13 December 2025, Saturday

ആന ഒരു വന്യജീവിയാണ്

സൗരവ് എം എ
കവിത
June 11, 2023 4:01 am

ആന ഒരു വന്യജീവിയാണ്
ബ്ലാക്ക് ബോർഡിൽ ആനയെ
വരച്ചുകൊണ്ട് മാഷ് പറഞ്ഞു
കുട്ടികൾ ആനപ്പടത്തിലേക്ക്
നോക്കിയിരുന്നു
ഇപ്പോൾ ബ്ലാക്ക്ബോർഡ്
ഇരുണ്ട ഒരു കാട്,
ഒരു വലിയ ആന
തിങ്ങിയ മരനിഴലുകളുടെ കൂട്ടം
ആഴത്തിലേക്ക് കണ്ണെറിഞ്ഞാൽ
കാടിറങ്ങി വരുന്നു
കടുവ, കുറുക്കൻ, കാട്ടുപന്നി
ഒരുവൾ ആശങ്കയോടെ
കാട്ടിലേക്ക് പിന്നെയും നോക്കുന്നു
കാട്ടുതേൻ തേടിപോം
അച്ഛൻ തിരിച്ചെത്തിയോ?
ഈറ്റവെട്ടി അമ്മ കുടിയിലെത്തിയോ?
ബ്ലാക്ക് ബോർഡ് ഇരുണ്ട് ഇരുണ്ട്
അവളുടെ കണ്ണിൽ കലങ്ങുന്നു
ബോർഡിലെ ആനച്ചിത്രം
അത്കണ്ട് മാഷ് മായ്ക്കുന്നു
ഇപ്പോൾ ബ്ലാക്ബോഡിൽ
ഇരുട്ട് മാത്രം
മടങ്ങിപോവുന്ന
ഒരാനയുടെ പിൻഭാഗം മാത്രം
അരക്ഷിതാവസ്ഥ
ഇരുണ്ട ഒരേകാന്തത
മാഷിന് ഇനി വീട് വരച്ചേ ഒക്കൂ
കൂട്ടമണിയടിക്കാൻ
പീയൂണ് ഒരുങ്ങി തുടങ്ങി
മാഷ് വീട് വരയ്ക്കുന്നു
അവൾക്ക് സമാധാനത്തിനായി
അമ്മയെ, അച്ഛനെ വരയ്ക്കുന്നു
ഒരാനയെ മായ്ച്ചാലും
ഇരുണ്ട ഒരു കാടിനെ
പിന്നിൽ നിർത്തി
ഈ വീട്ടിൽ ഞങ്ങൾ
ഉറങ്ങുന്നതെങ്ങനെയെന്ന
ഒരു ചോദ്യം ക്ലാസിൽ മുഴങ്ങുന്നു
കൂട്ടമണി മുഴങ്ങുന്നു
കുട്ടികൾ ക്ലാസ് വിട്ടോടുന്നു
ഇപ്പോൾ ബ്ലാക്ക് ബോർഡ്
കൊമ്പ്കുലുക്കി
ബെഞ്ചും ഡെസ്കും
കുത്തിമറിച്ചിടുന്നു 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.