“എത്രയോ കാര്യങ്ങളിൽ അച്ഛനെ മാതൃകയാക്കാനോ അനുകരിക്കാനോ എനിക്ക് സാധിച്ചിട്ടില്ല. അച്ഛനോളം നിസ്വനല്ല ഞാൻ. അത്രയും ലാളിത്യം അവകാശപ്പെടാനില്ല. എങ്കിലും അച്ഛൻ്റെ ഓർമകളുടെ ദീപ്തിക്കു മുന്നിൽ നിൽക്കാൻ എനിക്കു സങ്കോചമില്ല. ”
അധികാരത്തിൻ്റെ ഇടനാഴികളിൽ കാലിടറാതെയും തലകുനിക്കാതെയും നടന്നു നീങ്ങിയ, നിറകുടം തുളുമ്പില്ലാന്ന് ഇന്നും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു മകന്റെ വാക്കുകളാണ്. പ്രശസ്തനായ ഗാനരചയിതാവ്, കവി, ബ്യൂറോക്രാറ്റ്, വിവർത്തകൻ, ചിത്രകാരൻ.. കൈവച്ച മേഖലകളിലെല്ലാം സ്വർണ്ണത്തിളക്കം അവകാശപ്പെടാൻ കഴിയുന്ന മലയാളത്തിന്റെ നൈർമല്യം, കെ ജയകുമാർ ഐഎഎസ്.
ചില മനുഷ്യരെക്കുറിച്ചെഴുതാനിരിക്കുമ്പോൾ വാക്കുകൾ വിരൽത്തുമ്പ് വിട്ടിറങ്ങിപ്പോവും. അങ്ങനെയൊരവസ്ഥയിലാണ് ഞാനിപ്പോൾ. കവിതപോലെ അനർഗ്ഗളം പ്രവഹിക്കുന്ന ആ വാക് മഴ പകർത്തുവാൻ വാക്കുകൾ കിട്ടാതെ. നമ്മുടെ ചുണ്ടുകൾ മൂളാൻ കൊതിക്കുന്ന അത്രമേൽ മണമുള്ള പാട്ടുകൾ മലയാളിക്കു സമ്മാനിച്ച അദ്ദേഹത്തിൻ്റെ പാട്ടുവഴികളിലൂടെ ഒരു അനുയാത്ര..
പ്രൊഫഷണൽ ഗാന രചയിതാവായുള്ള ജയകുമാറിന്റെ ചുവടുവയ്പ് 85 ൽ പുറത്തിറങ്ങിയ ഒഴിവുകാലത്തിലെ ‘സായന്തനം നിഴൽ വീശിയില്ല.. ‘എന്ന ഗാനത്തിലൂടെയാണ്. യേശുദാസും എസ്. ജാനകിയും ചേർന്നനശ്വരമാക്കിയ ഈ ഗാനത്തിന് സംഗീതം നൽകിയത് ജോൺസൺ ആണ്.
”സായന്തനം നിഴൽ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല
പൊയ്പ്പോയ നാളിൻ മയിൽപീലി മിഴികളിൽ
നീലാഞ്ജനദ്യുതി മങ്ങിയില്ല…” ( ഒഴിവുകാലം 1985)
ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിൽ എത്തി നിൽക്കുന്ന രണ്ടു പേർ. മനസ്സിൽ ചെറുപ്പം കാത്തു സൂക്ഷിക്കുന്ന, ജീവിതത്തിന്റെ സായന്തനത്തിലും ജീവിതാസക്തി നഷ്ടപ്പെടാത്ത അവരുടെ വാങ്മയ ചിത്രം ഇതിലും മനോഹരമായി എങ്ങനെ വരച്ചിടാനാവും! തന്റെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടാണിതെന്ന് കെ ജയകുമാര്‍ പറയുമ്പോൾ ആ വാക്കുകളിൽ നക്ഷത്രത്തിളക്കം.
