29 December 2024, Sunday
KSFE Galaxy Chits Banner 2

മീശപ്പുലിമലയിലെ പെൺപട

വിജയ് സി എച്ച്
May 7, 2023 2:18 am

പാലക്കാട് ജില്ലയിൽ മാത്രമല്ല, ഇടുക്കിയിലും ഒരു സൈലന്റ് വാലിയുണ്ട്! ആദ്യത്തേത് കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണെങ്കിൽ, മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി റൂട്ടിൽ പത്തിരുപത്തഞ്ചു കിലോമീറ്റർ കിഴക്കാണ് രണ്ടാമത്തേത്. ഒരൊറ്റ സിനിമാ ഡയലോഗുകൊണ്ട് ഒട്ടനവധി പേർ തേടിച്ചെല്ലുന്നൊരു ടൂറിസ്റ്റ് സ്പോട്ടായി മാറിയ മീശപ്പുലിമലയാണ് ഇവിടത്തെ മുഖ്യ ആകർഷണം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു 2015‑ൽ തിയേറ്ററുകളിലെത്തിയ പടമാണ് ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘ചാർലി. ’ ഈ ചലച്ചിത്രത്തിലെ ഒരു നിർണായക ദൃശ്യത്തിൽ മീശപ്പുലിമലയിൽ മഞ്ഞു പൊഴിയുന്നത് കണ്ടിട്ടുണ്ടോയെന്ന് ദുൽഖർ ചോദിയ്ക്കുന്നുണ്ട്. ഇതെല്ലാം നമുക്കുവേണ്ടിയല്ലേ ഉണ്ടാക്കിവെച്ചിരിക്കുന്നതെന്നു കൂടി നായകൻ എടുത്തുപറഞ്ഞപ്പോൾ കേരളത്തിലെ പ്രകൃതി സ്നേഹികളെല്ലാം മീശപ്പുലിമലയിലെ വെള്ളിമഞ്ഞു കാണാൻ യാത്രയായി. മൂന്നാറിലേക്കെന്നു പറയുന്നതിനു പകരം, മീശപ്പുലിമലയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് മാറ്റിപ്പറയാൻ വിനോദ സഞ്ചാരികൾക്ക് കണ്ണടച്ചുതുറക്കുന്ന സമയമേ പിന്നെ വേണ്ടിവന്നുള്ളൂ! തുടർന്ന് കാലൻ കൊറോണയെത്തി എല്ലാം താറുമാറാക്കും വരെ പുതിയ ടൂറിസ്റ്റ് സ്പോട്ടിൽ വൻ തിരക്കായിരുന്നു.

കേരള വനം വികസന കോർപ്പറേഷൻ (KFDC) ട്രെക്കിങ് അനുവദിയ്ക്കുന്നുണ്ടെങ്കിലും, മീശപ്പുലിമലയിലേയ്ക്ക് ‘ചാർലി‘ക്കു മുന്നെ മൂന്നാർ സന്ദർശകരുടെ മൂന്നു ശതമാനം പോലും പോയിരുന്നില്ലയെന്നതാണ് വാസ്തവം. ആനമുടിയ്ക്കു ശേഷം പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതശിഖരത്തെയാണ് നമ്മുടെ മുന്നിൽ ഒരു സിനിമാ താരം പുനരവതരിപ്പിച്ചത്! “പടത്തിലെ ഡയലോഗ് സംസ്ഥാനം ഏറ്റെടുത്തയുടനെ ഞങ്ങൾക്കവിടെ പോകാൻ കഴിഞ്ഞില്ല, പക്ഷേ മീശപ്പുലിമല കയറിയേ മതിയാവൂ എന്നൊരു മോഹം മനസ്സിൽ ശക്തിപ്പെട്ടിരുന്നു. ” മഞ്ഞുമല കയറിയ ഇരുപത്തിയാറംഗ പെൺസംഘത്തിലെ ഊർജ്ജസ്വലയായ യാത്രികയും കൊല്ലം ബാറിലെ അഭിഭാഷകയുമായ ദീപി അശോക് ആവേശത്തോടെ വെളിപ്പെടുത്തി. ‘ഐ ലവ് ട്രാവൽ’ എന്നതിൽ നിന്ന് ‘ഐ ഡു ട്രാവൽ’ എന്നതിലേയ്ക്കു മാറിയ അനുഭവങ്ങളാണ് ദീപിയ്ക്കും കൂട്ടുകാരികൾക്കുമുള്ളത്. കൂടെയുള്ളത് സമാന ചിന്താഗതിക്കാരാകുമ്പോൾ, സമ്മർദ്ദങ്ങളൊന്നുമില്ലാതെ യാത്രകൾ പരമാവധി ആസ്വദിക്കാൻ സാധിയ്ക്കും. പല സാമൂഹിക പ്രശ്നങ്ങളും പാരിസ്ഥിതിക വിഷയങ്ങളും ഇത്തരം വനിതാ യാത്രാ ഗ്രൂപ്പുകളിൽ ചിട്ടയോടെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. നല്ല കൂട്ടുകാരോടൊപ്പമുള്ള മറക്കാനാവാത്ത കുറേ അനുഭവങ്ങളും, ഓർമ്മകളുമായി യാത്ര പൂർത്തിയാക്കാം. ഒപ്പം ശാരീരികവും മാനസികവുമായ ഉന്മേഷം വീണ്ടെടുക്കാനുള്ള അവസരങ്ങളും ലഭിയ്ക്കുന്നു.

