9 December 2025, Tuesday

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിടുപണിക്കാരാകരുത്

Janayugom Webdesk
August 9, 2025 5:00 am

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചാണ് ബിജെപി ജയിച്ചതെന്ന ആരോപണം പുതിയതല്ല. എന്നാല്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ ആരോപണം കഴിഞ്ഞദിവസം ആവര്‍ത്തിച്ചത് കണക്കുകള്‍ സഹിതമാണ്. വോട്ടര്‍ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേർന്ന് വലിയ തോതിൽ തിരിമറി നടത്തിയിട്ടുണ്ട്, കള്ളവോട്ടിലൂടെയാണ് ബിജെപി ജയിച്ചത് എന്നാണ് രാഹുല്‍ ഉന്നയിച്ച ആരോപണം. ഉദാഹരണമായി ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ കണക്കുകളും അദ്ദേഹം നിരത്തുന്നു. അവിടെ എട്ട് അസംബ്ലി മണ്ഡലങ്ങളിൽ ആറിലും കോണ്‍ഗ്രസ് ലീഡ് ചെയ്തു. മഹാദേവപുരം മണ്ഡലത്തിലെ മാത്രം ലീഡ് കൊണ്ടാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചത്. മഹാദേവപുരയിൽ ആകെ ആറര ലക്ഷം വോട്ടുകളാണുള്ളത്. അതിൽ 1,00,250 കള്ളവോട്ടുകളാണെന്നും പ്രതിപക്ഷനേതാവ് പറയുന്നു. ഒരാൾക്ക് പല ബൂത്തുകളിലായി ഒന്നിലധികമായി 11,965, വ്യാജ വിലാസത്തിലോ ഇല്ലാത്ത വിലാസത്തിലോ ചേർത്തിരിക്കുന്ന 40,009, ഒരേ അഡ്രസിലും ഒറ്റമുറി വീടുകളില്‍ ഡസന്‍ കണക്കായും 10,452, ശരിയായ ഫോട്ടോ ഇല്ലാത്തതോ, ഫോട്ടോ തീരെ ഇല്ലാത്തതോ ആയ 4,132, കന്നിവോട്ടർമാരായി 80–90 വയസുകാരുടെ 33,692 വോട്ടുകള്‍ എന്നിങ്ങനെ അഞ്ച് തരത്തിലാണ് കള്ളവോട്ടുകൾ ചേർത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ രേഖകൾ ആറ് മാസമെടുത്ത് വിശകലനം ചെയ്താണ് ഈ കണക്കുകളിലെത്തിയത് എന്നും അദ്ദേഹം പറയുന്നു.

ഗുരുതരമായ ഈ ആരോപണത്തെ അസംബന്ധ വിശകലനമെന്ന് വിളിച്ച് ലഘൂകരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞതിന് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് ചോദിക്കണമെന്ന വിചിത്രമായ ആവശ്യവും കമ്മിഷൻ ഉന്നയിക്കുന്നു. ‘രാഹുൽ ഗാന്ധി ഉന്നയിച്ച കാര്യങ്ങളിൽ പരിപൂര്‍ണമായി വിശ്വസിക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയുമാണെങ്കിൽ രേഖാമൂലം പരാതി കൊടുക്കുന്നതിൽ യാതൊരു തടസവുമില്ല. അ­ങ്ങനെ പരാതി കൊടുത്തില്ലെങ്കിൽ ആരോപണങ്ങളിൽ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നാണ്. അങ്ങനെയെങ്കില്‍ ഈ വിഷയത്തിൽ അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം’-തെരഞ്ഞെടുപ്പ് ക­മ്മിഷന്റെ പ്രതികരണമിങ്ങനെയാണ്. നിയമപ്രകാരമുള്ള പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. ആ പദവിയിലിരിക്കുന്ന ഒരാൾ പരസ്യമായി ഉന്നയിക്കുന്ന ആരോപണം പരിഗണിക്കണമെങ്കിൽ എഴുതി ഒപ്പിട്ടുകൊടുക്കണം എന്നുള്ള വിചിത്രവാദം അരിയാഹാരം കഴിക്കുന്നവര്‍ക്ക് ദഹിക്കുന്നതല്ല. ഇതിനുമുമ്പും രാഹുൽ ഉള്‍പ്പെടെ പ്രതിപക്ഷം കമ്മിഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അന്നൊക്കെ എഴുതിക്കൊടുക്കാതെ തന്നെ കമ്മിഷൻ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ കമ്മിഷന്റെ പട്ടികയിൽ കള്ളത്തരമുണ്ട് എന്ന് തെളിവുകൾ സഹിതം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പറയുമ്പോൾ ഉരുണ്ടുകളിക്കാതെയും സാങ്കേതികതയുടെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാതെയും ന്യായമായ വിശദീകരണത്തിന് കമ്മിഷന് ഉത്തരവാദിത്തമുണ്ട്; അതൊരു ഭരണഘടനാ സ്ഥാപനമാണ്.

