11 December 2024, Wednesday
KSFE Galaxy Chits Banner 2

തല കൊയ്യണം: പ്രതിഫലം 10 കോടി സന്യാസിയാണത്രേ സന്യാസി!

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
September 9, 2023 4:50 am

“തല്ലും നല്ലൊരു സാധുജനത്തെ
തെല്ലും ഭയവും മാനുഷനില്ല
പുല്ലും പുഴുവും ഭൂമിയിലിങ്ങതു
മെല്ലെന്നങ്ങു നടന്നു തുടങ്ങും
ചൊല്ലുന്നതിനെ കേട്ടു നടപ്പാൻ
വല്ലഭമുള്ളവരില്ലെന്നാമേ:
മൂത്ത് തുടങ്ങും കപടതയിനിമേ
ലോര്‍ത്തു തുടങ്ങും ശൂദ്രാദികളും
ഓർത്തു തുടങ്ങും വിപ്രന്മാരതു
ചേർത്തു തുടങ്ങും മറ്റുള്ളവരും
ചേർത്തു തുടങ്ങും വികട സരസ്വതി
കൂർത്തു തുടങ്ങും മോഹാദികളും ( നളചരിതം കുഞ്ചൻ നമ്പ്യാർ).
ആദിത്യനാഥ് അടക്കി വാഴുന്ന കാലം. മുസാഫർ നഗർ വംശവെറിയുടെയും വർഗീയ കലഹങ്ങളുടെയും കറുത്ത ഭൂമികയാണിന്ന്. നല്ലൊരു സാധുജനത്തെ തെല്ലും ഭയമില്ലാത്ത വംശ വിദ്വേഷവാദികൾ ആധിപത്യം പുലർത്തുന്ന മണ്ണാണത്. അത്തരക്കാർ ചൊല്ലുന്നത് കേട്ട് നടക്കാൻ വല്ലഭം ഒന്നുമില്ലെങ്കിലും വിപ്രന്മാർ പറഞ്ഞുനടക്കുന്നത് ശൂദ്രാദികളായ മറ്റുള്ളവരും കഥയറിയാതെ പാടി നടക്കുന്നു. വികട സരസ്വതിയും മോഹാദികളും അത്തരക്കാരെ ചൂഴ്ന്ന് നിൽക്കുന്നു.
ഏറ്റവും ഒടുവിൽ മുസാഫർ നഗറിലെ വിദ്യാലയത്തിൽ ഗണിതശാസ്ത്രത്തിലെ എഞ്ചുവടി തെറ്റിച്ചതിന്റെ പേരിൽ സഹപാഠികളെക്കൊണ്ട് ഒരു വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുന്നത് നവമാധ്യമങ്ങളിലൂടെ നാം കണ്ടു. മെല്ലെത്തല്ലിയ വിദ്യാർത്ഥികളെ ശാസിച്ചുകൊണ്ട് ഈ ‘അധ്യാപിക ശ്രേഷ്ഠ’ കഠിനമായിത്തല്ലാൻ ആക്രോശിക്കുന്നതും കാണാമായിരുന്നു. ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടതാണ് തല്ല് ഏറ്റുവാങ്ങിയ വിദ്യാർത്ഥിയുടെ കുറ്റം. ഈ അധ്യാപികയ്ക്കെതിരെ പരാതി നൽകാൻ പോലും രക്ഷിതാക്കൾ ഭയപ്പെട്ടു. മുസാഫർ നഗറിലെ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ അരക്ഷിതാവസ്ഥ, അവരുടെ ഭയാശങ്ക ഇതിൽനിന്ന് വ്യക്തമാണ്. ജനകീയ പ്രതിഷേധം രാജ്യമെങ്ങും വളർന്നപ്പോൾ അധ്യാപികയ്ക്കെതിരെ നാമമാത്രമായ കേസെടുത്ത്, ഈ ക്രൂരകൃത്യത്തെ പിന്തുണയ്ക്കുകയാണ് ബിജെപിയുടെ സംസ്ഥാന‑കേന്ദ്രസർക്കാരുകൾ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇതിനെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാതെ ഉത്തർപ്രദേശ് വ്യാവസായിക വാണിജ്യരംഗത്ത് കുതിക്കുകയാണെന്ന് പ്രശംസിച്ചുകൊണ്ട് പ്രതികരിക്കുകയാണ് ചെയ്തത്. ഇപ്പോൾ സുപ്രീം കോടതിക്ക് തന്നെ ഈ കേസിൽ നേരിട്ട് ഇടപെടേണ്ടി വന്നിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ;പ്രധാനമന്ത്രിയുടെ ‘തള്ളലും’ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും


