
മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ഓർമ്മപുസ്തകത്തിന്റെ ഒരു പ്രതി ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെ പാർലമെന്റിന് പുറത്ത് പ്രദർശിപ്പിച്ചത് രാജ്യത്തിന്റെ സുരക്ഷാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രസർക്കാരും ‘വിട്ടുവീഴ്ച’ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണത്തിന് കൂടുതൽ ശക്തി പകരുന്നതായി. നരവനെയുടെ പുസ്തകം ഇന്ത്യൻ വിപണിയിൽ ഇനിയും ലഭ്യമായിട്ടില്ല. പ്രസ്തുത പുസ്തകം രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി തേടേണ്ടതുണ്ട്. എന്നാൽ മുൻ കരസേനാ മേധാവിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല.
പ്രമുഖ ഇംഗ്ലീഷ് മാസികയായ ‘കാരവൻ’ അതിന്റെ ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ഉദ്ധരണികൾ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഉദ്ധരിക്കാനുള്ള പ്രതിപക്ഷനേതാവിന്റെ ശ്രമം സ്പീക്കറും ഭരണകക്ഷി നേതാക്കളായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവരും റൂൾ 349(1) ഉദ്ധരിച്ച് ഫെബ്രുവരി രണ്ടിന് തടഞ്ഞിരുന്നു. ഭരണമുന്നണി അംഗങ്ങൾ ശബ്ദകോലാഹലത്തോടെ പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസപ്പെടുത്തുകയും ഉണ്ടായി. പ്രതിപക്ഷനേതാവിനെ രാജ്യത്തിന്റെ സുരക്ഷാവിഷയത്തിലും അന്താരാഷ്ട്രബന്ധങ്ങൾ സംബന്ധിച്ച വിഷയത്തിലും സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച എട്ട് ലോക്‌സഭാംഗങ്ങളെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുകയും ഉണ്ടായി.
രാജ്യത്തിന്റെ അതിർത്തി നിയന്ത്രണ രേഖ ഭേദിച്ച് ചൈനയുടെ ‘പീപ്പിൾസ് ലിബറേഷൻ ആർമി’ (പിഎൽഎ) ടാങ്കുകളുടെ അകമ്പടിയോടെ മാർച്ചുചെയ്യുന്ന വിവരം രാഷ്ട്രീയനേതൃത്വത്തെ അറിയിച്ചിട്ടും സമയോചിതവും രാഷ്ട്രീയ ഉത്തരവാദിത്തത്തോടെയും പ്രതികരിക്കാൻ വിസമ്മതിക്കുകയും, വൈകി പ്രതികരിച്ചപ്പോൾത്തന്നെ ‘ഉചിതമായ നടപടി സ്വീകരിക്കാൻ’ സൈനികനേതൃത്വത്തോട് നിർദേശിക്കുകയും ചെയ്തതായാണ് കാരവൻ ലേഖനത്തിലെ ഉദ്ധരണികൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കര, വ്യോമ, നാവിക സേനാവിഭാഗങ്ങളിൽ അഗ്നിപഥ്/അഗ്നിവീർ പദ്ധതികൾ നടപ്പാക്കുമ്പോഴും സേനാ നേതൃത്വങ്ങളുമായി വേണ്ടത്ര കൂടിയാലോചനകളോ തയ്യാറെടുപ്പുകളോ കൂടാതെ അമ്പരപ്പിക്കുന്ന തിടുക്കമാണ് പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രീയനേതൃത്വവും സ്വീകരിച്ചതെന്ന പരാമർശവും നരവനെയുടെ ഓർമ്മപുസ്തകത്തിൽ ഉള്ളതായി കാരവൻ ഉദ്ധരണികളിൽ സൂചിപ്പിക്കുന്ന റിപ്പോർട്ടുകളുണ്ട്.
പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകത്തിലെ ഉദ്ധരണികളുടെ പേരിലാണ് പ്രതിപക്ഷനേതാവിനെ ലോക്‌സഭയിൽ പ്രസംഗിക്കാൻ അനുവദിക്കാതിരുന്നതെങ്കിൽ രാജ്യത്തിന് പുറത്ത് പ്രസിദ്ധീകരിച്ച പുസ്തകം ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി ഇപ്പോൾ രംഗത്തുവന്നിരിക്കുന്നതെന്നത് മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. 2020ൽ ലഡാക്കിൽ പിഎൽഎ നടത്തിയ ഇടപെടലുകളിൽ ഉചിതമായി പ്രതികരിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാൻ പ്രധാനമന്ത്രിയടക്കം രാഷ്ട്രീയനേതൃത്വം വിസമ്മതിക്കുകയും അതിന്റെ പൂർണ ഉത്തരവാദിത്തം കരസേനാമേധാവിയുടെ തലയിൽ കെട്ടിയേല്പിക്കുകയും ചെയ്തുവെന്ന ആരോപണമാണ് നരേന്ദ്ര മോഡിക്കും സർക്കാരിനുമെതിരെ ഉയർന്നിരിക്കുന്നത്. വിഷയം ലോക്‌സഭയിൽ ഉന്നയിക്കാനും ചർച്ചചെയ്യാനും വിസമ്മതിക്കുകവഴി മോഡി സർക്കാർ രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള ലോക്‌സഭയുടെയും ജനങ്ങളുടെ തന്നെയും അവകാശത്തെയാണ് നിഷേധിക്കുന്നത്.
മോഡിയോടും സർക്കാരിനോടും വിയോജിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നവരെല്ലാം രാഷ്ട്രവിരുദ്ധരും രാജ്യദ്രോഹികളുമായി മുദ്രകുത്തപ്പെട്ട ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ഇപ്പോൾ മുൻ കരസേനാമേധാവി തന്റെ ഓർമ്മക്കുറിപ്പുകളിലൂടെ വെളിപ്പെടുത്തിയതായി പറയപ്പെടുന്ന വസ്തുതകൾ തെറ്റാണെങ്കിൽ അത് തുറന്നുകാട്ടാൻ തയ്യാറാവണം. അതിനുപകരം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ വിസമ്മതിക്കുകവഴി യാഥാര്‍ത്ഥ്യങ്ങളിൽനിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലും സംവിധാനത്തിലും രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ഭരണകൂടവും രാഷ്ട്രീയ നേതൃത്വവുമാണ്.
ആ ഉത്തരവാദിത്തം നിറവേറ്റാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമടക്കം വിസമ്മതിച്ചുവെന്നും ആ ചുമതല ‘ഉചിതമായി’ നിറവേറ്റാൻ കരസേനാമേധാവിയോട് ആവശ്യപ്പെടുകവഴി രാജ്യത്തിന്റെ കാവലാളുകളായി പ്രവർത്തിക്കേണ്ട സൈന്യത്തെ ഒറ്റപ്പെടുത്തുകയാണ് രാഷ്ട്രീയ നേതൃത്വം ചെയ്തതെന്നതുമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. അതിലെ യാഥാർത്ഥ്യം അറിയാൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ജനങ്ങൾക്കും അവകാശമുണ്ട്. അത് നിഷേധിക്കുന്നത് സ്വേച്ഛാധിപത്യമാണ്. ഭീരുത്വത്തിൽനിന്നും അരക്ഷിതബോധത്തിൽ നിന്നുമാണ് സ്വേച്ഛാധിപത്യം ഉടലെടുക്കുന്നത് എന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്ന സമീപനമാണ് മോഡി സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.