5 December 2025, Friday

Related news

December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025

ലോകകപ്പ് ക്രിക്കറ്റിലെ വനിതാ വിജയഗാഥ

Janayugom Webdesk
November 4, 2025 5:00 am

നിതാ ക്രിക്കറ്റിലെ മുൻനിര ടീമുകളെ തോല്പിച്ച് ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ വിജയം ആഹ്ലാദകരമാണ്. വിജയം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചെടുത്തോളം ഒരുനാഴിക്കല്ലാണെന്നുമാത്രമല്ല കായികമേഖലയ്ക്ക് മൊത്തത്തിൽ പ്രതീക്ഷാനിർഭരവുമാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇതാദ്യമായാണ് നമ്മുടെ പെൺകുട്ടികൾ കിരീടം നേടുന്നത്. 2005ലും 2017ലും ഫൈനൽ കളിച്ചിരുന്നെങ്കിലും കിരീടമോഹം ബാക്കിയായി. രണ്ടുതവണയും ടീമിനെ നയിച്ച ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റർ മിഥാലി രാജിന് സ്വന്തമാക്കാനാകാതെ പോയ കപ്പിലാണ് പഞ്ചാബിൽ നിന്നുള്ള ഹർമൻ പ്രീത് കൗറിന്റെ മുത്തം പതിഞ്ഞത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ഇന്ത്യ കപ്പ് നേടുമ്പോൾ ആ മുഹൂർത്തത്തിന് സാക്ഷിയാകാൻ മിഥാലി അടക്കമുള്ള താരങ്ങളും ഉണ്ടായിരുന്നുവെന്നതും ടീം ഇന്ത്യയുടെ കൂട്ടായ്മയുടെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ആതിഥേയർ കിരീടം കൈപ്പിടിയിലൊതുക്കിയത്. ഗ്രൂപ്പ് മത്സരങ്ങളിലുണ്ടായ തോൽവിയെത്തുടർന്ന് മുന്നോട്ടുള്ള പാത പ്രതിസന്ധിയിലകപ്പെട്ടപ്പോൾ കഠിനാധ്വാനത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയാണ് നിർണായക റൗണ്ടുകളിലേക്ക് മുന്നേറിയത്. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് രംഗങ്ങളിലെ മികവിനൊപ്പം വർധിച്ച ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായി പൊരുതാൻ സാധിച്ചതാണ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ എളുപ്പത്തിൽ മറികടക്കാൻ സാധ്യമായതെന്നതിന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം സാക്ഷിയാണ്. ഹർമൻ പ്രീത് കൗർ എന്ന 36കാരിയായ നായികയ്ക്ക് കീഴിൽ സമർപ്പണബോധത്തോടെ ഒരു പിടി താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കരുത്താണ്. ഷഫാലി വർമ്മ, സ്മൃതി മന്ദാന, ജെമീമ, ദീപ്തി ശർമ്മ, റിച്ച ഘോഷ് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം പുതുമുറക്കാരും എണ്ണയിട്ട യന്ത്രം പോലെ ഒരൊറ്റമനസോടെ പൊരുതാനിറങ്ങിയ ഇന്ത്യൻ ടീമിന്റെ വിജയതൃഷ്ണ അതുല്യം തന്നെയായിരുന്നു. ഓരോ അംഗവും കഴിവിന്റെ പരമാവധി സംഭാവന നൽകാൻ നടത്തിയ മത്സരത്തിന്റെ കൂടി ആകെത്തുകയായി വേണം ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ കാണാൻ. പെൺകുട്ടികളെ സ്പോര്‍ട്സ് ആന്റ് ഗെ­യിംസ് മേഖലകളിലേക്ക് കൂടുതലായി ആകർഷിക്കാൻ ഈ വിജയം പ്രേരണയാകുമെന്നുറപ്പാണ്. 

