21 November 2024, Thursday
KSFE Galaxy Chits Banner 2

എഴുത്തമ്മ

കെ കെ ജയേഷ്
November 7, 2021 2:22 am

കാടിനും പുഴയ്ക്കും വിശാലമായ വയലുകൾക്കും ഇടയിലൂടെ ആ കഥാപാത്രങ്ങൾ നടന്നുവന്നു. രാത്രിയിലെ ഉള്ളു കോച്ചുന്ന തണുപ്പിൽ അവർ കാവൽമാടങ്ങളിൽ വിളകൾക്ക് കാവൽ കിടന്നു. വിള നശിപ്പിക്കാൻ കാട്ടുമൃഗങ്ങളെത്തിയപ്പോൾ മാടത്തിൽ നിന്ന് എഴുന്നേറ്റ് കൂക്കിവിളിച്ച് ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തി. തപ്പുകൊട്ടി മൃഗങ്ങളിറങ്ങിയെന്ന സൂചന നൽകി. പടക്കവും തീപ്പന്തവുമെറിഞ്ഞ് അവർ മൃഗങ്ങളെ തുരത്തിയോടിച്ചു. കിളികൾ വള കിലുക്കുന്ന വള്ളിയൂർക്കാവിൽ പ്രണയിനിക്ക് വളയും ചാന്തും കൺമഷിയും വാങ്ങി അലഞ്ഞു നടന്നു. ഗോത്രാചാരങ്ങൾ പാലിച്ചും യജമാനഭക്തി ആവോളം പ്രകടിപ്പിച്ചും അവർ അടിയാളരായി തുടർന്നു. തിരിച്ചടികളിൽ പതറാതെ അവരുടെ പെണ്ണുങ്ങൾ മേലാളരോട് ചെറുത്തു നിന്നു… ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളാണ് പി വത്സലയുടെ കഥകളിലുള്ളത്. അതിരുകളില്ലാത്ത അനുഭവ ലോകത്തുനിന്നാണ് അവരുടെ കഥകളും കഥാപാത്രങ്ങളും പിറവിയെടുത്തത്. യഥാർത്ഥ കഥാപാത്രങ്ങളെ ഒരമ്മയുടെ ആർദ്രതയോടെ എഴുത്തുകാരി ചേർത്തുപിടിച്ചു. കവിത തുളുമ്പുന്ന ഭാഷയിൽ എഴുതപ്പെട്ട, കാടിന്റെ ഭംഗിയും വിശുദ്ധിയും കരുത്തുമുള്ള ആ കഥാപ്രപ‍ഞ്ചത്തെ വായനക്കാർ നെഞ്ചേറ്റി. മണ്ണിന്റെ ഗന്ധമുള്ള സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്ക്കാരമാണ് പി വത്സലയുടെ രചനകൾ. ജീവിതത്തിന്റെ പുറംകാഴ്ചകളിൽ അഭിരമിക്കാതെ മനുഷ്യജീവിതത്തിന്റെ ആന്തരിക സംഘർഷങ്ങൾ ആവിഷ്ക്കരിക്കുമ്പോഴും ലളിതമായ ആഖ്യാനം കൊണ്ട് ആ രചനകൾ വായനക്കാരന്റ മനസ്സ് കീഴടക്കി.

തിരുനെല്ലിയിലെ നെൽവയലുകൾ

 