ആ ചിത്രത്തിലെ തന്നെ ലതികയും ആശാലതയും ചേർന്നു പാടിയ ”ചൂളം കുത്തും കാറ്റേ…” എന്ന മറ്റൊരു ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1985 ൽ തന്നെയാണ് ‘നീലക്കടമ്പ്’ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം മൂന്ന് പാട്ടുകൾ എഴുതുന്നത്. ”കുടജാദ്രിയിൽ കുടികൊള്ളും ദേവീ മൂകാംബികേ..”, ”ദീപം കൈയ്യിൽ സന്ധ്യാ ദീപം…”, ”നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ…” എന്നീ ഗാനങ്ങൾ. “കുടജാദ്രിയിൽ കുടികൊള്ളും ദേവി മൂകാംബികേ…” എഴുതുന്ന സമയത്ത് താൻ മൂകാംബികയിൽ പോയിട്ടില്ലെന്ന് അദ്ദേഹം പറയുമ്പോൾ ഈ ഗാനം നെഞ്ചിലേറ്റിയ ഭക്തർ ഒന്ന് നെറ്റി ചുളിക്കാതിരിക്കില്ല. ‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ…’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപെട്ടു. എന്നാൽ ശുദ്ധസാവേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ യേശുദാസും ചിത്രയും ചേർന്ന് പാടിയ,
“ദീപം കയ്യിൽ സന്ധ്യാദീപം…
ദീപം കണ്ണിൽ താരാദീപം…
ആകാശപ്പൂമുഖത്താരോ കൊളുത്തി-
യൊരായിരം കണ്ണുള്ള ദീപം… എന്ന ഗാനം രചനാഗുണം കൊണ്ടും സംഗീതം കൊണ്ടും മറ്റു രണ്ട് ഗാനങ്ങളേക്കാൾ മെച്ചമായിട്ടും ജനപ്രിയമായില്ല. എങ്കിലും ഈ ഗാനം ഇന്നും സംഗീതപ്രേമികളുടെ ഇഷ്ടഗാനശേഖരത്തിലുണ്ട്.. ഞാനിതെഴുതുമ്പോൾ എവിടെ നിന്നോ ആ വരികൾ ഒഴുകിയെത്തുന്നതു പോലെ…
“അന്തിവെയിൽ പൊന്നണിഞ്ഞ ശില്പകന്യകേ…
അഞ്ജന കൽമണ്ഡപത്തിൽ രഞ്ജിനിയായ് നീ വരില്ലേ…
ചഞ്ചലപദ ചഞ്ചലപദ ശിഞ്ജിതമോടെ…
ചന്ദനമണ വീഥികളിൽ ചന്ദ്രിക പോലെ…
എന്റെ ഗാനവീചികളിൽ ഇന്ദ്രലോകനർത്തകി പോൽ…” (നീലക്കടമ്പ് 1985).
ഒരു ദിവസം പോലും ചിത്രീകരണം നടക്കാതെ പോയ ഈ ചിത്രത്തിലെ മൂന്നു പാട്ടുകളും ഹിറ്റായി എന്നതും അതിശയമാണ്. ”എനിക്ക് പാട്ടെഴുതാൻവേണ്ടി മാത്രം തുടങ്ങിയ സിനിമയാണെന്ന് തോന്നിപ്പോവുന്നു” വെന്നാണ് ഇതേക്കുറിച്ച് കെ ജയകുമാർ ഒരിയ്ക്കൽ പറഞ്ഞത്. തുടർന്നങ്ങോട്ട് പരിമിതമെങ്കിലും എഴുതിയെതെല്ലാം മലയാളി നെഞ്ചിലേറ്റി.
1989 ൽ എം ടിയുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമയിലെ പ്രശസ്തമായ ഗാനം മൂളാത്തതായി ആരുണ്ട്?
