23 December 2024, Monday
KSFE Galaxy Chits Banner 2

നൈതികതയുടെ ചരിത്ര പഥങ്ങൾ

പി കെ സബിത്ത്
January 2, 2022 4:00 am

ചരിത്രങ്ങൾക്ക് മുകളിൽ കരിയിലകൾ വന്നു മൂടിയാൽ ഒരു ഇളംതെന്നൽ മാത്രം മതി അത് പൂർവ്വകാല പ്രൗഢിയുടെ തിരികെയെത്തും. കാലം തളംകെട്ടിനിൽക്കുന്ന ഭൂത വർത്തമാനങ്ങൾ നമ്മളോട് സംവദിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം നേർസാക്ഷ്യങ്ങളുടെ ബോധപൂർവ്വമുള്ള തമസ്കരണം കൂടിയായിരുന്നു. കൊളോണിയൽ ആധിപത്യത്തിനെതിരെ അതിതീക്ഷ്ണമായ സമരങ്ങൾ ഇന്ത്യയിൽ നടക്കുമ്പോഴും കോളനിവൽക്കരണത്തിന്റെ ഭാഗമായുള്ള അധമബോധം ഇന്ത്യൻ ജനതയെ ആഴത്തിൽ ഗ്രസിച്ചിരുന്നു. നാം കണ്ടതും കേട്ടതും മാത്രമല്ല ചരിത്രം അത് നിശ്ചയദാർഢ്യത്തോടെ മറ്റൊരു രൂപമായി നമുക്ക് മുന്നിൽ നിറഞ്ഞാടുമ്പോൾ ചലനാത്മകമായ ഒരു ഭൂതകാലത്തിലെ ബാക്കിപത്രം കൂടിയായി മാറുന്നു. സർദ്ദാർ ഉധം സിംഗ് എന്ന സിനിമ ഓർമ്മിപ്പിക്കുന്ന യാഥാർഥ്യവും ഇതാണ്. ചലചിത്രം വെറുമൊരു വിനോദം എന്നതിലുപരി കാലത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാകുന്നത് ചില സന്ദർഭങ്ങളിൽ മാത്രമാണ്. ചരിത്രം ചലച്ചിത്രത്തിലെ ഭാഗമാകുമ്പോൾ എഴുതപ്പെട്ട രേഖ മാത്രമല്ല അത് ഭൂതകാലം മുമ്പിൽ ജീവിതമായി വന്നു നിറയുകയാണ്. ചരിത്ര പുസ്തകത്താളുകളിൽ നിന്നും എത്രയോ തലമുറകൾ ഉൾക്കൊണ്ടതിൽ നിന്നെല്ലാം വിഭിന്നമായ മാർഗ്ഗങ്ങളിലൂടെ ചരിത്രം സഞ്ചരിച്ചിട്ടുണ്ട്. സർദ്ദാർഉധം എന്ന ചിത്രം ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ്. ചരിത്രത്തെ ചലച്ചിത്രമാക്കി മാറ്റുമ്പോൾ നമുക്ക് ഒരിക്കലും കണ്ട് പരിചയമില്ലാത്ത മാർഗ്ഗങ്ങളിലൂടെ ഉറവിടം തേടിയുള്ള സഞ്ചാരം കൂടിയാണത്.

