12 December 2025, Friday

തപാൽ സേവന ലയനം ഉപേക്ഷിക്കണം

Janayugom Webdesk
August 1, 2025 5:00 am

വിവരങ്ങളും സന്ദേശങ്ങളും മറ്റ് ഉരുപ്പടികളും കൈമാറുന്നതിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള പൊതുമേഖലാ സംരംഭമാണ് ഇന്ത്യൻ തപാൽ സർവീസ്. സാങ്കേതിക വിദ്യയുടെ വികാസത്തിന്റെയും സമൂഹ മാധ്യമങ്ങളുടെ വ്യാപനത്തിന്റെയും ഫലമായി സ്വീകാര്യതയിൽ നേരിയ കുറവുണ്ടായിട്ടുണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഒപ്പം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായി നിരവധി പുത്തൻ സ്ഥാപനങ്ങൾ ഈ രംഗത്ത് കടന്നുവന്നിട്ടുമുണ്ട്. എങ്കിലും രാജ്യത്ത് ഇപ്പോഴും സന്ദേശങ്ങളുടെയും രേഖകളുടെയും കൈമാറ്റത്തിന് വലിയ തോതിൽ ആശ്രയിക്കപ്പെടുന്ന സംവിധാനമായി ഈ രംഗം നിലകൊള്ളുകയാണ്. എന്നാൽ തപാൽ ഓഫിസുകൾ നിർവഹിക്കുന്ന പല ജോലികളും നിക്ഷിപ്ത താല്പര്യങ്ങളുടെ ഭാഗമായി നിർത്തലാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആര്‍എംഎസ് നിര്‍ത്തലാക്കിക്കൊണ്ട് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കാനുള്ള നീക്കത്തിന് തുട‌ക്കമിട്ടത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റുകൾ എന്നിവ ലയിപ്പിക്കുന്നതിനുള്ള തീരുമാനം. സെപ്റ്റംബർ ഒന്ന് മുതൽ സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റ് സേവനങ്ങൾ ലയിപ്പിക്കുമെന്നാണ് തപാൽ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാര്യക്ഷമത വർധിപ്പിക്കുമെന്നും നടപടിക്രമങ്ങളുടെ വൈവിധ്യം ഏകീകരിക്കപ്പെടുമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതിന്റെ ഫലമായി വേഗത്തിലുള്ള വിതരണത്തിനും പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും സാധിക്കുമെന്ന് അവകാശപ്പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് വിപുലമായ ശൃംഖലയുണ്ടെന്നതിനാലും മെച്ചപ്പെട്ട സേവനം ലഭിക്കുന്നുവെന്നതിനാലും സാധാരണക്കാരുൾപ്പെടെ തപാൽ മേഖലയെത്തന്നെയാണ് ആശ്രയിക്കുന്നത്.