ഈ അധ്യാപികയുടെ ക്രൂരതയിൽ എവിടെയാണ് സനാതന ധർമ്മം. ബ്രാഹ്മണർ കുടിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു എന്നതിന്റെ പേരിൽ കുട്ടിയെ കൊലപ്പെടുത്തിയ ബ്രാഹ്മണ അധ്യാപകന്റെ പ്രവൃത്തിയിൽ എവിടെയാണ് സനാതന ധർമ്മം. കീഴ്ജാതിക്കാരിയെ പ്രണയിച്ചു പോയതിന്റെ പേരിൽ മേൽജാതിക്കാരനെയും മേൽജാതിക്കാരനെ പ്രണയിച്ചു പോയതിന്റെ പേരിൽ കീഴ്ജാതിക്കാരിയെയും ചുട്ടുകൊല്ലുന്നതിൽ എവിടെയാണ് സനാതന ധർമ്മം? സനാതനധർമ്മത്തിന്റെ പേരിൽ ഉറഞ്ഞുതുള്ളുകയാണ് ഇപ്പോൾ സംഘ്പരിവാര ശക്തികളും കപടസന്യാസിമാരും. സനാതനധർമ്മം എന്നത് ശാശ്വതമായ മൂല്യമാണ്. ഭാരതീയ സാംസ്കാരിക പൈതൃകം പകരുന്ന സനാതന ധർമ്മവും ഗാന്ധിജി ഉദ്ഘോഷിച്ച സനാതന ധർമ്മവും സംഘ്പരിവാറിന്റെ സനാതന ധർമ്മവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. സനാതന ധർമ്മം സ്നേഹത്തിന്റെയും ദയയുടെയും കാരുണ്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ധർമ്മമീമാംസയാണ്. ആർഎസ്എസിന്റെ സനാതന ധർമ്മം വെറുപ്പിന്റെയും വംശഹത്യയുടേതുമാണ്. അന്ത്യശ്വാസം വരെയും സനാതന ധർമ്മത്തെക്കുറിച്ച് പറയുകയും താനൊരു സനാതന ഹിന്ദുവാണെന്ന് പറയുകയും ചെയ്ത മഹാത്മാഗാന്ധിയുടെ ഹൃദയത്തിലേക്ക് വെടിയുണ്ടകൾ വർഷിച്ചവരുടെ സനാതന ധർമ്മം എവിടെയാണ്.  സർക്കാർ സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഡിഎംകെ സർക്കാർ പ്രഭാതഭക്ഷണം ഏർപ്പെടുത്തിയപ്പോൾ ഉദ്ഘാടനം നടന്ന വിദ്യാലയത്തിലെ 44 വിദ്യാർത്ഥികളിൽ 14 പേർ മാത്രമേ മുഖ്യമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചുള്ളൂ. പാചകപ്പുരയിൽ ഉണ്ടായിരുന്നത് ദളിത് യുവതി എന്നതാണ് കാരണം.


ഇതുകൂടി വായിക്കൂ; ഇന്ത്യയെ ശക്തിപ്പെടുത്തുക ലക്ഷ്യം


 

