കുത്തക മുതലാളിത്തം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലാണ്. സമ്പദ്‌വ്യവസ്ഥ ആഴത്തിൽ തകർച്ചയിലേക്ക് നീങ്ങുന്നു. 2024–25ൽ വളർച്ച 6.4 ശതമാനമായി കുറയുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2025 ജനുവരി എട്ടിന് പുറത്തിറക്കിയ സർക്കാർ കണക്കുകളനുസരിച്ച് ഉല്പാദന, സേവന മേഖലകളിലെ ദീനമായ പ്രകടനമാണ് മുഖ്യമായ കാരണം. നാല് വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അംബാനിയും അഡാനിയും ഉൾപ്പെടെയുള്ളവരിൽ സമ്പത്തും മൂലധനവും വലിയ തോതിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ നിർമ്മിതിക്കും പരമാവധി സംഭാവന ചെയ്യുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളും ആഴത്തിൽ പ്രതിസന്ധി നേരിടുകയാണ്. ബാങ്കിങ് മേഖലയിൽ വ്യാവസായിക മൂലധനത്തിന്റെ ലയനം സംഭവിക്കുന്ന ധനകാര്യ മൂലധനത്തിന്റെ ഇടമായി രാജ്യം മാറിയതാണ് ഇത്തരം സാഹചര്യങ്ങൾക്ക് വഴിയൊരുക്കിയത്. 2024ലെ നിക്ഷേപ വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ, സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾ മൂന്ന് വർഷങ്ങളിൽ ഏറ്റവും താഴ്ന്ന നിലയായ ജിഡിപിയുടെ 11.2 ശതമാനമായി ഇടിഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പുള്ള ശരാശരിയായ 11.8 ശതമാനത്തെക്കാൾ കുറവാണിത്. സ്വകാര്യ മേഖലയുടെ ദുർബലമായ നിക്ഷേപ സമീപനത്തെ ഇത് സൂചിപ്പിക്കുന്നുവെന്ന് ഇന്ത്യ റേറ്റിങ്സ് 2025 മാർച്ച് അഞ്ചിന് ചൂണ്ടിക്കാട്ടി. വിവിധ പിഎൽഐ പദ്ധതികളുടെ വിജയം, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായുള്ള സർക്കാർ പ്രോത്സാഹനം തുടങ്ങിയ ആകർഷണങ്ങൾ നിലനിൽക്കുമ്പോഴും അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
2025ലെ സാമ്പത്തിക സർവേ പ്രകാരം, 2047ഓടെ രാജ്യം ഒരു വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലെത്തണമെങ്കിൽ, സമ്പദ്‌വ്യവസ്ഥ രണ്ട് പതിറ്റാണ്ടുകാലം എട്ട് ശതമാനത്തിലധികം സ്ഥിരതയോടെ വളരണം. ഇതിനായി 35 ശതമാനമെങ്കിലും നിക്ഷേപ നിരക്ക് അനിവാര്യമാണ്. പക്ഷെ താരിഫ് യുദ്ധങ്ങളിൽ നിന്ന് ഉടലെടുക്കുന്ന പുതിയ ഭൗമരാഷ്ട്രീയ ദുര്‍ഘടാവസ്ഥകള്‍ കണക്കിലെടുക്കുമ്പോൾ ഇതിനുള്ള സാധ്യത കടുത്ത വെല്ലുവിളി നിറഞ്ഞതാണുതാനും. പദ്ധതികൾ നടപ്പിലാക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളുടെ ഉയർന്ന തോത്, ദുർബലമായ ആഭ്യന്തര — വിദേശ ആവശ്യകത എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങളാൽ 2016–20 കാലയളവിൽ നിക്ഷേപ നിരക്ക് 29.9 ശതമാനമായി കുറഞ്ഞു. മഹാമാരി മൂലം പിന്നീട് ഇത് രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 27.5 ശതമാനമായി വീണ്ടും ഇടിഞ്ഞു. മഹാമാരിക്കുശേഷമുള്ള 22–23 സാമ്പത്തിക വർഷത്തിൽ നിക്ഷേപങ്ങൾ മെച്ചപ്പെട്ടെങ്കിലും, 2024ൽ 32 ശതമാനമായി താഴ്ന്നു. 2024 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള നിക്ഷേപ നിരക്കിലെ മാന്ദ്യത്തിന് കാരണം സേവനമേഖലയിലെയും വ്യാവസായിക രംഗങ്ങളിലെയും ഇടിവാണെന്ന് വ്യക്തമാണ്. സേവന മേഖലയിലേക്കുള്ള നിക്ഷേപം 19.3 ശതമാനമായി താഴ്ന്നപ്പോൾ വ്യാവസായിക മേഖലയിൽ ഇത് 10.1 ശതമാനമായി കുറഞ്ഞു. ഈ മേഖലകളിലെ നിക്ഷേപ നിരക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യഥാക്രമം 4.3 ശതമാനം 6.7 ശതമാനം നിരക്കുകളിൽ നിന്നും 3.1, 6.2 ശതമാനമായി കുറഞ്ഞു.