”ചന്ദനലേപ സുഗന്ധം ചൂടിയതാരോ
കാറ്റോകാമിനിയോ…” മലയാളി ഹൃദയത്തിലേറ്റിയ ഈ ഗാനത്തിന്റെ രചനാ അനുഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ: ”മാധവിയും മമ്മൂട്ടിയുമാണ് രംഗത്ത്. നായിക കുളി കഴിഞ്ഞു പോവുന്നത് കണ്ടു നിൽക്കുന്ന കാമുകൻ. ഇന്നൊക്കെ ഒരാൾ കുളി കഴിഞ്ഞു പോയാൽ അയാൾ ഏത് സോപ്പാണ് ഉപയോഗിച്ചതെന്നറിയാൻ കഴിയും. അന്നതിനാവില്ല. അവർ ചന്ദനലേപമാണ് പൂശിയതെന്ന് ഞാനങ്ങ് സങ്കല്പിച്ചു. ഒരു പക്ഷേ ഇഞ്ച ആയിരുന്നിരിക്കാം ഉപയോഗിച്ചിരുക്കുക. അങ്ങനെ പല്ലവി എഴുതി. ചരണം പല പ്രാവശ്യം എഴുതിയിട്ടും എം ടി തൃപ്തനായില്ല. ഒടുവിൽ റെക്കോഡിംഗ് തുടങ്ങിയ ശേഷം മദ്രാസിൽ വച്ചാണ് രണ്ട് ചരണവും പൂർത്തീകരിക്കുന്നത്. അത് എം ടിയ്ക്കിഷ്ടമായി.
”ചെങ്കദളീ മലർ ചുണ്ടിലിന്നാർക്കു നീ
കുങ്കുമ രാഗം കരുതിവച്ചു ” എന്ന ചോദ്യമൊക്കെ അസ്സലായിട്ടുണ്ടെന്ന് എം ടി അഭിനന്ദിക്കുകയും ചെയ്തു. എം ടിയിൽ നിന്നൊക്കെ ഇങ്ങനൊരഭിപ്രായമുണ്ടാവുക അപൂർവമാണ്. ആ ഗാനത്തിലുടനീളം ചോദ്യങ്ങളാണ്. അതിനദ്ദേഹം പറയുന്നതിങ്ങനെ, ”കാമുകന്മാരുടെ സ്ഥായിയായ ഭാവം സന്ദേഹമാണ്.” എത്ര മനോഹരമായാണ് കാമുകൻ തന്റെ സന്ദേഹങ്ങൾ കാമുകിയുമായി പങ്കു വയ്ക്കുന്നത്. ബോംബേ രവി മോഹനരാഗത്തിൽ ചിട്ടപ്പെടുത്തി ഗാനഗന്ധർവന്റെ മാസ്മരിക ശബ്ദത്തിൽ പുറത്തിറങ്ങിയ ഈ ഗാനം മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷവും മലയാളി ഏറ്റു പാടുന്നത് ആ പ്രണയാക്ഷരങ്ങളുടെ ഭാവതീവ്രതകൊണ്ടു തന്നെയാണ്.
മക്കളൊന്നും സിനിമയിലെത്തരുതെന്നാഗ്രഹിച്ചിരുന്ന ഒരച്ഛന്റെ രണ്ട് മക്കൾ ഒരുമിച്ച ഒരു മനോഹര ഗാനമുണ്ട്. 1990 ൽ അനിയനായ ശ്രീക്കുട്ടൻ ആദ്യമായി സംവിധാനം നിർവഹിച്ച ‘പാവക്കൂത്ത്’ എന്ന സിനിമയിലെ ‘സാരംഗി മാറിലണിയും’ എന്ന ഗാനം. ജോൺസന്റെ സംഗീതത്തിൽ ഉണ്ണിമേനോനും രഞ്ജിനി മേനോനും ചേർന്നാലപിച്ച സുന്ദര പ്രണയഗാനം.
“ശ്രാവണോന്മാദ രാത്രിയിൽ നിന്നെത്തേടി ഞാൻ…”
ഇങ്ങനെ പറഞ്ഞിട്ടില്ലാത്ത ഏതു കാമുക ഹൃദയമുണ്ടാവും? ഒപ്പം ഒരിളം കാറ്റ് തഴുകി കടന്നു പോകുന്ന അനുഭൂതി പകരുന്ന ജോൺസൺ മാജിക്കു കൂടിയാവുമ്പോൾ ഏത് കാമുകിയുടെ മനസ്സാണ് പ്രണയാതുരമാവാത്തത്. കെ ജയകുമാറിന്റെ തൂലികയിൽ വിരിഞ്ഞ ഒരു പ്രണയോപനിഷത്ത് തന്നെയാണീ ഗാനം. 1991 ൽ ‘കിഴക്കുണരും പക്ഷി‘യിലെ മൂന്നു ഗാനങ്ങൾ. അതിൽ ”സൗപർണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ മൂകാംബികേ…” എന്നഗാനം ഹിറ്റായി.