ബിഹാറിൽ ഇപ്പോൾ നടക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പരിശാേധനയിലെ ആരാേപണങ്ങള്‍ക്ക് അനുകൂലമായി രാഹുലിന്റെ കണ്ടെത്തൽ മാറുമെന്ന ഭയം ഭരണ കേന്ദ്രങ്ങളിലൂണ്ടാകും. പ്രത്യേക തീവ്ര പരിശാേധന പിൻവാതിലിലൂടെ എൻആർസി കൊണ്ടുവരാനുള്ള നീക്കമാണ് എന്നത് ജനാധിപത്യവിശ്വാസികളുടെ ന്യായമായ ഭയമാണ്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കഴിയാത്തതുകൊണ്ട്, സത്യം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോട് കാണിക്കുന്ന നീതികേടാണ്. കുറഞ്ഞ സമയം കൊണ്ട് കിട്ടാൻ ബുദ്ധിമുട്ടുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടും താല്‍ക്കാലിക ജോലിക്ക് പുറത്തുപോയവരെ ഒഴിവാക്കിക്കൊണ്ടും ആധാർ കാർഡും റേഷൻ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പോലും അംഗീകരിക്കില്ല എന്ന നിലപാടെടുത്തുമാണ് ബിഹാറില്‍ കമ്മിഷന്റെ നടപടികള്‍. ‘നിങ്ങൾ പറയുന്ന രേഖകൾ ഈ സമയത്ത് സംഘടിപ്പിക്കാൻ തനിക്കുപോലും സാധിക്കില്ല’ എന്ന് കേസ് കേൾക്കവേ സുപ്രീം കോടതിയിലെ ഒരു ജഡ്ജി തന്നെ പറഞ്ഞിരുന്നു. അന്യായമായി വോട്ടവകാശം നഷ്ടപ്പെട്ട പതിനഞ്ച് പേരെ ഹാജരാക്കൂ, ബാക്കി തങ്ങൾ നോക്കിക്കോളും എന്നും കോടതി പറഞ്ഞുനിർത്തിയിട്ടുണ്ട്. അതിനിടയിലാണ് കമ്മിഷന്റെ കള്ളക്കളികള്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. മരിച്ചുപോയവരും നാടുവിട്ടുപോയവരുമായ ചിലരുടെയാെക്കെ പേരുകള്‍ വോട്ടർ പട്ടികയിലുണ്ടാവുക സാധാരണമാണ്. എന്നാല്‍ 15 ശതമാനത്തോളം വോട്ടുകൾ ആ ഗണത്തില്‍ വരണമെങ്കിൽ, പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടായിരിക്കണം. ഇക്കാര്യം വിശദീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. തെരഞ്ഞെടുപ്പുകൾ മോഷ്ടിച്ച് ജനാധിപത്യം അട്ടിമറിച്ചതാണെങ്കിൽ ചെയ്തവർക്ക് മാപ്പില്ല. അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാന്‍ ആവശ്യമായത് ചെയ്യുകതന്നെ വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.