26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 22, 2024
October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 9, 2024
August 8, 2024

കോവിഡാനന്തര വിദ്യാഭ്യാസം

കൃപ അമ്പാടി
October 15, 2021 6:27 pm

സ്കൂൾ വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമായ ഒരു രാജ്യത്താണ് നമ്മുടെ കുട്ടികൾ വളരുന്നത്. കോവിഡ് രോഗവ്യാപനം ആഗോളതലത്തിൽ തന്നെ വിദ്യാഭ്യാസ മേഖലയെ ഉലച്ചതിനാൽ അതിൽ നിന്ന് ഒട്ടൊന്നും വിഭിന്നമായി നിൽക്കാൻ നമുക്കും സാധിച്ചിട്ടില്ല.എങ്കിലും തകർന്ന മറ്റു ചില മേഖലകളെ അപേക്ഷിച്ച് നോക്കിയാൽ വിദ്യാഭ്യാസ മേഖല ഫലപ്രദമായിതന്നെ ഈ ദുരിത കാലം താണ്ടി. കോവിഡ് കാലത്തെ ഓൺലൈൻ പഠനം വിദ്യാഭ്യാസ തുടർച്ച സാധ്യമാക്കിയെങ്കിലും ഓൺലൈവ് ആവാത്ത ഒരു കാലം നമ്മുടെ തലമുറ അനുഭവിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു. ഒന്നര വർഷത്തോളം അടച്ചിട്ട സ്കൂൾ — കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസത്തോടെ പ്രവർത്തന പാതയിലേക്ക് കാലെടുത്തു വയ്ക്കുന്നു. നവംബർ ഒന്നിന് കേരളത്തിലെ സ്കൂളുകൾ തുറക്കുന്നതോടെ പഠനം അതിന്റെ സ്വാഭാവികതലത്തിലേക്ക് മാറ്റപ്പെടും എന്ന് ഭരണകൂടവും അക്കാദമിക് നിരീക്ഷകരും അധ്യാപക — വിദ്യാർത്ഥി — രക്ഷാകർതൃ സമൂഹവും വിശ്വസിക്കുന്നു.

കോവിഡാനന്തര വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ചാ വിധേയമാക്കേണ്ടതും കൂട്ടായി പരിഹരിച്ച് മുന്നോട്ടു പോകേണ്ടതുമാണ്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ അധ്യയന വർഷത്തിൽ ആദ്യപടിയായ ഒന്നാം ക്ലാസിൽ ഇരിക്കാത്ത കുട്ടികൾ ഒന്നടങ്കം ഇക്കൊല്ലം രണ്ടാം ക്ലാസിലാക്കപ്പെട്ടിരിക്കുന്നു. യു പി ക്ലാസിലേക്കും ഹൈസ്‍ക്കൂളിലേക്കും ഹയർ സെക്കൻഡറിയിലേക്കും സ്ഥാനകയറ്റം കിട്ടി പുതിയ സ്കൂളിൽ ചേർക്കപ്പെട്ടിട്ടും സ്കൂളോ ക്ലാസ് മുറിയോ കാണാനാവാതെ ഒരു വർഷം കടന്നുപോന്ന കുട്ടികളും നമുക്ക് മുന്നിൽ ഉണ്ട്.

അധ്യാപകരെയറിയാതെ പഠിക്കേണ്ടിവന്ന കുട്ടികളും കുട്ടികളെ അടുത്തറിയാതെ പഠിപ്പിക്കേണ്ടി വന്ന അധ്യാപകരും ഓൺലൈൻ മാധ്യമങ്ങളിലൂടെ നിലനിർത്തിയ പഠനതുടർച്ച വലിയ നേട്ടമാണ്. പക്ഷെ പല സാങ്കേതിക കാരണങ്ങൾ കൊണ്ട് അപൂർണമാക്കപ്പെട്ട പഠനവും ബാക്കിയാക്കപ്പെട്ട സിലബസും പരീക്ഷയും തുടർമൂല്യനിർണയവും കോവിഡാനന്തര അക്കാദമിക സമൂഹത്തിനു നേരെ വെല്ലുവിളികൾ ഉയർത്താം. ജീവനുള്ളവയെ നേരിട്ട് കൈകാര്യം ചെയ്യേണ്ടവർ എന്നതാണ് അധ്യാപകലോകത്തെ മറ്റു ഉന്നതജോലികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടുതന്നെ ക്രമരഹിതവും അശാസ്ത്രീയവുമായ ഒന്നിനും നിരന്തര വിദ്യാഭ്യാസത്തിൽ സ്ഥാനമില്ല. പഠിതാക്കൾക്ക് സമ്മർദ്ദം ചെലുത്തുന്നതൊ സമയം അനുവദിക്കാത്തതൊ ആയ പഠനം ദോഷകരമാകും.കുട്ടികൾ ജീവിക്കുന്നത് ഫാസ്റ്റ് ലൈഫിന്റെ ഉപയോക്താക്കളായിട്ടാണെങ്കിലും ബുദ്ധിപരവും കായികവും മാനസികവുമായ വികാസ പരിണാമങ്ങളെ അനുകൂലമായി ചിട്ടപ്പെടുത്തിയെടുക്കുന്ന സ്ക്കൂൾ പഠന കാലം അതിപ്രധാനമാണ്.