“തിരുനെല്ലി അടിയാന്റെ തറവാടാണ്… ഈ മണ്ണിൽ വിളയുന്നതെന്തും അടിയാനു അവകാശപ്പെട്ടതാണ്. ഈ നെൽവയലുകൾ മാത്രം എങ്ങനെയവർക്ക് നഷ്ടപ്പെട്ടു… ” രാഘവൻ നായരുടെ മനസ്സിൽ മുഴങ്ങിയ ഈ ചോദ്യം തന്നെയായിരിക്കും ചുരം കയറി തിരുനെല്ലിയിലെത്തിയ എഴുത്തുകാരിയും ആദ്യം സ്വയം ചോദിച്ചിട്ടുണ്ടാവുക. താഴ് വാരത്തു നിന്നും മലകയറി വന്നവരെല്ലാം മണ്ണിന്റെ അധിപരായപ്പോൾ അവർക്കു മുമ്പിൽ ആദിവാസികൾ ഓച്ഛാനിച്ചു നിന്നു. അരിഭക്ഷണം കണ്ടിട്ട് നാലു നാളുകൾ കഴിഞ്ഞെങ്കിലും രാത്രി ഉത്തരവാദിത്തതോടെ യജമാനന്റെ നെൽവയലിന് മല്ലൻ കാവൽ കിടന്നു. ആ ആത്മാർത്ഥത അവന്റെ വംശത്തിന്റെ സത്യസന്ധതയായിരുന്നു. അതുകൊണ്ട് തന്നെയാണ് തമ്പുരാന്റെ നെൽവയലുകൾ കാട്ടുപന്നികൾ നശിപ്പിച്ചപ്പോൾ മല്ലൻ കടുത്ത വേദന അനുഭവിച്ചതും.
മലയാളത്തിലെ ക്ലാസിക് നോവലുകളിലൊന്നായ പി വത്സലയുടെ ‘നെല്ല്’ ഇന്നും വായനക്കാരനെ ആകർഷിക്കുന്നു. രാഘവൻ നായരും മാരയും മല്ലനും കുറുമനും കുറുമാട്ടിയും ഗോത്രമൂപ്പനും വള്ളിയൂർക്കാവും തിരുനെല്ലിയും ബാവലിപ്പുഴയും പാപനാശിനിയും വയനാടൻ പ്രകൃതിയുടെ ഭാവമാറ്റങ്ങളുമെല്ലാം നിറഞ്ഞു നിൽക്കുന്ന നെല്ല് വായനക്കാരന് സമ്മാനിക്കുന്നത് അസാധാരണായ വായനാനുഭവമാണ്. നെല്ലിന് പിന്നാലെ ‘കൂമൻകൊല്ലി‘യിലും ‘ആഗ്നേയ’ത്തിലും ആദിവാസി ജീവിതം കഥപശ്ചാത്തലമായി. ഗോത്ര ജീവിത പരിസരങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരമായ ‘നെല്ലി‘ന്റെ കേന്ദ്ര പ്രമേയം തന്നെ ആദിവാസി ജീവിതമായിരുന്നു. അവരുടെ ആചാരങ്ങളും ആഘോഷങ്ങളും വിശ്വാസങ്ങളുമെല്ലാം നോവലിൽ കെട്ടുപിണഞ്ഞു കിടന്നു. കൂമൻകൊല്ലിയിലെത്തുമ്പോൾ ആദിവാസികൾക്ക് മേലുണ്ടാവുന്ന സാംസ്ക്കാരിക ചൂഷണങ്ങളിലേക്ക് എഴുത്തു കടന്നു ചെന്നു. നക്സൽ പ്രസ്ഥാനത്തിന്റെ യാത്രാവഴികളിലടെ കഥ പറയുമ്പോഴും ആഗ്നേയത്തിന്റെ പശ്ചാത്തലവും ആദിവാസി ഇടങ്ങൾ തന്നെയാണ്.
‘നിഴലുറങ്ങുന്ന വഴികൾ’, ‘അരക്കില്ലം’, ‘പാളയം’, ‘വിലാപം’, ‘റോസ് മേരിയുടെ ആകാശങ്ങൾ’, ‘തൃഷ്ണയുടെ പൂക്കൾ’, ‘ആദിജലം’ തുടങ്ങിയ വത്സല ടീച്ചറുടെ രചനകളോരോന്നും മലയാളിക്ക് സമ്മാനിച്ചത് ഹരിത ശോഭ നിറയുന്ന വായനയുടെ വസന്തകാലവും ഏറെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെയുമാണ്. ഇന്ന് വരേയ്ക്കും മലയാള സാഹിത്യത്തിൽ സ്ത്രീകളെക്കുറിച്ച് ഉണ്ടായിട്ടുള്ള നിലവാരമില്ലാത്ത എല്ലാ രചനകളെയും ഭസ്മീകരിക്കാൻ ‘ആഗ്നേയ’ത്തിലെ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകുമെന്ന് വിലയിരുത്തിയത് ഡോ. എം ലീലാവതിയാണ്.

പതിനേഴോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും യാത്രാവിവരണ ഗ്രന്ഥങ്ങളുമെല്ലാം രചിച്ചിട്ടുണ്ട് വത്സല ടീച്ചർ. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാറിന്റെ എഴുത്തച്ഛൻ പുരസ്കാരം പി വത്സലയ്ക്ക് ലഭിക്കുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം അടയാളപ്പെടുത്തുകയും പാർശ്വവത്ക്കരിക്കപ്പെട്ട ജീവിതങ്ങളെ എഴുത്തിലേക്ക് ആവാഹിക്കുകയും ചെയ്ത രചനകൾക്കുള്ള അംഗീകാരമാവുകയാണ്.

വത്സല ടീച്ചർ ജീവിതം പറയുന്നു…

 

“പറങ്കിമാവിൻ തോട്ടങ്ങളും മലകളും പുഴയും പാടങ്ങളുമെല്ലാം നിറഞ്ഞ ഒരു നാട്ടിൻ പുറത്തായിരുന്നു എന്റെ കുട്ടിക്കാലം. ചെങ്കല്ലും ചരലും നിറഞ്ഞ പ്രദേശമായിരുന്നു മാലൂർ കുന്ന്. പറങ്കിമാങ്ങകൾ കടിച്ചുവലിച്ച് ഞങ്ങൾ ആ കാട്ടുവഴികളിലൂടെ നടക്കും. വേനൽക്കാലത്ത് പൂനൂർ പുഴയായിരുന്നു ഞങ്ങളുടെ ആശ്രയം. കാട്ടുപ്രദേശത്തു കൂടെ ഒഴുകി വരുന്ന പുഴ ഞങ്ങളുടെ നാടിനെ കുളിരണിയിച്ച് ഒഴുകിക്കൊണ്ടിരുന്നു. പിന്നീട് പൈപ്പ് വെള്ളം വന്നുതുടങ്ങിയതോടെയാണ് നാട്ടുകാർ പുഴയെ ആശ്രയിക്കാതായത്.
ബ്രിട്ടീഷുകാരുടെ കാലത്തേ തന്നെ തരക്കേടില്ലാത്തൊരു അങ്ങാടിയായിരുന്നു ‍ഞങ്ങളുടേത്. ചെറിയ ആശുപത്രിയും വിദ്യാലയങ്ങളുമൊക്കെയുള്ള പ്രദേശം. ഇന്ന് പഴയ കാഴ്ചകളൊക്കെ മാറിക്കഴിഞ്ഞു. കോഴിക്കോട് നഗരത്തിന്റെ ഭാഗമായി മാറിയ പ്രദേശം തിരക്കിലമർന്നു. പ്രകൃതിയോടിണങ്ങിയ ബാല്യവും അച്ഛനം അമ്മയും മുത്തശ്ശിയുമെല്ലാം പറയുന്ന കഥകളുമാണ് കഥയുടെ ലോകത്തേക്ക് എന്നെ നയിച്ചത്. സ്വന്തം അനുഭവങ്ങളിൽ നിന്ന് പാകപ്പെടുത്തിയ കഥാപാത്രങ്ങളെയാണ് ഞാൻ അവതരിപ്പിച്ചത്. ഞാൻ ജനിച്ചു വളർന്ന ചുറ്റുപാടുകൾ എഴുത്തിൽ എന്നെ സ്വാധീനിച്ചു. ജീവിതാനുഭവങ്ങൾ നിറഞ്ഞ രചനകളെ ആദ്യമാരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് എഴുത്ത് അംഗീകരിക്കപ്പെട്ടു. ഏറ്റമുമൊടുവിൽ എഴുത്തച്ഛൻ പുരസ്ക്കാരം എന്നെ തേടിയെത്തുമ്പോൾ എഴുത്തുകാരിയെന്ന നിലയിൽ ഞാൻ പൂർണ്ണ സംതൃപ്തയാണ്.

ബാല്യകാല സ്മരണകൾ

 

