ഞതും ഗ്രേഡുകളിലൂടെ സമശീർഷത നിലനിർത്തിയതും നേരത്തെയുണ്ടായ ശരിതീരുമാനങ്ങളിൽപ്പെട്ടതായിരുന്നു.
അതിന്റെ പ്രതിഫലനം പിന്നീടുള്ള കലോത്സവങ്ങളിൽ വഴിവിട്ട രീതിയിലുള്ള മത്സരബുദ്ധി കുറച്ചതും പ്രകടനങ്ങൾ മികച്ചതാക്കിയതും നാം കണ്ടതാണ്. ഇതാെക്കെയായിട്ടും മത്സരപങ്കാളിത്തവും ഗ്രേഡുകളുമൊക്കെ അഭിമാന പ്രശ്നമായി കരുതുന്ന രക്ഷാകർതൃ മനോഭാവം പൂർണമായി അവസാനിച്ചുവെന്ന് പറയാനാകില്ല. എങ്കിലും പഴയ അവസ്ഥയിൽ നിന്ന് വളരെയധികം മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല.
1,028 പോയിന്റുകളുമായി കണ്ണൂരാണ് ഇത്തവണ കലാകിരീടം സ്വന്തമാക്കിയത്. 1,023 പോയിന്റു നേടി ആതിഥേയരായ തൃശൂർ രണ്ട്, 1,017 പോയിന്റുകളുമായി കോഴിക്കോട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മൂന്നാമതെത്തിയ കോഴിക്കോടും ഒന്നാമതെത്തിയ കണ്ണൂരും തമ്മിൽ 11 പോയിന്റ് വ്യത്യാസമാണുള്ളത് എന്നതുതന്നെ കലോത്സവം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെന്നതിന്റെ നേർസാക്ഷ്യമാകുന്നു.
ഈ വർഷത്തെ സ്കൂൾ കലോത്സവം സമാപിക്കുന്നതും വൻ പ്രതീക്ഷകൾ അവശേഷിപ്പിച്ചുതന്നെയാണ്. മുൻകാല കലോത്സവങ്ങളിൽ മാറ്റുരയ്ക്കുകയും മികവ് തെളിയിക്കുകയും ചെയ്ത നിരവധി പേർ പിന്നീട് അതിപ്രശസ്തരായി മാറി. അതുപോലെതന്നെ പ്രതീക്ഷിക്കാവുന്ന പല പ്രതിഭകളും തൃശൂർ കലോത്സവത്തിലുമുണ്ടായി. എങ്കിലും വളരെ കുറച്ചുപേർക്ക് മാത്രമേ ഭാവിയിൽ അവരവരുടെ അഭിരുചികൾക്കനുസരിച്ച് ഈ രംഗങ്ങളിൽ തുടരാൻ സാധിക്കുന്നുള്ളൂ എന്ന പോരായ്മ നിലനിൽക്കുന്നു. ഇതെല്ലാമാണെങ്കിലും കേരളീയരുടെ മറ്റൊരു സ്വകാര്യ അഭിമാനമാണെന്ന് അടയാളപ്പെടുത്തിയാണ് 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.