ഓർമ്മയിലെ വൈകാരികത
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര താളുകളിൽ വികാരനിർഭരമായ ഒരു ഓർമ്മയാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല. സ്വാതന്ത്ര്യാനന്തരം ഒരുപ്രഹേളിക പോലെയും പുരാവൃത്തങ്ങൾ കണക്കെയും ജാലിയൻവാലാബാഗ് സംഭവത്തെ പറ്റി നമ്മള്‍ വാതോരാതെ സംസാരിച്ചു. ഒരു ഒരു മിത്തുപോലെ വീരാരാധനയോടെ നാം അതേപ്പറ്റി ഓർമിച്ചു കൊണ്ടിരുന്നു. ഭാവനയുടെ ഒരു തരിമ്പു പോലും അതിലില്ല പച്ചയായ ജീവിതങ്ങൾ ഹോമിക്കപ്പെട്ട അതി ദാരുണമായ കൂട്ടക്കൊലയായിരുന്നു അത്. ഇന്ത്യാമഹാരാജ്യത്തിന്റെ ഹൃദയത്തിനേറ്റ ഒരിക്കലും ഉണങ്ങാത്ത മുറിവായിരുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സർഗ്ഗാത്മകതയുടെ പല രൂപഭാവങ്ങളിൽ വ്യക്തമായി പുനരവതരിപ്പിക്കപ്പെടുന്നു. സർദ്ദാർ ഉധം സിംഗ് എന്ന ചിത്രം ദേശ സ്വത്വത്തെ അടിച്ചമർത്തുന്ന കൊളോണിയൽ നെറികേടിനെ തുറന്നു കാട്ടിത്തരുന്ന സമരഗാഥയാണ്. എന്നാൽ ദേശീയതയുടെ വക്താക്കൾ എന്ന് മേനിനടിക്കുന്ന സമകാലീന ഇന്ത്യൻ ഭരണകൂടം ഈ ചിത്രത്തെ ബോധപൂർവ്വം അവഗണിക്കുകയായിരുന്നു. ചരിത്രം മറനീക്കി പുറത്തു വരുമ്പോൾ അത് സത്യസന്ധമാകുന്നത് സ്വാഭാവികമാണ്. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥമായ ചരിത്രപാഠങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി ഗാഥയാണ്. ഭരണകൂടത്തിന്റെ അപദാനങ്ങൾ മാത്രം ഉൾപ്പെടുത്തി സിനിമ നിർമ്മിക്കുക പുതിയ കാലത്തിന്റെ, പജാപക രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാണ്. പുരോഗമനപരമായ കാഴ്ചപ്പാടുകൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ചലച്ചിത്രം നിർമ്മിച്ചെടുക്കുക എന്നത് ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയാണ്.

 

 

സിനിമകളുടെ പരമ്പരാഗത വഴികളിൽ നിന്നും വഴിമാറി കൊണ്ട് പുതിയ ഒരു ആവിഷ്കാര ശൈലിയാണ് സർദാർ ഉദ്ധം സിംഗ് എന്ന ചിത്രത്തിന്റെ സംവിധായകൻ സുജിത്ത് സർക്കാർ അവതരിപ്പിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തരൂക്ഷിതമായ ഒരു സംഭവമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13‑നു പഞ്ചാബിലെ അമൃത്സറിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളും ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് യോഗം ചേരുന്നതായി വിവരം ലഭിച്ച ജനറൽ ഡയർ തന്റെ ഗൂർഖാ റജിമന്റുമായി അങ്ങോട്ട് നീങ്ങി സമാധാനപരമായി യോഗം ചേർന്നിരുന്ന ജനക്കൂട്ടത്തെ നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടി വെക്കാൻ പട്ടാളക്കാരോട് ഡയർ ഉത്തരവിടുകയായിരുന്നു. പത്ത് മിനുട്ട് നേരം വെടിവെപ്പ് തുടർന്നു. ഏതാണ്ട് 1650 റൗണ്ട് പട്ടാളക്കാർ വെടി വെച്ചു വത്രെ. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്ക് പ്രകാരം 379 പേർ കൊല്ലപ്പെട്ടതായി പറയുന്നു. ആയിരങ്ങൾക്കു പരുക്കേറ്റു. വാസ്തവത്തിൽ സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടതായി പിൽക്കാലത്ത് നടന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നു. ബ്രിട്ടീഷുകാർ പോലും സ്വാതന്ത്ര്യസമര കാലത്തെ ഈ നടപടിയെ ന്യായീകരിക്കുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിസ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. എലിസബത്ത് രാജ്ഞി ഇന്ത്യാ സന്ദർശനവേളയിൽ പറഞ്ഞത് ചരിത്രത്തിൽ നടക്കാൻ പാടില്ലാത്തത് പലതും സംഭവിച്ചിട്ടുണ്ട് അത് നമുക്ക് തിരുത്തിയെഴുതാൻ കഴിയില്ല എന്നാണ്. അതെ, ചരിത്രത്തെ നമുക്ക് തിരുത്തിയെഴുതാൻ കഴിയില്ല. യഥാർത്ഥ ചരിത്രം വാതായനങ്ങളിൽ തട്ടിയുണർത്തുമ്പോൾ അതിനോട് ഒരിക്കലും മുഖം തിരിഞ്ഞ് നില്ക്കാൻ പാടില്ല.

