രാമായണത്തിലെ അഹല്യാവൃത്താന്തം ഒരു താപസപത്നിയുടെ വ്യഭിചാരവൃത്തിയെ ആധാരമാക്കിയുള്ള ആഖ്യാനമാണ്. മുനിപത്നിയായ അഹല്യയെ വ്യഭിചാരത്തിനു പ്രേരിപ്പിക്കുന്നത് ദേവേന്ദ്രനാണ്. അതുകൊണ്ടു തന്നെ ദേവേന്ദ്രനെയും അഹല്യയെയും ഗൗതമ മഹർഷി ശപിക്കുന്നു. ഈ ശാപത്തിൽ നിന്നു വായിച്ചെടുക്കാവുന്ന പ്രത്യക്ഷപാഠങ്ങൾ എന്തൊക്കെയെന്ന് ചിന്തിക്കാം.
ദേവേന്ദ്രൻ ദേവതകളുടെ അധിനാഥനാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് വരം നൽകാൻ പ്രാപ്തനുമാണ്. വരം നൽകാൻ പ്രാപ്തനായ ഇതിഹാസ പുരാണങ്ങളിലെ ദേവേന്ദ്രൻ ഋഗ്വേദത്തിൽ സർവശക്തനായി സ്തുതിക്കപ്പെടുന്ന ഇന്ദ്രൻ തന്നെയാണോ എന്നതിൽ തർക്കമുണ്ടാകാം. ഋഗ്വേദത്തിലെ ഇന്ദ്രനാണ് പുരാണങ്ങളിലെ ദേവേന്ദ്രൻ എങ്കിൽ, രാമായണത്തിൽ ഗൗതമ മഹർഷി ചെയ്യുന്ന ഇന്ദ്രശാപത്തിന് നൂതനാർത്ഥങ്ങൾ ഏറെയുണ്ട്. അതിലൊരർത്ഥം ഇതിഹാസ പുരാണങ്ങളിലെ ഋഷിമാനവർ ദേവേന്ദ്രനിൽ നിന്നു വരം തേടുന്നവരെന്നതിനെക്കാൾ ദേവേന്ദ്രനെയും ശപിച്ചു ഭസ്മീകരിക്കാവുന്ന തപസുള്ളവരായിരുന്നു എന്നതാണ്. ഇതിലൊരു വിപ്ലവാത്മകതയൊക്കെ വായിച്ചെടുക്കാം.
ഗൗതമ ബുദ്ധൻ യാഗയജ്ഞങ്ങളെയും വേദങ്ങളുടെ പരമ പ്രാമാണികതയെയും നിരാകരിച്ചതിൽ വിപ്ലവാത്മകത ദർശിക്കുന്നവർക്ക്, ദേവേന്ദ്രൻ തെമ്മാടിത്തം ചെയ്താലും അതിനെതിരെ തപസിന്റെ ശാപാഗ്നി ജ്വലിപ്പിക്കുന്ന ഗൗതമമഹർഷിയിൽ വിപ്ലവാത്മകത കാണാനാകാതെ പോകുന്നത് പരിശോധിച്ചറിയേണ്ട സവിശേഷമായൊരു നേത്ര രോഗമാണ്. ഇത്തരം നേത്ര രോഗങ്ങൾ നമ്മുടെ അക്കാദമീഷ്യരുടെ ഇന്ത്യാപഠനങ്ങളെ മാരകമാംവിധം ഒട്ടേറെ ഇടങ്ങളിലും തലങ്ങളിലും വികലമാക്കിയിട്ടുമുണ്ട്.
ഗൗതമ ബുദ്ധനുമായിട്ടെന്തെങ്കിലും ബന്ധം രാമായണത്തിൽ അഹല്യയുടെ ഭർത്താവായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഗൗതമഹർഷിക്കുണ്ടെന്നു പറയാവുന്ന തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ല. പക്ഷെ ഗൗതമ മഹർഷിയെന്ന മാനവന്റെ ശാപത്തെ ദേവേന്ദ്രൻ പോലും ഭയന്നിരുന്നു എന്നത് വാല്മീകി രാമായണവും അധ്യാത്മ രാമായണവും ഒളിമറവില്ലാതെ എടുത്തു പറയുന്നുണ്ട്. എന്തുകൊണ്ടാവാം ആർക്കും വരം നൽകാൻ പ്രാപ്തനായ വിണ്ണവനായ ദേവേന്ദ്രൻ മണ്ണവനായ ഗൗതമനെന്ന മഹർഷി മാനവന്റെ ശാപത്തെ ഇത്രമേൽ ഭയപ്പെട്ടിരുന്നത് ?
ദേവേന്ദ്രൻ ഭയപ്പെട്ടിരുന്നത് മഹർഷിമാരുടെ അംഗബലത്തെയോ സൈന്യബലത്തെയോ ധനബലത്തെയോ ഒന്നുമല്ല; ആ മാനവരുടെ തപോബലത്തെയാണ്. ഋഷിമുനിമാരുടെ സർഗാത്മകവും തപോദീപ്തവുമായ ഉജ്വല പ്രതിഭയിലാണ് ഋഗ്വേദ മന്ത്രങ്ങൾ മുതൽ ഇതിഹാസ പുരാണങ്ങൾ വരെയുള്ള വാങ്മയ ക്ഷേത്രങ്ങൾ നിലവിൽ വന്നതെന്നും അതിനാൽ ഋഷിപ്രതിഭയില്ലെങ്കിൽ തനിക്കും ദേവന്മാർക്കും നിലനില്പുണ്ടാവില്ലെന്നും ദേവേന്ദ്രനറിയാം. അതുകൊണ്ടാണ് ദേവേന്ദ്രൻ ഗൗതമ മഹർഷിയുടെ ശാപത്തെ ഇരുൾ, വെളിച്ചത്തെയെന്ന പോലെ ഭയപ്പെട്ടത്. മരണഭയം കൊണ്ട് മരണത്തെ തടുക്കാനാവില്ല എന്നതു പോലെ ശാപഭയം കൊണ്ടു ശാപത്തെയും തടയാനാവില്ല. ഋഷിമാനസം ശാപം തൊടുത്താൽ ആ ശാപാസ്ത്രം ആരെ ഉന്നം വച്ചുവോ അയാളില്‍ ചെന്നു തറച്ചിരിക്കും. രാമബാണത്തെക്കാൾ കൃത്യത മഹർഷി മാനവരുടെ ശാപാസ്ത്രത്തിനുണ്ടെന്നാണ് ദേവേന്ദ്രനെതിരായ ഗൗതമ ഋഷിയുടെ ശാപത്തിന്റെ ഫലപ്രാപ്തി തെളിയിക്കുന്നത്. അതിനാൽ ഋഷിമാനവരായ തപസ്വികളോട് തെമ്മാടിത്തം കാട്ടുന്നത് രാക്ഷസ ചക്രവർത്തിയായാലും ദേവന്മാരുടെ ചക്രവർത്തിയായാലും സൂക്ഷിക്കണം എന്ന പാഠമാണ് രാമായണത്തിലെ ഗൗതമ ഋഷി വൃത്താന്തം തെളിയിക്കുന്നതെന്നു പറയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.