തന്റെ തന്നെ ആദ്യ ഗാനങ്ങളിലൊന്നായ ”കുടജാദ്രിയിൽ കുടികൊള്ളും…” എന്ന ഗാനത്തേക്കാൾ നന്നാവണമെന്ന സംവിധായകൻ വേണു നാഗവള്ളിയുടെ ആവശ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞതായി കെ ജയകുമാറിന്റെ സത്യവാങ്മൂലം. ആ സിനിമയിലെ മറ്റു രണ്ടു പാട്ടുകളും ട്യൂണിട്ട് എഴുതിയപ്പോൾ ഈ പാട്ടെഴുതാൻ തന്നെ സ്വതന്ത്രനായി വിടണമെന്ന് വേണു നാഗവള്ളിയോടദ്ദേഹം ആവശ്യപ്പെട്ടു. പാഴ്സൺ ഹോട്ടലിലെ ആറു മണിക്കൂർ നീണ്ട ഏകാന്തവാസത്തിനൊടുവിൽ മൂകാംബിക ദേവിയെക്കുറിച്ചുള്ള എക്കാലത്തെയും നല്ല പ്രാർത്ഥന പിറവിയെടുത്തു.
1994 ൽ മോഹൻ സംവിധാനം ചെയ്ത ‘പക്ഷേ‘യിലെ ഗാനങ്ങൾ ഏറെ ഹിറ്റായി.
“സൂര്യാംശു ഓരോ വയൽപ്പൂവിലും
വൈരം പതിക്കുന്നുവോ…”
കെ ജയകുമാറിന്റെ വരികൾക്ക് ജോൺസന്റെ സംഗീതം. യേശുദാസും ഗംഗയും ചേർന്ന് പാടി അനശ്വരമാക്കിയ ഗാനം. ഉൻമത്തമായ മനസോടെ നിൽക്കുന്ന ഒരു നാട്ടിൻ പുറത്തുകാരന്റെ അവസ്ഥ കാവ്യാത്മകമായി പ്രതിഫലിക്കുന്ന പല്ലവി. പല്ലവി നന്നായാൽ പാട്ടു നന്നായി എന്ന് വയലാറിന്റെ ഗാനങ്ങൾ ചൂണ്ടിക്കാട്ടി അച്ഛന് ഓർമ്മിപ്പിക്കാറുണ്ടായിരുന്നെന്ന് ജയകുമാർ.
നായകൻ ഐഎഎസ് ഉദ്യോഗസ്ഥനായതുകൊണ്ടു മാത്രം ആത്മാംശമുണ്ടെന്നൊരാക്ഷേപം ഉയർന്നതും അദ്ദേഹം അനുസ്മരിക്കുന്നു. അതിലെ നായകനെപ്പോലെ താൻ അച്ചാരം വാങ്ങി അബ്കാരി മുതലാളിയുടെ മോളെ കല്യാണം കഴിച്ചിട്ടില്ലാന്നും, സൈക്കിളിൽ പിന്നിലിരുത്തി കൊണ്ടുപോവാൻ ഒരു കാമുകി പോലും അക്കാലത്തുണ്ടായിരുന്നില്ലെന്നും, ജീവിതത്തിന്റെ സായന്തനത്തിലും പ്രണയഭാവം മനസ്സിൽ സൂക്ഷിക്കുന്ന കവിയുടെ നർമ്മം കലർന്ന ഭാഷ്യം.
ആ ചിത്രത്തിലെ തന്നെ മറ്റൊരു ഗാനം..
“മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം
തീരങ്ങളിൽ ബാഷ്പദീപങ്ങളിൽ ഓരിതൾനാളമായ് നൊമ്പരം
രാവേറെയായ് പിരിയാനരുതാതൊരു നോവിൻ രാപ്പാടികൾ…” (പക്ഷേ 1994)
പുതിയ പാട്ടകളുടെ പോരായ്മയായി നിരൂപകർ ചൂണ്ടി കാട്ടുന്നത് ട്യൂണിട്ട് എഴുതുന്നതിനാൽ കാവ്യഭംഗി നഷ്ടപ്പെടുന്നു എന്നതാണ്. എന്നാൽ കാവ്യഭംഗി നഷ്ടപ്പെടാതെയും ട്യൂണിട്ട് രചന നടത്താമെന്ന് ജോൺസൺ മാജിക് കൂടിയായപ്പോൾ ഈ ഗാനം തെളിയിച്ചു.