കോവിഡ് പ്രോട്ടോക്കോളും സർക്കാർ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് പഠനം വിദ്യാലയങ്ങളിൽ
പുനരാരംഭിക്കപ്പെടുമ്പോള്‍ വിദ്യാർത്ഥികളുടെ മാനസിക സാമൂഹിക അക്കാദമിക ആവശ്യങ്ങളെയും അവയ്ക്കുള്ള പരിഹാരങ്ങളെയും അധ്യാപകർ പ്രത്യേകം നിരീക്ഷിച്ച് ക്രോഡീകരിക്കേണ്ട അവസ്ഥ സംജാതമാകും. പകർച്ചവ്യാധിയുടെ ഈ കാലം ഓരോ ക്ലാസ്മുറിയും അതിലെ ഓരോ കുട്ടിയും പൂർവാധികം ശ്രദ്ധ അർഹിക്കുന്നതുകൊണ്ട് വിദ്യാർത്ഥികളുടെ സുരക്ഷ കൂട്ടുത്തരവാദിത്വം ആയി മാറുന്നു. വീട്ടിലും വിദ്യാലയത്തിലും ഇവയ്ക്കിടയിലെ യാത്രയിലും ശുചിത്വം, മാനസിക — ശാരീരിക ആരോഗ്യം ഇവ ഒരു പോലെ അനുകൂലമാക്കപ്പെട്ട് പഠനാന്തരീക്ഷം സ്റ്റുഡൻ്റ് ഫ്രണ്ട്ലി ആവുന്നത് സാമൂഹിക സുരക്ഷയ്ക്ക് അനിവാര്യമാണ്.

ടൈംടേബിൾ പ്രകാരം വിഷയങ്ങൾ പഠിച്ച് സമയബന്ധിതമായ ഒരു സംവിധാനത്തിലൂടെ നിലനിന്നിരുന്ന വിദ്യാഭ്യാസം പെട്ടെന്ന് നിലച്ചപ്പോൾ അത്രതന്നെ നിർബന്ധങ്ങളില്ലാത്ത ഒരു ബദൽ സംവിധാനം ഓൺലൈൻ പഠനത്തിലൂടെ സാധ്യമായി. സാങ്കേതികമായ പരിമിതികളെ മറികടന്നു മുന്നേറിയ അധ്യാപകരും വിദ്യാത്ഥികളും അകലങ്ങളിൽ ഇരുന്ന് അടുത്തറിഞ്ഞെങ്കിലും മാനസികമായ തൃപ്തിപ്പെടലുകൾ വിദൂരമായിത്തന്നെ നിൽക്കുകയാണുണ്ടായത്. വൈകിയുറങ്ങി വൈകി എഴുന്നേൽക്കുന്ന ശീലം, മൊബൈൽ ഫോണിന്റെ ദീർഘനേരത്തെ ഉപയോഗം, ഓൺലൈൻ ഗെയിമുകളിലേക്കുള്ള എളുപ്പവഴികൾ — ഇവയൊക്കെചേർന്ന് മാറ്റിമറിച്ച ഒരു തലമുറയെ ആണ് കോവിഡാനന്തര വിദ്യാലയങ്ങൾ കാത്തിരിക്കുന്നത്. വീടകങ്ങളിൽ പരിമിതപ്പെട്ട്,കലാകായികപരമായ ഊർജദായകപ്രവർത്തനങ്ങളിൽ നിന്ന് നിയന്ത്രിക്കപ്പെട്ട്, സൗഹാർദ്ദത്തിന്റെയും പങ്കുവെയ്ക്കപ്പെടലിന്റെയും വലിയ പാഠങ്ങൾ വിലക്കപ്പെട്ടു നിൽക്കുന്ന കുട്ടികളെ വീണ്ടും വിദ്യാലയത്തിലേക്കു വരവേൽക്കാൻ കൃത്യമായ മാർഗരേഖകൾ പാലിക്കപ്പെടേണ്ടതുണ്ട്. വീണ്ടും ക്ലാസ്സ് മുറിക്കുള്ളിൽ ഇരുന്ന് പഠിക്കാനും അകലം പാലിക്കാനും ഓർമിപ്പിക്കണം. മറന്നുപോയ മണിശബ്ദങ്ങൾക്കനുസൃതമായി പഠിക്കാനും വിശ്രമിക്കാനും ബാത്റൂമിൽ പോകാനും കൈകഴുകാനും ഭക്ഷിക്കാനും ഒരിക്കൽ കൂടി പരിശീലനം കൊടുക്കണം. യൂണിഫോമിനൊപ്പം മാസ്ക് ആവശ്യമെങ്കിൽ കയ്യുറ, ബാഗിൽ വാട്ടർ ബോട്ടിലിനൊപ്പം സാനിറ്റെെസർ എന്നിങ്ങനെ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയ വിദ്യാഭ്യാസമാണ് ഇനി മുന്നിൽ ഉള്ളത്. അധ്യാപകർക്ക് ജോലിഭാരത്തോടൊപ്പം ക്ഷമയും സഹാനുഭൂതിയും കൂടുതൽ പ്രകടിപ്പിക്കേണ്ടി വരും. മാതാപിതാക്കൾ സ്കൂൾ പ്രവർത്തിദിനങ്ങൾ മനസ്സിലാക്കി സുരക്ഷിതമായി കുട്ടികളെ അയക്കേണ്ടതിനൊപ്പം കുട്ടികളുടെ വ്യക്തിശുചിത്വത്തിൽ മുൻകരുതലുകൾ എടുക്കേണ്ടി വരും. വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യതയോടെ പാലിച്ചു സുരക്ഷിതരായി പഠനം നടത്തട്ടെ. ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ പൗരന്മാർ എന്നത് കോവിഡാനന്തര വിദ്യാഭ്യാസത്തിൽ ഗൗരവപൂർവം നടപ്പിൽ വരുത്തേണ്ടതിനാൽ ശ്രദ്ധയോടെ നമുക്ക് മുന്നോട്ട് പോകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.