വേഗതയിലും വിശ്വാസ്യതയിലും ആധികാരികതയിലും മുന്നിൽ നിൽക്കുന്നുവെന്നതിനാൽ സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റ് എന്നിവയെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന മറുപടി കഴിഞ്ഞ ദിവസമാണ് ലോക്‌സഭയിൽ നൽകപ്പെട്ടത്. അങ്ങനെയിരിക്കെ ഈ തീരുമാനമുണ്ടായിരിക്കുന്നതില്‍ വൈരുധ്യവുമുണ്ട്. തപാൽ ശൃംഖല തകർച്ചയെ മറികടക്കുന്നുവെന്നും വരുമാനത്തിൽ വർധന നേടിയെന്നുമാണ് കേന്ദ്ര വിവര, വിനിമയ, ഗ്രാമവികസന സ­ഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ ലോക്‌സഭയിൽ നല്‍കിയ മറുപടിയിലുള്ളത്. കത്ത് വിതരണം ചെയ്തതിലൂടെ മാത്രം 87.64 കോടി രൂപ വരുമാനമുണ്ടായി. 2019ൽ ഈ­യിനത്തിലെ വരുമാനം 72.61 കോടി രൂപയായിരുന്നു. ഇപ്പോൾ ഏകീകരിക്കണമെന്ന് നിർദേശിച്ചിട്ടുള്ള സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് തപാല്‍ വിതരണത്തിലൂടെ 2,352.5 കോടി രൂപയിലധികം വരുമാനമുണ്ടായി. 2,057.84 കോടിയിൽ നിന്നാണ് ഈ വർധന. ഇന്ത്യയിൽ തപാൽ വ്യാപാരരംഗം കുത്തനെ ഇടിഞ്ഞുവെന്നത് വസ്തുതയല്ലെന്നും മന്ത്രി പറയുന്നുണ്ട്. ലോകമെമ്പാടും ഇടപാടുകളും ഉപഭോക്താക്കളും ഡിജിറ്റൽ ആശയവിനിമയത്തിലേക്കും ഇ‑സേവനങ്ങളിലേക്കും മാറുന്നതിനാൽ തപാൽ രംഗത്ത് പിറകോട്ടടി ഉണ്ടായെന്ന പഠനങ്ങളുള്ളപ്പോഴാണ് രാജ്യത്ത് ഈ വരുമാന വളർച്ചയെന്നത് കാണാതിരുന്നുകൂടാ. സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനയാണ് വരുമാന വർധനയ്ക്ക് കാരണമായതിൽ പ്രധാനം. മാത്രമല്ല, രാജ്യത്തെ തപാൽ ശൃംഖല ഓഗസ്റ്റ് നാലോടെ പൂർണമായും ഡിജിറ്റലാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫിസുകളുള്ളതിൽ 86,000 ഇതിനകം ഡിജിറ്റൈസ് ചെയ്തു. പരമ്പരാഗത സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതര മേഖലകളിലേക്കും കടന്നുചെല്ലാൻ അവസരങ്ങൾ തുറന്നുകിട്ടുകയാണ് ഇതിലൂടെ. അതുകൊണ്ടാണ് കത്തുകളുടെ വിവിധ രീതിയിലുള്ള കൈമാറ്റത്തിനപ്പുറം തപാൽ ഓഫിസുകളുടെ പ്രവർത്തനങ്ങളിൽ വൈവിധ്യമുണ്ടായത്. ആധാർ എൻറോൾമെന്റും ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങളുമെല്ലാം തപാൽ ഓഫിസുകളിലൂടെ ലഭ്യമാക്കപ്പെട്ടത് അതിന്റെ ഫലമായാണ്. ഈ സാഹചര്യമുപയോഗിച്ച് സേവനങ്ങൾ കൂടുതൽ സൗകര്യപ്രദവും വേഗത്തിലുമാക്കുന്നതിന് സാധിക്കുമെന്നിരിക്കെ സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് പോസ്റ്റ് എന്നിവ ലയിപ്പിക്കുന്നതിന് പിന്നിലെ യുക്തി മനസിലാക്കാനാകാത്തതാണ്. 

കൂടുതൽപ്പേർ ആശ്രയിക്കുകയും വരുമാനം വർധിക്കുകയും ചെയ്യുമ്പോൾ സേവന സൗകര്യങ്ങൾ ക്രമീകരിക്കുന്നത് ഉപഭോക്താക്കൾക്കല്ല, സ്വകാര്യ കൊറിയര്‍ മേഖലയെയാണ് കൂടുതൽ സഹായിക്കുക എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇത്തരം സമീപനങ്ങൾ നേരത്തെയും തപാല്‍ വകുപ്പ് അധികൃതരിൽ നിന്നുണ്ടായിട്ടുണ്ട്. തപാൽ വിതരണത്തെ കൂടുതൽ വേഗത്തിലാക്കുന്നതിനുള്ള റെയിൽവേ മെയിൽ സർവീസ് നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണം കുറച്ചത് അതിന്റെ ഭാഗമായിരുന്നു. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകൾ നിർത്തലാക്കുന്ന നടപടികളുമുണ്ടായി. അച്ചടിച്ച പുസ്തകങ്ങളും മാസികകളും കുറഞ്ഞനിരക്കില്‍ അയയ്ക്കാനുള്ള ‘പ്രിന്റഡ് ബുക്ക് പോസ്റ്റ്’ സേവനം കഴിഞ്ഞ ഡിസംബറില്‍ പൊടുന്നനെ നിര്‍ത്തലാക്കി. സ്വകാര്യ മേഖല സൃഷ്ടിക്കുന്ന മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിന് പ്രാപ്തമാക്കുന്നതിന് പകരം ഇത്തരം സമീപനങ്ങളുണ്ടാകുന്നത് ആശാസ്യമല്ല. സ്വകാര്യസംരംഭകരെ സഹായിക്കുന്നതിനാണ് ഇത്തരം തീരുമാനങ്ങളെന്ന ആക്ഷേപവും അസ്ഥാനത്തല്ല. സേവനമേഖലയില്‍ നിന്ന് പൂര്‍ണമായും പിന്മാറാനുള്ള നീക്കത്തില്‍ നിന്ന് അധികൃതർ പിന്മാറണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.