
ഇന്ത്യൻ തൊഴിലാളിവർഗം സ്വാതന്ത്ര്യാനന്തര രാഷ്ട്രചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ പൊതുപണിമുടക്കിന് തയ്യാറെടുത്തുകഴിഞ്ഞു. ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധൻ അർധരാത്രി വരെ നീണ്ടുനിൽക്കുന്ന 24 മണിക്കൂർ പണിമുടക്കിൽ തൊഴിലാളിവർഗത്തോടൊപ്പം രാജ്യത്തെമ്പാടുമുള്ള കർഷകരും കർഷകത്തൊഴിലാളികളും അണിനിരക്കും. സുദീർഘമായ പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ അവരുടെ അവകാശസംരക്ഷണത്തിനായി നേടിയെടുത്ത നിയമങ്ങളുടെ സ്ഥാനത്ത് അവയെ അപ്പാടെ റദ്ദുചെയ്യുന്ന ലേബർ കോഡുകൾ അടിച്ചേല്പിക്കാനുള്ള നീക്കത്തെ ചെറുക്കാനും നവ ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായ എല്ലാ തൊഴിലാളി, കർഷക, ജനവിരുദ്ധ നയങ്ങൾക്കെതിരെയുമാണ് ഐതിഹാസികമായ പണിമുടക്ക്. രാജ്യത്തെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ തൊഴിൽമേഖലകളിലെ ജീവനക്കാരെയും തൊഴിലാളികളെയും പ്രതിനിധാനം ചെയ്യുന്ന സ്വതന്ത്ര അസോസിയേഷനുകൾക്കും ഫെഡറേഷനുകൾക്കും പുറമെ മോഡിസർക്കാരിന്റെ കാർഷിക കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ ഐതിഹാസിക ചെറുത്തുനില്പിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച അടക്കമുള്ളവരുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് പണിമുടക്ക് നടക്കുന്നത്. തൊഴിലാളികൾ, കർഷകർ, തൊഴിൽരഹിതർ തുടങ്ങി വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങളുടെയും അവകാശങ്ങളുടെയും അടിസ്ഥാനത്തിൽ നടക്കുന്ന ഈ പ്രക്ഷോഭം രാജ്യത്ത് അധികാരി വർഗം മൂന്നരപ്പതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന നവ ഉദാരീകരണ നയങ്ങൾക്കെതിരെ തുടർന്നുവരുന്ന ജനകീയ ചെറുത്തുനില്പിന്റെ ഏറ്റവും ശക്തമായ പ്രതികരണമായിരിക്കും. ഈ ചരിത്ര കാലയളവിൽ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ 23-ാമത്തെ പണിമുടക്ക് പ്രക്ഷോഭമായിരിക്കും ബുധനാഴ്ച നടക്കുക. 2020 നവംബർ 26ന് നടന്ന ദേശീയ പൊതുപണിമുടക്ക് 25 കോടി തൊഴിലാളികളുടെ പങ്കാളിത്തത്തോടെ അന്നേവരെ ഭൂമുഖത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളടക്കം എല്ലാ ജനാധിപത്യ പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ നടക്കുന്ന ഇപ്പോഴത്തെ പണിമുടക്ക് അഭൂതപൂർവമായ ചരിത്രസംഭവമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ഭരണകൂടം, പണിയെടുക്കുന്ന സമസ്ത ജനവിഭാഗങ്ങളുടെയും എല്ലാ അവകാശങ്ങളുടെയുംമേൽ കിരാതമായ കടന്നാക്രമണമാണ് തുടർന്നുവരുന്നത്. തൊഴിലാളികളുടെ ന്യായമായ വേതനവും സേവനവ്യവസ്ഥകളും പെൻഷനടക്കം സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. 70ഉം 90ഉം മണിക്കൂർ പ്രതിവാരം പണിയെടുക്കണമെന്ന് ധാർഷ്ട്യത്തോടെ നിഷ്കർഷിക്കുന്ന കോർപറേറ്റുകളുടെ താല്പര്യ സംരക്ഷണാർത്ഥം തൊഴിൽനിയമങ്ങൾ രാജ്യത്തിനുമേൽ ജനാധി പത്യവിരുദ്ധമായി അടിച്ചേല്പിക്കുന്നു. പൊതുമേഖലാ വ്യവസായങ്ങൾ ഖനികൾ, വനങ്ങൾ, ജലം തുടങ്ങി രാഷ്ട്രസമ്പത്ത് തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാർക്ക് അടിയറവയ്ക്കുന്നു. റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവ ഒന്നൊന്നായി