
ആദ്യ വിദേശ യാത്രയുടെ ത്രില്ലിലാണ് സമ്പന്നമായ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നായ മലേഷ്യയിലേക്ക് കൊലാലമ്പൂരിൽ പറന്നിറങ്ങിയത്. വിദേശികളെ സ്വന്തം നാട്ടിലേക്ക് സ്വീകരിക്കുന്നതിൽ അവിടുത്തെ എമിഗ്രേഷൻ വിഭാഗത്തിലെ ജോലിക്കാരുടെ ഉത്സാഹവും ചുറുചുറുക്കും അതിശയിപ്പിക്കുന്നത്. മുൻകൂട്ടി ഏർപ്പെടുത്തിയ റോഡ് യാത്രാ സംവിധാനത്തിൽ നേരെ ചെന്നു കയറി. ഇവിടെ നിന്നും എഴുപത് കിലോമീറ്റർ അകലെ ക്വലാലംപൂരിലെ Leboh Ampangലുള്ള പതിനാല് നില കോസ്മോ ഹോട്ടലാണ് ലക്ഷ്യം. നിരവധി സ്ഥലങ്ങളും സ്ഥാപനങ്ങളും കാണുവാനുണ്ടെന്നത് ഉള്ളിൽ കൗതുകവും ആവേശവും നിറച്ചു. വഴിയോരക്കാഴ്ചകൾ അതിന് പുറമെ. വിനോദ സഞ്ചാരി എന്ന തരത്തിൽ പട്ടണക്കാഴ്ചകളിലൂടെയാണ് കൂടുതലും സഞ്ചരിച്ചത്. ആകാശം നോക്കി വളർന്നു നിൽക്കുന്ന വൻ ബഹുനില നിർമ്മിതികൾ ആർക്കിടെക്ചറും എഞ്ചിനീയറിങ്ങും സമന്വയിച്ച വൈദഗ്ധ്യങ്ങളുടെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ്. ഗതാഗത സംവിധാനം സുഗമമായി ഒഴുകുന്നു, പലതട്ടുകളിലായി. പൊലീസിന്റെ സാന്നിധ്യം പലപ്പോഴും കണ്ടില്ല. എല്ലാം മൂന്നാം കണ്ണ് (സിസിടിവി) ശ്രദ്ധിക്കുന്നുണ്ടാവാം, നിയന്ത്രിക്കുന്നുമുണ്ടാവാം. പാതയുടെ ഇരുപുറവും പച്ചിലച്ചാർത്തായി മരങ്ങൾ നിരയായുണ്ട്. യഥേഷ്ടം പൂക്കളും. വാഹനങ്ങൾ തള്ളുന്ന കാർബൺ മോണോക്സൈഡിനെ നേർപ്പിക്കൽ പച്ചില സാധ്യമാക്കും. അങ്ങനെ വായു ശുദ്ധീകരണം ഉറപ്പാക്കുന്നുണ്ട്. പട്ടണത്തിൽ നിന്നും വനത്തിലേക്ക് കുറച്ചു ദൂരം മാത്രം. വെയിലും മഴയും പൊടുന്നനെ മാറി മാറി വരും എന്നതാണ് പൊതു കാലാവസ്ഥ. ഓട്ടോറിക്ഷകൾ കണ്ടതേയില്ല.
ക്വലാലംപൂരിൽ നിന്നും നൂറ്റമ്പതോളം കിലോമീറ്റർ യാത്രചെയ്താൽ മലേഷ്യയിലെ മലാക്ക സ്റ്റേറ്റിന്റെ തലസ്ഥാനമായ മലാക്കയിൽ എത്താം. ഇതൊരു പുരാതന നഗരമാണ്. യുനെസ്കോ അംഗീകരിച്ച ഹെറിറ്റേജ് സിറ്റി. പഴമയെ പുതുമയോടെ സംരക്ഷിക്കുന്നു, പഴമ ചോരാതെ. മലയാളികൾക്ക് ഇവിടം മറ്റൊരു മാട്ടാഞ്ചേരിയാവാം. ഉച്ചവെയിൽ കത്തുന്ന നേരത്താണ് അവിടെ എത്തിയത്. കാൽനടയായി ജോങ്കര്‍ തെരുവിലേക്കാണ് ആദ്യം പോയത്. വെയിലിനെ നേരിടാൻ പാകത്തിനുള്ള കണ്ണടയും തലയിൽ ഷെയ്ഡറുള്ള വട്ട തൊപ്പിയും വച്ച് നടന്നു ചെന്ന് ചെന്ന് ചെങ്ഹൂണ്‍ ടെങ് ടെമ്പിളിൽ എത്തി. മതമൈത്രിയുടെ കഥ പറയുന്ന ഒരിടമാണിത്. ബഹുമാനപൂർവം അതിനകത്ത് കയറി. പ്രധാന കവാടത്തിൽ വഴിയടച്ച് കൂടിനിൽക്കരുത് എന്നാണ് ലഭിച്ച നിർദ്ദേശം. ആ ആരാധനാലയ പരിസരം അവർ പരിപാവനമായി പരിപാലിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു അത്. ഇത് യുനെസ്കോ അംഗീകാരമുള്ള പുരാതന ചൈനീസ് ടെമ്പിളാണ്.
