
കൊച്ചിയിൽനിന്ന് പറന്നുയർന്ന് ലണ്ടൻ, പാരീസ്, മ്യൂണിക്, സൂറിക്ക്, ലൂസേൺ, ഇൻസ്ബ്രുക്, വാടൂസ്, വെനീസ്, റോമാ, പിസ, വത്തിക്കാൻ, ഫ്ലോറൻസ്, മിലാൻ എന്നീ പടിഞ്ഞാറൻ യൂറോപ്യൻ നഗരങ്ങളിൽ ചുറ്റിസഞ്ചരിച്ചുള്ള ഓർമ്മകുറിപ്പുകളാണ് ഹാരിസ് ടി എം ന്റെ മൂന്നാമത്തെ പുസ്തകമായ ‘മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ.’ കടന്നുപോയ വഴികളും മതിമറന്ന കാഴ്ചകളും മുറിച്ചുകടന്ന പുഴകളും വഴിയൊരുക്കിയ പർവതങ്ങളും ഗതകാലം മന്ത്രിക്കുന്ന സ്മാരകങ്ങളും നൊമ്പരപ്പെടുത്തുന്ന ചരിത്രവുമെല്ലാം ശാന്തമായൊരു പുഴപോലെ ഒഴുകിയെത്തി വായനക്കാരെ ആശ്ലേഷിച്ചാനന്ദിപ്പിക്കുന്നു, ഈ കൃതിയിൽ. യാത്രാജ്വരമുള്ളൊരു സഞ്ചാരിയുടെ ആവേശത്തോടെ, ആസക്തിയോടെ തന്റെ മൂന്നാംകണ്ണ് കാഴ്ചകളിലേക്ക് തുറന്നുവെക്കുകയാണ് ഹാരിസ്.
വെസ്റ്റ്മിൻസ്റ്റർ ആബെയും ലണ്ടൻ ബ്രിഡ്ജും ടവർ ബ്രിഡ്ജും വിക്ടോറിയ മെമ്മോറിയലും ബക്കിങ്ഹാം കൊട്ടാരവും മില്ലെനിയം വീലും മാഡം തുസോഡ്സ് മ്യൂസിയത്തിലെ മെഴുകു പ്രതിമകളും ലണ്ടൻ കാഴ്ചാവിവരണങ്ങളിൽ നിറയുന്നുണ്ട്. നഗരത്തിലൂടെ ഒഴുകുന്ന തെംസ് നദിയുടെ കാല്പനിക ഭാവങ്ങൾ വിവരിക്കുമ്പോൾ സ്വയംമറന്ന് ഒരു പ്രണയിതാവായി മാറുന്ന എഴുത്തുകാരനെ കാണാം. യൂറോപ്പിലെ പ്രധാന നദികളായ തെംസിനോടും സെന്നിനോടും റ്യൂസിനോടും റൈനിനോടും ടൈബറിനോടുമുള്ള കാല്പനികമായ സല്ലാപങ്ങളുണ്ട് പുസ്തകത്തിൽ. യൂറോസ്റ്റാർ തീവണ്ടിയിൽ കയറി ഇംഗ്ലീഷ് ചാനലിൻറെ അടിത്തട്ടിലൂടെ സഞ്ചരിച്ചാണ് ഹാരിസും സംഘവും തുറസിന്റെ അനന്തമായ വേദികയായ പാരീസിൽ എത്തുന്നത്. കടലിനടിയിലെ ടണൽ നിർമാണത്തിലെ നൂതനമായ സാങ്കേതികത്വങ്ങൾ മാത്രമല്ല ഐഫൽ ടവർ, ഓപ്പറ ഹൗസ്, പോണ്ട് അലക്സാണ്ടർ പാലം, പാദുവയിലെ സെന്റ് ആൻറണീസ് ബസലിക്ക, വത്തിക്കാൻ മ്യൂസിയം, സെൻറ് പീറ്റേഴ്സ് ബസലിക്ക, കൊളോസിയം, ട്രെവി ജലധാര, പിസ ഗോപുരം തുടങ്ങിയ പ്രധാന നിർമ്മിതികളുടെ ചരിത്രവും ഘടനയും ശൈലിയും അയത്നലളിതമായി വിവരിക്കുമ്പോൾ ഹാരീസിന്റെ വരികൾക്ക് ഒരു എഞ്ചിനീയറിങ്ങ് വിദഗ്ധന്റെ സൂക്ഷ്മസൗന്ദര്യം.
