8 February 2026, Sunday

Related news

February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 31, 2026
January 30, 2026

പാർശ്വവൽക്കൃത ജനതയെ അവഗണിക്കുന്ന കേന്ദ്ര ബജറ്റ്

Janayugom Webdesk
February 8, 2026 5:00 am

കേന്ദ്ര ബജറ്റിലെ അവകാശവാദങ്ങൾ തെളിയിക്കാനുതകുന്ന രേഖകളോ വസ്തുതകളോ ഇല്ല. ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതികരണങ്ങളിൽ ആവർത്തിച്ചതും ഇതുതന്നെ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ രാജ്യത്തിന്റെ ബജറ്റ് സുസ്ഥിരമായ അടിത്തറയിൽ കെട്ടിപ്പടുത്ത ദീർഘവീക്ഷണമുള്ള ഒന്നാണ് എന്ന് ഭരണകൂടം അവകാശപ്പെടുന്നു. യാഥാർത്ഥ്യം മറ്റൊന്നാണ്. രാജ്യാന്തര തൊഴിൽ സംഘടന (ഐഎല്‍ഒ) യും മാനവ വികസന ഇൻസ്റ്റിറ്റ്യൂട്ടും തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് തൊഴിലില്ലാത്ത തൊഴിലാളികളുടെ പെരുക്കം രാജ്യത്ത് നിലനിൽക്കുന്നു. തൊഴിൽശേഷി ഉപയോഗിക്കപ്പെടാതെ കിടക്കുന്നു.

അത് പ്രയോജനപ്പെടുത്താനുള്ള യാതൊരു നിർദേശവും മാർഗവും ബജറ്റിലില്ല. മാർക്സ് ചൂണ്ടിക്കാട്ടിയതു പോലെ, വ്യാപിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ ലക്ഷണമാണിത്. ഇക്കാര്യത്തിലുൾപ്പെടെ പരിഹാരം കണ്ടെത്തുന്നതിൽ തികഞ്ഞ ഉദാസീനതയാണ് ബജറ്റ് പ്രകടമാക്കിയിരിക്കുന്നത്. വർധിച്ചുവരുന്ന തൊഴിലില്ലായ്മയാകട്ടെ, നിർമ്മാണ മേഖലയിലെ തകർച്ചയാകട്ടെ, അല്ലെങ്കിൽ വഷളായിക്കൊണ്ടിരിക്കുന്ന കാർഷിക പ്രതിസന്ധിയാകട്ടെ, ഒന്നും പരിഹരിക്കാൻ ബജറ്റിൽ നിർദേശങ്ങളൊന്നുമില്ല.

ഐഎല്‍ഒയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റും ചേർന്ന് തയ്യാറാക്കിയ ‘ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട്’ വ്യക്തമാക്കുന്നത്, രാജ്യത്തെ തൊഴിലാളികൾ കൂടുതൽ വിദ്യാഭ്യാസവും നൈപുണ്യവും ഉള്ളവരായി മാറുന്നുണ്ടെങ്കിലും, തൊഴിൽ മേഖല ഇപ്പോഴും അനൗദ്യോഗികമായി തുടരുന്നു എന്നാണ്. ഇത് ഉല്പാദനക്ഷമത കുറയ്ക്കുന്നു. തൊഴിലാളിക്ക് ലഭിക്കുന്ന വേതനം ജീവിതത്തിന്റെ നിലനില്പിന് പോലും മതിയാകാത്ത വിധം കുത്തനെ താഴ്ന്നതാണ്. വേതനം യുക്തിസഹമായ നിലയിലേക്ക് ഉയർത്തണമെന്ന് കഴിഞ്ഞ 10 വർഷമായി തൊഴിൽ വിപണി സൂചന നൽകുന്നുണ്ട്. കേൾക്കാൻ യുക്തമായ ഭരണകൂടമോ ഭരണാധികാരികളോ ഇല്ലാത്ത ദുരവസ്ഥ.

വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് കാരണം നൈപുണ്യക്കുറവാണെന്നാണ് ആക്ഷേപം. ബിരുദധാരികൾക്ക് അനുയോജ്യമായ തൊഴിലുകൾ ഉണ്ടെന്നും ഉദ്യോഗാർത്ഥികൾ യോഗ്യരല്ലാത്തതിനാലാണ് അത് ഒഴിഞ്ഞുകിടക്കുന്നത് എന്നുമാണ് അധികൃതരുടെ വാദം. എന്നാൽ വസ്തുതകൾ ഇതിന് വിരുദ്ധമാണ്. മതിയായ യോഗ്യതയുള്ള ബിരുദധാരികൾ പോലും തൊഴിലില്ലാതെ വലയുകയാണ്. കാരണം, ചില നഗരങ്ങൾക്കും കമ്പനികൾക്കും അപ്പുറം ഇടത്തരം വൈദഗ്ധ്യമുള്ള വൈറ്റ് കോളർ ജോലികൾ വർത്തമാന സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുന്നില്ല. വിദ്യാഭ്യാസമുള്ളവർക്കിടയിൽ എന്തുകൊണ്ടാണ് തൊഴിലില്ലായ്മ ഇത്രയധികം വർധിക്കുന്നത് എന്നത് ഒരിക്കലും വിശദീകരിക്കപ്പെടുന്നില്ല, പഠന വിധേയമാക്കുന്നുമില്ല.

