22 December 2024, Sunday
KSFE Galaxy Chits Banner 2

ഉദിച്ചുയരൂ താരകമേ… ഉയിരിന്നുണർവേകാൻ

ഫാ. എബി തരകൻ
December 19, 2021 9:48 am

ഡിസംബർ മാസത്തിലെ കുളിർകാലം പുത്തൻ പ്രതീക്ഷകളുടെ പ്രഭാതകിരണങ്ങളാൽ തഴുകപ്പെട്ടതാണ്. വരണ്ട മനസുകളിൽ ജീവന്റെ നീർച്ചാലുകൾ കീറിമുറിച്ച് അതിജീവനത്തിന്റെ ഒരു കൂതൂഹല ശബ്ദം അന്തരീക്ഷത്തിൽ മാറ്റൊലികൊള്ളുന്ന സമയം. ‘ഉണ്ണി പിറന്നു… ഉണ്ണിയേശു പിറന്നു… ’ കരോൾ സംഘങ്ങൾ ഓരോ വാതിലിലും അറിയിക്കുന്നു. ഈ ഉണ്ണി ആരുടെ പ്രതിനിധി ആണ്? ആരുടെയൊക്കെയോ മുഖങ്ങളെ ഈ പെെതൽ പ്രതിബിംബിക്കുന്നു. വചനം ജഡം ധരിച്ചിരിക്കുന്നു. ദെെവപുത്രൻ പിറക്കുവാൻ ഈ സമയം തന്നെ തെരഞ്ഞെടുക്കപ്പെട്ടതിൽ എന്തെങ്കിലും കാര്യം ഉണ്ടോ…?

ജീവന്റെ കടയ്ക്കൽ കത്തിവയ്ക്കപ്പെടുമ്പോഴും മാനവികത പ്രാണവായുവിനായി പിടയുമ്പോഴും ജീവനെ നിലനിർത്തുവാൻ തഴുകി വളർത്തുവാൻ മഹത്തുക്കൾ അവതരിക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. വ്യാഖ്യാനങ്ങൾ എന്തുമായാലും ജീവനും ജീവവിനിമയങ്ങൾക്കും ഉണ്ടാകുന്ന മുറിവുകൾ സൗഖ്യപ്പെടുത്തുവാനുള്ള പ്രപഞ്ചത്തിന്റെ ചടുലനീക്കങ്ങളോ ആന്തരിക ചലനാത്മകതയോ ആകാം ഇത്. വെെകാറില്ല മഹത്തുക്കൾ… നേരത്തെ വന്ന് മുഷിപ്പിക്കാറും ഇല്ല. ഒരുതരം കായിറോട്ടിക് ഇന്റർവെൻഷൻ. കുറിക്ക് കൊള്ളുന്ന ഇടപെടലുകൾ നടത്തുവാൻ ഭൂമിയിൽ ‘ഉടൽ’ എടുക്കുകയാണവർ… ഉന്നം പിഴയ്ക്കലിന്റെ ലോകത്തിൽ നുറുങ്ങുവെട്ടം പോലെ വന്ന് പ്രപഞ്ചത്തിന് ആകമാനം ദിശാബോധം നല്കുന്നതിൽ ശ്രദ്ധാലുക്കൾ ആണവർ. 