പെൺസംഘത്തിലെ മറ്റു അംഗങ്ങളായ തിരുവനന്തപുരംകാരി ഗായത്രി എസ് അജിത്തും, എറണാകുളംകാരി ആതിര സുരേഷും, ബെംഗളൂരുവിൽ സിവിൽ സർവീസ് വിദ്യാർത്ഥിനിയായ ഫാഹിദ എസും ദീപിയുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഗായത്രിയും ആതിരയും സോഫ്റ്റുവേർ എൻജിയർമാരാണ്.
“സുരക്ഷിതത്വം ഉറപ്പാക്കിയും, അതേസമയം കൂട്ടുകാരോടൊപ്പം പൂർണ സ്വാതന്ത്ര്യത്തോടെയുമുള്ള ഉല്ലാസയാത്രകളാണ് പുതിയ തലമുറയിലെ സ്ത്രീകൾ പ്രതീക്ഷിക്കുന്നത്. പിന്നെ, പെൺ സംഘങ്ങളിൽ ലഹരിയുടെ ഉപയോഗവുമില്ലല്ലൊ. ” കാഴ്ചപരിമിതർക്കു ആനുകാലികങ്ങളും, നോവലുകളും, പുസ്തകങ്ങളും വായിച്ചു കൊടുക്കുന്ന സംഘടനയിലെ (ഹിഡൻ വോയ്സ്) സജീവ പ്രവർത്തക കൂടിയായ ദീപി വ്യക്തമാക്കി.

“കുടുംബത്തോടൊപ്പം യാത്ര പോകുമ്പോൾ കുട്ടികളെ ശ്രദ്ധിക്കണം, അവരുടെ ആഹാരത്തെക്കുറിച്ചു ചിന്തിക്കണം, പിന്നെ മുതിർന്നവരിൽ നിന്ന് അത് ചെയ്യരുത്, ഇത് ചെയ്യരുത് തുടങ്ങിയ നൂറുകൂട്ടം വിലക്കുകളും! മല കയറരുത്, കടലിൽ ഇറങ്ങരുത്, പാടില്ലാത്തതുകളുടെ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. സമുദ്ര നിരപ്പിൽ നിന്ന് 2640 മീറ്റർ ഉയരത്തിലുള്ള മീശപ്പുലിമലയാണ് ഞങ്ങൾ പെണ്ണുങ്ങൾ വടിയും കുത്തി കയറിയിറങ്ങിയത്. ” ദീപിയുടെ വാക്കുകളിൽ ആവേശത്തിര.
പശ്ചിമഘട്ടത്തിൽ ട്രെക്കിങ് അനുവദനീയമായ ഏറ്റവും ഉയരമുള്ള മലനിരയാണ് മീശപ്പുലിമല. കെഎഫ്ഡിസി-യുടെ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇവിടേയ്ക്ക് ട്രക്കിങ് അനുമതി നൽകുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള സൈലന്റ് വാലി 2000 ഹെക്ടർ വിസ്തീർണമുള്ള സംരക്ഷിത വനമേഖലയാണ്. പ്രവേശനം ഓൺലൈൻ ബുക്കിംഗ് മുഖേനയും.