ആവിഷ്കാരത്തിലെ സുതാര്യത
സർദാർ ഉദ്ധം സിംഗ് എന്ന ചിത്രം ചരിത്ര പദങ്ങളുടെ നേർകാഴ്ച്ച കൂടിയാണ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണക്കാരനായ മൈക്കിൾ ഡയറിനെ സംഭവത്തിന് ദൃക്സാക്ഷിയായ ഉദ്ധംസിംഗ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്കേറ്റ അപമാനങ്ങൾക്ക് അവസാനം നാം തിരിച്ചടി നൽകിയിരിക്കുന്നു എന്നാണ് ഭാരത സർക്കാറിന്റെ തന്നെ വക്താവ് ഈ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ഉദ്ധം സിംഗ് നടത്തുന്ന പ്രതികാരമാണ് ചലച്ചിത്രത്തിന്റെ കഥാതന്തു. ആവിഷ്കാരത്തിലെ മൗലികതയും സുതാര്യതയുമാണ് ചിത്രത്തെ മറ്റു ചരിത്ര സിനിമകളിൽ നിന്നും വേറിട്ട് നിർത്തുന്നത്.

 

ചിത്രം ഇറങ്ങിയതിനു ശേഷം അതിനെ ബോധപൂർവ്വം തമസ്കരിക്കാനുള്ള ശ്രമം പലഭാഗങ്ങളിൽ നിന്നും ഉണ്ടായി. ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടായത് സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടുതൽ പ്രസക്തമാകുന്നു. കോളനിയനന്തരംമൂന്നാം ലോക രാജ്യങ്ങൾക്കു സ്വത്വബോധവും ആത്മാഭിമാനവും പ്രകടിപ്പിച്ചു തുടങ്ങിയിട്ട് അധിക നാളായില്ല. എന്നാൽ കോളനിയനന്തര സൗന്ദര്യശാസ്ത്രം ചലചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ ദേശ സ്വത്വമുള്ള ഒരു ഭരണകൂടം അത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പക്ഷേ സംഭവിച്ചത് തികച്ചും വിരുദ്ധമായ മറ്റൊന്നായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം ഇവിടെ അവശേഷിപ്പിച്ച രാഷ്ട്രീയ അബോധം നമ്മുടെ കേന്ദ്ര ഭരണകൂടം ഇപ്പോഴും പേറി നടക്കുകയാണ്. തൊണ്ണൂറ്റിനാലാമത് ഓസ്കാർ നാമനിർദ്ദേശത്തിന് അയക്കുന്നതിൽ നിന്ന് കേന്ദ്ര കേന്ദ്രസർക്കാർ ജൂറി സർദ്ദാർ ഉദ്ധം സിംഗ് എന്ന സിനിമയെ ഒഴിവാക്കി.

അവഗണനയുടെവിരോധാഭാസങ്ങൾ
ആഗോളവൽക്കരണ കാലത്ത് ബ്രിട്ടീഷ് വിരോധം പറയുന്ന സിനിമ ഓസ്കാറിന് അയക്കാൻ കഴിയില്ല എന്ന വിചിത്രമായ കണ്ടെത്തലായിരുന്നു ജൂറിയുടേത്. ചരിത്രത്തെ ഒട്ടും വളച്ചൊടിക്കാതെ ആവിഷ്കരിക്കുന്ന ഈ ചിത്രത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വവും പട്ടാളക്കാരുടെ പ്രവൃത്തിയും പരാമർശിക്കുന്നത് സ്വാഭാവികമാണ്. ചരിത്രവിഷയങ്ങൾ പരാമർശിക്കുന്ന ഇത്തരം നിരവധി സിനിമകൾക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യം. ദേശീയതയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ഇന്ത്യൻ ഭരണകൂടം ആരോടാണ് രാജഭക്തി കാണിക്കുന്നതെന്ന് പകൽ പോലെ വ്യക്തം. വാസ്തവത്തിൽ ഇത്തരമൊരു നിഷേധത്തിന് അടിസ്ഥാനപരമായ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. സർദാർ ഉദ്ധം സിംഗ് എന്ന സിനിമ പറയുന്നത് കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും സ്വന്തം ഇച്ഛാശക്തികൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാ സമരം നടത്തിയ ഉദ്ധം സിംഗിന്റെയും അദ്ദേഹത്തിനെ ഗുരുവും സഹോദരതുല്യമായി കണക്കാക്കുന്ന ഭഗത് സിംഗിന്റെയും കഥയാണ്. കനലു പോലെ എരിയുന്ന ചരിത്രപഥങ്ങൾ മറനീക്കി പുറത്തേ അവരുമ്പോൾ ഒരു ദന്തഗോപുരത്തിനും ഭരണകൂടങ്ങൾക്കും വിലങ്ങണിയിക്കാൻ സാധിക്കില്ല എന്നത് ചിത്രത്തിന്റെ വർദ്ധിച്ച സ്വീകാര്യത വെളിപ്പെടുത്തുന്നു.