അത്തരം ഒരു ഉടലെടുപ്പിന്റെ സ്മരണക്ക് കുഴലൂത്ത് ഊതുകയാണ് നാം ഇപ്പോൾ. അപ്പങ്ങളുടെ നാട്ടിൽ (ബേത്ത്-ലെഹെം) ഉണ്ണി പിറന്നിരിക്കുന്നു. ഒരുതരം തീച്ചൂളയിലേക്കാണ് രക്ഷകൻ പിറക്കുന്നത്. ഒരുതരം പത്മവ്യൂഹം. അതിനെ ഭേദിച്ച് പൊളിച്ചടുക്കുകയാണ് ദൗത്യം. ഒരുവശത്ത് കപടതയും ചൂഷണവും കെെമുതലായ മതനേതൃത്വം. മറുവശത്ത് കരുണ എന്നത് നിഘണ്ടുവിൽപോലും ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം. റോമാ കെെസറും അധീനതയിൽ നാടുവാഴികളും… നിയന്ത്രണങ്ങൾ, വകഞ്ഞുമാറ്റലുകൾ, അരിഞ്ഞുതള്ളലുകൾ, ഉറഞ്ഞുതുള്ളലുകൾ… ഇതുതന്നെ നാൾവഴികൾ… ശ്രേഷ്ഠ ജനം സുഖലോലുപതയിൽ വീണ വായിക്കുന്നു. വകഞ്ഞ് മാറ്റപ്പെട്ടവരും അരിഞ്ഞുവീഴ്ത്തപ്പെട്ടവരും അരികുകളിൽ നിന്നു കേഴുന്നു… രക്ഷകാ എന്റെ ജീവഭാരം നീക്കി കാക്കണെ… ’ ആര് കേൾക്കുവാൻ? സെെലൻസ് പ്ലീസ്… പ്രഭുക്കന്മാരും പ്രഭ്വികളും തീ കാഞ്ഞ് അത്താഴം ആസ്വദിക്കുന്നു. അന്നം ഇല്ലാതെ കായുവാൻ തീ ഇല്ലാതെ നട്ടം തിരിയുന്നവർ എണ്ണിക്കൂടാതെവണ്ണം അസംഖ്യം. 

രക്ഷകന്റെ തിരുപ്പിറവിക്ക് കർമ്മസാക്ഷിയായവർ രക്ഷകന്റെ വിമോചന ദൗത്യം ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട്. ബാലൻസ് ഷീറ്റ് എന്താകും എന്ന കണക്കുകൂട്ടലുകൾ. ഒന്നും നടത്താതെയുള്ള യാത്രയിലാണ് ജോസഫും മറിയവും. ‘മിടുക്കർ‍’ കണക്കുകൾ കൂട്ടിക്കിഴിച്ച് ഹരിച്ച് ഗുണിച്ച് ജീവിതത്തെക്കുറിച്ച് ക്ലിപ്തചിത്രം സ്വരുക്കൂട്ടുമ്പോൾ ജോസഫും മറിയവും എതിർവഴിയിൽ സഞ്ചരിക്കുകയാണ്. രക്ഷകന്റെ തിരുപ്പിറവിക്ക് യോഗ്യമായ അന്തരീക്ഷം ഒരുക്കുന്ന തത്രപ്പാടിലാണ് അവർ. മറിയത്തെ ചേർത്ത് പിടിക്കുമ്പോൾ ജോസഫിന്റെ മുഖത്ത് നീതിബോധത്തിന്റെയും കരുണയുടെയും ഒരായിരം സൂര്യൻ ഒന്നിച്ചുദിക്കുന്നുണ്ട്. രക്ഷകന്റെ ഉടലെടുക്കലിന് തന്റെ ഉടലിനെ ഒരുക്കുവാൻ ഏല്പിച്ചുകൊടുക്കുമ്പോൾ മറിയത്തിന്റെ മുഖത്തും ആ നിശ്ചയദാർഢ്യം വഴിഞ്ഞൊഴുകുന്നുണ്ട്. ഭരണാധികാരികളും ശിങ്കിടികളും അതിനെ ഇളക്കുവാനുള്ള കുതന്ത്രങ്ങളിലാണ്. പല വഴികളും അവർ പരീക്ഷിക്കുന്നു. സാധാരണ ജനങ്ങളുടെ വേദന ഭരണാധികാരികൾക്ക് അറിയില്ലല്ലോ… അറിയണമെന്നുമില്ല. അല്ലെങ്കിൽ രാജ്യത്തിന്റെ അന്നദാതാക്കൾ നടത്തിയ ഐതിഹാസിക സമരത്തെ ഭരണകൂടം കണ്ടില്ലെന്ന് നടിക്കയില്ലായിരുന്നു… ധാർഷ്ട്യത്തിന്റെ വാഹനം അവരുടെ നെഞ്ചിലൂടെ ഓടിച്ചുകയറ്റില്ലായിരുന്നു. കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ ഭരണകൂട ഗർവ് മുട്ടുമടക്കി. രക്ഷകന്റെ തിരുജനനം ആഘോഷിക്കുവാൻ അർഹതയുള്ളവർ നിശ്ചയദാർഢ്യത്തോടുള്ള ലക്ഷ്യബോധം ഉള്ളവരാണ്. അവർ സാധാരണക്കാരുടെ ശരീരത്തിന്റെയും നെടുവീർപ്പിന്റെയും ഗന്ധം അറിയുന്നവർ. ജയ് കിസാൻ… ഹാപ്പി ക്രിസ്തുമസ്. 