തണുപ്പുള്ള മനോഹരമായ ഓർമ്മയാണ് എനിക്ക് കുട്ടിക്കാലം. അച്ഛൻ കാനങ്ങോട്ട് ചന്തുവിന് വയനാട്ടിലായിരുന്നു കുറച്ചുകാലം ജോലി. മലബാർ ക്രിസ്ത്യൻ കോളജിൽ ഒമ്പതാം ക്ലാസുവരെ പഠിച്ചയാളായിരുന്നു അച്ഛൻ. സായിപ്പിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്ന അച്ഛൻ പിന്നീട് വയനാട്ടിൽ ഒരു കുടുംബത്തിൽ കാര്യസ്ഥനായി ജോലി നോക്കി. അമ്മ കിളിപ്പറമ്പ് പത്മാവതി അക്കാലത്ത് നടക്കാവ് ഗേൾസ് സ്കൂളിൽ പോയി പഠിച്ചയാളാണ്. മലാപ്പറമ്പിലായിരുന്നു ഞങ്ങളുടെ തറവാട്. അവിടെ നിന്ന് പിന്നീട് വെള്ളിമാടുകുന്നിലെ മാലൂർകുന്നിലേക്കുള്ള റോഡിലേക്ക് താമസം മാറുകയായിരുന്നു. ഞങ്ങളുടെ പഠന സൗകര്യാർത്ഥവും കൂടുതൽ സ്ഥലം വാങ്ങാമെന്നും കരുതിയായിരുന്നു ആ താമസം മാറ്റം. പ്രകൃതി സുന്ദരമായ ആ പ്രദേശത്തെ ജീവിതം ഏറെ സന്തോഷകരമായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഞാൻ നന്നായി വായിക്കുമായിരുന്നു. ഹൈസ്കൂളിലേക്കെത്തിയതോടെ കഥകളും കവിതകളുമെല്ലാം എഴുതാൻ തുടങ്ങി. വിവർത്തകനായിരുന്ന എം എൻ സത്യാർത്ഥിയെ പരിചയപ്പെട്ടതാണ് എഴുത്തിന്റെ ലോകത്തെ കൂടുതൽ ഗൗരവമായെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. നവയുഗം, ജനയുഗം, മാതൃഭൂമി എന്നിവയിലെല്ലാം കഥകൾ എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് നാട്ടുകാരൻ കൂടിയായ എസ് കെ പൊറ്റക്കാടിനെ പരിചയപ്പെടുന്നത്. ഒരിക്കൽ അദ്ദേഹം വയനാട്ടിലെ ആദിവാസികളെക്കുറിച്ച് എഴുതാൻ കഴിയുമോ എന്ന് എന്നോടു ചോദിച്ചു. അതുവരെ വയനാടിനെക്കുറിച്ച് അവിടെ ജോലിയുണ്ടായിരുന്ന അച്ഛൻ പറഞ്ഞറിഞ്ഞ കാര്യങ്ങൾ മാത്രമെ എനിക്ക് അറിയുമായിരുന്നുള്ളു. എങ്കിലും ചോദ്യം വെല്ലുവിളിയായെടുത്തു. വയനാട്ടിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസറായിരുന്ന കെ പാനൂർ നൽകിയ കത്തുമായി തിരുനെല്ലിയിലെ രാഘവൻ മാസ്റ്ററെ കാണാൻ ചെന്നു.

വയനാട്ടിലേക്കുള്ള യാത്ര

പുറം ലോകത്തുള്ളവർക്ക് വിശ്വസിക്കാൻ പോലും കഴിയാത്തതായിരുന്നു അക്കാലത്തെ തിരുനെല്ലിയിലെ ആദിവാസികളുടെ ജീവിതം. പ്രകൃതിയോടും വന്യമൃഗങ്ങളോടും പോരാടിക്കൊണ്ട് അവർ അവിടെ ജീവിച്ചു. ദാരിദ്രവും ചൂഷണവും കൊടികുത്തി വാഴുന്ന കാലമാണ്. ഭർത്താവ് അപ്പുക്കുട്ടൻ മാസ്റ്റർക്കൊപ്പം അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. തിരുനെല്ലിയിലേക്ക് ഇന്നത്തേതുപോലെ വാഹന സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലമാണ്. മാനന്തവാടിയിൽ നിന്നും ഒരു ജീപ്പിലാണ് തിരുനെല്ലിയിലേക്ക് യാത്ര തിരിച്ചത്. തകർന്നു കിടക്കുന്ന കാട്ടുപാതകളിലൂടെയാണ് ജീപ്പ് സഞ്ചരിക്കുന്നത്. തിരുനെല്ലിയിലെത്തി രാഘവൻ മാസ്റ്ററെ ചെന്നു കണ്ടു. ആ യാത്രയാണ് വയനാടുമായി എന്നെ അടുപ്പിച്ചത്. പിന്നീട് പലപ്രാവശ്യം അവിടെയെത്തി. ജീവിതങ്ങളെ അടുത്തറിഞ്ഞു. കൊടും തണുപ്പും രോഗങ്ങളും പട്ടിണിയും പിടിമുറുക്കിയ ആ ഭൂമിയിൽ പലപ്പോഴായി താമസിച്ചാണ് നെല്ല് എഴുതിത്തീർക്കുന്നത്. എഴുതിയും തിരുത്തിയും നാലു വർഷത്തോളമെടുത്താണ് നെല്ല് പൂർത്തിയാകുന്നത്.

