22 January 2026, Thursday

Related news

December 23, 2025
December 22, 2025
December 19, 2025
December 9, 2025
November 26, 2025
November 24, 2025
November 11, 2025
October 6, 2025
September 11, 2025
September 9, 2025

ഈ കരിനിയമങ്ങളെ ചെറുത്ത് തോല്പിക്കണം

Janayugom Webdesk
November 24, 2025 5:00 am

കോവിഡ് അടച്ചുപൂട്ടലിനിടെ, വേണ്ടത്ര ചർച്ചകൾക്കും ബന്ധപ്പെട്ട കക്ഷികൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുന്നതിനും അവസരം നൽകാതെയാണ് നാല് ലേബർ കോഡുകൾ പാര്‍ലമെന്റില്‍ കേന്ദ്രം അംഗീകരിച്ചെടുത്തത്. അഞ്ചുവർഷത്തോളം കാത്തിരുന്നതിനുശേഷം കഴിഞ്ഞ ദിവസം അത് പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനമിറക്കിയിരിക്കുകയാണ്. കാർഷിക കരിനിയമങ്ങൾ എന്നതുപോലെ ലേബർ കോഡുകളും സമ്പന്ന താല്പര്യങ്ങൾ സംരക്ഷിക്കുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്ന് വിമർശനമുയർന്നിരുന്നു. ഒരു നൂറ്റാണ്ടിലധികമായി തൊഴിലാളികൾക്ക് പരിമിതമെങ്കിലും അവകാശങ്ങളും സുരക്ഷിതത്വവും നൽകിവന്നിരുന്ന 29 നിയമങ്ങൾ ക്രോഡീകരിച്ച് നാല് ചട്ടങ്ങളാക്കി മാറ്റുകയായിരുന്നു. വ്യാപാര വ്യവസായ സംരംഭങ്ങൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും അതേസമയം തന്നെ വിവിധ നിയമങ്ങളുടെ നൂലാമാലകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുകയുമെന്ന പരസ്പര വിരുദ്ധ ലക്ഷ്യങ്ങളാണ് കോഡുകൾ നടപ്പിലാക്കുന്നതിനുള്ള ന്യായീകരണമായി കേന്ദ്രസർക്കാർ ഉന്നയിക്കുന്നത് എന്നതില്‍നിന്നുതന്നെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമാണ്. തൊഴിലാളി താല്പര്യമല്ല, ഉടമകളുടെ സൗകര്യങ്ങൾ മാത്രമാണ് ഇതിന് പിന്നിലെന്നത് കോഡിന്റെ ആന്തരികാർത്ഥങ്ങൾ പരിശോധിച്ചാൽ ബോധ്യപ്പെടുന്നതുമാണ്. 

വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സുരക്ഷ, തൊഴിൽ സുരക്ഷയും ആരോഗ്യ പരിപാലനവും എന്നിങ്ങനെ നാലു കോഡുകളാണ് നിലവിൽ വന്നത്. തൊഴിൽ കോഡുകൾ സംബന്ധിച്ച് വ്യാപക വ്യാജപ്രചരണങ്ങൾ ഔദ്യോഗിക തലത്തിലും പിണിയാളുകളായ മാധ്യമങ്ങളും നടത്തുന്നുണ്ട്. പുതിയ തൊഴിൽ വിഭാഗങ്ങൾക്കുകൂടി സഹായകമാകുമെന്നാണ് പ്രധാന വാദം. ഓരോ കാലത്തും ഉയർന്നുവരുന്ന വിഭാഗങ്ങളെ ഉൾപ്പെടുത്തിയും പ്രശ്നങ്ങളെ കണ്ടറിഞ്ഞും അതാത് കാലത്ത് നിയമങ്ങൾ പരിഷ്കരിക്കുന്ന രീതിയാണ് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷ കൂടുതൽ സമഗ്രവും ശക്തവുമായിരുന്നു. ഉദാഹരണമാണ് സെയിൽസ് പ്രമോഷൻ എംപ്ലോയീസ് നിയമം. വില്പന പരിപോഷിപ്പിക്കുന്നതിന് ഉല്പാദകരും വ്യാപാരികളും പുതിയ തൊഴിൽ വിഭാഗത്തെ സ്ഥാപനത്തിന് പുറത്ത്, അതേസമയം അവകാശങ്ങൾ ബാധകമാകാതെ സൃഷ്ടിച്ചപ്പോഴാണ് അവരുടെ സംരക്ഷണത്തിനായി നിയമം രൂപീകരിക്കപ്പെട്ടത്. എന്നാൽ പുതിയതായി വന്നിരിക്കുന്ന തൊഴിൽ വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയോ പുതിയ നിയമം ഉണ്ടാക്കുകയോ ചെയ്യുന്നതിന് ഒരു നടപടിയുമെടുക്കാതെ നിലവില്‍ ലഭിക്കുന്ന തൊഴിൽ സുരക്ഷപോലും ഇല്ലാതാക്കുന്ന വിധത്തിലാണ് പു തിയ കോഡുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാ ന മേന്മയായി എടുത്തുപറയുന്ന മറ്റൊന്ന് ജോലി ആരംഭിക്കുമ്പോൾതന്നെ നിയമന ഉത്തരവ് നൽകണമെന്ന വ്യവസ്ഥയുണ്ടെന്നതാണ്. സ്ഥിരനിയമനത്തിന് പകരം താൽക്കാലിക, പുറംകരാർ തൊഴിലുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ നിയമന ഉത്തരവിന്റെ പ്രസക്തിയെന്തെന്ന ചോദ്യമുയരുന്നു.

