26 December 2025, Friday

മഹിത സ്നേഹത്തിന്റെ നല്ലിടയന്‍

Janayugom Webdesk
April 22, 2025 5:00 am

സമാധാനത്തിനും സമത്വത്തിനുമുള്ള ക്രിസ്തുവിന്റെ ആഹ്വാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പായിക്കാണാനാഗ്രഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. യുദ്ധങ്ങൾക്കെതിരെ കർശനമായ നിലപാട് സ്വീകരിച്ചിരുന്ന പാപ്പയുടെ അവസാന സന്ദേശവും ഗാസയിൽ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു. ഈസ്റ്റർ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണികിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. ഗാസയിലെ സ്ഥിതി പരിതാപകരമാണ്‌. കഷ്ടപ്പെടുന്ന മനുഷ്യർക്ക്‌ സഹായമെത്തിക്കണം. തടങ്കലിലുള്ള ബന്ദികളെ മോചിപ്പിക്കാൻ ഇടപെടൽ വേണമെന്നും മാർപാപ്പ ലോകത്തോടാഹ്വാനം ചെയ്തിരുന്നു. റഷ്യ — ഉക്രെയ്ൻയുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇതേ നിലാപടാണ് അദ്ദേഹം എടുത്തത്. കഴിഞ്ഞനാളുകളില്‍ മോശമായിരുന്ന തന്റെ ആരോഗ്യസ്ഥിതിയെ പോലും അവഗണിച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ കാണാനെത്തിയത്. കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പയായി 2013ലാണ് പോപ്പ് ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെടുന്നത്. സ്ഥാനാരോഹണത്തിനുശേഷം സഭയിൽ നവീകരണാത്മകമായ മാറ്റങ്ങളാണ് അദ്ദേഹം വരുത്തിയത്. അതുകൊണ്ടുതന്നെ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു.

1936 ഡിസംബർ 17ന് ബ്യൂണസ് അയേഴ്സിന് സമീപത്തെ ഫ്ലോറസിൽ മാരിയോ ജോസ് ബെർഗോഗ്ലിയോയുടെയും റെജീന മരിയ സിവോറിയുടെയും മകനായാണ് ജോർജ് മരിയോ ബെർഗോഗ്ലിയോ ജനിച്ചത്. 1958 മാർച്ച് 11ന് സൊസൈറ്റി ഓഫ് ജീസസിൽ ഒരു ‘നോവിസ്’ ആയി തുടക്കം. 1960 മാർച്ച് 12ന് ഔദ്യോഗികമായി ജെസ്യൂട്ട് ആവുകയും ദാരിദ്ര്യത്തിലും പവിത്രതയിലും അനുസരണത്തിലും ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. 2001ലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ഒരു കർദിനാളായി നിയമിച്ചത്. 2013 മാർച്ച് 13ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് തന്റെ മാർപാപ്പ നാമമായി സ്വീകരിക്കുകയായിരുന്നു. കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയർത്താനുള്ള പോപ്പ് ഫ്രാൻസിസിന്റെ നിലപാടുകൾ ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ അതോടൊപ്പം കന്യാസ്ത്രീകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ‘ഗോസിപ്പ് പരിപാടി അവസാനിപ്പിക്കണമെന്നും എല്ലാവരോടും സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും പെരുമാറുന്ന ജീവിതശൈലി സ്വീകരിക്കണമെന്നും’ കന്യാസ്ത്രീകളെ ഉപദേശിച്ചു. കന്യാസ്ത്രീകള്‍ മുഖം കനപ്പിച്ചു നടക്കുന്നതുകാരണം ആളുകള്‍ സഭയില്‍നിന്ന് അകലുകയാണെന്ന വിമര്‍ശനത്തിനും മടിച്ചില്ല. ദാരിദ്ര്യം അദ്ദേഹത്തിന് ഒരര്‍ത്ഥത്തില്‍ ജീവിത വ്രതമായിരുന്നു. കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായ ഫ്രാൻസിസ് മാർപാപ്പയുടെ ആസ്തി കഷ്ടിച്ച് 100 ഡോളർ മാത്രമാണ് എന്നതില്‍ക്കവിഞ്ഞ തെളിവ് വേണ്ടതില്ലല്ലോ.

