3 March 2026, Tuesday

ഇതാണ് യഥാർത്ഥ ലോക മാതൃക

Janayugom Webdesk
March 3, 2026 5:00 am

മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച 2024 ജൂലൈ 30ന് അർധരാത്രി മുതൽ സംസ്ഥാന സർക്കാർ സ്വീകരിച്ച ആശ്വാസ നടപടികളുടെയും കൈത്താങ്ങിന്റെയും പൂർത്തീകരണമാണ് ഒന്നാം തീയതി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ മാതൃകാ ടൗൺഷിപ്പിൽ ലോകം കണ്ടത്. അതുകൊണ്ട് അവസാനിക്കുകയല്ല, ഒരു ദിവസം പോലും പാഴാക്കാതെ മുഴുവൻ ദുരന്തബാധിതരെയും ഒരു കുടക്കീഴിൽ ചേർത്തുനിർത്തുന്നതിനായുള്ള പരിശ്രമങ്ങൾ തുടരുകയാണ്.

ബാക്കി വീടുകൾ കാലവർഷമെത്തുന്നതിന് മുമ്പ് പൂർത്തിയാക്കി നൽകുമെന്ന് ആദ്യഘട്ട വീടുകൾ കൈമാറുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി കെ രാജനും വ്യക്തമാക്കിയിരുന്നു. അത് അക്ഷരംപ്രതി നടപ്പിലാക്കുമെന്ന് അവിടെ കൂടിയിരിക്കുന്ന പതിനായിരക്കണക്കിനാളുകൾക്ക് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ലോക മലയാളി സമൂഹത്തിനും ഉറപ്പുതന്നെയാണ്. കേവലം കല്ലിടുകയല്ല മറിച്ച് കല്ലിന്മേൽ കല്ലിട്ട് അതൊരു വീടാക്കിമാറ്റുന്ന തീരുമാനങ്ങളാണ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് റവന്യൂമന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചതിലൂടെ ഈ സർക്കാർ വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല പറയുന്നത് അക്ഷരംപ്രതി പാലിക്കുന്നതിലും ശ്രദ്ധകാണിക്കുമെന്ന് അടിവരയിട്ട് പറയുക കൂടിയായിരുന്നു.

പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുക മാത്രമല്ല, കേരളത്തിന്റെ സമഗ്രവികസനത്തിനൊപ്പം കഷ്ടനഷ്ടങ്ങൾ നേരിട്ട ജനങ്ങളെ ചേർത്തുപിടിക്കുന്നതിനും അനവധി പദ്ധതികളൊരുക്കിയ സർക്കാരിന്റെ ഇച്ഛാശക്തിയുള്ള ഇടപെടൽ തന്നെയാണ് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട സമർപ്പണത്തിലും കാണാനായത്. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പ് പദ്ധതിയിൽ ദുരന്തത്തിൽ പൂർണമായും വീടുകൾ തകർന്ന 178 പേർക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്. ടൗൺഷിപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന ബാക്കി 232 വീടുകൾ കാലവർഷത്തിന് മുമ്പ് കൈമാറുമെന്ന് ചടങ്ങിൽ വച്ച് പ്രഖ്യാപനവുമുണ്ടായി. ദുരന്തത്തെ അതിജീവിച്ചവർക്ക് പേരിനൊരു വീട് നൽകുകയായിരുന്നില്ല സർക്കാരിന്റെ ലക്ഷ്യം.

മറിച്ച് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട മനുഷ്യരെ, ജീവിതത്തിലെ സർവ സമ്പാദ്യങ്ങളും ഒരൊറ്റ രാത്രികൊണ്ട് ഒഴുകിപ്പോയ നിസഹായരെ ഒന്നിച്ചുനിർത്താനും ശാശ്വതമായ ആശ്വാസ നടപടികൾ സ്വീകരിക്കാനുമുള്ള പ്രവർത്തനങ്ങളായിരുന്നു സർക്കാർ സ്വീകരിച്ചത്. അത് സാധ്യമാക്കാൻ വല്യ കടമ്പകളും മറികടക്കേണ്ടതുണ്ടായിരുന്നു. അനുയോജ്യമായ സ്ഥലലഭ്യത മുതൽ കേ­ന്ദ്രസർക്കാരിന്റെ സ­ഹായ നിഷേധങ്ങളെ വ­രെ അതിജീവിച്ചാണ് ക­ല്പറ്റ നഗരത്തോട് ചേർന്നുള്ള എസ്റ്റേറ്റ് ഏ­റ്റെടുത്ത് ഇന്ന് കാണുന്ന നിലയ്ക്കുള്ള ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കിയത്.