ദൃശ്യഭാഷയുടെ ലോകോത്തര കാഴ്ചകൾ
ചരിത്രത്തോടൊപ്പം സഞ്ചരിച്ചു കൊണ്ട് വളരെ അനായാസം കഥ പറയുന്ന ശൈലിയാണ് സിനിമ സ്വീകരിക്കുന്നത്. എങ്കിലും ഡോക്യുമെന്ററിയുടെ സങ്കേതവും നന്നായി ഉപയോഗപ്പെടുത്തിയതായി കാണാം. സിനിമ കാണുമ്പോഴുള്ള യാഥാർഥ്യത്തിന്റേതായ അനുഭൂതിക്ക് കാരണം ഇതാണ്. ഹോളിവുഡ് സിനിമയോടൊപ്പം കിടപിടിക്കുന്ന ഛായാഗ്രഹണവും സംഭാഷണങ്ങൾ നന്നേ ലഘൂകരിച്ച് ഒട്ടും നാടകീയത ഇല്ലാത്ത അവതരണവും സിനിമയുടെ കൈയടക്കം വ്യക്തമാക്കുന്നു. സിനിമയിൽ ഉദ്ധംസിങ്ങായി അഭിനയിച്ച വിക്കി കൗശൽ തന്റെ അഭിനയപാടവം കൊണ്ട് കഥാപാത്രത്തെ അനശ്വരമാക്കുകയായിരുന്നു. ജാലിയൻ വാലാബാഗ് സംഭവത്തെ തുടർന്ന് രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷവും അണയാതെ കത്തിയ കനലായിരുന്നു ഉദ്ധംസിംഗിൽ ജ്വലിച്ചത്. 1941 മാർച്ച് 13 ന് റാം മുഹമ്മദ് സിംഗ് ആസാദ് എന്ന ഉദ്ദംസിംഗ് തൊടുത്തു വിട്ട വെടിയുണ്ട ജനറൽ ഡയറിനെ നാമാവശേഷമാക്കി. സിനിമയിൽ ഉദ്ധം സിംഗ് നല്കുന്ന മറുപടി ഓരോ ഇന്ത്യക്കാരനിലും അഭിമാന നിമിഷങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു. “എന്റെ രാജ്യത്തിന്റെ മനോവീര്യം കെടുത്തി നശിപ്പിക്കുവാൻ ശ്രമിച്ചവർ അതർഹിക്കുന്നു. അതിന്റെ പേരിൽ നിങ്ങൾ എനിക്ക് നൽകുന്ന മരണ ശിക്ഷയിൽ കുറഞ്ഞതൊന്നും എനിക്ക് ബഹുമതിയാകില്ല…”

ഇന്ത്യൻ സ്വാതന്ത്ര്യസമരം കമ്മ്യൂണിസ്റ്റ് ഗാഥയുമാണ്
സ്വാതന്ത്ര്യ സമര കാലത്തെ ജാലിയൻ വാലാബാഗ് സംഭവത്തെ വലിയ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയെങ്കിലും; അതിന്റെ അനുബന്ധമായി നടന്ന ചരിത്രാംശങ്ങളെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. ചരിത്രപരമായ മറ്റു ചില വസ്തുതകൾ കൂടി നമുക്ക് മുന്നിലൂടെ കടന്നു പോകുന്നു. ഗദ്ദർ പാർട്ടി, ഐറിഷ് റിപ്പബ്ലിക്കൻ ആർമി, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നിങ്ങനെ കടന്നുപോയി കമ്മ്യൂണിസ്റ്റ് പാർട്ടി വരെയുള്ള പ്രസ്ഥാനങ്ങളെ സിനിമയിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യം എന്നത് കമ്മ്യൂണിസ്റ്റുകാരുടെയും കഥയാണെന്ന് സിനിമ വ്യക്തമാക്കുന്നു. ചിത്രത്തിലുടനീളം കമ്യൂണിസ്റ്റ് പാർട്ടിയും ബ്രിട്ടനിലെയും റഷ്യയിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സജീവമായി കടന്നു വരുന്നു. ഭഗത്സിങ്ങും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്രവും സിനിമയുടെ കേന്ദ്ര ആശയമായി മാറുന്നു. തീവ്രവാദ നിലപാടുകളെയും വിപ്ലവത്തെയുംപ്പറ്റി ചിത്രത്തിൽ ഭഗത്സിംഗ് സംസാരിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം എന്ത് ചെയ്യും എന്ന ചോദ്യത്തിന് ശ്രദ്ധേയമായ മറുപടിയാണ് അദ്ദേഹം നൽകുന്നത്. ‘ഉണ്ണുക, ഉറങ്ങുക, ഡാൻസ് കളിക്കുക.’ സ്വാതന്ത്ര്യത്തിന്റെ ശരിയായ അർത്ഥതലങ്ങളിലേക്ക് നയിക്കുന്നതാണ് സംഭാഷണം. എല്ലാവരും തുല്യരാണെന്ന ചിന്തയെ സാധൂകരിക്കുന്നതാണ് ഈ മറുപടി.

