
ലോകത്തെ പല രാജ്യങ്ങളിലും അട്ടിമറി നടത്തി പാവ സർക്കാരുകളെ പ്രതിഷ്ഠിക്കുകയെന്നത് യുഎസിന്റെ പരമ്പരാഗത സ്വഭാവമാണ്. ഏറ്റവും വലിയ ആയുധക്കച്ചവടക്കാരെന്ന നിലയിൽ അവയുടെ വ്യാപാരവും അതോടൊപ്പം വിവിധ രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങളുടെ ചൂഷണവും മാത്രമാണ് ഇതിന് പിന്നിലെ യുഎസിന്റെ ചേതോവികാരം. തങ്ങളുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് വരുന്ന ഘട്ടത്തിലും ആഭ്യന്തര കലാപത്തിന് അവർ ശ്രമം നടത്താറുണ്ട്. ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങൾക്കെതിരെ കാലാകാലങ്ങളായി യുഎസ് ഈ തന്ത്രം പയറ്റാറുള്ളതുമാണ്. നിക്കരാഗ്വ, എൽസാൽവഡോർ, ചിലി എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ ആഭ്യന്തര കലാപവും അട്ടിമറിയും നടത്തി ജനകീയ സർക്കാരുകളെ പുറത്താക്കുകയും പകരം പാവകളെ പ്രതിഷ്ഠിക്കുകയും ചെയ്തത് ചരിത്രത്തിലുണ്ട്. വിപ്ലവാനന്തരം ക്യൂബയിലെ സർക്കാരിനെ തകർക്കുന്നതിന് നിരന്തരശ്രമങ്ങളാണ് നടത്തുന്നത്. ജനങ്ങളുടെ പിന്തുണയോടെയും ഭരണപരമായ ഇച്ഛാശക്തിയോടെയും ചെറുത്ത് നിൽക്കുന്നതിനാലാണ് ക്യൂബ പിടിച്ചുനിൽക്കുന്നത്. ലോകത്തിലെ ഇടതുപക്ഷ പുരോഗമന ശക്തികളുടെ പിന്തുണയും ക്യൂബയ്ക്ക് കരുത്തേകുന്നു. വെനസ്വേലയിലെ സർക്കാരിനെതിരെയും യുഎസ് ഇതേ സമീപനം തന്നെയാണ് സ്വീകരിച്ച് പോരുന്നത്. ഹ്യുഗോ ഷാവേസിന്റെ നേതൃത്വത്തിലായിരുന്നപ്പോഴും ഇപ്പോൾ നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലും യുഎസിന്റെ കടുത്ത വെല്ലുവിളികളും ശക്തമായ ഉപരോധങ്ങളുമാണ് വെനസ്വേല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ആഭ്യന്തര സംഘർഷത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തും സാമ്പത്തിക ഉപരോധത്തിലൂടെ ശ്വാസം മുട്ടിച്ചും ഇല്ലാതാക്കുന്നതിനാണ് ശ്രമിക്കുന്നത്.
രാജ്യത്തെ പുരോഗമന സർക്കാരിനെ തകർത്ത് തങ്ങളുടെ പാവകളെ പ്രതിഷ്ഠിക്കുകയും അവിടെയുള്ള പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കുകയുമെന്ന ഗൂഢലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്നത് സുവ്യക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമാണത്. പല രാജ്യങ്ങളിലേക്കും വെനസ്വേല എണ്ണ കയറ്റുമതി ചെയ്യുന്നു. ഇത് 300 ബില്യൺ ബാരലിലധികം വരുമെന്നാണ് ശരാശരി കണക്ക്. വെനസ്വേലയുടെ എണ്ണ കയറ്റുമതി കഴിഞ്ഞ വർഷം 10.5% വർധിച്ചു. സർക്കാർ സംരംഭമായ പിഡിവിഎസ്എയിലൂടെയുള്ള എണ്ണക്കയറ്റുമതി രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസാണ്. വൈറ്റ് ഹൗസിന്റെ ഉപരോധങ്ങളുണ്ടെങ്കിലും യുഎസിലെ ചില കമ്പനികളും വെനസ്വേലയെ ഇന്ധനത്തിന് ആശ്രയിക്കുന്നുവെന്നാണ് കണക്ക്. ഇത് യുഎസിന് മാനക്കേടുണ്ടാക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലുമാണ് ആ രാജ്യത്തിനെതിരായ നീക്കമെന്നാണ് കരുതപ്പെടുന്നത്.