ഒറ്റ രാത്രികൊണ്ട് എ­ല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ ചേർത്തുപിടിക്കാ­ൻ തയ്യാറായ മനുഷ്യരുടെ സ്നേഹത്തിന്റെ കൂടി പൂർത്തീകരണമാണ് ഈ മാതൃകാ ടൗൺഷിപ്പ്. 773.98 കോടി രൂപയാണ് വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടത്. പണത്തിന് പുറമെ ഒട്ടേറെ ആളുകൾ ഭൂമിയുൾപ്പെടെയുള്ളവയും വാഗ്ദാനം ചെയ്തിരുന്നു. വിവിധ സംസ്ഥാന സർക്കാരുകളും സംഘടനകളും വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും സഹായഹസ്തം നീട്ടി. വീടുകൾ മാത്രമല്ല, അവിടെ ജീവിക്കാനെത്തുന്ന മനുഷ്യരുടെ എല്ലാവിധ ആവശ്യങ്ങളെയും മുന്നിൽക്കണ്ടുകൊണ്ടുള്ള സമഗ്രമായ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ടൗൺഷിപ്പ് തന്നെയാണ് സർക്കാർ വിഭാവനം ചെയ്തത്. ഇതിനിടെ പദ്ധതിയുടെ കാലതാമസത്തിന്റെ പേരിൽ ഉയർന്ന പരാതികൾക്കും ആക്ഷേപങ്ങൾക്കുമൊക്കെ കൃത്യമായ മറുപടി നൽകിക്കൊണ്ട് സർക്കാർ മുന്നോട്ടുപോകുകയും ലക്ഷ്യത്തിലെത്തുകയും ചെയ്തതിന്റെ കാഴ്ചയാണ് ഇന്ന് ലോകശ്രദ്ധയാകർഷിച്ച പദ്ധതിയായി വയനാട്ടിൽ നിലകൊള്ളുന്നത്.

ടൗൺഷിപ്പിൽ നിർമ്മിച്ച എല്ലാ വീടുകൾക്കും ആവശ്യത്തിനുള്ള ഫർണിച്ചറുകളും ലഭ്യമാക്കുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ കയ്യടികളോടെയാണ് വൻ ജനാവലി സ്വീകരിച്ചത്. എന്തുകൊടുത്താലും എത്രകൊടുത്താലും അതൊന്നും ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് മതിയാകില്ലെന്ന് സർക്കാരിനും പൊതുസമൂഹത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് വീടുകളോടൊപ്പം മറ്റെല്ലാ സൗകര്യങ്ങളും അവിടെ സജ്ജമാക്കുന്നത്. കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ മൈതാനം, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ സെന്റർ, തടയണയും ജലാശയവും, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, വെള്ളം ഒഴുകുന്നതിന് ഡ്രെയിനേജ് സംവിധാനം, വാട്ടർ ടാങ്ക്, എല്ലാ വീടുകളിലും സോളാർ പവർ പ്ലാന്റ് എന്നിവയും ടൗൺഷിപ്പിൽ ഒരുങ്ങുന്നുണ്ട്.

ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് കേരളത്തിന് അർഹിക്കുന്ന സഹായം മുടക്കുന്ന, ഈ നാടിന്റെ വികസനത്തെ കണ്ടില്ലെന്ന് നടിക്കുന്ന, ഈ ജനതയുടെ മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കുക തന്നെ വേണം. മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും വീടിന്റെ രേഖകൾ ഏറ്റുവാങ്ങാനെത്തിയ പിഞ്ചുകുഞ്ഞ് അദ്ദേഹത്തിന്റെ മടിയിലിരുന്ന കാഴ്ച ലോകം ആഹ്ലാദത്തോടെയാണ് കണ്ടത്. ഇതേ കുഞ്ഞിനെ ദുരന്തനാളുകളിൽ ആശുപത്രിക്കിടക്കയിലെത്തി താലോലിച്ച പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും ലോകം അന്ന് ആഘോഷിച്ചിരുന്നു. എന്നാൽ അതിന് ശേഷം കേരളത്തിനും വയനാടിനും ദുരന്തബാധിതർക്കും എന്തു ലഭിച്ചു എന്ന ചോദ്യമാണ് കേരള സ്റ്റോറിയുമായി എത്തിയവർ അവരെ പിന്തുണയ്ക്കുന്നവരുടെ മുഖത്തുനോക്കി ചോദിക്കേണ്ടത്. കേരളത്തിന് പറയാൻ മാത്രമല്ല ചൂണ്ടിക്കാട്ടാനും ഒരു ലോക മാതൃക ഇവിടെയുണ്ട്. എല്ലാ മനുഷ്യരും ഒത്തൊരുമിച്ച് പാർക്കുന്ന ലോക നിലവാരമുള്ള ഒരിടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.