ചൈനാ ടൗൺ ഇതിന് സമാന്തരമായ മറ്റൊരു റോഡിലാണ്. എ ഫമോസ കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടു. സെന്റ് പോൾസ് ചർച്ചിന്റെ പടവുകൾ കയറി ചെന്നു. പഴമയുടെ കഥ പറയുന്ന നിർമ്മാണാംശങ്ങൻ പലതുണ്ടവിടെ. പള്ളിയുടെ മതിൽ കെട്ടിനകത്ത് നിന്നും ചുറ്റും നോക്കിയാൽ മലാക്ക നഗരത്തിന്റെ ഒരു വിഹഗ വീക്ഷണം സാധ്യമാണ്. താഴെ ഇറങ്ങി വന്നപ്പോൾ റോഡിലൂടെ ഉച്ചത്തിൽ പാട്ടുവച്ച് അലങ്കരിച്ച സൈക്കിളിൽ സഞ്ചാരികളെയും കൊണ്ട് പോകുന്നത് കൗതുകക്കാഴ്ചയായി. അൽപം മാറി ഒരിടത്ത് ‘ഐ ലൗ മലാക്ക’ എന്ന് ഇംഗ്ലീഷിൽ എഴുതിയ സെൽഫി പോയിന്റുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ പകർത്താൻ പലരും ഊഴം കാത്തു നിൽപായിരുന്നു. തൊട്ടടുത്ത് ഇലച്ചാർത്ത് കുടപിടിച്ച വൻ തണൽമരങ്ങളുണ്ട്. ഉയരെ നിന്നും താഴേക്ക് അടിച്ചെത്തുന്ന കാറ്റേറ്റ് പലരും ഗാർഡൻബെഞ്ചിൽ ഇരിക്കുന്നു. ഒഴിഞ്ഞ ഒന്നിൽ ചെന്നിരുന്നപ്പോൾ താങ്കൾ എവിടെ നിന്നാണ് എന്ന ചോദ്യം അതിശയമായി. കേരളത്തിൽ നിന്നും വന്ന ഒരു യാത്രാസംഘത്തിലെ അംഗമായിരുന്നു. തമിഴരെയും നമ്മളെയും ഒറ്റ നോട്ടത്തിൽ അവിടെ കൃത്യമായി തിരിച്ചറിയില്ല. മലേഷ്യയിൽ മലയാളം പറയുന്ന ഞങ്ങളെ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ജോങ്കർ തെരുവിന്റെ ഓരത്തെ ചെറു കടകളിൽ പലതരം തെരുവ് വിഭവങ്ങൾ കഴിക്കാൻ തയ്യാറാക്കുന്നത് കണ്ടു. വൈകുന്നേരം ദീപാലങ്കാരവും സംഗീതവും മറ്റ് മേളങ്ങളുമായി തിരക്കോട് തിരക്കാവുമത്രേ. ഇവിടുത്തെ ക്രിസ്പി ഫ്രെഞ്ച് ഫ്രൈസാണ് സ്പെഷ്യൽ ഇനം. ചൈനാ ടൗണിലെ തിരക്കിന് സമയഭേദമില്ലെന്നും ഗൈഡ് പറഞ്ഞു. പലതരം സംഗീത വിരുന്നും ഈ തെരുവിൽ ലൈവായി ഒരുക്കാറുണ്ട്. ആഘോഷ സീസണിൽ അവ അതിന്റെ പാരമ്യത്തിലാണ് അരങ്ങേറുക. വിനോദം ഒരു ഔഷധമാകുന്ന വിദ്യ ഇതിന്റെ ഭാഗമാണെന്ന് പറയാം. അപ്പുറത്തായുള്ള മൻസൂർ ഷായുടെ സുൽത്താനേറ്റ് പാലസ് കരവിരുതിന്റെയും കണക്കിന്റെയും സങ്കലന വൈഭവമാണ് കാണികൾക്കായി അണിഞ്ഞ് നിൽക്കുന്നത്. പിന്നെ, ആർട്ട് ഗ്യാലറി ആന്റ് യൂത്ത് മ്യൂസിയം ക്രൈസ്റ്റ് ചർച്ച്, റെഡ് സ്ക്വയർ (ഡച്ച് സ്ക്വയർ), പോർച്ചുഗീസ് ഡോംസ് എന്നിവയും കാണാനുണ്ട്. ആളുകളില്‍ പലരും പലേടത്തും സിഗരറ്റ് വലിക്കുന്നു. സിഗരറ്റിന് അൽപം വണ്ണം കൂടുതലാണ്.