മേഖലയുടെ മൊത്തം സുരക്ഷാ ചുമതല സ്വയം ഏറ്റെടുത്തും തങ്ങളുടെ രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നുവെന്ന വ്യാജ പ്രചരണം നടത്തിയുമാണ് ട്രംപ് വീണ്ടും പ്രസിഡന്റായതിനുശേഷമുള്ള യുഎസ് പുതിയ അധിനിവേശ നീക്കങ്ങളും അസ്ഥിരീകരണ ശ്രമങ്ങളും നടത്തുന്നത്. ഇപ്പോൾ അത് ശക്തമാക്കുന്നതിന് മയക്കുമരുന്ന് കടത്ത് എന്ന വ്യാജ പ്രചരണം ഉപയോഗിക്കുകയാണ്. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളും കപ്പലുകളും ഉൾപ്പെടെ മയക്കുമരുന്ന് കടത്തിന്റെ പേരിൽ യുഎസ് സൈന്യം ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ആറ് പേരാണ് മരിച്ചത്. അഞ്ചാമത്തേതായിരുന്നു ഈ അക്രമം. ഇതോടെ കരീബിയൻ കടലിൽ യുഎസ് സേന നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 27 ആയി. സെപ്റ്റംബർ ആദ്യ ആഴ്ച ആക്രമണം തുടങ്ങിയതുമുതൽ വെനസ്വേലയും അയൽരാജ്യങ്ങളും മയക്കുമരുന്ന് കള്ളക്കടത്തിന്റെ തെളിവുകൾ ആവശ്യപ്പെട്ടെങ്കിലും നൽകുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. ഈ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് വെനസ്വേലയ്ക്കെതിരെ രഹസ്യ ആക്രമണങ്ങളെന്ന പേരിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിന് യുഎസിന്റെ കുപ്രസിദ്ധ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ)ക്ക് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരിക്കുന്നത്. ഇവിടെയും മയക്കുമരുന്ന് കടത്തിനെതിരെയെന്ന കാരണം തന്നെയാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ നേരത്തെ തന്നെ കരീബിയൻ മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. എട്ട് യുദ്ധക്കപ്പലുകൾ, ആണവവിന്യാസമുള്ള അന്തർവാഹിനി, നിരവധി നിരീക്ഷണ വിമാനങ്ങൾ, 4,000 സൈനികർ, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ വെനസ്വേലയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് സിഐഎയെ രഹസ്യ ആക്രമണങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. സിഐഎ എന്നത് രാജ്യങ്ങൾക്കകത്തും രാജ്യങ്ങൾ തമ്മിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലും അത് മുതലെടുത്ത് രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് യുഎസിനെ സഹായിക്കുന്നതിലും കുപ്രസിദ്ധിയാർജിച്ച രഹസ്യാന്വേഷണ സംഘടനയാണ്. അതുകൊണ്ടുതന്നെ മുൻകാല പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ പുതിയ ഉദ്യമത്തിലൂടെ വെനസ്വേലയിൽ ആഭ്യന്തര കലാപവും അതുവഴിയുള്ള അട്ടിമറിയുമാണ് ട്രംപ് ലക്ഷ്യമിടുന്നത് എന്നുതന്നെയാണ് സംശയിക്കേണ്ടത്. ഇത്തരം കുത്സിതനീക്കത്തിനെതിരെ സമാധാനകാംക്ഷികളായ ലോകജനത ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.