സ്വകാര്യവൽക്കരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയിലുൾപ്പെടെ സർക്കാർ സേവനതുറകളിലും പൊതുമേഖലയിലുമായി ഒഴിഞ്ഞുകിടക്കുന്ന 15 ലക്ഷത്തില്പരം തസ്തികകളിൽ നിയമനം നടത്താൻ മോഡിസർക്കാർ വിസമ്മതിക്കുന്നു. രാഷ്ട്രചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയുടെ കാലത്താണ് തൊഴിൽരഹിതരോടുള്ള സർക്കാരിന്റെ ഈ കൊടും ക്രൂരത. ഭൂരിപക്ഷവും സ്ത്രീകൾ ഉൾപ്പെടുന്ന കോടാനുകോടി ഗ്രാമീണർ പട്ടിണിക്കൂലിക്കായി ആശ്രയിച്ചുപോന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ബജറ്റ് വിഹിതം നീക്കിവയ്ക്കാതെ ലോകത്തെത്തന്നെ ഏറ്റവും ബൃഹത്തായ തൊഴിൽപദ്ധതി മോഡിഭരണത്തിൽ ഊർധശ്വാസം വലിക്കുകയാണ്. ഒരുഭാഗത്ത് അഭ്യസ്തവിദ്യരായ യുവജനതയ്ക്ക് തൊഴിൽ നിഷേധിക്കുന്ന സർക്കാർ വിരമിച്ചവർക്ക് പുനർനിയമനവും കരാർ നിയമനവും വ്യാപകമാക്കുന്നു. രാജ്യത്തെ മിനിമം വേതനം 26,000 രൂപയും മിനിമം പെൻഷൻ 9,000 രൂപയും ഒരു പെൻഷൻ പദ്ധതിയിലും ഉൾപ്പെടാത്തവർക്ക് 6,000 രൂപ സാമൂഹ്യ സുരക്ഷാപെൻഷനും ഏർപ്പെടുത്തണമെന്നാണ് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. എന്നാൽ ആശ, അങ്കണവാടി പ്രവർത്തകരുൾപ്പെടെ സുപ്രധാന സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നവർക്കുപോലും ന്യായമായ വേതനം നല്‍കാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുന്നു. രാജ്യത്തെയാകെ തീറ്റിപ്പോറ്റുന്ന കർഷകരുടെ ഉല്പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില നൽകാൻ വിസമ്മതിക്കുന്ന മോഡിസർക്കാർ, കോര്‍പറേറ്റുകൾക്കുവേണ്ടി അവരുടെ കൃഷിഭൂമി പോലും കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഇന്ത്യൻ തൊഴിലാളിവർഗവും കർഷകരും തൊഴിൽരഹിതരായ ചെറുപ്പക്കാരും ഉൾപ്പെടെ ഒരു ജനതയാകെ നേരിടുന്ന കടുത്ത നീതിനിഷേധത്തിനും കേവലമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെയുള്ള ചെറുത്തുനില്പ് പോരാട്ടമാണ് ദേശീയ പണിമുടക്കിന്റെ രൂപം കൈവരിച്ചിരിക്കുന്നത്. ഒരു ജനതയാകെ ഒറ്റക്കെട്ടായി ഉന്നയിക്കുന്ന ആവശ്യങ്ങളോടും ആവലാതികളോടും തികഞ്ഞ ക്രൂരതയോടെ മുഖംതിരിക്കുന്ന ഭരണകൂടമാണ് കേന്ദ്രത്തിൽ ഒരു ദശകത്തിലേറെയായി അധികാരം കയ്യാളുന്നത്. അത് തുറന്നുകാട്ടുന്നത് അവരുടെ വർഗസ്വഭാവവും അതിന്റെ നയപരമായ പ്രതിലോമതയുമാണ്. അത് തിരുത്തണമെങ്കിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളുടെ ഉള്ളടക്കത്തെ വർഗപരമായും രാഷ്ട്രീയമായും സമ്പന്നമാക്കേണ്ടതുണ്ട്. ആ പോരാട്ടങ്ങൾ നവ ഉദാരീകരണത്തിന്റെ രാഷ്ട്രീയത്തെയും യുക്തിയെയും ചോദ്യംചെയ്യാനും തുറന്നുകാട്ടാനും പരാജയപ്പെടുത്താനുമുള്ള പ്രാപ്തിയും കരുത്തും ആർജിക്കേണ്ടിയിരിക്കുന്നു. ലോകമെങ്ങും നവഉദാരീകരണ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും കാഴ്ചപ്പാടും കൂടുതൽ പ്രതിലോമകരമായ രൂപ, ഭാവ മാറ്റങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. നവഉദാരീകരണ രാഷ്ട്രീയത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അപചയത്തെ പ്രയോജനപ്പെടുത്തുകയായിരിക്കണം ദേശീയ പൊതുപണിമുടക്ക് മുന്നോട്ടുവയ്ക്കുന്ന പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ, തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.