നെല്ലിലെ ജീവിതം

സ്ത്രീ ജീവിതത്തിന്റെ ഒറ്റപ്പെടലും സംഘർഷങ്ങളുമെല്ലാം ആവിഷ്ക്കരിക്കുന്ന ‘തകർച്ച’ എന്ന നോവൽ ‘നെല്ലി‘ന് മുമ്പ് ഞാൻ എഴുതിയിരുന്നു. എന്നാൽ തിരുനെല്ലിക്കാടിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘നെല്ലാ‘ണ് ഞാനെന്ന എഴുത്തുകാരിയെ വായനക്കാർക്ക് പരിചിതയാക്കിയത്. ഏറെ ഗൗരവത്തോടെ നോവൽ രചനയിലേക്ക് തിരിയുന്നതും ‘നെല്ലി‘ലൂടെ തന്നെയാണ്. തിരുനെല്ലിയുടെയും പാപനാശിനിയുടെയും ബാവലിപ്പുഴയുടെയും പശ്ചാത്തലത്തിൽ ഒരു സമൂഹത്തിന്റെ നേർചിത്രം വായനക്കാർക്ക് മുമ്പിൽ തുറക്കാനായിരുന്നു എന്റെ ശ്രമം.

തിരുനെല്ലിയിൽ കാടിനോട് പോരാടി ജീവിതം നയിച്ച അടിയാൻമാരും മണ്ണിനെയും പെണ്ണിനെയും വേട്ടയാടിയ മേലാളൻമാരും നോവലിൽ നിറഞ്ഞു. നെല്ല് നന്നായി വിളഞ്ഞിരുന്ന പ്രദേശമായിരുന്നു അത്. മാത്രമല്ല യുദ്ധകാലത്ത് ഭക്ഷ്യക്ഷാമം നേരിടുന്നൊരു സമയവും. അതുകൊണ്ട് തന്നെ ആ നോവലിന് നെല്ല് എന്നല്ലാതെ മറ്റൊരു പേരുമിടാൻ കഴിയില്ലായിരുന്നു. വയനാട്ടിലെ ആദിവാസികളുടെ പ്രധാനപ്പെട്ട ഉത്സവമാണ് വള്ളിയൂർക്കാവ് ഉത്സവം. ഇവിടെ വെച്ചാണ് അടിമപ്പണിയ്ക്കായി ജന്മിമാർ ആദിവാസികളെ കണ്ടെത്തിയിരുന്നത്. ഒരു വർഷത്തോളം അധ്വാനിച്ച് സ്വരൂപിച്ച പണവുമായാണ് ആദിവാസികൾ വള്ളിയൂർക്കാവ് ഉത്സവത്തിനെത്തുക. മാളയും വളയുമെല്ലാം തുണികളും പിഞ്ഞാണങ്ങളുമെല്ലാം തേടി ആദിവാസി പെണ്ണുങ്ങൾ ഉത്സവപ്പറമ്പിലൂടെ ചുറ്റിക്കറങ്ങും. തങ്ങളുടെ അധ്വാനം മുൻകൂറായി വിറ്റ് ഒരു ദിവസം കൊണ്ട് ധൂർത്തടിച്ച് ഒന്നുമില്ലാത്തവരായി ആദിവാസികൾ മാറും. പുറത്തിറങ്ങി ഇത്രയും കാലം കഴിഞ്ഞിട്ടും നെല്ല് ഉൾപ്പെടെയുള്ള നോവലുകളിലെ അവസ്ഥയിൽ നിന്ന് ആദിവാസികൾ ഇപ്പോഴും മുക്തരായിട്ടില്ല. അവരുടെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അതാണ് എന്നെ വേദനിപ്പിക്കുന്നത്.