ഇവിടെ എവിടെയാണ് സനാതന ധർമ്മം. മുന്നാക്ക വിഭാഗക്കാർ അവരുടെ കുട്ടികളെ സ്കൂളിൽനിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സവർണ പൗരോഹിത്യ സ്കൂളുകളിലേക്ക് മാറ്റാൻശ്രമിക്കുകയും ചെയ്തു. ഇതിൽ എവിടെയാണ് സനാതനധർമ്മം? പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയതിനെക്കുറിച്ച് സംഘ്പരിവാർ അനുകൂല ദിനപത്രമായ ദിനമലർ നൽകിയ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘വിദ്യാർത്ഥികൾ ഇരട്ടി തിന്ന് കക്കൂസ് തൂറി നിറയ്ക്കുന്നു’. ജാത്യാഭിമാനത്തിന്റെ നെറികേട് വെളിവാക്കുന്നതായിരുന്നു ദിനമലരിന്റെ ഈ തലക്കെട്ട്. ഇതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിനും അദ്ദേഹത്തിന്റെ പുത്രനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ഉഴൈക്കെ ഒരു ഇനം, ഉണ്ടു കൊഴുക്കൈ ഒരു ഇനം എന മനുവാദികൾ കൊളോച്ചിയ കാലത്തിൽ എല്ലാർക്കും എല്ലാം എന സമൂഹനീതി കാക്ക ഉരുവാനത് താൻ ദ്രാവിഡ പേരിയക്കം. ശൂദ്രന് എതൈ കൊടുത്താലും കൽവിയെ മട്ടും കൊടുത്തുവിടാതെ എൻപതൈ നൊരുക്കി കൽവിപുരൈട്ചിയെ ഉരുവാക്കിയ ആച്ചി ദ്രാവിഡ ഇയക്ക ആച്ചി. നിലാവുക്ക് ചന്ദ്രിയാൻ വിടും ഇന്ത കാലത്തിലെയേ സനാതനം ഇപ്പടിയൊരു തലൈപ്പു സെയ്തിയേ പോടുമാനാൽ നൂറ് ആണ്ടുകൾക്ക് മുൻ എന്ന ആട്ടം ആടിയിരുക്കും? എളിയോർ നിലൈ എപ്പടി ഇരുന്തിരുക്കും? ഇന്നവും അന്ത വൺമം മറൈയവേ ഇല്ലൈ. എന്നതു വൺമയാന കണ്ടനങ്കൾ.”
മലയാളത്തിൽ പറഞ്ഞാൽ: “ഉഴുവാൻ ഒരു കൂട്ടർ ഉണ്ട് കൊഴുക്കാൻ മറ്റൊരു കൂട്ടർ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതി കാക്കുവാൻ വേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തു കൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുത് എന്ന നിയമം തകർത്താണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഭരണം വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ചന്ദ്രനിലേക്ക് ചന്ദ്രയാൻ വിടുന്ന ഈ കാലത്ത് സനാതന ധർമ്മക്കാർ ഇങ്ങനെയൊരു തലക്കെട്ട് ഇട്ടുവെങ്കിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഏതെല്ലാം കളി കളിച്ചിട്ടുണ്ടാകണം. അന്ന് കീഴാളന്റെ നില എന്തായിരുന്നിരിക്കണം. ഇക്കൂട്ടരുടെ അക്രമം ഇന്നും തീർന്നിട്ടില്ല. ഞാൻ കഠിനമായി അപലപിക്കുന്നു.
ഉദയനിധി സ്റ്റാലിൻ ഒന്ന് ഒന്നുകൂടി പറഞ്ഞു. സനാതന ധർമ്മത്തിലെ ജാതി വിവേചനം ഡെങ്കിയും കോവിഡും പോലെ നിര്‍മ്മാര്‍ജനം ചെയ്യേണ്ടതാണ്. ഉടനെ ഉദയനിധി വംശഹത്യാ പരീക്ഷണങ്ങൾ നടത്തുന്നവർക്ക് വംശഹത്യ ആഹ്വാനക്കാരനായി. അയോധ്യയിലെ കപടസന്യാസി ജഗദ്ഗുരു ആചാര്യ പരമഹംസൻ ഉദയനിധിയുടെ തലയ്ക്ക് 10 കോടി വിലയിട്ടു. ചന്ദനവും കുങ്കുമവും അണിഞ്ഞ് കാഷായ വസ്ത്രം ഉടുത്ത് വാളുയർത്തിപ്പിടിച്ച് ആക്രോശിച്ചു. ഉദയനിധിയുടെ തലവെട്ടി തന്റെ കാൽക്കൽ സമർപ്പിക്കുന്നവർക്ക് 10 കോടി. ആരും അത് ചെയ്തില്ലെങ്കിൽ താൻ തന്നെ നിർവഹിക്കും. ജഗദ്ഗുരു എന്നാൽ ലോകത്തിന്റെ ഗുരു എന്നാണർത്ഥം. ഇവരൊക്കെയാണ് ജഗദ്ഗുരു എങ്കിൽ ലോകത്തിന്റെ ഗതി എന്താകും. പരമഹംസന്റെ പ്രസ്താവനയെ അപലപിക്കാൻ സംഘ്പരിവാർ മുന്നോട്ടുവന്നില്ല എന്ന് മാത്രമല്ല അതിനെ പിന്തുണയ്ക്കുകയും ചെയ്തു.

സന്യാസം എന്നത് സർവ സംഗപരിത്യാഗികളുടെ ജീവിതാവസ്ഥയാണ്. കാമ ക്രോധ ലോഭ മോഹങ്ങളിൽ നിന്ന് ജീവിതം വെടിഞ്ഞവനാണ് സന്യാസി. ഇന്നത്തെ സന്യാസിമാർ തല കൊയ്യുന്നവരും ബലാത്സംഗം ചെയ്യുന്നവരും ന്യൂനപക്ഷങ്ങളെയും ദളിതരെയും ചുട്ടുകൊല്ലുന്നവരും ആണ്. മാലേഗാവിലും, മഡ്ഗാവിലും നടന്ന ബോംബ് സ്ഫോടന പരമ്പരകളിൽ പ്രഗ്യാസിങ് താക്കൂറിനെ പോലുള്ള കപട സന്യാസിനിമാരെ നാം കണ്ടു. ഇതാണ് ഇവരുടെ സനാതന ധർമ്മം. ഭീഷണിക്ക് വഴങ്ങില്ല എന്നതിന്റെ തെളിവാണ് 10 കോടി വേണ്ട തല ചീകാൻ 10 രൂപയുടെ ചീപ്പ് മതി എന്ന ഉദയനിധിയുടെ പ്രസ്താവന.
ജാഗ്രത, ഇന്ത്യ ഉണർന്നിരിക്കട്ടെ.

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.