18 December 2024, Wednesday
KSFE Galaxy Chits Banner 2

കോണ്‍ഗ്രസ് തീരുമാനം വ്യക്തമായ വഴിതിരിയല്‍

Janayugom Webdesk
January 12, 2024 5:00 am

ഇനിയും പണി പൂർത്തിയായിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർക്കുള്ള ക്ഷണം ‘ആദരപൂർവം’ നിരസിച്ചുകൊണ്ടുള്ള പ്രസ്താവന കോൺഗ്രസ് കഴിഞ്ഞദിവസം പുറത്തിറക്കി. വൈകിയെങ്കിലും, പ്രകടമായിത്തന്നെ, ആർഎസ്എസും ബിജെപിയും ഉൾപ്പെട്ട സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായ ചടങ്ങിൽനിന്നും രാഷ്ട്രീയത്തിൽനിന്നും വിട്ടുനിൽക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം തികച്ചും ശരിയായ ഒന്നാണെന്ന് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വൃത്തങ്ങൾ പരക്കെ വിലയിരുത്തുന്നു. 28 പ്രതിപക്ഷപാർട്ടികൾ ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിലെ ഏതാണ്ടെല്ലാ ഘടകകക്ഷികളും പൊതുസമൂഹ സംഘടനകളും കോൺഗ്രസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തിൽ കോൺഗ്രസ് അവലംബിച്ചുപോന്ന ചാഞ്ചാട്ട നിലപാടുകളിൽ നിന്നും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ അസന്ദിഗ്ധമായി ഉയർത്തിപ്പിടിക്കുന്ന ധീരമായ തീരുമാനമായാണ് അത് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് പാർട്ടിയിലെ പ്രബലമായ ഒരുവിഭാഗം ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും മൃദുഹിന്ദുത്വ സമീപനം അവലംബിച്ചിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം പ്രസക്തമാകുന്നത്. ആർഎസ്എസ്-ബിജെപി സംഘ്പരിവാർ ശക്തികൾ കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലം തങ്ങളുടെ ആവനാഴിയിലെ സമസ്തായുധങ്ങളും യഥേഷ്ടം പ്രയോഗിച്ചിട്ടും വോട്ടർമാരിൽ 60 ശതമാനത്തിലേറെയും അവർ മുന്നോട്ടുവയ്ക്കുന്ന തീവ്രഹിന്ദുത്വ ആശയങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന കാഴ്ചയാണ് ഓരോ തെരഞ്ഞെടുപ്പിലും കാണാനായത്. ബിജെപിയും സംഘ്പരിവാറും വിഭാവനം ചെയ്യുന്ന മതാധിഷ്ഠിത വർഗീയ രാഷ്ട്രമല്ല ഭരണഘടനാധിഷ്ഠിതവും നിയമവാഴ്ച ഉറപ്പുനൽകുന്നതുമായ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയാണ് മഹാഭൂരിപക്ഷത്തിന്റെയും രാഷ്ട്രസങ്കല്പം എന്നാണ് അത് സംശയാതീതമായി തെളിയിക്കുന്നത്. വൈകിയെത്തി യ ആ തിരിച്ചറിവായിരിക്കണം വ്യക്തമായ ഒരു വഴിതിരിയലിന് കോൺഗ്രസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ഒരു ജനാധിപത്യ മൂല്യസങ്കല്പം എന്ന നിലയിൽ മതനിരപേക്ഷത, മത‑വിശ്വാസ നിഷേധമല്ല. മതവും വിശ്വാസങ്ങളും വ്യക്തിപരമാണ്. അവ അപരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ പിന്തുടരാനും പരസ്യമായി പ്ര ഖ്യാപിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നാൽ മതവും വിശ്വാസവും ഭരണനിർവഹണത്തിന്റെയും തെരഞ്ഞെടുപ്പുകള്‍ ഉൾപ്പെടെ രാഷ്ട്രീയ പ്രക്രിയയുടെയും നിയാമകഘടകവും സ്വാധീനശക്തിയുമായി മാറുന്നതും, ബോധപൂർവം അങ്ങനെ മാറ്റുന്നതും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടനാ തത്വങ്ങളുടെയും സമ്പൂർണ നിഷേധമാണ്. രാജ്യത്തിന്റെയും ലോകത്തിന്റെതന്നെയും രാഷ്ട്രീയ നവോത്ഥാന മൂല്യങ്ങളെയും സങ്കല്പങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് ആർഎസ്എസും ബിജെപിയും കേന്ദ്ര, യുപി സർക്കാരുകളും അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾവഴി വർഗീയവെറിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. അത് ബാബറി മസ്ജിദ് എന്ന ചരിത്രപരമായ ‘തെറ്റ്’ തിരുത്തി, തൽസ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ അവസാനിക്കുന്ന ദൗത്യമല്ലെന്ന് ഇതിനകം വ്യക്തമാണ്. രാജ്യത്തെ വർഗീയമായി ധ്രുവീകരിച്ച് രാഷ്ട്രീയാധികാരം ശാശ്വതമായി നിലനിർത്താനുള്ള വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢപദ്ധതികളുടെ ഭാഗമാണ്. വാരാണസിയിലെ ഗ്യാൻവാപി, മഥുരയിലെ ഷാഹി ഈദ്ഗാഹ്, കർണാടകയിലെ ബാബ ബുധൻഗിരി, ഡൽഹിയിലെ സുനേരി തുടങ്ങിയ മുസ്ലിം ആരാധനാലയങ്ങള്‍ ഇതിനോടകം ഇടിച്ചുനിരത്തലിനായി അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇവയടക്കം മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തകർക്കുകവഴി വർഗീയധ്രുവീകരണവും അധികാരവും ശാശ്വതമായി നിലനിർത്താനാണ് സംഘ്പരിവാർ പരിശ്രമിക്കുന്നത്. വൈകിയെങ്കിലും ഈ യാഥാർത്ഥ്യം തിരിച്ചറിയാനും ആവശ്യമായ തിരുത്തലുകൾക്കും കോൺഗ്രസ് സന്നദ്ധമായിരിക്കുന്നു എന്നുവേണം കരുതാൻ.
തീവ്രഹിന്ദുത്വവാദത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാമെന്ന കോൺഗ്രസ് നേതൃത്വത്തിലെ ഒരുപറ്റം നേതാക്കളുടെ കണക്കുകൂട്ടലുകൾ അസ്ഥാനത്താണെന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരിക്കൽക്കൂടി തെളിയിച്ചിരുന്നു. തീവ്രഹിന്ദുത്വ വോട്ടുബാങ്കിന് പുറത്തുള്ള മതനിരപേക്ഷ ജനാധിപത്യ ശക്തികളാണ് കോൺഗ്രസിന്റെയും ഇന്ത്യ സഖ്യത്തിലെ രാഷ്ട്രീയപാർട്ടികളുടെയും സ്വാഭാവിക പിൻബലം. അവരുടെ ജീവിതപ്രശ്നങ്ങളോട് ആത്മാർത്ഥമായി പ്രതികരിച്ചും അവരെ പൂർണമായി ഉൾക്കൊണ്ടും മാത്രമേ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിട്ട് പരാജയപ്പെടുത്താൻ കഴിയു. അത്തരം ഒരു യാഥാർത്ഥ്യബോധത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ് പ്രാണപ്രതിഷ്ഠാ ക്ഷണം നിരസിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ തീരുമാനം. ആശയപരവും രാഷ്ട്രീയവുമായ കോൺഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവിനൊപ്പം തികച്ചും പ്രായോഗികമായി സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യ സഖ്യകക്ഷികൾക്കും ജനങ്ങൾക്കും സ്വീകാര്യമായ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ സമീപിക്കാൻ കഴിഞ്ഞാൽ ചരിത്രം സൃഷ്ടിക്കാൻ സഖ്യത്തിന് കഴിയും. സഖ്യത്തിന്റെ പേര് മുൻവയ്ക്കുന്ന ‘ഉൾക്കൊള്ളൽ’ ആയിരിക്കും വിജയത്തിന്റെ താക്കോലെന്നത് വിസ്മരിച്ചുള്ള ഏതുനീക്കവും തെരഞ്ഞെടുപ്പുഫലത്തെ നിർണായകമായി സ്വാധീനിക്കുമെന്നതാണ് അനുഭവപാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.