നെല്ലിന്റെ തുടർച്ച

നെല്ലിന്റെ തുടർച്ചയായാണ് ‘ആഗ്നേയ’വും ‘കൂമൻകൊല്ലി‘യുമെല്ലാം എഴുതുന്നത്. നെല്ല് പുറത്തിറങ്ങിയ ശേഷമാണ് നക്സൽ നേതാവായിരുന്ന വർഗീസിനെ നേരിൽ കാണുന്നത്. ഒരു യോഗം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ആദ്യ കാഴ്ച. പിന്നീട് തിരുനെല്ലി അമ്പലത്തിൽ പോയി വരുമ്പോൾ വർഗീസ് അടുത്തേക്ക് വന്നു പരിചയപ്പെട്ടു. ആ കൂടിക്കാഴ്ചയിൽ നിന്നാണ് നക്സൽ പശ്ചാത്തലത്തിൽ ‘ആഗ്നേയം’ രൂപംകൊള്ളുന്നത്. വർഗീസിന്റെ ജീവിതമായിരുന്നു ആഗ്നേയത്തിന് പ്രചോദനമായതെങ്കിലും എഴുപതുകളിലെ നക്സൽ രാഷ്ട്രീയ പശ്ചാത്തലം സൂക്ഷ്മമായി ആവിഷ്ക്കരിക്കാനായിരുന്നു നോവിലിലടെ ഞാൻ ശ്രമിച്ചത്. ആഗ്നേയം നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോൾ നോവലിലെ ഒരു കഥാപാത്രത്തിന് വർഗീസുമായി സാമ്യമുണ്ട് എന്ന് സംസാരമുണ്ടായി. പൊലീസ് ഈ കഥാപാത്രത്തെ വെടിവെച്ചു കൊന്ന ശേഷം കളവ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന പരാമർശം നോവലിലുണ്ടായിരുന്നു. പൊലീസ് എനിക്കും ഭർത്താവ് അപ്പുക്കുട്ടിക്കും നക്സൽ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുക വരെ ചെയ്തു. മാവോയിസ്റ്റെന്ന പേരിൽ പൊലീസ് ഏറ്റുമുട്ടലിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ വർഗീസ് ഓർമ്മയിലേക്കെത്തും. ആദ്യമായി അദ്ദേഹത്തെ കണ്ടതും അദ്ദേഹം കൊല്ലപ്പെട്ടതുമെല്ലാം എന്റെ മനസ്സിലപ്പോൾ നിറയും.

പരിചിതരായ കഥാപാത്രങ്ങൾ

ജീവിതത്തിൽ നേരിട്ട് കണ്ടതും എനിക്ക് പരിചയമുള്ളവരുമാണ് എന്റെ നോവലുകളിലെ ഭൂരിഭാഗം കഥാപാത്രങ്ങളും. അമ്മയ്ക്ക് ക്രിയ ചെയ്യാൻ തിരുനെല്ലിയിലെത്തിയ രാഘവൻ നായരും സാവിത്രി വാരസ്യാരും നങ്ങേമ അന്തർജനവും മാരയും മല്ലനും കുറുമാട്ടിയും തട്ടാൻ ബാപ്പുവും കടക്കാരൻ സെയ്തും പൗലോസും പേമ്പിയുമെല്ലാം നേരിൽ കണ്ടും അടുത്തറിഞ്ഞതുമായ കഥാപാത്രങ്ങൾ തന്നെ. സ്വന്തം അനുഭവങ്ങളിൽ നിന്ന് പാകപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു എന്റെ എഴുത്തിൽ നിറഞ്ഞത്. അവ എന്റെ മാത്രം കഥാപാത്രങ്ങളാണ്.

