
? അങ്ങയുടെ നാടായ ഒഡിഷയിൽ നിന്നടക്കം ലക്ഷക്കണക്കായ തൊഴിലാളികളാണ് കേരളത്തിലെത്തി സംതൃപ്തിയോടെ തൊഴിലെടുത്ത് ജീവിക്കുന്നത്. എന്തായിരിക്കും അവർ കേരളത്തെ അത്രമേൽ ഇഷ്ടപ്പെടുന്നതിന് കാരണം
കുടിയേറ്റ തൊഴിലാളികളെന്നോ അന്യസംസ്ഥാന തൊഴിലാളികളെന്നോ അല്ല അതിഥിത്തൊഴിലാളികളെന്നാണ് അവരെ മലയാളികൾ വിശേഷിപ്പിക്കുന്നത്. അതിൽ നിന്നറിയാം കേരളീയരുടെ സ്നേഹവും കരുതലും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായി അവർ കേരളത്തെ ഇഷ്ടപ്പെടുന്നതിന് ഒരു കാരണം അതുതന്നെ. മിനിമം വേജ് നിയമപ്രകാരമുള്ള വേതനം ഇവിടെ കൃത്യമായി കിട്ടുന്നുവെന്നതും വലിയ കാര്യമല്ലേ. അവർക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷിതത്വവും എടുത്തുപറയണം. ഏതു രംഗമെടുത്താലും കേരളം ഇന്ന് നമ്പർ വൺ ആണ്. കൊച്ചു കേരളം എന്നാണ് പറയുന്നതെങ്കിലും യഥാർത്ഥത്തിൽ വലിയ കേരളം തന്നെയാണ്.
? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കും എന്നൊക്കെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കൾ വീരവാദം മുഴക്കുന്നുവല്ലോ
അവരുടെ ആഗ്രഹപ്രകടനത്തെ ഞാൻ തടസപ്പെടുത്തുന്നില്ല. പക്ഷേ മറിച്ചാണ് സംഭവിക്കുക. വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. എങ്കിലും ഭരണത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് അത് തിരുത്താൻ മടി കാണിക്കരുത്. ബിജെപി ഇവിടെ അക്കൗണ്ട് തുറക്കുന്ന പ്രശ്നമില്ല. ഇടതുപക്ഷ മുന്നണിയെ കൂടുതൽ ശക്തമാക്കാനും തുടർഭരണത്തിൽ എത്തിക്കാനും സിപിഐ നല്ല നിലയിൽ ഇടപെടലുകൾ നടത്തും.
? വോട്ടവകാശം എടുത്തുകളയൽ ഇന്ന് ദേശീയ പ്രാധാന്യമുള്ള ചർച്ചയാണല്ലോ
ഭരണഘടന പൗരന്മാർക്ക് നൽകുന്ന അധികാരമാണ് വോട്ടവകാശം. കൃത്രിമങ്ങളിലൂടെ ആ അവകാശം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗപ്പെടുത്തി ബിജെപി ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷൻ, മോഡി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന സ്ഥിതിയാണിന്ന്. കേരളത്തിലും അത്തരം കുതന്ത്രങ്ങളാണ് അവർ നടപ്പാക്കാൻ ശ്രമിക്കുന്നത്. കോടതികളെവരെ അവരുടെ വരുതിയിലേക്ക് കൊണ്ടുവരികയാണ്.
? കേരളത്തിൽ അരമനകളിൽ ചെന്ന് സൗഹൃദം സ്ഥാപിക്കുന്ന ബിജെപി ഉത്തരേന്ത്യയിലും മറ്റും വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുകയാണല്ലോ
ബിജെപിക്ക് ഇരട്ട മുഖമാണുള്ളത്. മുസ്ലിങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകാരും അവരുടെ പ്രഖ്യാപിത ശത്രുക്കളാണ്. ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിയെ കാര്യവിവരമുള്ള ക്രൈസ്തവരും ഇതര ന്യൂനപക്ഷങ്ങളും വിശ്വസിക്കില്ല. ഭരണഘടനയിൽ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഡോ. അംബേദ്കർ എഴുതിവച്ചതെല്ലാം തിരുത്താനുള്ള വ്യഗ്രതയിലാണ് ബിജെപി. അവരുടെ തനിനിറം മനസിലാക്കുന്ന ഒരാളും അവർക്ക് വോട്ട് ചെയ്യില്ല.
? ഒരു രാഷ്ട്രം ഒരു പാർട്ടി എന്ന മുദ്രാവാക്യം ബിജെപി ഉയർത്തുന്നത് വലിയ അപകടമല്ലേ
ഇന്ത്യ പല ഭാഷയും സംസ്കാരവും ആചാരങ്ങളും നിലനിൽക്കുന്ന രാജ്യമാണ്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള അടുത്ത ചുവടുവയ്പിനാണ് അവര്‍ ഈ മുദ്രാവാക്യം ഉയർത്തുന്നത്. ഈ രാഷ്ട്രത്തിന്റെ സൗന്ദര്യം തന്നെ ഇല്ലാതാക്കുന്ന നടപടിയാണത്.
? കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത് ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരല്ലേ
ഫെഡറൽ സംവിധാനം ഇല്ലാതാക്കലാണ് ബിജെപിയുടെ അത്യന്തിക ലക്ഷ്യം. ഗവർണർമാരെ കരുവാക്കിയാണ് പുതിയ കളികൾ. ആർഎസ്എസ് പ്രചാരകരെപ്പോലെയാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. പുരോഹിതശാസ്ത്രവും ജ്യോതിഷവും മനുസംഹിതയുമൊക്കെ സിലബസിലേക്ക് കൊണ്ടുവരികയാണ്. വിദ്യാർത്ഥികളെ ശാസ്ത്രബോധത്തിൽ നിന്ന് അകറ്റാനുള്ള ശ്രമവും നടക്കുന്നു. ഒരു വലിയ ഗൂഢാലോചനയിലെ കണ്ണികളാണ് ഇതെല്ലാം.
? ഇന്ത്യ സഖ്യം ഫലപ്രദമായി മുന്നേറുമോ
വിവിധ പാർട്ടികളടങ്ങിയ സഖ്യമായതിനാൽ ചില ഭിന്നതകൾ ഉണ്ടെന്നത് വസ്തുതയാണ്. സഖ്യം കൂടുതൽ കെട്ടുറപ്പോടെ നീങ്ങിയിരുന്നെങ്കിൽ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കഴിയുമായിരുന്നു. സഖ്യം ദൃഢമാക്കാൻ സിപിഐയും മറ്റ് ഇടതു കക്ഷികളും ശക്തമായ ഇടപെടലുകൾ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.