1999ൽ ‘ഉത്രം നക്ഷത്രം’ എന്ന ചിത്രത്തിൽ ചിത്ര പാടി അനശ്വരമാക്കിയ പ്രണയഗാനം. കെ ജയകുമാറിന്റെ സൗന്ദര്യം തുളുമ്പുന്ന വരികൾക്ക് മോഹനരാഗത്തിൽ സണ്ണി സ്റ്റീഫൻ ഈണം പകർന്നപ്പോൾ നമ്മളറിയാതെ കേട്ടിരുന്നു പോവും.
“അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ
മധുരമെൻ മൗനവും പാടി…” ഏത് കാമുക ഹൃദയത്തേയും വല്ലാതെ തൊട്ടു നോവിക്കുന്ന വരികൾ. എങ്കിലും അസ്വസ്ഥമായ മനസിനെ ഒരു നനുത്ത നിലാസ്പർശം പോലെ തഴുകിപ്പോകും പ്രണയാർദ്രമീ വരികൾ.
2000 ൽ മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘മഴ’യില്‍ കവിത്വമുള്ളൊരു ഗാനം വേണം. പാടുന്നത് കവിത്വമുള്ളൊരു ഗായകനും. അതായിരുന്നു ലെനിൻ രാജേന്ദ്രന്റെ ആവശ്യം. ലെനിൻ രാജേന്ദ്രൻ നൽകിയ സ്വാതന്ത്ര്യമാണ് ആ ഗാനത്തിൻ്റെ വിജയമെന്നദ്ദേഹം. സിനിമയിലെ റൊമാന്റിക് സന്ദർഭത്തിനോട് ഇഴുകിചേർന്ന മനോഹരഗാനം.
”ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ-
ക്കെത്രകിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ
അവയെത്രയഴകുള്ളതായിരിക്കും…” അനുരാഗത്തിന്റെ പരിമളം പരത്തുന്ന വരികൾ. അയഥാർത്ഥമായ ലോകത്തെ വരച്ചിടുന്ന കവികൽപ്പന. പൂവുപോലും മൃദുലമാണ്. അപ്പോൾ പൂവിന്റെ സ്വപ്നങ്ങളോ അവ എത്ര മൃദുലമായിരിക്കും എന്ന് കവി ചോദിക്കുന്നു. അനായസ ലളിതമായി രവീന്ദ്രന്റെ ഈണം വരികളിലൂടൊഴുകിയപ്പോൾ ആസ്വാദക മനസിലേക്ക് ഒരു കുളിർമഴ പോലെ പെയ്തിറങ്ങുകയായിരുന്നു. ആ ഗാനത്തേക്കാൾ രചനാഗുണം കൊണ്ടും ചിത്രീകരണം കൊണ്ടും ശ്രദ്ധിക്കപ്പെടുമെന്ന് താൻ കരുതിയ ചിത്ര പാടിയ ‘മഞ്ഞിന്റെ മറയിട്ട…’ എന്ന ഗാനമാവട്ടെ ഇത്രമേൽ ശ്രദ്ധിക്കപ്പെടാതെയും പോയെന്ന് പറഞ്ഞ് അദ്ദേഹം അല്പനേരം മൗനിയായി.
ഇളയരാജ ഒഴികെ പ്രശസ്തരായ ഒട്ടുമിക്ക സംഗീത സംവിധായകരോടൊപ്പവും പ്രവർത്തിക്കാൻ കെ ജയകുമാറിന് കഴിഞ്ഞു. എങ്കിലും തനിക്ക് ഏറ്റവും സന്തോഷം ജോൺസണോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണെന്ന് കെ ജയകുമാര്‍ പറയുന്നു. ജയകുമാർ — ജോൺസൺ മാജിക്കിൽ വിരിഞ്ഞതൊക്കെയും വൻ ഹിറ്റുകൾ.