നെല്ല് സിനിമയാകുന്നു

നെല്ല് രാമു കാര്യാട്ട് സിനിമയാക്കിയപ്പോൾ മലയാളത്തിലെ മികവുറ്റ സിനിമകളിലൊന്നായി അത് മാറി. രാമു കാര്യാട്ടും കെ ജി ജോർജ്ജും ചേർന്ന് തിരക്കഥയെഴുതിയ സിനിമയുടെ സംഭാഷണം രചിച്ചത് എസ് എൽ പുരം സദാനന്ദനായിരുന്നു. വയലാർ രചിച്ച് സലിൽ ചൗധരി സംഗീതം പകർന്ന ഗാനങ്ങളും ബാലു മഹേന്ദ്രയുടെ ഛായാഗ്രഹണവും ഋഷികേഷ് മുഖർജിയും ചിത്രസംയോജനവുമെല്ലാം ചേർന്നപ്പോൾ അസാധാരണമായ സിനിമാക്കാഴ്ചകളിലൊന്നായി നെല്ല് മാറുകയായിരുന്നു. ആ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്. ഇന്നും ആളുകളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് നെല്ല്. ആഗ്നേയം എന്ന നോവൽ സിനിമയാക്കാൻ അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ല.
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ വിലാപം എന്ന നോവലിനെ ആസ്പദമാക്കി ഖിലാഫത്ത് എന്ന ചലച്ചിത്രം ഒരുക്കിയെങ്കിലും അത് പുറത്തുവന്നിട്ടില്ല. ജിഫ്രി ജലീൽ സംവിധാനം ചെയ്യുന്ന ചിത്രം എല്ലാം നഷ്ടമാക്കുന്ന കലാപങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും അത് വിലാപങ്ങൾക്ക് കാരണമാകുമെന്നും വെളിപ്പെടുത്തുന്നു. മലബാർ കലാപത്തിന്റെയും വർഷങ്ങൾക്ക് ശേഷമുള്ള മുംബൈ കലാപത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്.

എഴുത്തച്ഛൻ പുരസ്ക്കാരം

പുരസ്ക്കാരങ്ങൾ ഏറെയുണ്ടെങ്കിലും എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്ക്കാരമായത് കൊണ്ടാണ് അത് ഏറെ വ്യത്യസ്തമാകുന്നത്. എന്റെ എഴുത്തിനെ രൂപപ്പെടുത്തുന്നതിൽ രാമായണം വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അച്ഛന്റെ അമ്മയും അമ്മയുമാണ് രാമായണ വായനയിലേക്ക് ബാല്യകാലത്ത് എന്നെ ആനയിച്ചത്. പ്രീഡിഗ്രി ക്ലാസിൽ സുന്ദരകാണ്ഡം പഠിക്കാനുണ്ടായിരുന്നു. പ്രൊവിഡൻസ് കോളജിൽ പ്രൊഫ. സരോജനി ടീച്ചറുടെ ക്ലാസുകളും ഏറെ സ്വാധീനിച്ചു.

കിളിക്കാലം

എന്റെ കുട്ടിക്കാലം കിളികളെക്കുറിച്ചുള്ള ഓർമ്മകൾ കൂടിയാണ്. വീട്ടുപറമ്പിൽ അക്കാലത്ത് ധാരാളം കിളികൾ എത്തുമായിരുന്നു. അവയോട് സംസാരിച്ചും പാട്ടുപാടിയും കഴിഞ്ഞ നാളുകൾ. എന്റെ ബാല്യകാലം പശ്ചാത്തലമാക്കിയുള്ള നോവലിന്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ. മലാപ്പറമ്പിലെ കാനങ്ങോട്ട് തറവാട്ടിലെയും വെള്ളിമാടുകുന്നിലെ വീട്ടിലെയും ബാല്യകാല സ്മരണകൾ കൂടിയാണ് ഈ നോവൽ. കിളികൾക്കൊപ്പമുള്ള കുട്ടിക്കാലത്തിന്റെ ഓർമ്മകളായതുകൊണ്ട് തന്നെയാണ് ‘കിളിക്കാലം’ എന്ന് അതിന് പേരിട്ടിട്ടുള്ളത്. കിളിക്കാലം 25 അധ്യായങ്ങളോളം പൂർത്തിയായിട്ടുണ്ട്. തൊഴിലാളികളുടെ ജീവിതം പറയുന്ന മറ്റൊരു നോവലും എഴുതിക്കൊണ്ടിരിക്കുന്നു.
വെള്ളിമാടുകുന്ന് മാലൂർ കുന്നിലേക്കുള്ള റോഡിലെ വീട്ടിലാണ് ഞാനും ഭർത്താവ് അപ്പുക്കുട്ടിയും താമസിക്കുന്നത്. കുറച്ചുനാളായി മുക്കത്തെ മകളുടെ വീട്ടിലാണ് താമസം. മാനന്തവാടി തിരുനെല്ലിയിൽ ‘കൂമൻകൊല്ലി‘യെന്ന വീടുണ്ട്. മടുപ്പുളവാക്കുന്ന ജീവിതാവസ്ഥകളിൽ നിന്ന് മോചനം നേടുന്നത് അവിടെയെത്തുമ്പോഴാണ്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.