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയിൽ നിന്നുള്ള സ്വകാര്യ കണക്കുകളും ഇത് ശരിവയ്ക്കുന്നു. വിദ്യാഭ്യാസമുള്ള യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഉയരുകയാണെന്നും ജോലിക്കായുള്ള നീണ്ട കാത്തിരിപ്പ് ജീവിതത്തിന്റെ നിറം കെടുത്തുകയാണെന്നും റിപ്പോർട്ടുകൾ സാക്ഷീകരിക്കുന്നു. പ്രശ്നം പ്ലേസ്‌മെന്റ് കാര്യക്ഷമതയുമായി ബന്ധപ്പെടുന്നതല്ല, മറിച്ച് തൊഴിലുകളുടെ ലഭ്യതയുമായി ചേർന്നിരിക്കുന്നു. ഇതിന്റെ ആഘാതം തൊഴിൽ സ്ഥിതിവിവരക്കണക്കുകൾക്കും അപ്പുറമാണ്. നീണ്ടുനിൽക്കുന്ന തൊഴിലില്ലായ്മ കുടുംബങ്ങളുടെ രൂപീകരണം വൈകിപ്പിക്കുന്നു.

ജീവിത ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ഒരേ ജോലിക്കായി കൂടുതൽ ബിരുദങ്ങൾ നേടാൻ യുവാക്കൾ നിർബന്ധിതരാകുന്നു. ഇത് അസമത്വം വർധിപ്പിക്കുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വലിയ തുക ഫീസിനായി കണ്ടെത്താൻ വായ്പകളെ ആശ്രയിക്കേണ്ടി വരുന്നു. കടത്തിലൂടെ ഫീസ് നൽകി ബിരുദങ്ങൾ നേടുന്നുണ്ടെങ്കിലും സ്ഥിരമായ ജോലി ലഭിക്കുന്നില്ല. ക്രമേണ, ഉന്നത വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താം എന്ന വിശ്വാസം തകരുന്നു. ഇത് രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇതിന്റെ സാമ്പത്തിക നഷ്ടം അടിയന്തരമായി പരിഹരിക്കേണ്ടതാണ്. ഈ യാഥാർത്ഥ്യം ഭരണകൂടം മറക്കുന്നു. ഉപയോഗിക്കപ്പെടാത്ത വിദ്യാസമ്പന്നരായ തൊഴിലാളികൾ രാജ്യത്തിന്റെ ഉല്പാദനനഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്.

രാജ്യത്തിന്റെ നിർമ്മാണ മേഖലയിലെ തുടർച്ചയായ ഇടിവ് തടയാൻ ബജറ്റിൽ വ്യക്തമായ പദ്ധതികളൊന്നുമില്ല. കഴിഞ്ഞ ഡിസംബറിൽ പോലും ആഭ്യന്തര ഡിമാൻഡ് കുറഞ്ഞതിനെത്തുടർന്ന് ഉല്പാദന മേഖലയിലെ വളർച്ചാ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിങ് പിഎംഐ റിപ്പോർട്ട് ചെയ്തിരുന്നു. ഫാക്ടറി ഉല്പാദനം 38 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന നികുതി കാരണം കയറ്റുമതിയും കുറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞത് കയറ്റുമതിയെ സഹായിച്ചിട്ടുമില്ല. ബിസിനസ് ആത്മവിശ്വാസം മൂന്നര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

കാർഷിക മേഖലയിലെ പ്രതിസന്ധിയോടും ബജറ്റ് നിസംഗത പാലിക്കുന്നു. കര്‍ഷകത്തൊഴിലാളികളുടെ വരുമാനം നിശ്ചലാസ്ഥയിലാണ്. ഇത് ഗ്രാമീണ ജനതയുടെ വാങ്ങൽ ശേഷിയെ ബാധിച്ചിരിക്കുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തിയത് സാഹചര്യം കൂടുതൽ മോശമാക്കി. 2018–19ൽ 42.5% ആയിരുന്ന കർഷകത്തൊഴിലാളികളുടെ എണ്ണം 2023–24ൽ 46.1% വർധിച്ചു. എന്നാൽ ഗ്രാമീണ മേഖലയിൽ കാർഷികേതര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പരാജയപ്പെട്ടു. വർധിച്ചുവരുന്ന കൃഷിച്ചെലവ് നേരിടാൻ കർഷകരെ സഹായിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

തൽഫലമായി, തൊഴിൽ, വളം, യന്ത്രങ്ങൾ എന്നിവയുടെ ചെലവ് നിരന്തരം വർധിക്കുന്നു. കർഷകർ കൂടുതൽക്കൂടുതൽ കടം വാങ്ങാൻ നിർബന്ധിതരാകുന്നു. ഈ സാഹചര്യവും രാജ്യത്തെ നിലവിലുള്ള ഗ്രാമീണ ജീവിതവും ചേർന്നുടലെടുക്കുന്ന ദുരിതവും ബഹുമുഖമായ ഒരു പ്രശ്നമാണ്. പക്ഷെ ഭരണകൂടം അത് ശ്രദ്ധിക്കാറേയില്ല. സമീപകാല കണക്കുകൾ പ്രകാരം, ഒരു കർഷക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്. കൃഷി ഒരു പ്രായോഗിക ഉപജീവനമാർഗമല്ലാതായി മാറുകയാണ്. കൃഷി മാത്രം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ കർഷകരെ ദാരിദ്ര്യത്തിലേക്കും നഗരങ്ങളിലേക്കുള്ള പലായനത്തിലേക്കും തള്ളിവിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.