ശ്രദ്ധിക്കപ്പെട്ട പാട്ടുകളേക്കാൾ, രചനാഗുണമുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചില ഗാനങ്ങൾ തനിക്കേറെ പ്രിയതരമെന്ന് കവി.
രാഘവൻ മാഷിന്റെ സംഗീതത്തിൽ വേണുഗോപാൽ പാടിയ ”നക്ഷത്ര നാളങ്ങളോ പൊന്നു പുഷ്പിച്ച മൗനങ്ങളോ…” എന്ന ഗാനം നമ്മുടെ മനസിനെ ആർദ്രമാക്കും. കവിഭാവന ചിറകു വീശി പറക്കുകയാണ് അടുത്ത വരികളിൽ.
”കസവണി ഞൊറിയിഴക്കുള്ളിൽ വിളങ്ങും
കമനീയ ചന്ദ്രികയോ നീ കതിരാർന്ന കല്പനയോ…” എത്ര മനോഹരമായ കല്പന. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയെടുത്ത ‘ശശിനാസ്’ എന്ന സിനിമയിലായിരുന്നു ഈ ഗാനം. രാഘവൻ മാഷ് അസാധ്യമായി ചിട്ടപ്പെടുത്തിയ, യാതൊരു രചനാ ദോഷവുമില്ലാത്ത ഈ ഗാനം ശ്രദ്ധിക്കപ്പെടാത പോയെങ്കിലും, തന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് അദ്ദേഹം പറയുന്നു.
‘അഴിയാത്ത ബന്ധങ്ങ’ളിൽ, ശ്യാമിന്റെ സംഗീതത്തിൽ അമ്പിളിക്കുട്ടൻ പാടിയ പാട്ടും ശ്രദ്ധിക്കപ്പെടാതെ പോയതിൽ അദ്ദേഹത്തിന് നേരിയ നിരാശയുണ്ട്.
“കറുക തൻ കൈവിരൽ തുമ്പിൽ തുളുമ്പുന്ന
ഹിമകണമല്ലയോ നമ്മൾ
അതിനിടെ വിടരും മഴവില്ലുകൾ
ഒരു കൊച്ചു ജീവിത മധുരിമകൾ… ” ( അഴിയാത്ത ബന്ധങ്ങൾ )
കെ എസ് ചിത്രയ്ക്ക് അവാർഡ് കിട്ടിയെങ്കിലും അധികം പോപ്പുലർ ആവാതെ പോയ ഗാനമാണ് എന്റെ കാണാക്കുയിലിലെ “ഒരേ സ്വരം ഒരേ നിറം…” എന്നു തുടങ്ങുന്ന ഗാനം.
‘പൂത്തിരുവാതിര രാവിൽ’ എന്ന സിനിമയിൽ എം ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ
”പൂർണ്ണത തേടും ദീപങ്ങൾ
ലാവണ്യ കാമനകൾ…” എന്നു തുടങ്ങുന്ന ഗാനവും ”ഗന്ധർവരാവിന്റെ ഹൃദയനിമന്ത്രണം
പാതിരാ കോകിലമേറ്റു പാടി…” എന്ന ഗാനവും ഹിറ്റാവുമെന്ന് കരുതിയെങ്കിലും അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ‘കുഞ്ഞാറ്റക്കിളികൾ’ എന്ന ചിത്രത്തിൽ ജോസഫ് ചിട്ടപ്പെടുത്തി കെ എസ് ചിത്ര പാടിയ ഗാനം ”ആകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കൽ മണ്ഡപം…”, ‘അഴിയാത്ത ബന്ധങ്ങൾ’ എന്ന സിനിമയിൽ ശ്യാമിന്റെ സംഗീതത്തിൽ പിറന്ന,
“ഏതോ വസന്ത നിശ്വാസമോ
പേരറിയാത്ത വികാരങ്ങളോ…,” 2018ൽ ഇറങ്ങിയ ‘സ്ഥാനം’ എന്ന ചിത്രത്തിലെ ”കർത്താവേ നീയെന്നെ കൈ വെടിയല്ലേ… ” തുടങ്ങി രചനാഗുണമുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ധാരാളം ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1995 ൽ പുറത്തിറങ്ങിയ ‘തക്ഷശില’യിലെ, എം ജി രാധാകൃഷ്ണൻ ഈണം പകർന്ന ”തൂമഞ്ഞോ പരാഗം പോൽ… ” ശ്രദ്ധേയമായപ്പോൾ ഒരുപാട് അർത്ഥതലങ്ങളുള്ള ”വിലോലം സ്നേഹഗീതം…” എന്ന ഗാനം ശ്രദ്ധിക്കപ്പെടാതെ പോയി.