കനോലി കനാൽ പോലെ പണ്ട് ചരക്ക് നീക്കം മലാക്ക നദി(Mungai Melaka)യിലൂടെയായിരുന്നത്രേ. ഈ നദിയിലെ ക്രൂയിസ് യാത്ര മറ്റൊരു അനുഭൂതിയാണ്. പലതരം പാലങ്ങൾക്ക് കീഴെ ഓളം തള്ളിയങ്ങനെ. ഇരുകരയും ദൃഢമായി കെട്ടിയുറപ്പിച്ച് വെള്ളം നിറച്ച പോലെ. എല്ലായിടത്തും ഒരേ നിരപ്പിൽ വെള്ളം ശേഖരിച്ചതാണെന്നേ തോന്നൂ. വശങ്ങളിലെ വീടുകൾക്ക് മഞ്ഞ, പിങ്ക്, പച്ച, നീല എന്നീ നിറങ്ങൾ പൂശിയിരിക്കുന്നു. ഹിന്ദു, ക്രിസ്ത്യൻ മുസ്ലിം, ബുദ്ധ എന്നിങ്ങനെ തിരിച്ചറിയാനാവും ഇതെന്ന് കൂട്ടത്തിൽ ആരോ തമാശിച്ചു. വളവുകൾ തിരിഞ്ഞ് മുന്നേറുമ്പോൾ പുതിയ പുതിയ കാഴ്ചകൾ ഇതാ നോക്കൂ എന്ന് യാത്രക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുന്നുണ്ട്. ഒരു ഭാഗത്ത് ഏറെപഴയ കുറേ മലാക്കൻ പരമ്പരാഗത വീടുകളാണ്. അവയുടെ മുകൾ ഭാഗം കൂർത്ത് വശങ്ങൾ ചരിഞ്ഞ രൂപത്തിലാണ്. ഓരോ വീടുകൾക്ക് ചുറ്റിലും ധാരാളം ചെടികളും പലവിധ പൂക്കളുമാണ്. ഈ ജലയാത്ര അവസാനിക്കുന്നിടത്ത് ഇറങ്ങി പോരുമ്പോൾ ക്രൂയിസ് ക്യാപ്റ്റനോട് നന്ദി പറഞ്ഞു.
ദാഹവും ക്ഷീണവും അകറ്റാൻ നദിയുടെ കരയിൽ ഇളനീർ വില്പന കേന്ദം കണ്ടു. ഒരു പ്രത്യേക തരത്തിൽ ഇളനീർ ചെത്തി ഉരുണ്ട രൂപത്തിൽ കാമ്പ് ചുരണ്ടിയെടുത്ത് പ്ലാസ്റ്റിക് പാത്രത്തിൽ വച്ച് തരും. അതിൽ തുളച്ച് സ്ട്രോയിട്ട് കുടിക്കുക. അത് തയ്യാറാക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും രീതികൾ നോക്കി നിന്നു. വില എന്തെന്ന് അറിയില്ല. ഒരു വിധം വിലയും മനസ്സിലാക്കി ഓർഡർ ചെയ്തു. ആവശ്യപ്പെട്ടാൽ കഴിക്കാൻ പാകത്തിന് കാമ്പ് കഷ്ണങ്ങളാക്കി തരും.
ഹോട്ടലുകളിൽ എഴുതിയിട്ട അഭ്യർത്ഥന, ആഹാരത്തോട് ഇവർക്കുള്ള കരുതൽ, സഞ്ചാരികളെ ചിന്തിപ്പിക്കും. “Don’t waste food”. ചിലേടത്ത് ഒന്നൂടെ കടന്ന്, പാഴാക്കുന്ന ഭക്ഷണത്തിന് ഫൈൻ അടിക്കും എന്നുമാണ് ബോർഡ്. മറ്റൊന്ന് ആരോഗ്യ സംബന്ധിയാണ്. അതിങ്ങനെ: “Eat vegetables, save health.”
Gentingലെ ലോകോത്തര ഹോട്ടൽ, ചൂതാട്ട കേന്ദ്രം (casino), സ്കൈ വേയിലെ കേബിൾ കാർ, മുരുകൻ ക്ഷേത്രം (Batu caves), യുദ്ധ സ്മാരകം (war memorial), Aquaria (കൃത്രിമ ആവാസവ്യവസ്ഥയിലെ മത്സ്യങ്ങളുടെ അത്ഭുത ലോകം), KL Tower (421m ഉയരം), പെട്രോണാസ് (Twin Tower), സ്വാതന്ത്ര്യത്തിന്റെ ചത്വരം (Independence square), പിങ്ക് മോസ്ക് ( Masjid Puthra), ഗ്രീൻ മോസ്ക്, മൈ ദിൻ(Mydin), ചൈനീസ് ചന്ത (Chinese Market) എന്നിങ്ങനെ വിവിധ വിനോദ കാഴ്ചാകേന്ദ്രങ്ങളാണ്.
മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലെ ആധുനിക കോൺക്രീറ്റ് കാടുകളിൽ നിന്നും യഥാർത്ഥ കാടുകളിലേക്ക് അതിദൂരമില്ല. കാടിനെ പകുത്ത് നീളെ കിടക്കുന്ന നെടുങ്കൻ പാതകളിൽ, വെള്ളത്തിൽ മീനുകൾ എന്നപോലെ വിവിധ വാഹനങ്ങൾ നിരയിട്ട് നിറഞ്ഞൊഴുകുകയാണ്. സ്മാർട്ട് ലൈനാണ് ദീർഘ പാതകൾ മിക്കതും. Keep distance, sound horn എന്നിത്യാദി സൂചനകൾ എഴുതിയത് കണ്ടില്ല. നിയമം റോഡിലും സിവിൽ മേഖലയിലും പാലിക്കാനുള്ളതാണെന്ന് നാം ഇവരിൽനിന്നും പഠിക്കണം. പതിമൂന്ന് സംസ്ഥാനങ്ങളുള്ള ഈ രാജ്യത്തിന്റെ ഭരണ കേന്ദ്രം പുത്രജയയിലാണ്.
ജന്റിങ്ങില്‍ എത്തുമ്പോൾ വൈകുന്നേരം നാല് മണി. ഇന്ത്യൻ സമയത്തേക്കാൾ രണ്ടര മണിക്കൂർ മുന്നിലാണ് മലേഷ്യൻ സമയം. ഭൂനിരപ്പിൽ നിന്നും ലിഫ്റ്റിൽ ഉയരെ ഏതോ നിലയിൽ എത്തി. അവിടെ ‘സ്കൈ വേ‘എന്ന് നീല നിറത്തിൽ എഴുതിക്കണ്ടു. കേബിൾ കാറിലേക്കുള്ള പ്രവേശനം ഇവിടെയാണ്. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള രണ്ട് ടിക്കറ്റുകൾ ഗൈഡ് ഷംസുദ്ദീൻ കയ്യിൽ തന്നു. ഒന്ന് തിരിച്ചു വരാനുള്ളതാണ്, കളയാതെ സൂക്ഷിക്കണം, എന്ന് പ്രത്യേകം നിർദ്ദേശം തന്നു. ഓട്ടോമാറ്റിക് യന്ത്രം ടിക്കറ്റ് സ്കാൻ ചെയ്ത് എന്നെ കടത്തി വിട്ടു. നടന്ന് ചെന്നത് കേബിൾ കാറിലേക്ക്. സബർബൻ പോലെ വേഗം കുറഞ്ഞ് നീങ്ങുന്ന ഒരു ക്യാബിനിൽ ചാടിക്കയറി. ഇരുപുറവും തിരിഞ്ഞ് നാല് പേർ വീതം ഇരിക്കാവുന്ന വിധമാണ് ഇരിപ്പിടം. എട്ട് പേർ കയറിയതോടെ റിമോട്ട് നിയന്ത്രണത്തിൽ വാതിലുകൾ അടഞ്ഞു. ഉരുക്ക് കയറിൽ തൂക്കിയിട്ട പോലെ ഘടിപ്പിച്ച ഈ പേടകം ഞങ്ങളേയും കൊണ്ട് നീങ്ങി. താഴ്ചയും ഉയർച്ചയും ഇടവിട്ട് ഉണ്ടായിരുന്നു, കാരണം ചെങ്കുത്തായ രണ്ട് മലകൾ തമ്മിലാണ് ഈ സംവിധാനം ബന്ധിപ്പിക്കുന്നത്. നിബിഡമായ കാടിന് മുകളിലൂടെയാണ് ഈ സ്കൈ വേ. കാടുകൾ പലതും കണ്ടിട്ടുണ്ട്, കാട്ടിൽ കയറിയിട്ടുമുണ്ട്. അപ്പോഴെല്ലാം ഭൂമിയിൽ നിന്നുള്ള കാഴ്ചയേ സാധ്യമായുള്ളൂ. ഈ യാത്രയിലെ അനുഭവം ഡ്രോൺ കാഴ്ചയ്ക്ക് തുല്യമായി. ചിറകില്ലാപക്ഷിയായി പറന്നപ്പോൾ കാടിന്റെ തനത് സംഗീതം ഇടവിട്ട് കേട്ടു. കാഴ്ചകളിലേക്ക് ശ്രദ്ധിച്ചപ്പോൾ തുടക്കത്തിൽ തോന്നിയ പേടി വിട്ട് പോയി.
