14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 5, 2026

ജി20 ഉച്ചകോടിക്ക് കൊടിയിറങ്ങിയപ്പോള്‍

Janayugom Webdesk
September 11, 2023 5:00 am

ജി20 കൂട്ടായ്മയുടെ ഉച്ചകോടി രാജ്യ തലസ്ഥാനത്ത് സമാപിച്ചപ്പോള്‍ അടിവരയിട്ടത് എന്തായിരുന്നു എന്ന ചോദ്യത്തിന് സാമ്രാജ്യത്താധിപത്യവും ഇന്ത്യന്‍ ആഗോള നയത്തിലെ വ്യക്തമായ വ്യതിയാനവുമെന്നാണ് ഒന്നാമത്തെ ഉത്തരം. അടുത്ത അധ്യക്ഷ പദം ബ്രസീലിന് നിശ്ചയിച്ചാണ് ജി20 ഉച്ചകോടി സമാപിച്ചത്. എന്നാല്‍ പതിവ് പോലെ ഇന്ത്യ എന്ന രാജ്യത്തിന് പകരം മോഡി എന്ന വ്യക്തിയെ ആഗോളതലത്തില്‍ പ്രതിഷ്ഠിക്കുവാനാണ് ജി20 അധ്യക്ഷ പദവി ലഭിച്ചതു മുതല്‍ ശ്രമങ്ങളുണ്ടായത്. ഊഴമനുസരിച്ചാണ് അധ്യക്ഷനെ നിശ്ചയിക്കുന്നതെന്ന വസ്തുത മറച്ചുപിടിച്ച് മോഡിയെ ലോകപുരുഷനാക്കുന്നതിനുള്ള കൊണ്ടുപിടിച്ച പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. അംഗരാജ്യങ്ങളിലെ ചൈന, റഷ്യ തുടങ്ങിയവ ഒഴികെയുള്ളവയുടെ തലവന്മാരെല്ലാം പങ്കെടുത്ത ഉച്ചകോടി പക്ഷേ മോഡി പ്രഭാവത്താല്‍ നിറയ്ക്കുവാന്‍ ശ്രമിച്ചതും അതാണ് വ്യക്തമാക്കുന്നത്. ഒരുവര്‍ഷം മുമ്പ് ഇത് മോഡിക്ക് ലഭിച്ച ലോകാംഗീകാരമെന്ന നിലയില്‍ പോലും പ്രചരണങ്ങളുണ്ടായി. അതുകൊണ്ടുതന്നെ ജി20മായി ബന്ധപ്പെട്ട ചടങ്ങുകളെയെല്ലാം ആര്‍ഭാടവും ആഡംബരവും നിറഞ്ഞതാക്കി. ഇന്നലെ സമാപിച്ച ഉച്ചകോടിക്ക് 4100 കോടി രൂപ ചെലവിട്ടു എന്നതില്‍ നിന്നുതന്നെ ഇതിന്റെ ധാരാളിത്തം മനസിലാകാവുന്നതാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്നുവെന്ന് അവകാശപ്പെട്ട ഉച്ചകോടിയെ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്പിക്കുന്നതിനുള്ള അവസരമായും ബിജെപി സര്‍ക്കാര്‍ ഉപയോഗിച്ചു.

 


ഇതുകൂടി വായിക്കൂ; അധികാരത്തിന്റെ പാറാവിൽ അഴിമതിയുടെ കൊടുമുടികൾ


അതാണ് ഇന്ത്യ എന്ന പേരിന് പകരം ഭാരതെന്ന് ഉപയോഗിച്ചത്. രാജ്യത്തെ സുപ്രധാന ജീവിത പ്രശ്നങ്ങളോ സാമൂഹ്യ വിഷയങ്ങളോ അല്ല രാജ്യത്തിന്റെ പേരാണ് പ്രശ്നമെന്ന അജണ്ട സൃഷ്ടിക്കുവാനും ബിജെപി ഈ ഉച്ചകോടിയെ ഉപയോഗിച്ചു. ലോകരാജ്യങ്ങള്‍ മാത്രമല്ല, രാജ്യത്തെ രാഷ്ട്രീയ — സാമൂഹ്യ സംഘടനകളും അഭിമാനിക്കുന്ന ഒരു ചടങ്ങിനെ കേവല രാഷ്ട്രീയ ലാക്കോടെ ബിജെപി അങ്ങനെ ദുരുപയോഗം ചെയ്തു. രാജ്യത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ തുണികളും ബാനറുകളും കെട്ടി മറച്ചുപിടിക്കുന്നതിന് ശ്രമം നടത്തിയതുമുള്‍പ്പെടെ ലോകമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ നാണക്കേടുകളും പലതായിരുന്നു.  അവസാന നിമിഷം വാക്കുകളുടെയും വാചകങ്ങളുടെയും കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും നടത്തി സമവായ പ്രസ്താവന പുറത്തിറക്കിയെന്നത് ജി20 ഡല്‍ഹി ഉച്ചകോടിയുടെ പ്ര ത്യേകതയായി വിലയിരുത്താം. ഇതും മോഡിയുടെ മഹത്വമായി പ്രചരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് ശനിയാഴ്ച തന്നെ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. എങ്കിലും ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ആരെയും പിണക്കരുതെന്ന രീതിയിലുള്ള സമീപനമാണ് പ്രസ്താവന സ്വീകരിച്ചത് എന്നതുതന്നെ ഇരട്ടത്താപ്പാണ്. റഷ്യയെ പരാമര്‍ശിക്കാതെയുള്ള പ്രസ്താവനയെ ഉക്രെയ്ന്‍ വിമര്‍ശിച്ചുവെന്നത് സമവായം പേരിന് മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള സുപ്രധാന ആഗോള പ്രശ്നങ്ങളില്‍ എന്തെങ്കിലും ഫലപ്രാപ്തി ഇവിടെയുമുണ്ടായിട്ടില്ല.