മലയാള ചലച്ചിത്ര ഗാനലോകത്ത് വലിയ മാറ്റം വന്ന ഒരു കാലഘട്ടത്തിലാണ് കെ ജയകുമാർ ഗാനരചനാ ലോകത്തിലേക്ക് കടന്നു വരുന്നത്. സാഹിത്യ മൂല്യത്തേക്കാൾ സംഗീതത്തിന് ഗാനങ്ങളിൽ പ്രാധാന്യമേറി തുടങ്ങിയിരുന്നു. ട്യൂണിട്ട് രചന നടത്തേണ്ടി വന്നപ്പോഴും സാഹിത്യ മൂല്യം കൈമോശം വരാത്ത ഒരു പിടി നല്ല ഗാനങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്. 100 ലേറെ സിനിമകളിലായി നാനൂറിലേറെ ചലച്ചിത്ര ഗാനങ്ങൾ… തിരഞ്ഞെടുത്ത പാട്ടുകൾ ഉൾപ്പെടുത്തി ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ‘സൗപർണികാമൃതം’ ഉടൻ പ്രകാശനം ചെയ്യും.
സിനിമാ ജീവിതവും സാഹിത്യ ജീവിതവും ഔദ്യോഗിക ജീവിതത്തെ ബാധിക്കരുതെന്ന നിഷ്ഠയും അതിന് സ്വയം തീർത്ത അതിർവരമ്പുകളുമൊക്കെ പല പ്രൊജക്ടുകളും ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്. എങ്കിലും ഒരു മുഴുവന്‍ സമയ ഗാനരചയിതാവല്ലാഞ്ഞിട്ടു കൂടി പ്രഗത്ഭരായ ഗാനരചയിതാക്കൾ നിറഞ്ഞു നിന്നിരുന്ന മലയാള ചലച്ചിത്ര ഗാനലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കെ ജയകുമാറിന് കഴിഞ്ഞു. ഒരു പക്ഷേ, ഭാരിച്ച ഉത്തരവാദിത്തമുള്ള ഒരു ബ്യൂറോക്രാറ്റല്ലായിരുന്നെങ്കിൽ, ഒരു മുഴുവന്‍ സമയ ഗാന രചയിതാവും കവിയുമായിരുന്നെങ്കിൽ അത്രമേൽ മണമുള്ള എത്ര ഗാനങ്ങൾ ആ തൂലികയിൽ വിരിയുമായിരുന്നു..!
ഒരിയ്ക്കൽ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഓർത്തു പോവുന്നു.
“ഇപ്പൊഴും എന്റെ മനസുനിറയെ പ്രണയമാണ്. ഒരു പ്രണയിനിയുടെ അനുരാഗത്തിന്റെ പരിമളം എനിക്കിപ്പോഴും ഉൾക്കൊള്ളാൻ സാധിക്കും. മനസ് ഇങ്ങനെ സദാ സന്തോഷമായിരിക്കുമ്പോൾ എന്നിൽ ഭാവനകളും സങ്കൽപ്പങ്ങളും വന്നു കൊണ്ടേയിരിക്കും. അപ്പോൾ കവിതകളും ഗാനങ്ങളും പിറക്കും…”
സപ്തതിയിലേക്ക് നീങ്ങുമ്പോഴും കവിഹൃദയം പ്രണയാതുരമാണ്. പ്രണയാതുരമായ കവിമാനസത്തിനൊപ്പം നമ്മളും മൂളുന്നു,
“സായന്തനം നിഴൽ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല
പൊയ്പ്പോയ നാളിൻ മയിൽപീലി മിഴികളിൽ
നീലാഞ്ജനദ്യുതി മങ്ങിയില്ല…”
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.