ജന്റിങ്ങിലെ 7351 മുറികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ കാണുകയെന്നത് അടക്കി വെച്ച ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. കേബിൾ കാറിൽ നിന്നിറങ്ങിയപ്പോൾ തണുപ്പൻ കാറ്റും മഞ്ഞുമാണ് അവിടെ എതിരേറ്റത്. ചൂതാട്ട കേന്ദ്രത്തിലേക്കുള്ള പ്രവേശന വാതിൽക്കൽ തോക്കുമായി സുരക്ഷാ ചുമതലക്കാർ കറുത്ത യൂണിഫോമിൽ തിളങ്ങുന്ന സ്ഥാനമുദ്രകൾ ധരിച്ച് നിൽപ്പാണ്. ഞങ്ങളുടെ കൂട്ടത്തിൽ പ്രായം കുറഞ്ഞവരും ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ സെക്യൂരിറ്റി തടഞ്ഞു, വയസ് ചോദിച്ചു. ഒരാൾ സത്യസന്ധമായി പതിനെട്ട് എന്ന് പറഞ്ഞപ്പോൾ പ്രവേശനം വിലക്കി. തരികിട പറയാൻ ശ്രമിക്കവെ അവർ പാസ്പോർട്ട് കാണിക്കാൻ ആവശ്യപ്പെട്ടു. നിയമം അവിടേയും സ്വാഭാവികമായി നടപ്പായതിനാൽ ഇരുപത്തൊന്ന് തികയാത്ത ആ കുട്ടികളെ പുറത്ത് നിർത്തി ഞങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കാസിനോയിലേക്ക് കടന്നു. നേട്ടം പ്രതീക്ഷിച്ച് ചൂതാടുന്നവർ പൊളപ്പൻ ഇലക്രോണിക് സ്ക്രീനിൽ കണ്ണുനട്ട് നിവർന്നും കുനിഞ്ഞും ഇടയ്ക്ക് ഒരു സിപ്പ് ലഹരി നുണഞ്ഞും ഇരിപ്പാണ്. അകത്ത് സെൽഫിയെടുക്കാൻ ആരോ ശ്രമിച്ചപ്പോഴും സെക്യൂരിറ്റി തടഞ്ഞു. No photography & no video graphy എന്ന് ഇംഗ്ലീഷിൽ നിഷ്കർഷിച്ചു.
ജന്റിങ് ഗ്രാന്റ് കോംപ്ലക്സ് എന്ന കൂറ്റൻ ബഹുനില കെട്ടിടത്തിന് പല ഉപഭാഗങ്ങളാണ്. ഓരോന്നിലും ഏറെ എക്സ്പ്ലോർ ചെയ്യാനുണ്ട്. അതിനുള്ളിൽ കയറിയാൽ സമയമാപിനിയിലെ സൂചികൾക്ക് ചലനവേഗം കൂടിയതായി തോന്നും. നിറങ്ങൾ, രുചികൾ, വേഷങ്ങൾ, ശബ്ദങ്ങൾ മറ്റ് അനേകം കാഴ്ചകൾ എന്നിവയുടെ ആഘോഷകേന്ദ്രമാണ് Genting Grand, Highlands Hotel, Resort Hotel എന്നിവ ചേർന്ന ഹോട്ടൽ സമുച്ഛയം. ഹൈഡ്രോ പോണിക്സ് രീതിയിൽ ഹോട്ടലിനുള്ളിൽ വളർത്തിയ Leaf Lettuce, ഓർഡർ പ്രകാരം ലൈവായി, ഭക്ഷണമാക്കി കൊടുക്കുന്നത് അൽപനേരം നോക്കി നിന്നു. ആ റസ്റ്റോറന്റിൽ “Eat vegetables and save health” എന്ന് എഴുതിയത് ഒരാഹ്വാനവും മുന്നറിയിപ്പുമായി വായിച്ചു.