ഇതുകൂടി വായിക്കൂ;  തല കൊയ്യണം: പ്രതിഫലം 10 കോടി സന്യാസിയാണത്രേ സന്യാസി!


 

യുഎസ് അച്ചുതണ്ടിനെ കേന്ദ്രീകരിച്ചുള്ള ആധിപത്യ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങളും എടുത്തുകാട്ടുവാനുണ്ട്. ചൈനയുടെ ബെല്‍ട്ട് ആന്റ് റോഡ് മുന്‍കൈ (ബിആര്‍ഐ) എന്ന പദ്ധതിക്ക് പകരമായി ഇന്ത്യ, പടിഞ്ഞാറന്‍ ഏഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ചേര്‍ന്ന സാമ്പത്തിക ഇടനാഴിക്കുള്ള ഇന്ത്യ, യുഎസ് മുന്‍കൈ അതിന്റെ ഉദാഹരണമായി വ്യാഖ്യാനിക്കാവുന്നതാണ്. 155ഓളം രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ചൈന വിഭാവനം ചെയ്തിരുന്നത്. ചൈനയ്ക്ക് കൂടതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്ന് കുറ്റപ്പെടുത്തലുണ്ടെങ്കിലും യുഎസ് സാമ്പത്തികാധിപത്യത്തെ ചോദ്യം ചെയ്തേക്കാവുന്നതാണ് ബിആര്‍ഐ. അതുകൊണ്ടുതന്നെ പ്രകീര്‍ത്തനത്തില്‍ പ്രലോഭിതരായ നമ്മുടെ രാജ്യ ഭരണാധികാരികള്‍ യുഎസിന്റെ കെണിയില്‍പ്പെട്ട് പുതിയ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാവുന്നതിന് കരാറെഴുതിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ്‍ പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ചയ്ക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും ഇന്ത്യ കൊണ്ടുനടക്കുന്ന ആഗോള നിലപാടുകള്‍ക്ക് വിരുദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കഴിഞ്ഞ യുഎസ് സന്ദര്‍ശന വേളയിലും യുഎസും ഇന്ത്യയിലെ പ്രതിരോധ നിര്‍മ്മാണ കമ്പനികളും തമ്മില്‍ ഉണ്ടാക്കിയ ഇന്ത്യക്ക് ദോഷകരമാകുന്ന കരാറുകള്‍ ഔദ്യോഗികമായി പ്രകീര്‍ത്തിക്കപ്പെട്ടതാണ് പ്രസ്തുത പ്രസ്താവന. രാജ്യത്ത് യുഎസ് സൈനിക താവളങ്ങള്‍ക്കുവരെ അവസരമാകുന്നതായിരുന്നു നേരത്തെ ഉണ്ടാക്കിയ കരാറുകള്‍. സമാനമായ കരാറുകളിലൂടെയും സംയുക്ത കൂടിക്കാഴ്ചകളിലെ ധാരണകളുടെയും അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ, ജര്‍മ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് സൈനിക താവളങ്ങള്‍ സ്ഥാപിച്ചത് എന്ന മുന്‍ അനുഭവങ്ങളുണ്ട് എന്നതിനാല്‍ത്തന്നെ രാജ്യം യുഎസിന്റെ സൈനിക പങ്കാളിയാകുമെന്ന സംശയം അസ്ഥാനത്തല്ല. സംയുക്ത പ്രസ്താവന അനുസരിച്ച് കൂടുതല്‍ നേട്ടങ്ങള്‍ യുഎസിന് തന്നെയാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും വിശകലനങ്ങളും വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.