വിലയില്ലാത്തവർ എന്ന് മുദ്രകുത്തപ്പെട്ടവരുടെ ആഘോഷമാണ് യഥാർത്ഥത്തിൽ ക്രിസ്തുമസ്. തങ്ങൾക്ക് വേണ്ടാത്തവരെ അസാധുവായി പ്രഖ്യാപിക്കുവാൻ ഉന്നംപിഴച്ച ഭരണവർഗത്തിന് വ്യഗ്രതയുണ്ട്. ഔഗുസ്തോസ് കെെസറുടെ കാനേഷുമാരി അത്തരുണത്തിലുള്ള ഒരു നടപടി ആണ്. ഒരുതരം പൗരത്വ നിയമത്തിന്റെ നടപ്പിൽവരുത്തൽ! ജോസഫും മറിയവും പിതൃഭവനമായ ബേത് ലേഹേമിലേക്ക് യാത്ര തിരിക്കുന്നു. വഴിയമ്പലത്തിൽ ഇടം കൊടുക്കാഞ്ഞതും അവർ ‘വില’യില്ലാത്തവർ ആയതുകൊണ്ടാകാം. മിണ്ടാപ്രാണികൾക്ക് പ്രകൃതിയുടെ ചലനങ്ങൾ വേഗത്തിൽ അറിയാം എന്നതുകൊണ്ടാകാം കാലിത്തൊഴുത്ത് രക്ഷകന് പിറക്കുവാൻ ഒരുക്കപ്പെടുന്നത്. രക്ഷകന്റെ തിരുജനനത്തിന്റെ കാഹളം മുഴങ്ങുകയായി. അന്തരീക്ഷം ഗീതികളാൽ മുഖരിതമായി. ‘അത്യുന്നതങ്ങളിൽ ദെെവത്തിന് മഹത്വം… ഭൂമിയിൽ ദെെവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം… ’ ‘കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു… ’ ഈ ഗാനത്തിന്റെ പല്ലവികൾ അന്തരീക്ഷത്തിൽ അലയടിച്ചിട്ടും അത് കേട്ട് അതിന്റെ ഉൾക്കാമ്പ് തിരിച്ചറിഞ്ഞത് പാളയത്തിന് പുറത്തുള്ള ആട്ടിടയർ മാത്രം… വിലയും നിലയുമുള്ളവർ മതിമറന്ന് ഉറങ്ങുമ്പോൾ ‘വില’യില്ലാത്തവർ എന്ന് മുദ്രകുത്തപ്പെട്ടവർ ഉണർന്നിരുന്ന് സ്വർഗസംഗീതം കേട്ടു. തിടുക്കത്തിൽ തിരക്കിപ്പോകുകയാണ് ഉണ്ണിയെ കാണുവാൻ. അവർ ആദ്യ ക്രിസ്തുമസിന്റെ ഭാഗം ആയി. അരികുകളിൽ വസിക്കുന്നവരുടേത് ആകട്ടെ ക്രിസ്തുമസ്. രക്ഷകൻ വന്നത് വിമോചകനായാണ്. വിലയില്ലാത്തവർക്ക് വിലയും നിലയും നല്കുവാൻ. ക്രൂരന്മാർ ഉന്മൂലനം ചെയ്യുവാൻ ശ്രമിച്ചിട്ടും നടന്നില്ല. ഉദിച്ചു പ്രകാശിച്ചുകൊണ്ടേയിരുന്നു. 

