31 December 2025, Wednesday

ഇറാനെതിരായ യുഎസ് ആക്രമണം മാനവരാശിയോടുള്ള വെല്ലുവിളി

Janayugom Webdesk
June 23, 2025 5:00 am

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട് ഇസ്രയേലിന്റെ രക്ഷകനായി യുഎസ് അവതരിച്ചിരിക്കുന്നു. യുഎസും യുദ്ധത്തില്‍ പങ്കാളിയാകുമെന്നും രണ്ടാഴ്ചയ്ക്കകം തീരുമാനമെന്നുമായിരുന്നു വെള്ളിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നത്. എന്നിട്ടും ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം നടത്തിയെന്നാണ് ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ ലോകത്തെ അറിയിച്ചത്. പ്രധാന ആണവകേന്ദ്രമായ ഫോർദോയിൽ ബോംബുകള്‍ വർഷിച്ചുവെന്നും അദ്ദേഹം എഴുതി. ഇസ്രയേലിന് പിന്തുണയുമായി യുഎസിന്റെ പെട്ടെന്നുള്ള ഇടപെടലിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഏറ്റവും വലിയ ആയുധക്കച്ചവടക്കാരില്‍ ഒരാളായ ട്രംപിന്റെ നീചമായ കച്ചവടമനോഭാവമാണ് നടപടിക്ക് പിന്നിലെ ഒരു കാരണമെന്ന് മനസിലാക്കുന്നതിന് അധികവൈഭവം ആവശ്യമില്ല. ലോകത്ത് സംഘര്‍ഷാന്തരീക്ഷം നിലനിര്‍ത്തുന്നതിലൂടെ ആയുധക്കച്ചവടം പൊടിപൊടിക്കാനാകുമെന്ന് അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും നിശ്ചയമുണ്ട്. അതുമാത്രമല്ല ട്രംപ് ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള മേഖല കൂടിയാണ് പശ്ചിമേഷ്യ. മേഖലയുടെ ഇന്ധനക്കയറ്റുമതി യുഎസിന്റെ വ്യാപാര സാധ്യതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് പശ്ചിമേഷ്യയിലെ എണ്ണ സംസ്കരണവും കയറ്റുമതിയും താറുമാറാക്കുന്നതിലൂടെ യുഎസിന്റെ എണ്ണവ്യാപാരം വര്‍ധിപ്പിക്കാമെന്ന ഗൂഢലക്ഷ്യവും ഇസ്രയേലിനെ സഹായിക്കാനെന്ന വ്യാജേനയുള്ള യുഎസ് ആക്രമണത്തിന് പിന്നിലുണ്ടെന്നത് നിസ്തര്‍ക്കമാണ്.
ആക്രമണ കാരണമായി ഇസ്രയേല്‍ ഉന്നയിച്ച വാദങ്ങളില്‍ പലതും പൊളിഞ്ഞുവീഴുകയും ചെയ്തു. ഇറാന്‍ ആണവോര്‍ജം സംഭരിക്കുന്നുവെന്ന പ്രമേയം അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) യോഗത്തില്‍ പാസാക്കിയെടുത്താണ് അവര്‍ ന്യായം കണ്ടെത്തിയത്. എന്നാല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ യു
എസ് ഇന്റലിജന്‍സിന്റേതായി പുറത്തുവന്ന റിപ്പോര്‍ട്ട് ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതും ഐഎഇഎ പ്രമേയത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമായി. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലുമുണ്ടായാല്‍ മാത്രമേ ഇറാന് ആണവായുധ നിര്‍മ്മാണം സാധ്യമാകൂ എന്നായിരുന്നു യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേരത്തെയും സമാന റിപ്പോര്‍ട്ടുകള്‍ വിവിധ ആഗോള ഏജന്‍സികളുടേതായി പുറത്തുവന്നിരുന്നുവെങ്കിലും പങ്കാളിയായ യു
എസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഇസ്രയേലിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. അതുപോലെതന്നെ അവകാശവാദങ്ങള്‍ തകര്‍ത്തുകൊണ്ട് ഇറാന്റെ പ്രത്യാക്രമണങ്ങളെ ചെറുത്തുനില്‍ക്കാനാകാത്ത ഇസ്രയേലിന്റെ ദുരവസ്ഥയും യുഎസ് ഇടപെടലിന്റെ കാരണമാണ്. ഇറാന് പിടിച്ചുനില്‍ക്കാനാകില്ലെന്നും ദിവസങ്ങള്‍ക്കകം കീഴടങ്ങുമെന്നും വീമ്പിളക്കിയ ഇസ്രയേല്‍ യഥാര്‍ത്ഥത്തില്‍ പ്രത്യാക്രമണത്തില്‍ വശംകെട്ടുനില്‍ക്കുകയാണ്. അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ കുറ്റാരോപിതരായി നില്‍ക്കുന്ന ഇസ്രയേല്‍, തങ്ങളുടെ ആശുപത്രി ഇറാന്‍ ആക്രമിച്ചുവെന്നും മറ്റും വിലപിക്കുന്നത് അതിന്റെ തെളിവാണ്. അയണ്‍ ഡോം, അതിനൂതന മിസൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആയുധ ശേഖരം എന്നിങ്ങനെ ഇസ്രയേല്‍ അവകാശവാദങ്ങളെല്ലാം തകരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അതുകൊണ്ടാണ് ആക്രമണം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും അവര്‍ ഉദ്ദേശിച്ച ഫലം കാണാതെ പോകുന്നത്. ട്രംപിനെ പോലുള്ളവരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടും ഗുണമുണ്ടായില്ല. ഈ പശ്ചാത്തലത്തില്‍ പരാജയത്തില്‍ നിന്ന് ഇസ്രയേലിനെ ഒരു കൈ സഹായിക്കുകയെന്നതും യുഎസ് ഇടപെടലിന് പിന്നിലുണ്ടെന്ന് കരുതണം.
ഇസ്രയേലിന്റെ യുദ്ധക്കൊതിയും പലസ്തീനിനും ഇറാനുമെതിരായ ഏകപക്ഷീയ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങളും സമാധാന കാംക്ഷികളും ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട് യുഎസിന്റെ പക്ഷം ചേരലുണ്ടായിരിക്കുന്നത്. യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയും അവകാശവാദങ്ങളുമുണ്ടെങ്കിലും ഇസ്രയേല്‍ ആഗോള സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ റഷ്യ, ചൈന ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇതിനകം രംഗത്തുവന്നു. വെനസ്വേല ഉള്‍പ്പെടെ ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളും 20 ഇസ്ലാമിക രാഷ്ട്രങ്ങളും ഇസ്രയേലിനെതിരെ നിലപാടെടുത്തിരുന്നു. ബിജെപി ഭരണത്തിന് കീഴിലുള്ള ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെങ്കിലും ലോകം രണ്ട് ചേരികളാകുന്നതിനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ അനവസരത്തിലുള്ള യുഎസ് ഇടപെടല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യാങ്കികളും സയണിസ്റ്റുകളും ചേര്‍ന്ന് സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് നയിക്കുകയാണ്. മേഖലകള്‍ നിര്‍ണയിക്കാനാകാത്തവിധം യുദ്ധതീവ്രത വര്‍ധിപ്പിക്കുന്നതായിരിക്കും ഇതിന്റെ അനന്തരഫലമെന്ന ഭയാശങ്കകളും അസ്ഥാനത്തല്ല. ജീവഹാനിയും വസ്തുനാശവും വര്‍ധിപ്പിക്കാനല്ലാതെ ഇപ്പോഴത്തെ നീക്കങ്ങള്‍ ആര്‍ക്കും ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് ഇസ്രയേലിന്റെ പലസ്തീന്‍ ആക്രമണവും റഷ്യ — ഉക്രെയ്ന്‍ യുദ്ധവും നമ്മുടെ മുന്നില്‍ സമീപകാല അനുഭവങ്ങളായുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ അതിക്രമങ്ങളെ പിന്തുണച്ചുള്ള യുഎസ് ഇടപെടല്‍ മാനവരാശിയോട് നടത്തുന്ന വെല്ലുവിളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.