കുടുംബങ്ങളടക്കം 22 പേര്‍ മരണത്തിലേക്ക് ഊളിയിട്ട ഒരു രാത്രി. ഞായറാഴ്ച താനൂരിലുണ്ടായ ജലദുരന്തത്തെ ഒറ്റവാചകത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം. കെട്ടുങ്ങൽ തൂവല്‍ത്തീരം ബീച്ചിൽ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് പുഴയില്‍ മുങ്ങിയാണ് 22 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. സമീപകാലത്തുണ്ടായ വലിയ ദുരന്തങ്ങളില്‍ ഒന്നാണത്. മുന്‍കാലങ്ങളില്‍ ഉണ്ടായ എല്ലാ ദുരന്തങ്ങളിലുമെന്നതുപോലെ നിരവധി വീഴ്ചകളും നിയമലംഘനങ്ങളും താനൂര്‍ ദുരന്തത്തിനും കാരണമായെന്ന ആരോപണം തന്നെയാണ് ഉയര്‍ന്നിട്ടുള്ളത്. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ഇരുനില ബോട്ടായിരുന്നു (മത്സ്യ ബന്ധനത്തിനുള്ളത് പുനഃക്രമീകരിക്കുകയായിരുന്നു) താനൂരില്‍ സര്‍വീസ് നടത്തി അപകടത്തില്‍പ്പെട്ടത്. ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകളെയും കയറ്റിയായിരുന്നു യാത്ര. 40പേര്‍ക്ക് ടിക്കറ്റ് നല്കി, ടിക്കറ്റില്ലാതെ കുട്ടികളെയും കയറ്റി. സുരക്ഷാ ജാക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. വിനോദ സഞ്ചാര ബോട്ടുകള്‍ക്ക് ഉണ്ടായിരിക്കേണ്ടിയിരുന്ന സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. സൂര്യാസ്തമനത്തിനുശേഷം വിനോദ സഞ്ചാര ബോട്ടുകള്‍ ഓടരുതെന്ന വ്യവസ്ഥ പാലിച്ചില്ല. സന്ധ്യ കഴിഞ്ഞാണ് അനുവദനീയമായതിലധികം ആളുകളെ കയറ്റി ബോട്ട് കടവില്‍ നിന്ന് പുറപ്പെട്ടത്. അപകടം രാത്രിയാണ് നടന്നത് എന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. അതുകൊണ്ടുമാത്രമായിരിക്കും മരണ നിരക്ക് കൂടിയത്. ഇത്രയും വീഴ്ചകളാണ് പ്രാഥമികമായി ആരോപിക്കുന്നത്. അതിനര്‍ത്ഥം നിയമപരമായി പ്രാഥമികമായി ആവശ്യമായ ഒരു രേഖകളും മാനദണ്ഡങ്ങളുമില്ലാതെയാണ് താനൂരിലെ അപകടത്തില്‍പ്പെട്ട ബോട്ട് സര്‍വീസ് നടത്തിയത് എന്നാണ്. ഇത്തരം ഗുരുതര വീഴ്ചകള്‍ ഉണ്ടായതിനെ തുടര്‍ന്ന് 21 വര്‍ഷത്തിനിടെ വലിയതോതില്‍ ജീവനാശമുണ്ടായ നാലാമത്തെ അപകടമാണ് താനൂരിലുണ്ടായത്.
2002 ജൂലൈ 27നാണ് മുഹമ്മയിൽ നിന്ന് പുലർച്ചെ കുമരകത്തേക്ക് പോയ ജലഗതാഗതവകുപ്പിന്റെ ബോട്ട് മുങ്ങി 29 പേര്‍ മരിച്ചത്. ഇവരില്‍ 15 സ്ത്രീകളായിരുന്നു. താങ്ങാവുന്നതിലധികം ആളുകളെ കയറ്റിയതാണ് അപകട കാരണമെന്ന് അന്നും കണ്ടെത്തി. അന്വേഷണത്തിനായി നിയോഗിച്ച നാരായണക്കുറുപ്പ് കമ്മിഷൻ, എണ്ണ ക്കൂടുതല്‍ നിയ ന്ത്രിക്കണമെന്നും മതിയായജീവന്‍ രക്ഷാ ജാക്കറ്റുകളുണ്ടെന്ന് ഉറപ്പുവരു ത്തണമെന്നും അതിന് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തണമെന്നുമായിരുന്നു പ്രധാനമായുംനിര്‍ദേശിച്ചത്. 