ജ്ഞാനം എന്നത് ഉൾവെളിച്ചമാണ്. അത് ഉള്ളവരാണ് ജ്ഞാനികൾ… ജീവനെ ഞെക്കിക്കൊല്ലുന്ന വ്യവസ്ഥകളുടെ താണ്ഡവ നൃത്തങ്ങൾക്കിടയിലും അവർ വിമോചനത്തിന്റെ താരകശോഭ തിരിച്ചറിയുന്നു. വിമോചനത്തിനു… പുതിയ നിയമത്തിന് നാന്ദി കുറിച്ചുകഴിഞ്ഞു. താരകം ഉദിച്ചിരിക്കുന്നു. മേഘപടലങ്ങൾ അതിന്റെ ശോഭയെ മറയ്ക്കുവാൻ ആവോളം യത്നിക്കുന്നുണ്ട്. എന്നാൽ ഏവരേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു. ഇന്നിന്റെ പ്രശ്നം കാഴ്ച അല്ല, കാഴ്ചക്കപ്പുറം ഉൾക്കാഴ്ച ഉണ്ടാകുന്നില്ല എന്നുള്ളതാണ്. മങ്ങിയ കാഴ്ചകൾ കണ്ടുമടുത്ത ജ്ഞാനികൾ പുത്തൻ പ്രതീക്ഷകളുടെ കണ്ണടയുമായി യാത്ര പുറപ്പെട്ടു. വിമോചകനെ വണങ്ങുവാൻ യോഗ്യമായ സമ്മാനങ്ങളും അവർ കരുതുന്നു. ഈ യാത്രയും പങ്കപ്പാടുകളും സമ്മാനങ്ങളും ചെലവേറിയതല്ലേ…? അതുകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം…? അത് വേണോ…? വഴിയോരത്തുനിന്ന് ചോദ്യശരങ്ങൾ ഏറുകയാണ്. സുഖദമല്ലാത്ത കാലാവസ്ഥകൾ, പാതകൾ, മുള്ള്, കല്ല്, പറക്കാര, വന്യമൃഗങ്ങൾ, രോഗങ്ങൾ… ഇത് നഷ്ടക്കച്ചവടം അല്ലേ… കൺസൾട്ടന്റുകൾ സജീവമായി. അതേ സ്നേഹിതാ, നിലപാടുകൾ നഷ്ടക്കച്ചവടമാണ്. എന്നാൽ മാനവികതയുടെ പരിപോഷണനത്തിനായുള്ള നിലപാടുകളുടെ സൗന്ദര്യം വർണനാതീതമാണ്. അതിന്റെ മുന്നിൽ എന്ത് നഷ്ടം! ജീവനെ പുഷ്ടിപ്പെടുത്തുന്ന നിശ്ചയദാർഢ്യം ഒന്നുമാത്രം മതി ലാഭക്കണ്ണുകൾ മാത്രം കെെമുതലായുള്ള കഴുകന്മാരെ ആട്ടിപ്പായിക്കുവാൻ. ജ്ഞാനികൾ നിലപാടിന്റെ യാത്രയിലാണ്… രക്ഷകനെ കാണണം… വണങ്ങണം… അർപ്പിക്കണം… സത്യവെളിച്ചം അവർക്ക് മുൻപായി വഴികാട്ടിയായി സഞ്ചരിച്ചു; കൂടെ അന്തർയാമിയുടെ അടക്കംപറച്ചിൽ ‘വഴി തിരിഞ്ഞുപോകണം’. താരകം ഉദിച്ചുതന്നെ നിന്നു…
ഉദിച്ചുയരൂ താരകമേ… ഉയിരിന്നുണർവേകാൻ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.