ഇറ്റലിക്കാരൻ ആൽഫ്രെഡോ സാരഥിയായ വോൾവോ ബസിലാണ് പാരീസ് മുതൽ മിലാൻ വരെയുള്ള റോഡ് യാത്ര. പാരീസിലെ ആർട്ടിസ്റ്റുകളുടെയും ഫാഷൻ ഡിസൈനർമാരുടെയും സെൻ നദിക്കരയിലെ പാർപ്പിടങ്ങളും ആലയങ്ങളും സൃഷ്ടികളും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും നോട്ടർഡാം പള്ളിയും ഐഫൽ ടവറും വിവരണങ്ങളിൽ നിറയുന്നുണ്ട്. ലൂവ്റ് മ്യൂസിയത്തിൽ കയറുവാൻ കഴിയാത്തതിന്റെ നൊമ്പരം തീരാത്ത വിങ്ങലായി വരികളിൽ കാണാം.
സ്വിറ്റ്സർലൻഡിലേക്കുള്ള ബസ് യാത്ര, മഞ്ഞപട്ടുടയാടയണിഞ്ഞ കടുക് പാടങ്ങളും സ്ട്രോബറി പൂക്കളും മഞ്ഞണിഞ്ഞ ആൽപ്സ് പർവതനിരകളുടെ ഭാവപ്പകർച്ചകളും കണ്ടുകൊണ്ടാണ്. യൂറോപ്യൻ ഭൂപ്രകൃതിയുടെ ലാവണ്യം മുഴുവൻ പതഞ്ഞുനുരയുന്ന വാക്കുകൾ. ആരുടേയും വായിൽ വെള്ളമൂറിക്കുന്നതാണ് ‘ടെറസി‘ലെയും ‘നൊവോട്ടലി‘ലെയും ‘മാർക്കോണി‘യിലെയും പ്രാതൽ വിഭവങ്ങളുടെ വിവരണങ്ങൾ. ഒരു അലസയാത്രികൻറെ വെറും കാഴ്ചപറച്ചിലുകളല്ല ഈ പുസ്തകം. മാനവികതയോട് ചേർന്നുനിൽക്കുന്ന എഴുത്തുകാരന്റെ നിലപാടുകളും രാഷ്ട്രീയവും സഹജീവികളോടുള്ള സഹാനുഭൂതിയും മത‑വംശീയ ചേതിരിവുകളുടെ ഭവിഷ്യത്തുക്കളും അവയോടുള്ള തൻറെ രോഷവും പ്രകടമാക്കുന്ന മൂർച്ചയുള്ള വാക്കുകൾ.
മനുഷ്യർക്കിടയിലെ വേർതിരിവിന്റെ മുള്ളുവേലിക്കെട്ടുകൾ തകർന്നുവീഴേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എഴുത്തുകാരൻ വാചാലനാവുന്നു. കമനീയ കാഴ്ചകളും ചരിത്രത്തിലെ ദുരന്തങ്ങളും പറഞ്ഞു പോകുന്നതിനിടയിൽ ഇതരദേശങ്ങളിലേക്കും സ്വന്തം യാത്രാനുഭവങ്ങളിലേക്കും പുരാണങ്ങളിലേക്കും സഹയാത്രികരുടെ ജീവിതങ്ങളിലേക്കും തികഞ്ഞ കയ്യടക്കത്തോടെ ഹാരിസ് എഴുത്തിനെ കൊണ്ടുപോകുന്നുണ്ട്. അൻറോണിയോണി, ഫെഡറിക്കോ ഫെല്ലിനി, ഗലീലിയോ ഗലീലി, മാർക്കോ പോളോ ഡാൻറെ, ക്രിസ്റ്റഫർ കൊളംബസ്, ഡാവിഞ്ചി, ബെർനാർഡോ ബർത്തലൂച്ചി പോലുള്ള, ഇറ്റലിയിൽ ജന്മമെടുത്ത ഒട്ടേറെ പ്രതിഭാധനന്മാരെ സ്മരിച്ചുകൊണ്ടാണ് ഹാരിസ് തന്റെ മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ എന്ന പുസ്തകം അവസാനിപ്പിക്കുന്നത്. അഭ്രപാളികളിൽ നിറയുന്ന ഒരു ചരിത്രസിനിമ പോലെ വായനക്കാരനെ ചിന്തിപ്പിച്ചും ആനന്ദിപ്പിച്ചും കൊതിപ്പിച്ചും അത്ഭുതപ്പെടുത്തിയും നൊമ്പരപ്പെടുത്തിയും കൃത്യതയാർന്ന ഈ സഞ്ചാരക്കുറിപ്പുകൾ സഫലമായൊരു യാത്രാനുഭവം വായനക്കാർക്ക് സമ്മാനിക്കും.
മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ
(സഞ്ചാരാനുഭവങ്ങൾ)
ഹാരിസ് ടി എം
ജി വി ബുക്സ്
വില: 210 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.