3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 13, 2023
May 6, 2023
March 30, 2023
March 28, 2023
December 29, 2021
December 21, 2021
December 19, 2021
December 11, 2021
December 11, 2021
December 10, 2021

പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍

web desk
March 28, 2023 8:23 pm

1. നടനും മുൻ എംപിയുമായ ഇന്നസെന്റ് ഇനി ഓര്‍മ്മകളില്‍. പ്രിയ താരത്തിന് സിനിമാ ലോകവും ആരാധകരും യാത്രാമൊഴി നേര്‍ന്നു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും വസതിയിലെയും പൊതുദർശനത്തിന് ശേഷം ഭൗതികശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ള വലിയനിര സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പൊലീസ് ഗാർഡ‍് ഓഫ് ഓണർ നൽകി. പിതാവ് വറീതിന്റെയും മാതാവ് മർഗലീത്തയുടെയും കല്ലറകൾക്കടുത്ത് ഇനി അന്ത്യവിശ്രമം.

2. സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി പരീക്ഷ നാളെ പൂർത്തിയാകും. ഒന്നാം ഭാഷ ഭാഗം രണ്ടാണ്‌ അവസാന പരീക്ഷ. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഒന്നു മുതൽ ഒമ്പതു വരെയുള്ള സ്‌കൂൾ പരീക്ഷകൾ എന്നിവ വ്യാഴാഴ്‌ച പൂർത്തിയാകും. വേനലവധിക്കായി വെള്ളിയാഴ്‌ച സ്‌കൂളുകൾ അടയ്‌ക്കും. ജൂൺ ഒന്നിന്‌ സ്കൂള്‍ തുറക്കും. മാർച്ച്‌ ഒമ്പതിന്‌ ആരംഭിച്ച എസ്‌എസ്‌എൽസി പരീക്ഷ 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും 2,960 സെന്ററുകളിലാണ്‌ എഴുതുന്നത്‌. ഉത്തരക്കടലാസ്‌ മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന്‌ മുതൽ 26 വരെ നടക്കും.

3. വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പാക്കി 2026 ഓടെ തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച മികവ് 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകായിക അക്കാമിക രംഗങ്ങളിൽ മികവ് തെളിയിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

4. സംസ്ഥാനത്ത് നിരന്തരം റിപ്പോർട്ട് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയാൻ സ്വീകരിക്കുന്ന നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് ഹൈക്കോടതി . പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന നിയമ നിർമാണമടക്കം നിർദേശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദേശിച്ചു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

5. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് അഞ്ച് കിലോഗ്രാം അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
ബീമാപ്പള്ളി യു പി എസിൽ വൈകിട്ട് നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള 28.74 ലക്ഷം കുട്ടികൾക്കാണ്‌ അഞ്ച്‌ കിലോ വീതം അരി ലഭിക്കുക.

6. ആൺകുട്ടികളിലെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പൊതുതാത്പര്യ ഹർജി തള്ളിയത്. 18 വയസിന് താഴെയുള്ള കുട്ടികളിൽ ചേലാകർമ്മം നടത്താൻ അനുവദിക്കരുതെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. യുക്തിവാദി സംഘടനയായ നോൺ റിലിജിയസ് സിറ്റിസൺസ് എന്ന സംഘടനയാണ് ഹർജി നൽകിയിരുന്നത്.

7. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസസ്ഥന്‍ എന്ന വ്യാജേന പൊലീസ്- രഹസ്യന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച ഗുജറാത്ത് സ്വദേശി കിരണ്‍ ഭായ് പട്ടേലിന്റെ ഭാര്യ മാലിനി പട്ടേല്‍ താമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കിരണ്‍ ഭായ് പട്ടേലും കേസില്‍ പ്രതിയാണ്. ബിജെപി നേതാവും മുന്‍മന്ത്രിയുമായ ജവഹര്‍ ചദ്ദയുടെ സഹോദരന്‍ ജഗദീഷ് ചദ്ദയുടെ വസതി മോടിപിടിപ്പിക്കാനായി 15 കോടി രൂപ വാങ്ങിയ സംഭവത്തിലാണ് മാലിനി പട്ടേലിന്റെ അറസ്റ്റ്.

8. ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ വിട്ടയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. 28 വർഷത്തെ തടവിന് ശേഷം നാരായൺ ചേതൻ റാം ചൗധരിക്കാണ് ജയിൽ മോചനത്തിനുള്ള വഴിയൊരുങ്ങിയത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂർത്തി ആയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു വിധി. 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ചാണ് തീരുമാനമെന്ന് ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

9. ചരിത്രത്തിലാദ്യമായി സ്‍കോട്ട്ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് പാകിസ്ഥാന്‍ വംശജന്‍. അഞ്ച് ആഴ്ച നീണ്ട തിരഞ്ഞെടുപ്പിനൊടുവിലാണ് നിലവിലെ ആരോഗ്യമന്ത്രി കൂടിയായ ഹംസ യൂസഫ് സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റർ പദവിയിലേക്ക് എത്തുന്നത്. സ്‌കോട്ടിഷ് നേതാക്കളെ പിന്‍തള്ളി ആദ്യഘട്ടത്തില്‍ 48.2 ശതമാനത്തിന്റെയും രണ്ടാംഘട്ടത്തില്‍ 52 ശതമാനത്തിന്റെയും ഭൂരിപക്ഷം നേടിയാണ് യൂസഫ് മുന്നലെത്തിയത്. ഫസ്റ്റ് മിനിസ്റ്ററാകുന്ന ആദ്യത്തെ ആദ്യ മുസ്ലീം നേതാവുകൂടിയാണ് ഹംസ യൂസഫ്.

10. രാജ്യവ്യാപകമായി പ്രതിഷേധങ്ങളെ തുടര്‍ന്ന് ജൂഡിഷ്യറിയുടെ അധികാരം പരമിതപ്പെടുത്താനുള്ള നിയമനിര്‍മ്മാണം മാറ്റിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹുവിന്റെ പദ്ധതികളിൽ പ്രതിഷേധിച്ച് പൊതു പണിമുടക്ക് ആരംഭിക്കുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്റ്റാഡ്രട്ടിന്റെ നേതാവ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ജനകീയ പ്രക്ഷോഭങ്ങളും പണിമുടക്കും മന്ത്രിസഭയിൽ നിന്നുള്ള എതിർപ്പും ശക്തമായ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പിന്മാറ്റം.ഒരു മാസത്തിന് ശേഷം നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തില്‍ വിഷയം ചർച്ച ചെയ്യുമെന്ന് നെതന്യാഹു അറിയിച്ചു.

Eng­lish Sum­ma­ry: 10 top news today @ janayu­gom Mojo News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.