മലേഷ്യയുടെ അടയാള നിർമ്മിതിയാണ് പെട്രോണാസ് ട്വിൻ ടവർ. ബുർജ് ഖലീഫ വന്നിട്ടും മറ്റൊരുതരത്തിൽ തലപ്പൊക്കത്തിൽ മുന്നിൽ തന്നെ. ഇത് ഇന്നും ലോകത്തെ ഉയരം കൂടിയ ഇരട്ട ടവറാണല്ലോ. ഇതിനെ, ചിത്രം കണ്ടും വായിച്ചും അറിയുമെങ്കിലും, നേരിൽ കണ്ട് അതിന്റെ പശ്ചാത്തലത്തിൽ സ്വന്തം ഫോട്ടോ പകർത്തും എന്നത് മോഹമായിരുന്നില്ല. പക്ഷെ, ഇതാ ലോകപ്രശസ്ത ട്വിൻ ടവറിന് സമീപം എത്തിയിരിക്കുന്നു. ആർക്കിടെക്ചർ ആന്റ് എഞ്ചിനീയറിങ് മികവിന്റെ ബ്ലണ്ടിംഗ് ഏതൊരു കാഴ്ചക്കാരേയും അതിശയിപ്പിക്കും. പകലിനെ അപേക്ഷിച്ച് സന്ധ്യയ്ക്കും ശേഷമുള്ള ദീപപ്രഭയിലെ കാഴ്ചയും ഹൃദയഹാരിയാണെന്ന് കാണികൾ സമ്മതിക്കാതെ തരമില്ല. വീഥിയിലൂടെ വേഗം പകർന്ന് നഗരം ചുറ്റുമ്പോൾ പലപ്പോഴും കണ്ടിരുന്ന മറ്റൊരു കെട്ടിടമാണ് warison mardeka tower. Soccer ടൂർണമെന്റിന്റെ പേരിലും പ്രസിദ്ധമായ മർഡേക്ക സ്റ്റേഡിയവും ഓർമ്മയിലെത്തി.
റോഡിലൂടെ പട്ടണം ചുറ്റുമ്പോൾ പല ദിശകളിൽ നിന്നും ദൂരെയായി ഒറ്റ പില്ലർ പോലെ കണ്ടിരുന്ന ഗോപുരമാണ് KL Tower. വണ്ണവും നീളവും ഒത്ത മലേഷ്യൻ ഇരൂൾ പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നിയത്. നൂറ്റി നാൽപത്തൊന്ന് മീറ്റർ ഉയരമുള്ള ഇതിന്റെ മുറ്റത്ത് എത്തുമ്പോൾ അവിടെ മനോഹരമായി അലങ്കരിച്ച സെൽഫി പോയിന്റ് ആരും നഷ്ടപ്പെടുത്തില്ല. ആറ് നിലയുള്ള ടവറിലെ ലിഫ്റ്റിൽ മുകളിൽ ചെന്നാൽ വട്ടച്ചുവരിൽ ചുറ്റുമായി കട്ടി ചില്ലിട്ട് കാഴ്ചക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നും താഴേക്കും ദൂരേക്കും നോക്കാൻ ശേഷി കൂടിയ ബൈനോക്കുലറുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയിലൂടെ നോക്കിയാൽ ക്വലാലംപൂർ നഗരത്തിന്റെ പക്ഷിക്കൺ നോട്ടം ലഭിക്കും. ഈ ഭീമൻ തൂണുപോലുള്ള ഉരുളൻ കെട്ടിടം ഇവിടുത്തെ ടെലികമ്യൂണിക്കേഷൻ സംവിധാനം സുഗമമാക്കുന്നതിനായിട്ടുള്ളതാണ്. റംസാൻ, പെരുന്നാൾ പോലുള്ള സന്ദർഭങ്ങളിൽ ചന്ദ്രോദയം കാണാൻ ഈ ടവർ ഉപയോഗിച്ചിരുന്നു എന്നാണ് ഞങ്ങളുടെ സഹായി സാനി വിവരിച്ചത്. ഈ ടവറിലെ മുഗൾ ഹോട്ടലിൽ നിന്നും, വിശപ്പ് കത്തിയ ഉച്ചയ്ക്ക്, സുഭിക്ഷമായ ഇന്ത്യൻ ഭക്ഷണം കഴിച്ചു.
2025ലെ ആസിയാൻ(ASEAN) രാജ്യങ്ങളുടെ ഉന്നതതല യോഗം നടക്കുന്നതിന്റെ വിളംബരമായി വമ്പൻ കമാനങ്ങൾ പാതയോരങ്ങളിൽ പ്രദർശിപ്പിച്ചത് കണ്ടു. പക്ഷെ, ഫ്ലക്സ് ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ചില മേഖലകളിൽ കർക്കശമായ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാൽ സന്ദർശനത്തിന് കരുതിയ ഇറ്റിനറി പ്രകാരമുള്ള മുൻഗണനാക്രമം മാറ്റേണ്ടി വന്നു. അങ്ങനെ നാഷണൽ പാലസ് ചെന്ന് കണ്ടു. അവിടെ പഴയകാല രാജപ്രൗഡിയിൽ ആചാരവേഷത്തിൽ ഒരു ഭടൻ വാളുമേന്തി കുതിരപ്പുറത്ത് ഇരിക്കുന്നത് ഫ്രെയിമിൽ പകർത്തി. തിരിച്ച് നടക്കുമ്പോൾ മലയാളികളായ മറ്റൊരു യാത്രാസംഘത്തെ കണ്ടു, മിണ്ടി. വാർ മെമ്മോറിയലിലെ ശില്പവും സ്തൂപവും മറക്കാവതല്ല! വൈദേശീയ അധിനിവേശ കാലത്ത് മലേഷ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവൻ ത്യജിച്ചവരുടെ സ്മരണയ്ക്ക് എന്നതാണ് ദീർഘചതുര സ്തൂപത്തിൽ കൊത്തി പതിച്ചത്.