“വൈകുന്നേരം അഞ്ചു മണിയോടെ മൂന്നാറിലെ സൈലന്റ് വാലി റോഡിലുള്ള കെഎഫ്ഡിസി ഓഫീസിൽ ഞങ്ങൾ റിപ്പോർട്ട് ചെയ്തു. അവിടെ നിന്നു പാസ് വാങ്ങി 23 കി. മീ അകലെയുള്ള ബേസ് ക്യാമ്പിലേയ്ക്ക് ജീപ്പുകളിൽ പുറപ്പെട്ടു. ആദ്യത്തെ ചെക്ക്പോസ്റ്റിൽ ഞങ്ങളുടെ പാസുകൾ പരിശോധിക്കപ്പെട്ടു. തുടർന്ന്, പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും, പുൽമേടുകളും, താഴ്വാരങ്ങളും, യൂക്കാലി പ്ലാന്റേഷനുകളും കടന്ന് ആറരയോടെ ബേസ് ക്യാമ്പിലെത്തി. പലതരം പൂച്ചെടികളും, ചെറിയൊരു ആമ്പൽക്കുളവും വർണാഭമായ ടെന്റുകളും മറ്റുമായി ക്യാമ്പ് മനോഹരമായിരുന്നു. ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം എല്ലാവരും രജിസ്റ്ററിൽ പേരെഴുതി ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നൽകി. ഒന്നു ഫ്രഷ് ആയതിനു ശേഷം ക്യാമ്പ്ഫയറിന് ചുറ്റും ഞങ്ങൾ ഒത്തുകൂടി. അവിടെ സ്ഥാപിച്ചിരുന്ന താപമാപിനിയിൽ പന്ത്രണ്ട് ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനില കാണിക്കുന്നുണ്ടായിരുന്നു. ” ദീപി വിശദീകരിച്ചു.
പിറ്റേന്നു പ്രഭാതത്തിൽ, ഫോറസ്റ്റ് ഓഫീസറുടെ ബോധവൽകരണ ക്ലാസിനു ശേഷം, എട്ടര മണിയോടെ ഗൈഡുമൊത്ത് വനിതാസംഘം ട്രക്കിങ് ആരംഭിച്ചു. ആദ്യം തന്നെ കുത്തനെയുള്ളൊരു കയറ്റം. പൈൻമരങ്ങളും, പന്നൽച്ചെടികളും, ചെറു അരുവികളും, അവിടവിടെയായി പൂത്തുനിൽക്കുന്ന വാറ്റിൽ പ്ലാന്റേഷന്റെ ശേഷിപ്പുകളും. വഴിയിലുണ്ട് പാണ്ഡവ ഗുഹ. ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോൾ റോഡോ വാലിയിലെത്തി. കടും ചുവപ്പു നിറത്തിലുള്ള റോഡോ പൂക്കൾ പൂത്തു നിൽക്കുന്ന റോഡഡെൻഡ്രൺ (കാട്ടുപൂവരശ്) മരങ്ങൾ ധാരാളമുള്ള താഴ്‌വാരം. തുടർന്ന് മൂന്നര കി. മീ അകലെയുള്ള റോഡോ മാൻഷനിലേയ്ക്കുള്ള കയറ്റം. മാൻഷനിൽ അൽപ നേരത്തെ വിശ്രമം കഴിഞ്ഞു, പതിനൊന്നു മണിയോടെ ഉയരത്തുള്ള ഷൂട്ടിംഗ് പോയന്റിലേക്ക് ട്രെക്കിങ് തുടങ്ങി. നിരവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷനാണിത്.