15 വി ദ്യാര്‍ത്ഥികളടക്കം 18 പേര്‍ മരിച്ച ത ട്ടേക്കാട് ദുരന്തം നടന്നത് 2007 ഫെ ബ്രുവരി 30 നായി രുന്നു. അങ്കമാലിയിലെ സ്കൂളില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തിലുണ്ടായിരുന്നവരാണ് ഭൂതത്താൻ അണക്കെട്ടിന് സമീപം തട്ടേക്കാട് ബോട്ട് മുങ്ങി മരിച്ചത്. ബോട്ടിന്റെ കാലപ്പഴക്കവും എണ്ണത്തിലധികം യാത്രക്കാരെ കയറ്റിയതുമാണ് അപകടകാരണമായി കണ്ടെത്തിയത്. ഈ സംഭവമുണ്ടായപ്പോള്‍ ജസ്റ്റിസ് പരീത്പിള്ളയെ അന്വേഷണ കമ്മിഷനായി നിയമിച്ചിരുന്നു. സമഗ്ര നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദേശങ്ങളടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനും അനന്തര നടപടികളുണ്ടായില്ല. വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ കെടിഡിസിയുടെ ബോട്ട് മറിഞ്ഞ് 45 പേർ മരിച്ചത് 2009 സെപ്റ്റംബർ 30നായിരുന്നു. ഏഴ് കുട്ടികളും 23 സ്ത്രീകളുമുള്‍പ്പെടെയാണ് മരിച്ചത്. 75 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ 97പേര്‍ അപകട സമയത്തുണ്ടായി. കൂടുതല്‍ പേരും മുകള്‍തട്ടിലായിരുന്നുവെന്നതിനാല്‍ ബോട്ട് വെട്ടിത്തിരിച്ചപ്പോള്‍ നിയ ന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. തേക്കടി ദുരന്താനന്തരവും അന്വേഷണമുണ്ടായെങ്കിലും തുടര്‍നടപടികള്‍ കടലാസിലുറങ്ങി. താനൂരിലെ ദുരന്തത്തിനുശേഷവും അന്വേഷണ പ്രഖ്യാപനമുണ്ട്.
അടുത്തിടെ ഭക്ഷ്യ ദുരന്തമുണ്ടായപ്പോള്‍, അത് തടയുന്നതിന് പ്രവര്‍ത്തിക്കുന്ന വകുപ്പുകളും എത്രയോ ജീവനക്കാരുമുണ്ടെന്ന് നാം മനസിലാക്കി. ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ ഓഫിസുകള്‍ വിട്ടിറങ്ങി പരിശോധനയും നടപടികളും തകൃതിയായി നടത്തി. ദുരന്തത്തിന്റെ ഓര്‍മ മങ്ങിയപ്പോള്‍ എല്ലാമിപ്പോള്‍ പഴയ പടിയാണ്. ഉദ്യോഗസ്ഥരെവിടെ. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ അമിതാവേശം കാട്ടാറുള്ള മാധ്യമങ്ങള്‍ മറ്റ് വിഷയങ്ങള്‍ കിട്ടിയപ്പോള്‍ എല്ലാം മറന്ന് അതിന് പിന്നാലെ പോയി. താനൂരില്‍ ബോട്ടുകളെ കുറിച്ച് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഔപചാരികമായും അല്ലാതെയും പരാതികള്‍ ഉന്നതങ്ങളിലെത്തി. താല്‍ക്കാലികമായി ബോട്ട് സര്‍വീസ് വിലക്കി. ഉന്നത സ്വാധീനവും ഉദ്യോഗസ്ഥ വീഴ്ചയും കാരണം വിലക്കിന് അധികമായുസുണ്ടായില്ല. ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് എത്രയോ വകുപ്പുകള്‍ സൃഷ്ടിച്ച്, നികുതിപ്പണത്തില്‍ നിന്ന് ശമ്പളം നല്കി ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവര്‍ കൃത്യമായും സത്യസന്ധമായും ജോലി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനാകണം. അവിഹിത സ്വാധീനങ്ങളാണ് അനധികൃത പ്രവൃത്തിക്ക് കാരണമാകുന്നതെന്ന കുറ്റാരോപണമുണ്ട്. സ്വാധീനത്തിന് വഴങ്ങില്ലെന്ന് തീരുമാനിക്കാനുള്ള നെഞ്ചുറപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. വഴിവിട്ട് ഉദ്യോഗസ്ഥരെയോ മറ്റ് സംവിധാനങ്ങളെയോ സ്വാധീനിക്കില്ലെന്ന്, പൊതുപ്രവര്‍ത്തകരാകട്ടെ, ഉന്നത ഉദ്യോഗസ്ഥരോ മറ്റുള്ളവരോ ആകട്ടെ സ്വയം നിശ്ചയിക്കണം. ഇനിയൊരു ദുരന്തമുണ്ടായി ആര്‍ക്കും ജീവന്‍ പൊലിയാതിരിക്കുവാന്‍ അത് അനിവാര്യമാണ്. നമുക്കതിന് കഴിയുന്നില്ലെങ്കില്‍ ദുരന്തങ്ങളില്‍ നിന്ന് ഒരുപാഠവും പഠിക്കാത്തവരെന്ന് ചരിത്രം വീണ്ടും നമുക്ക് പേരു ചാര്‍ത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.