ക്വലാലമ്പൂരിൽ നിന്നും പതിനഞ്ചോളം കിലോമീറ്റർ അകലെ വടക്ക് ദിശയിലുള്ള Gonbakലെ Batu Caves ആണ് ലക്ഷ്യം. ലൈം സ്റ്റോൺ ഗുഹകളാണ് ഇവിടുത്തെ സവിശേഷത. മേഘാലയയിലെ മൗലോങ്ങിലെയും അന്തമാൻ ദ്വീപിലേയും ഇത്തരം ലൈം സ്റ്റോൺ ഗുഹകൾ കണ്ടതിന്റെ ഓർമ്മ തെളിഞ്ഞു. പ്രവേശന കവാടം ശില്പചിത്രപ്പണികളാൽ അലംകൃതമാണ്. അതിന് അരികിലായി മുരുകന്റെ സ്വർണ നിറമുള്ള പൂർണകായ പ്രതിമ. ഇവിടെ പ്രാവിൻ കൂട്ടമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുക. പുരാതന ഡൽഹിയിലെ ജുമാമസ്ജിദിന്റെ മുറ്റത്ത് ഇതുപോലെ പ്രാവിൻപറ്റമുണ്ട്. മഥുരയിലെ പോലെ കൗശലക്കാരായ കുരങ്ങൻമാരും ഇവിടെ ഇടകലർന്ന് ഇരിപ്പാണ്. നിറം പൂശിയ പടവുകൾ കയറി ചെന്നാൽ ലൈം സ്റ്റോൺ ഗുഹയ്ക്കുള്ളിലെ ടെമ്പിളാണ്. വലത് വശത്തുള്ള റാണി ഹോട്ടലിൽ രജനീകാന്തിന്റെ പേരെഴുതിയ ഒരു കസേര പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. യന്തിരൻ സിനിമയുടെ ഷൂട്ടിംഗിനിടെ രജനികാന്ത് ഇരുന്ന് ചായ കുടിച്ച കസേരയാണെന്ന് ഹോട്ടലിലെ കാഷ്യർ പറഞ്ഞു.
പുറത്ത് ഇറങ്ങി ഫാൻസിയും സോവനീറും വിൽക്കുന്ന ഒരു കടയിൽ കയറിയപ്പോൾ അത് മലയാളിയുടേതെന്ന് അറിഞ്ഞു. പുത്രജയയിലെ പിങ്ക് മോസ്കിന്റെ പ്രത്യേകത അതിന്റെ മിനാരത്തിലും മകുടത്തിലും പൂശിയ നിറം പിങ്കാണ്. മസ്ജിദ് പുത്ര എന്നും പേരുള്ള ഇതിനകത്ത് കടക്കാൻ പുറത്ത് കൗണ്ടറിലൂടെ വിതരണം ചെയ്യുന്ന തലവരെ മൂടും നീളൻ പിങ്ക് വസ്ത്രം ലിംഗ ഭേദമന്യേ ധരിക്കണം. ഈ വസ്ത്രമിട്ട് പലരും ഫോട്ടോ പകർത്താൻ തിക്കിത്തിരക്കുന്നുണ്ട്. ഇവിടേക്കുള്ള വഴിയരികിൽ പ്രത്യേക രീതിയിൽ വെട്ടിയൊതുക്കിയ കൊന്നമരം നിറയെ വിരിഞ്ഞ പീതാംബരപ്പൂക്കുലകൾ. തൊട്ടടുത്താണ് ഗ്രീൻ മോസ്ക്. ഇവിടെ നിന്നും അടുത്തുള്ള കായലിലേക്ക് നോക്കിയാൽ നിർമ്മാണ ചാതുര്യം ആശ്ചര്യപ്പെടുത്തുന്ന പുത്ര ബ്രിഡ്ജ് കാണാം. സാമാന്യം വെയിലായതിനാൽ കയ്യിലെ വിന്റേജ് ഫ്ലോറൽ ഫാബ്രിക് വിശറി വീശിയിരിക്കെ ഒരു വിദേശ വനിത അവരുടെ ഹാന്റ് ഫാൻ എനിക്ക് നീട്ടി തന്നു. ആമസോൺ എക്സിക്യൂട്ടീവ്, ജിയൂ എന്ന് പരിചയപ്പെടുത്തി. ഞാൻ ഇന്ത്യനാണെന്ന് സൂചിപ്പിച്ച് നന്ദി പറഞ്ഞു. അപ്പോൾ അവരിൽ വിരിഞ്ഞ ചിരിക്ക് പേരില്ലാപ്പൂവിന്റെ സൗന്ദര്യവും സുഗന്ധവും.