നിലവിലുണ്ടായിരുന്ന വ്യവസായ ബന്ധ നിയമപ്രകാരം നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഒഴികെ ജീവനക്കാരെ പിരിച്ചുവിടുക, അടച്ചുപൂട്ടുക എന്നിവയ്ക്ക് സർക്കാരിന്റെ അനുമതിയും മതിയായ കാരണം ബോധിപ്പിക്കലും നിർബന്ധമായിരുന്നു. പുതിയ കോഡ് പ്രകാരം അത് 300 തൊഴിലാളികളിൽ കൂടുതൽ എന്നാക്കി മാറ്റി. എല്ലാ സംരംഭകർക്കും അനുഗുണമാകുന്ന ഈ തീരുമാനവും തൊഴിൽ സുരക്ഷയെ ബാധിക്കുന്നതാണ്. സ്ഥിരനിയമനം ഒഴിവാക്കുന്നതിനുള്ള മാർഗമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള വ്യവസ്ഥ കൂടിയാണിത്. തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ശിക്ഷാ നടപടികൾ ഉൾപ്പെടെ വ്യവസ്ഥ ചെയ്തിരുന്ന നിയമങ്ങളും ഇല്ലാതായിരിക്കുന്നു. പകരം ഫെസിലിറ്റേറ്റർ എന്ന പദവിയും ഉപദേശങ്ങൾ നൽകി ഉടമകളെ നന്നാക്കിയെടുക്കാമെന്ന വ്യർത്ഥ നടപടിയുമാണ് നിർദേശിച്ചിരിക്കുന്നത്. പുതിയ കോഡിലൂടെ ജോലിസമയം വർധിപ്പിക്കുന്നതിനും അതിലൂടെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും സാഹചര്യമൊരുങ്ങുന്നു. അധിക സമയ ജോലിക്ക് കൂടുതൽ വരുമാനം കിട്ടുമെന്ന പ്രലോഭനം നൽകുന്നുണ്ടെങ്കിലും അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥാപിത മാർഗങ്ങൾ എടുത്തുകളഞ്ഞ് വെറും സ്വപ്നമായി അവശേഷിപ്പിക്കുന്നു. തൊഴിലാളി സംഘടനകളെയും സമരങ്ങളെയും അപ്രഖ്യാപിതമായി നിരോധിക്കുകയും അതുവഴിയുള്ള സംരക്ഷണത്തെ നിരാകരിക്കുകയും ചെയ്യുന്ന വ്യവസ്ഥകളും ഉൾപ്പെട്ടിട്ടുണ്ട്. 

പണിമുടക്കണമെങ്കിൽ രണ്ടാഴ്ച മുമ്പ് നോട്ടീസ് നൽകണം, തൊഴിൽ തർക്കങ്ങൾ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പരിഗണനയിലിരിക്കുമ്പോൾ സമരങ്ങൾ പാടില്ല തുടങ്ങിയ വ്യവസ്ഥകളും തൊഴിലാളികളുടെ സംഘടിത വിലപേശലിനെ നിരാകരിക്കുന്ന ഉപാധിയാണ്. ഫലത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും തൊഴിലുടമകള്‍ക്ക് ചൂഷണത്തിനുള്ള അവസരം വർധിപ്പിക്കുകയുമാണ് പുതിയ കോഡുകളിലൂടെ സർക്കാർ ചെയ്തുകൊടുക്കുന്നത്. ബ്രിട്ടീഷ് വാഴ്ചക്കാലത്തുപോലും അനുഭവിച്ചിരുന്ന തൊഴിലവകാശങ്ങൾ എടുത്തുകള‍ഞ്ഞ് സമ്പന്ന സംരംഭകർക്ക് തൊഴിൽ ചൂഷണത്തിലൂടെ ലാഭം വർധിപ്പിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ വരുത്തുക വഴി നരേന്ദ്ര മോഡി സർക്കാർ ചെയ്തിരിക്കുന്നത്. വലിയ പ്രക്ഷോഭങ്ങളിലൂടെ ഇതിനെ ചെറുത്ത് തോല്പിക്കേണ്ടതുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.