1. അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ചേതനയറ്റ ശരീരം ഉച്ചയ്ക്ക് 2.20ന് ജന്മനാട്ടിലെത്തിച്ചു. പ്രിയനടനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് ഇരിങ്ങാലക്കുട ടൗൺഹാളിൽ തടിച്ചുകൂടിയത്. രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ അതുല്യ നടന് യാത്രാമൊഴി നൽകാനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ രാധാകൃഷ്ണൻ, എം ബി രാജേഷ്, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, ചലച്ചിത്ര താരങ്ങളായ ബിജു മേനോൻ, സുരേഷ് ഗോപി, സിദ്ദിഖ്, സംവിധായകൻ സത്യൻ അന്തിക്കാട്, പ്രിയദർശൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, മുൻ എംപി സി എൻ ജയദേവൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മുൻമന്ത്രിമാരായ വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ്, സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസ്, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
2. പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് ഈ വർഷം പുതിയ മിഷൻ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയ വിതരണത്തിനായി പുതിയ മിഷൻ ആരംഭിക്കുന്നതോടെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്നത് കൂടുതൽ വേഗത്തിൽ സാധ്യമാക്കും. മേയ് മാസം മുതൽ 140 മണ്ഡലങ്ങളിലും അതത് എം എൽ എ മാരുടെ അധ്യക്ഷതയിൽ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനായി പ്രത്യേക യോഗം ചേരും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ പട്ടയ ഡാഷ്ബോർഡ് ഉണ്ടാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയെന്നും മന്ത്രി പറഞ്ഞു.
3. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇനിയുള്ള ദിവസങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച പോലെ വ്യാപകമായ വേനൽ മഴക്ക് സാധ്യത കുറവാണ്. അതേസമയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലെ മലയോര മേഖലയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
4. കര്‍ണാടകയിലെ ബിജെപി എംഎൽഎ മാദൽ വിരൂപാക്ഷപ്പയെ ലോകായുക്ത അറസ്റ്റ് ചെയ്തു. പ്രശസ്ത മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന കെഎസ്ഡിഎല്ലുമായി ബന്ധപ്പെട്ടാണ് കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ വിരൂപാക്ഷപ്പയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എംഎൽഎയായ വിരൂപാക്ഷപ്പയെ തിങ്കളാഴ്‌ച തുംകൂർ ക്യാത്‌സാന്ദ്ര ടോളിന് സമീപം വച്ചാണ് ലോകായുക്ത പൊലീസ് പിടികൂടിയത്. ഇയാളെ ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്.
5. കൊലപാതക കേസുകളില്‍ ശിക്ഷ ഇളവു ലഭിക്കാത്ത നിരവധി കുറ്റവാളികള്‍ക്കും കൂടി ബാധകമായ ഏകീകൃത മാനദണ്ഡം പാലിച്ചാണോ ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് അനുവദിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബില്‍ക്കീസ് ബാനു കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു ചോദ്യം സുപ്രീം കോടതി മുന്നോട്ടു വച്ചത്.കേസില്‍ വരുന്ന മാസം 18ന് കോടതി വിശദമായ വാദം കേള്‍ക്കും.
6. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ 22നകം ലൂട്ടിയെന്‍സിലുള്ള ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക് സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ലോക് സഭാ എംപി എന്ന നിലയില്‍ 2004ലാണ് തുഗ്ലക്ക് ലെയ്നിലുള്ള ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചത്. സൂറത്ത് കോടതിയുടെ വിധി വന്നതിനുപിന്നാലെ മാര്‍ച്ച് 23നാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത്.
7. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞ് സഭയിലെത്തി. രാഹുലിനെതിരെയുള്ള നടപടിക്കുശേഷം ആദ്യ ദിവസത്തെ സഭാസമ്മേളനമായിരുന്നു ഇന്ന്. കടുത്ത പ്രതിഷേധമാണ് രാവിലെ മുതല്‍ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ സഭാ രേഖകള്‍ വലിച്ചെറിഞ്ഞതിന് എംപിമാര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടിയുണ്ടാവുമെന്ന സൂചനയുമുണ്ട്.
8. നമീബിയയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ച ചീറ്റകളില്‍ ഒരെണ്ണം വെള്ളം കിട്ടാതെ ചത്തു. സാഷ എന്ന പെണ്‍ചീറ്റയാണ് ചത്തത്. അവശനിലയില്‍ ചീറ്റയെ കണ്ടെത്തിയിരുന്നെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല. നിര്‍ജ്ജലീകരണം മൂലമാണ് ചീറ്റ ചത്തതെന്ന് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ മരണകാരണം തിരുത്തി പുതിയ വാര്‍ത്തകള്‍ പുറത്തുവന്നു. വൃക്ക തകരാര്‍ മൂലമാണ് ചീറ്റ സാഷ ചത്തതെന്നാണ് പുതിയ വിശദീകരണം.
9. പശ്ചിമ ബംഗാളില്‍ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. നൂറിലധികം പേരാണ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലുള്ളത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ 24 പർഗാനാസിലാണ് സംഭവം. സംഭവത്തിൽ ഒരാൾ നരേന്ദ്രപൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
10. അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണകാരിയെ അഫ്ഗാൻ സേന തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പ്രതികരിക്കുന്നതിന് മുമ്പ് സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ നാഫി ഠാക്കൂര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള വ്യാപാര കേന്ദ്രത്തിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്.ഒരു കുട്ടി ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.