ചരിത്രം കഥപറയുന്ന ഇൻഡിപെൻഡൻസ് സ്ക്വയറിൽ ദേശീയ പതാക നേരിയ കാറ്റിൽ ചുളിയാതെ പറക്കുന്നു. നദികൾ സംഗമിച്ച ഇവിടം അസാധാരണ രീതിയിൽ സംരക്ഷിച്ചും ഫൗണ്ടൻ സ്ഥാപിച്ചും സുന്ദരമാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ നടക്കാനും കാറ്റേൽക്കാനും ധാരാളം പേർ എത്തുന്നു. മറ്റൊരു ആകർഷണ കേന്ദ്രമാണ് Aquaria എന്ന മത്സ്യപ്രദർശനം. പലതരത്തിൽ സജ്ജീകരിച്ച കൃത്രിമ ആവാസവ്യവസ്ഥയിലെ കടൽമത്സ്യങ്ങളുടെ വിസ്മയ ലോകമാണ് ഇത്. തലയ്ക്ക് മീതെ ഭീമൻ സ്രാവുകളും തിരണ്ടികളും സാവധാനം ശാന്തമായി നമ്മെ കളിപ്പിച്ച് ചിറകനക്കി പോകുന്നത് മറ്റൊരു കൗതുകക്കാഴ്ച. അങ്ങനെ ആ അത്ഭുത ലോകത്ത് നിന്നും ചിരി പൂത്ത മുഖവുമായി കേലൂരായി. പുറത്തേക്കുള്ള വഴി (Exit) എന്നതിന് എല്ലായിടത്തും എയർ ഏഷ്യ വിമാനത്തിലും KELUNR എന്നാണ് എഴുതിയിട്ടുള്ളത്.
പകൽ സഞ്ചാരം പിന്നിട്ട് തിരികെ പട്ടണത്തിൽ എത്തുമ്പോൾ സന്ധ്യ ചാഞ്ഞ് ഇരുട്ട് പരന്നിരുന്നു. അതിനാൽ ഉയരൻ എടുപ്പുകളിൽ വൈദ്യുത ദീപങ്ങൾ കണ്ണ് തുറന്ന് തുടങ്ങി. നഗരവീഥികളിലെ വിളക്ക് കാലുകളിൽ ദേശീയ പുഷ്പമായ ചുവന്ന ചെമ്പരത്തിയുടെ (Bunga Raya) മാതൃകകൾ നിരയായ് വെളിച്ചം ചൊരിഞ്ഞ് നിൽപായി. ദീപപ്രഭയണിഞ്ഞ നഗരത്തിന്റെ വശ്യസൗന്ദര്യം അപാരമാണ്.
പെട്രോളിയം ഉല്പാദനം ആരംഭിച്ചതോടെ മലേഷ്യയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്നത്രെ ഒരു വിലയിരുത്തൽ. സാമ്പത്തികമായി ഉന്നതി നേടി ഈ നാട് വികസനക്കുതിപ്പ് തുടരുന്നു. ഇന്ത്യയെപ്പോലെ, ബ്രിട്ടീഷുകാരിൽ നിന്നുമാണ് ഈ രാജ്യം സ്വാതന്ത്ര്യത്തിന്റെ മേലുടുപ്പ് അണിഞ്ഞത്. ചരിത്രാംശം കലർത്തിയാണ് മലാക്ക, മലായ, മലേഷ്യ ആയതിന്റെ കഥ സ്വദേശിയായ ഗൈഡ് ഷംസുദ്ദീൻ വിവരിച്ചത്. പിന്നിട്ട വഴികളിൽ തീരുന്നില്ല ഓർമ്മകൾ. അവ ഉള്ളിൽ തിങ്ങിയതാണ് വാക്കുകളാൽ വീണ്ടും ഇങ്ങനെ വരച്ചത്, വായനക്കായി. എമിഗ്രേഷനിൽ നിന്നും പാസ്പോർട്ടിൽ ചുവന്ന മഷിയിൽ എക്സിറ്റ് സീൽ പതിച്ച് കിട്ടിയപ്പോൾ മുമ്പ് അടിച്ച് കിട്ടിയ പച്ച സീൽ തന്ന സന്തോഷം ഇല്ലേയില്ല. ഇതോടെ മലേഷ്യയിൽ നിന്നും KELUNR (exit)ആയി. സഞ്ചാരികൾക്ക് പരസ്പരം യാത്രാമൊഴിയില്ല, കാരണം ഒരു യാത്ര തീരുന്നത് മറ്റൊരു യാത്രയുടെ തുടക്കത്തിനാവാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.