“ഷൂട്ടിംഗ് ഷൂട്ടിംഗ് പോയന്റിൽ നിന്നാണ് സഞ്ചാരികൾ സൂര്യോദയവും അസ്തമയവും കാണുന്നത്. അവിടെ നിന്നു നോക്കിയാൽ എട്ട് മലകൾക്കപ്പുറം മീശപ്പുലിമലയും താഴ്വാരത്തെ ഹൃദയ തടാകവും കാണാം. മറുഭാഗത്ത് വിദൂരതയിൽ, ആനമുടിയും താഴ്വാരത്തെ റോഡോ വാലിയും, യൂക്കാലി-പൈൻ പ്ലാന്റേഷനുമെല്ലാമുണ്ട്. കൂടാതെ മാട്ടുപ്പെട്ടി ഡാം, ദേവിയമ്മന്‍ മലനിരകൾ, ദേവികുളം, പല എസ്റ്റേറ്റുകളും ഏകദേശം തിരിച്ചറിയാം. മഞ്ഞണിഞ്ഞ കാഴ്ചകൾ കണ്ടും, മൊബൈൽ കാമറയലൽ പകർത്തിയും കുറച്ചു സമയം അവിടെ ചിലവഴിച്ചതിനൊടുവിൽ എല്ലാവരും കുന്നിറങ്ങി ഷൂട്ടിംഗ് പോയിന്റിൽ നിന്ന് താഴ്വാരത്തെത്തി. കുറച്ച് ദൂരം താഴ്വാരത്ത് കൂടെ നടന്നു. ഒടുവിലൊരു ചെറു അരുവി കടന്ന് അടുത്ത മലയിലേക്ക് കയറിത്തുടങ്ങി. കാട്ടുപോത്ത്, മ്ലാവ്, ആന, കാട്ടുനായ എന്നിവ കൂടാതെ വരയാടുകൾ ധാരാളമായി കണ്ടുവരുന്ന ഒരു പ്രദേശമാണിത്. വരയാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഇവിടത്തെ പുൽമേടുകൾ. ഇരവികുളം നാഷണൽ പാർക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ളതും ഇവിടെയാണ്. കൂടാതെ പല തരം ചിത്രശലഭങ്ങളും, സമതലത്തിൽ പറ്റിച്ചേർന്നു വളരുന്ന വിവിധയിനം പൂക്കളും, പക്ഷികളും (നീൽഗിരി ഫ്ലൈ ക്യാച്ചർ, നീൽഗിരി ലാഫിംഗ് ത്രഷ്), സസ്യജാലങ്ങളും. മലമുകളിൽ നിന്ന് താഴ്വാരത്തേയ്ക്കു നോക്കിയപ്പോൾ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ മനോഹരമായ യൂക്കാലി പ്ലാന്റേഷന്റെ ദൃശ്യം ലഭ്യമായി. ഷൂട്ടിംഗ് പോയന്റിൽ നിന്നും കണ്ട ഹൃദയ തടാകം അധികം അകലെയല്ലാതെ കാണാനും തുടങ്ങി.” ദീപി വിശദീകരിച്ചു.

ഷൂട്ടിംഗ് പോയന്റിനു തൊട്ടടുത്താണ് സഞ്ചാരികളാൽ മുക്തകണ്ഠം വാഴ്ത്തപ്പെട്ട വ്യൂപോയിന്റ്. അത്യന്തം ഹൃദയഹാരിയായ 360 ഡിഗ്രി വ്യൂ വേറിട്ട അനുഭവമാണ്.
“സൂര്യോദയവും അസ്തമയവും മാത്രമല്ല, സഹ്യപർവതത്തിലെ ഏറ്റവും ഉയരമുള്ള ശിഖരമായ ആനമുടിയും, മാട്ടുപ്പെട്ടി ഡാമും, ആനയിറങ്കൽ ഡാമും, ഹൃദയ തടാകവും, ദേവികുളം മലമ്പ്രദേശവും, അരുവിക്കാട് ഉൾപ്പെടെയുള്ള സൈലന്റ് വാലി എസ്റ്റേറ്റുകളുമെല്ലാം കാണുന്നവന്റെ ചുറ്റുപുറവുമുള്ള ഒരു സമ്പൂർണ 360 ഡിഗ്രി വൃത്ത ദൃശ്യം.” ദീപിയുടെ കണ്ണുകളില്‍ തിളക്കം. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടവും, 75 വർഷത്തിലധികം പഴക്കമുള്ള തേയില ഫാക്ടറിയും സ്ഥിതി ചെയ്യുന്ന കൊളുക്കുമല ടീ എസ്റ്റേറ്റ്, മൂന്നാർ ടോപ്പ് സ്റ്റേഷൻ, തേനി കാറ്റാടിപ്പാടം, ബോഡിമേട്, സൂര്യനെല്ലി ടീ പ്ലാന്റേഷൻ, തിപ്പടമല, കുരങ്ങിണി മലനിരകൾ എന്നിവയാണ് കേരളവും തമിഴ് നാടും അതിർത്തി പങ്കിടുന്ന ഇടങ്ങളിലുള്ളത്. ഇവ കോടമഞ്ഞ് മാറി തെളിഞ്ഞ കാലാവസ്ഥയിൽ കാണാൻ സാധിക്കുന്ന കാഴ്ചകൾ.