 

മനുഷ്യന്റെ ഇഷ്ടം നടപ്പിലാക്കുക എന്ന മാർക്സിയൻ കാഴചപ്പാടുമായി ഇത് അടുത്ത ബന്ധം പുലർത്തുന്നു. ഉദ്ധം സിംഗിനെ പോലീസ് ചോദ്യം ചെയ്യുന്ന മറ്റൊരു സന്ദർഭം ഏറെ ചിന്തോദ്ദീപകമായ ഒന്നാണ്. ചോദ്യംചെയ്യലിനിടെ യെ ഉദ്ദംസിംഗ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നത് മധ്യവർഗ്ഗത്തോടുള്ള പ്രഹരം തന്നെയാണ്: ”നിങ്ങളുടെ ഇരുപത്തിമൂന്നാം വയസ്സിൽ ഇതിൽ നിങ്ങൾ എന്തെടുക്കുകയായിരുന്ന?” എന്ന് ഉദ്യോഗസ്ഥനോട് ഉദ്ദംസിംഗ് ചോദിച്ചപ്പോൾ അയാൾ മറുപടി പറയുന്നു, ”ഞാൻ ഏറ്റവും പ്രായം കുറഞ്ഞ ഡിറ്റക്ടീവ് ആയിരുന്നു. വിവാഹിതനായി ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സന്തോഷകരമായ ദിവസങ്ങൾ” എന്ന് പറഞ്ഞപ്പോൾ; ഉദ്ധംസിംഗ് ഇടയിൽ കയറി പറയുന്നു, ”എങ്കിൽ നിങ്ങൾക്ക് ഭഗത്സിങ്ങിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്. അസംബ്ലിയിൽ ബോംബെറിഞ്ഞ ഭഗത് സിങ്ങും ബഡുകേശ്വർ ദത്തും വിളിച്ച മുദ്രാവാക്യം വിപ്ലവം നീണാൾ വാഴട്ടെ, സാമ്രാജ്യത്വം തുലയട്ടെ, സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്നാണ്. പോലീസുകാരുടെ അതി കഠിനമായ പീഠനങ്ങളിലൂടെ കടന്നുപോകുന്ന ഉദ്ധം സിംഗിനെ ബ്രിട്ടീഷ് പോലീസ് സിനിമയിൽ വിശേഷിപ്പിക്കുന്നത് കമ്മിറ്റഡ് മാർക്സിസ്റ്റ് എന്നാണ്. നിങ്ങൾക്ക് ഒരു പക്ഷെ നിങ്ങളെഴുതുന്ന ചരിത്രത്തിലെ ഒരു അടിക്കുറിപ്പുമാത്രമായിരിക്കും ജാലിയൻവാലാബാഗ്” എന്ന് പറയുന്ന ഉദ്ധം സിംഗ് ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് കോടതി മുറിയിൽ നിന്നും പുറത്തേക്ക് പോകുന്നത്. ചരിത്രം പലപ്പോഴും വൈകാരികമായിരുന്നു. അതിന്റെ വൈകാരികതയെ തുറന്ന കാട്ടുന്ന അത്യപൂർവ്വ നിമിഷങ്ങഴാണ് ചിത്രം സമ്മാനിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.