1983ൽ കപിൽദേവ് നയിച്ച ഇന്ത്യൻ ടീമിന്റെ ഏകദിന ലോകകപ്പ് വിജയം രാജ്യത്തെ ക്രിക്കറ്റിന് സമ്മാനിച്ച നവോന്മേഷത്തെ‌ക്കുറിച്ച് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ കപിലിന്റെ ചെകുത്താന്മാർ ഇന്ത്യയെ ക്രിക്കറ്റിന്റെ സ്വർഗമാക്കുകയായിരുന്നു. വിദ്യാർത്ഥികളും യുവാക്കളും കൂടുതലായി ക്രിക്കറ്റിലേക്ക് ആകർഷിക്കപ്പെടാനും കളിക്കളങ്ങളടക്കമുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്താനും ഒരു ഗെ­യിം എന്നതിലപ്പുറം ലോകത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള കായിക സംഘടന എന്ന തലത്തിലേക്ക് ബിസിസിഐ വളരാനും ഐ­പി­എല്ലിലുൾപ്പെടെ ഇ­ന്ത്യൻ ക്രിക്കറ്റിലെ കോടികളുടെ കിലുക്കത്തിനായി ലോകം കാതോർക്കാനുമെല്ലാം അടിസ്ഥാനമായ സംഭവമെന്ന നിലയിൽ രാജ്യം എക്കാലത്തും അടയാളപ്പെടുത്തുന്ന സുപ്രധാനനേട്ടമായി 1983ലെ വിജയത്തെ വിലയിരുത്തേണ്ടതുണ്ട്. ഇന്ന് നാം കാണുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ജനകീയതയ്ക്കും സാധ്യതകൾക്കും അതിലെ അവസരങ്ങൾക്കുമൊക്കെ കാരണമായ ആ നേട്ടത്തെ മുൻനിർത്തിവേണം 2025ലെ നമ്മുടെ പെൺകുട്ടികളുടെ ചരിത്രനേട്ടത്തെ കാണാൻ. പുതിയ കാലത്തിലും സാമൂഹികമായ ഒട്ടേറെ വരിഞ്ഞുമുറക്കലുകൾ അനുഭവിക്കുന്ന ഇന്ത്യൻ സ്ത്രീത്വത്തിനും ഈ വിജയം ഏറെ ഊർജം പകരുന്നതാണ്. പഠനത്തോടൊപ്പം പെൺകുട്ടികളെ കളികളിലേക്കും ആകർഷിക്കാൻ ഹർമൻ സംഘത്തിന്റെ നേട്ടം പ്രചോദനമാകുമെന്നതില്‍ സംശയമില്ല. എന്തിനാണ് കളിക്കുന്നതെന്ന രക്ഷിതാക്കളുടേയും മറ്റുള്ളവരുടേയും ചോദ്യത്തിന്, എന്തുകൊണ്ട് കളിച്ചുകൂടാ എന്ന മറുപടിയുമായി നമ്മുടെ കുട്ടികൾക്ക് രംഗത്തുവരാൻ‍ ഇത്തരം നേട്ടങ്ങള്‍ സഹായകമാകുമെന്ന് തീർച്ചയാണ്. എന്തായാലും ദേശീയ തലത്തിൽ ക്രിക്കറ്റിലും മറ്റു കായിക ഇനങ്ങളിലും പുരുഷന്മാർക്കൊപ്പം വനിതാ താരങ്ങളെയും തുല്യപരിഗണനയോടെ കാണാനും അവരുടെ വേതനകാര്യത്തിലും മറ്റും സമാനമായ മാനദണ്ഡങ്ങൾ പാലിക്കാനും ഗവൺമെന്റുകളും കായിക സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടുവരുന്നത് പ്രതീക്ഷാനിർഭരമാണ്. രാജ്യത്ത് പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും ഇന്നും സ്ത്രീകൾ ഭീകരമായി അടിച്ചമർത്തപ്പെട്ടുകഴിയുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇത്തരം വനിതാ വിജയഗാഥകൾ പുതുതലമുറയ്ക്ക് ശുഭസൂചനയാണ്. പുതിയ കാലത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് കൂടുതലായ അവസരങ്ങൾ പെൺകുട്ടികളുടെ കായികരംഗത്തേക്ക് ലഭ്യമാക്കുന്നതോടെ അന്താരാഷ്ട്ര തലത്തിൽ മികച്ച നേട്ടങ്ങൾ അടയാളപ്പെടുത്താൻ ആർജവമുള്ള ഒരു തലമുറ ഇവിടെ പിറവിയെടുത്തിരിക്കുന്നു എന്നതിന്റെ ഉദ്ഘോഷണമാണ് നവി മുംബൈയിലെ സ്റ്റേഡിയത്തിൽ നിന്നുയർന്നുകേട്ടത്. കടലാസിലെ വഴിപാട് പദ്ധതികൾക്കുപകരം പെൺകരുത്തിനെ കൂടുതൽ ശാക്തീകരിക്കാനും തുല്യാവസരവും സാമൂഹിക സമത്വവും ഉറപ്പാക്കാനും ഭരണകൂടത്തിന്റെ ആത്മാർത്ഥമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ കൂടുതൽ ഹർമൻ പ്രീതുമാരും ജെമീമമാരും ഷഫാലി വർമ്മമാരും ലോകകായിക ഭുപടത്തിൽ അടയാളപ്പെടുത്തപ്പെടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.