“ഉയരത്തേയ്ക്ക് പോകും തോറും ശക്തിയായി കാറ്റ്. ദൂരെയുള്ള മലനിരകളെ ഒളിപ്പിച്ചും പിന്നെ പതിയെ കാട്ടിയും കോട വന്നു മൂടി കൊണ്ടിരുന്നു. കൂടാതെ മലമുകളിൽ നിന്നപ്പോൾ ഇരുവശത്ത് നിന്നും തണുത്ത കാറ്റിനൊപ്പം മഞ്ഞും വന്നു മൂടുന്നുമുണ്ടായിരുന്നു.” ദീപി പങ്കുവച്ചു. കൂറ്റൻ കുന്നുകൾ മൂന്നാലെണ്ണം ഇനിയും മുറിച്ചു കടന്നാലേ ഡെസ്റ്റിനേഷനിലെത്തൂ. തുടർച്ചയായ ട്രെക്കിങിനൊടുവിലും ദീപിയ്ക്കും കൂട്ടുകാരികൾക്കും ക്ഷീണമൊന്നും തോന്നിയില്ല. പശ്ചിമഘട്ടത്തിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് അവരുടെ സാഹസികയാത്ര. നമ്മുടെ മേഖല അവസാനിച്ചു തമിഴ് നാടിന്റെ താഴ്‌വരകൾ തുടങ്ങാറായി. അന്തിമഘട്ട സഞ്ചാരത്തിൽ മലകൾ ഒരോന്നായി പിന്നിട്ടുകൊണ്ടിരുന്നപ്പോൾ, ആഹ്ളാദവും ഉന്മാദവും അവരെ ഗ്രസിക്കാൻ തുടങ്ങിയിരുന്നു. ഒരു പെൺപട മീശപ്പുലിമല കീഴടക്കുന്നത് അവര്‍ക്ക് സ്വപ്നസാക്ഷാൽകാരമായിരുന്നു. മീശരോമം പോലെ വളർന്നു നിൽക്കുന്ന കുറ്റിപ്പുല്ലുകളിൽ പാദം പതിയാൻ തുടങ്ങിയപ്പോൾ അവർ തിരിച്ചറിഞ്ഞു തങ്ങളിപ്പോൾ ഉദ്ദിഷ്ട ഗിരിയുടെ നെറുകിലെത്തിയെന്ന്. മീശപ്പുല്ലു മലയെന്ന് പലരും പലവട്ടം പറഞ്ഞപ്പോൾ, അത് മീശപ്പുലിമലയായി. ഇരുപത്തിയാറു സ്ത്രീകളും ഇപ്പോൾ ആഹ്ലാദ കൊടുമുടിയിലാണ് കാലുകളുറപ്പിച്ചു നിൽക്കുന്നത്. ആകാശത്തിനു തൊട്ടു താഴെ!

“മാസ്മരികമായ ഭൂമിക. ചുറ്റുപാടും വശ്യമായ കോടമഞ്ഞ്. അല്പ നേരം കൊണ്ടത് താഴ്‌വരകളിലേയ്ക്ക് പൊഴിഞ്ഞിറങ്ങി അന്തരീക്ഷം തെളിയുന്നു. ദിവ്യമായ പ്രകൃതി ദൃശ്യങ്ങളാണപ്പോൾ അഞ്ചു ദിക്കിലും. അതിലങ്ങനെ ലയിച്ചിരിക്കേ, വീണ്ടുമതാ മനം മയക്കുന്ന മൂടൽമഞ്ഞ്! ഇതൊരു ഉരുവിടലാകുമ്പോൾ കാണിയുടെ ആത്മാവ് മഞ്ഞിനൊപ്പം അനന്തതയിൽ ആണ്ടുപോകുന്നു.” ദീപി പറ‍്ഞു നിറുത്തി. ദീപിയും, ഗായത്രിയും, ആതിരയും, ഫാഹിദയും കൈകൾ കോർത്തുപിടിച്ച് വട്ടം കറങ്ങി. അപ്പൂപ്പൻതാടി പോലെ വാനിലേയ്ക്ക് ഉയർന്നു പോകുകയായിരുന്നു അവർ. “പ്രിയപ്പെട്ട ദുൽഖറേ, മീശപ്പുലിമലയിൽ മഞ്ഞു പൊഴിയുന്നത് കാണുക മാത്രമല്ല ചെയ്തത്, വീണ്ടെടുക്കുവാനാവാത്ത വിധം ഞങ്ങളതിൽ ലയിച്ചു പോയിരിയ്ക്കുന്നു…” അഞ്ചു പേരും ഒരുമിച്ച് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.