മുതലാളിത്തത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചു. സമ്പന്നൻ അതിസമ്പന്നനാവുകയും ദരിദ്രൻ പരമദരിദ്രനായി ജീവിക്കേണ്ടിവരികയും ചെയ്യുന്ന നവസാമ്പത്തിക ലോകക്രമത്തെ തള്ളിപ്പറയാൻ ചങ്കൂറ്റം കാണിച്ചു. ‘ലാദാത്തോ സെ’ എന്ന തുടര്‍ലേഖനത്തിൽ ആ​ഗോളവല്‍ക്കരണം ലോകത്തിനുമേല്‍ അടിച്ചേല്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് പോപ്പ് വിശദമാക്കി. അതോടെ അമേരിക്കയിലെ തീവ്രവലതുപക്ഷം വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് പോപ്പിനെ വിശേഷിപ്പിച്ചു. ‘ഞാൻ കമ്മ്യൂണിസ്റ്റല്ല. പക്ഷേ, അവർ ശരി പറഞ്ഞാൽ അത് ശരിയാണ് എന്ന് ഞാൻ പറയും’ എന്നായിരുന്നു ഇതിനോടുള്ള പ്രതികരണം. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും നൽകിയ പിന്തുണയിലൂടെയും ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ ആദരം പിടിച്ചുപറ്റി. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോടുള്ള അനുഭാവും ഏറെ ചർച്ചയായിരുന്നു. ആധുനികകാലത്ത് വിമര്‍ശനം ക്ഷണിച്ചുവരുത്തുന്ന മാധ്യമങ്ങളെക്കുറിച്ചും മാര്‍പാപ്പയ്ക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു. ‘ആരും രക്ഷിക്കാനില്ലാതെ ഒരാള്‍ വഴിയില്‍ക്കിടന്നു മരിച്ചാല്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല, എന്നാല്‍ ഓഹരിക്കമ്പോളങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ അത് വാര്‍ത്തയാണ്’ എന്നായിരുന്നു വിമര്‍ശനം. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ എത്രവലുതായിരുന്നുവെന്ന് വത്തിക്കാൻ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി മാറ്റിയതിലൂടെ തെളിയിച്ചു. അവരെ ‘തെരുവിലെ പ്രഭുക്കന്മാർ’ എന്നാണദ്ദേഹം വിളിച്ചത്. പെസഹാ വ്യാഴാഴ്ചയിലെ ചടങ്ങില്‍, കുടിയേറ്റക്കാരുടെയും തടവുകാരുടെയും അക്രൈസ്തവരുടെ പാദങ്ങൾ കഴുകി മാ‍ർപാപ്പ സ്നേഹത്തിന്റെ യഥാര്‍ത്ഥ പതാക വാഹകനായി. സ്വവർഗാനുരാഗികളോടും ലെസ്ബിയൻ കത്തോലിക്കരോടും സ്നേഹവും കരുതലും പ്രകടിപ്പിച്ച മാ‍ർപാപ്പ, വത്തിക്കാനിൽ തന്നോടൊപ്പം ഇടപഴകാൻ ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിലുള്ളവരെ ക്ഷണിച്ചു. ഇങ്ങനെ, യാഥാസ്ഥിതിക വിശ്വാസിയായിരിക്കെത്തന്നെ പുരോഗമനത്തിന്റെയും മാനവികതയുടെയും പ്രയോക്താവായിരുന്ന നല്ലിടയനാണ് വിടവാങ്ങിയത്. മതം എന്നത് കേവലം ആത്മീയമായ സങ്കുചിതത്വമല്ലെന്നും മാനവ പുരോഗതിക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള ഇടപെടലാണെന്നും കര്‍മ്മം കൊണ്ട് തെളിയിച്ച മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികള്‍.

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.