25 December 2024, Wednesday
KSFE Galaxy Chits Banner 2

മീൻമണമുള്ള വീട്

ജോൺ റിച്ചാർഡ്
November 28, 2021 6:42 am

ചെറിയ വീടിന്റെ
കളിചിരികൾ
വലിയവീടിനെ
എന്നും
അലോസരപ്പെടുത്തി.
വലിയവീടിനു നേർക്കുള്ള
ചെറിയവീടിന്റെ
മന്ദസ്മിതങ്ങളൊന്നും
വലിയവീട്
ഗൗനിച്ചതേയില്ല.
വലിയവീട്,
നിറം മങ്ങിയ
ചെറിയവീടിനെ
മീൻമണക്കുന്നെന്നു
പുച്ഛമിഴികളെയ്തു.
ചിലനേരങ്ങളിലെ
വലിയവീടിന്റെ,
നിഗൂഢനിശ്ശബ്ദതയും
ചെറിയവീടിന്റെ
ഹർഷരസങ്ങളും,
കാറ്റും കിളിയും
പൂവിനോട്
കഥപോലെ മൊഴിഞ്ഞു.
കാട്,
ഓമനിച്ചു വളർത്തിയ
മരങ്ങളെയും കവർന്ന്,
തോരാമഴയത്ത്
പുഴനിറച്ചെത്തിയ
മലവെള്ളം,
വലിയവീടിന്റെയും
ചെറിയവീടിന്റെയും
അകത്തളങ്ങളിലാകെ
കലങ്ങിമറിഞ്ഞ് നിറഞ്ഞു.
ഭയത്തിന്റെ മൗനമുനകളേറ്റ്
നീറിക്കരഞ്ഞുത്തുടങ്ങിയ
വലിയവീട്ടിലേക്ക്,
ചെറിയവീട്
തോണിയിറക്കി ചെന്നു.
ചെറിയവീടിന്റെ
കരുതൽക്കരത്തിന്
ജീവശാസ്വത്തിന്റെ
ഗന്ധമാണല്ലോ-
ഇപ്പോഴെന്നോർത്ത്
വലിയവീട്
വിതുമ്പിതുടങ്ങുമ്പോഴേക്കും
വെയിൽ
തിരികെയെത്തിയിരുന്നു! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.