കുടുംബങ്ങൾ, സർക്കാർ, പൊതു, സ്വകാര്യ മേഖല എന്നിവയുടെ മൊത്ത മൂലധന രൂപീകരണത്തിന്റെ വിശദമായ കണക്കുള്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ചൂണ്ടിക്കാട്ടുന്നുമുണ്ട്. 2024 സാമ്പത്തിക വർഷത്തിലെ നിക്ഷേപ ഇടിവിന് കാരണം സ്വകാര്യ, ഗാർഹിക മേഖലകളുടെ മോശം പ്രകടനമാണ്. സ്വകാര്യ മേഖലയിലെ നിക്ഷേപ നിരക്ക് കുറയുമ്പോൾ, കുടുംബങ്ങളുടെ നിക്ഷേപം 12.8 ശതമാനമായി താഴ്ന്നു. 2024 സാമ്പത്തിക വർഷത്തിൽ മൊത്ത സമ്പാദ്യം 30.7 ശതമാനമായിത്തുടർന്നു. 2021 സാമ്പത്തിക വർഷത്തിൽ 22.7 ശതമാനത്തിലെത്തിയ കുടുംബങ്ങളുടെ സമ്പാദ്യനിരക്ക് 2024ൽ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 18.1 ശതമാനമായി ഇടിയുകയും വീണ്ടും കുറയുന്ന പ്രവണത നിലനിൽക്കുകയും ചെയ്യുന്നു. പോയ 17 വർഷങ്ങളിലെ ഏറ്റവും ഉയർന്ന സമ്പത്തിക ബാധ്യതകളുടെ നിരക്കായ 6.2 ശതമാനമാണ് ഗാർഹിക സമ്പാദ്യത്തെ മന്ദഗതിയിലാക്കുന്ന മറ്റൊരു ഘടകം. പഠനങ്ങൾ പ്രകാരം, ഇത്തരം താഴ്ചകളുടെ പ്രവണത 2025ലും തുടരുമെന്നും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ ജിഡിപിയുടെ 11 ശതമാനത്തിൽ താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 2025 സാമ്പത്തിക വർഷത്തിൽ മൊത്തം നിക്ഷേപ നിരക്ക് 31.1 ശതമാനമായി കുറയുമെന്നാണ് കണക്കുകൾ. 2024ൽ ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ മൂലധനച്ചെലവിലെ ഇടിവ്, സ്വകാര്യ മേഖലയിലെ നിക്ഷേപകർക്കിടയിലെ ദുർബലമായ നിക്ഷേപ താല്പര്യങ്ങൾ എന്നിവ ഇത്തരം ഇടിവിന് ഗണ്യമായ സംഭാവന നൽകിയെന്ന് വിലയിരുത്തുന്നു. ഈ മേഖലകളിലെ മന്ദഗതിയിലുള്ള പ്രകടനം സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ വെല്ലുവിളികള്‍ക്ക് കാരണമാകുന്നു.
രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിന് പൊതു സ്വകാര്യ മേഖലകളിലുടനീളം നിക്ഷേപ, സമ്പാദ്യ നിരക്കുകൾ വർധിപ്പിക്കുന്നതിന് നയപരമായ ഇടപെടലുകളുടെ സംയോജനം അനിവാര്യമാണ്. രാജ്യത്തിന്റെ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) 2025 ഫെബ്രുവരിയിൽ ജനുവരിയിലെ 57.7 ൽ നിന്ന് 56.3 ആയി കുറഞ്ഞു. ഇത് 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വേഗതയിലെ വികാസത്തെ അടയാളപ്പെടുത്തുന്നു. ഉല്പാദനത്തിലും വില്പനയിലുമുള്ള ദുർബലമായ വളർച്ചയും നിക്ഷേപ മാന്ദ്യവും 14 മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലുമാണ്. 2024–25 സാമ്പത്തിക വർഷത്തിന്റെ ഒക്ടോബർ, ഡിസംബർ പാദത്തിൽ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 6.2 ശതമാനം വളർച്ച കൈവരിച്ചുവെന്ന് സൂചനയുണ്ട്. മുൻ പാദത്തിലെ 5.6 ശതമാനം വളർച്ചയെക്കാൾ വർധനവ് പ്രകടമാണ്. 2025 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ജിഡിപി വളർച്ച ഏഴാം പാദത്തിലെ ഏറ്റവും താഴ്ന്ന നിലയായ 5.4 ശതമാനമായി ഇടിഞ്ഞതിനുശേഷമായിരുന്നു ഈ വർധനവ്. ഖാരിഫ് വിളകളുടെ ഉല്പാദനത്തിലെ വർധനവും ഗ്രാമീണ ആവശ്യതകളിലെ പുനരുജ്ജീവനവും സർക്കാരിന്റെയും ഉപഭോക്തൃ ചെലവുകളുടെയും വർധനവുമാണ് ഇതിലേക്ക് നയിച്ചത്. രാജ്യത്തെ ജനസംഖ്യയിൽ 10 ശതമാനം ഉപഭോഗത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പ്രാഥമിക ചാലകശക്തിയായി വർത്തിക്കുന്നുവെന്ന് ബ്ലൂം വെഞ്ചേഴ്സിന്റെ ഇൻഡസ് വാലി വാർഷിക റിപ്പോർട്ട് 2025ൽ വിവരിക്കുന്നുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ ഈ “ഉപഭോഗ വിഭാഗം” വലിപ്പത്തിൽ വികസിക്കുന്നുമില്ല. എന്നാല്‍ കൂടുതൽ സമ്പന്നരാകുന്നു എന്ന് റിപ്പോർട്ട് അടിവരയിടുന്നു. അതായത് സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു, സമ്പന്നരുടെ മൊത്തത്തിലുള്ള എണ്ണം സ്തംഭനാവസ്ഥയിലുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.