വെള്ളിയാഴ്ച ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം മനുഷ്യ മനഃസാക്ഷിയെയാകെ നൊമ്പരപ്പെടുത്തുന്നതാണ്. കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ശനിയാഴ്ച ഉച്ചയോടെ ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തിൽ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ടായിരുന്നു. കല്ലുകൊണ്ടുളള ഇടിയിൽ മുഖത്ത് ഉൾപ്പെടെ ആഴത്തിൽ മുറിവേറ്റു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വ്യക്തമായത്. വെള്ളിയാഴ്ച പകൽ മൂന്നോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. സ്കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മാതാപിതാക്കൾ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. സമീപ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിലും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തില്‍ ബിഹാർ സ്വദേശി അസ്‌ഫാക് ആലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. കുട്ടിക്കുവേണ്ടിയുള്ള അന്വേഷണത്തിനിടയില്‍തന്നെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസ്‌ഫാക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. അപ്പോഴും കുട്ടിയെ കണ്ടെത്താനാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ ശനിയാഴ്ച ഉച്ചയോടെ എല്ലാവരെയും നൊമ്പരപ്പെടുത്തി അവളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന ആ വാര്‍ത്തയെത്തി.
നിഷ്ഠുരമായ കുറ്റകൃത്യമാണ് അസ്‌ഫാക്കില്‍ നിന്നുണ്ടായത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. ലഹരിക്കടിമയായിരുന്നു ഇയാളെന്ന് വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. അതുകൊണ്ട് പക്ഷേ, അസ്‌ഫാക് നടത്തിയ കുറ്റകൃത്യം ലഘൂകരിക്കാനാവില്ല. കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയും പീഡനത്തിനിരയാക്കിയ ശേഷം നിഷ്ഠുരമായി കൊലപ്പെടുത്തി ഉപേക്ഷിക്കുകയുമായിരുന്നു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് പ്രതി മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചത് എന്നത് ആസൂത്രിതമായ കുറ്റകൃത്യമാണ് ഇതെന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ഈ ദുരന്തം പല ചോദ്യങ്ങള്‍ നമുക്ക് മുന്നില്‍ ഉന്നയിക്കുന്നുണ്ട്. ഒപ്പം കൂടുതല്‍ ഉത്തരവാദിത്തബോധവും നിര്‍ദേശിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് തൊഴില്‍ തേടി മറ്റിടങ്ങളിലേക്ക് കുടിയേറ്റം നടക്കുമ്പോള്‍തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ ഇവിടേയ്ക്ക് എത്തിച്ചേരുന്നുണ്ട്. അവരെക്കുറിച്ചുള്ള വ്യക്തമായ വിവര ശേഖരണത്തിനുള്ള സംവിധാനങ്ങള്‍ ആവിഷ്കരിച്ചുവെങ്കിലും ഫലപ്രദമല്ലെന്ന് ഈ സംഭവം ഒരിക്കല്‍കൂടി തെളിയിക്കുന്നു. ഇത്തരം തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും നടപ്പിലായിട്ടില്ല. തൊഴിലിനായി എത്തുന്നവര്‍ക്കും അവരെ എത്തിക്കുന്നവര്‍ക്കും ഒരുപോലെ ഇക്കാര്യത്തില്‍ ചുമതലയുണ്ടെങ്കിലും അത് നടപ്പിലാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ അതിഥികളായി സ്വീകരിച്ച്, അവര്‍ക്ക് സുരക്ഷാനടപടികള്‍ രൂപീകരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ ആകെയുള്ളതിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ്. അതുകൊണ്ട് ഇതര സംസ്ഥാനത്തുനിന്നെത്തുന്നവരുടെ വിശദാംശങ്ങളും പൂര്‍വകാലവും കൃത്യമായി മനസിലാക്കുന്നതിനും നമ്മുടെ സാമൂഹ്യവും സാംസ്കാരികവുമായ സാഹചര്യങ്ങളെ കുറിച്ച് അവബോധമുള്ളവരാക്കുന്നതിനും കൃത്യമായ ആസൂത്രണത്തോടെയുള്ള നടപടികള്‍ ഉണ്ടാവണം. അത് സര്‍ക്കാരിന്റെയും പ്രാദേശിക ഭരണസംവിധാനത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും മാത്രം ഉത്തരവാദിത്തമാകരുത്. പൊതുസമൂഹത്തിനും സുപ്രധാനമായ പങ്ക് ഇക്കാര്യത്തില്‍ വഹിക്കുവാനുണ്ട്. അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ലഭ്യമാക്കി കൃത്യമായ രജിസ്ട്രേഷന്‍ സംവിധാനം നടപ്പിലാക്കുവാന്‍ സാധിക്കേണ്ടതുമുണ്ട്.
നമ്മുടെ സംസ്ഥാനം നേരിടുന്ന മയക്കുമരുന്ന് വ്യാപനമെന്ന ദുരന്തം ഏതുവിധേനയും അതിജീവിച്ചേ മതിയാകൂ എന്നും ഈ ദുരന്തം ഓര്‍മ്മിപ്പിക്കുന്നുണ്ട്. സര്‍ക്കാരിന്റെ മുന്‍കയ്യില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇക്കാര്യത്തിലും പൊതുസമൂഹത്തിന്റെയാകെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഈയൊരു ദുരന്തമുണ്ടായപ്പോള്‍ ഉണ്ടായ വെളിപ്പെടുത്തലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശം തുറന്ന ബാര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇടമാണെന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താനാകും. അതിനെതിരെ ഉദ്യോഗസ്ഥര്‍ക്കൊപ്പം സമൂഹത്തിനും വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുവാനുണ്ട്. അതേസമയം ഈ ദുരന്തത്തെയും ദുഷ്ടലാക്കോടെ പ്രചരണോപാധിയാക്കുന്നതിനുള്ള ചില കുബുദ്ധികളുടെ നീക്കവുമുണ്ടായിട്ടുണ്ട്. അത്യന്തം അപലപനീയമായ നടപടിയാണത്. കാട്ടാളത്വത്തിന് മതമോ ജാതിയോ പ്രാദേശിക വകഭേദങ്ങളോ ഇല്ലെന്ന് എല്ലാവരും മനസിലാക്കണം. മനുഷ്യരാകെ നിഷ്ഠുരമായൊരു സംഭവത്തിലും ഒരു പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തിലും മനസ് വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ അത്തരം പ്രചരണങ്ങള്‍ നടത്തുവാന്‍ ചിലര്‍ക്ക് സാധിക്കുന്നു എന്നത് അവരുടെ സങ്കുചിതത്വമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കുവാനുള്ള ജാഗ്രതയാണ് ഓരോ പൗരന്മാരില്‍നിന്നും ഉണ്ടാകേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.