25 December 2024, Wednesday
KSFE Galaxy Chits Banner 2

ലഹരികൊണ്ട് മുറിവേറ്റവന്റെ കുമ്പസാരം

പി കെ അനിൽകുമാർ
November 28, 2021 7:08 am

കാലം 2021.നവംബർ 12 വെളളി. വൈകിട്ട് 6.30. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം. ‘സർഗാത്മക രാഷ്ട്രീയത്തിന്റെ വെളിപാടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ് വേദി വിട്ടിറങ്ങുമ്പോൾ ചുറ്റുമുളള ആരവങ്ങൾ ഞാൻ കോട്ടിരുന്നില്ല. നനവ് ഒരു തിരശ്ശീലയായി കണ്ണിനെ മറച്ചതിനാൽ ചുറ്റുമുളള കാഴ്ചകൾ ഞാൻ കണ്ടില്ല. മദ്യം കുടിച്ച് തീർത്ത ഒരു അരാജക ജീവിതത്തിന്റെ വെളിമ്പറമ്പുകളിൽ രക്തവും പിത്തരസവും ഛർദിച്ച് കുഴഞ്ഞുവീണ അബോധശയ്യകൾ മനസിൽ നിറഞ്ഞു. ലഹരിയുടെ കടലുകളെടുത്ത ജനിയുടെ ഹരിതാഭകൾ, സംഗീതം, പ്രണയങ്ങൾ എല്ലാം ഒരു അഭ്രപാളിയിലെന്നവണ്ണം മിന്നിമറഞ്ഞു. അപ്പോഴാണ് ഹൃദയത്തെ ദ്രവീകരിക്കുന്ന ഒരു സ്വരം ഞാൻ കേട്ടത് “അനിൽ, എന്റെ കടം ഇപ്പോഴാണ് നീ വീട്ടിയത്…’’ മുൻപിൽ ഡോ. എൻ പി ഹാഫിസ് മുഹമ്മദ്. ഞാൻ സ്തബ്ധനായി. കുറ്റബോധവും ആശ്ചര്യവും, ആനന്ദവും വ്യവഛേദിച്ചറിയാൻ കഴിയാത്ത വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ ഞാൻ ആടിയുലഞ്ഞു.

ഇരുപത് വർഷങ്ങൾക്കുമുൻപ് കോഴിക്കോട് ‘സുരക്ഷ’ എന്ന ഡീ അഡിക്ഷൻ സെന്ററിലേക്ക് അവളുമൊത്ത് ചെന്നു കയറിയപ്പോൾ എന്നെ ചേർത്ത് പിടിച്ച അതേ ആർദ്രതയോടെ… കുറച്ചു നിമിഷത്തേക്ക് എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല, “നിന്നെ ഇവിടെ വച്ച് കാണുമെന്ന്, നിന്റെ തിരിച്ചു വരവിന് സാക്ഷിയാകാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. നിന്റെ ഒപ്പം അവൾ കൂടി വേണമായിരുന്നു…’’ ഞാനും അവളെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. അല്ലെങ്കിൽ തന്നെ ജന്മത്തിന്റെ ഒരോ വളവിലും അവളുടെ അദൃശ്യ സാന്നിധ്യം ഒപ്പമുണ്ടായിരുന്നല്ലോ. ഓർമ്മകൾ എന്റെ അഭിശപ്ത ജീവിതത്തെ എഴുതുമ്പോൾ അവളില്ലാതെ അത് പൂരിപ്പിക്കാൻ കഴിയില്ലല്ലോ. തൽക്കാലം റോസ് എന്ന് അവളെ വിളിക്കാം റോസിന്റെ കൂട്ടുകാരി സുധാഷ മാത്യൂ ഒരു മികച്ച പ്രഭാഷകയായിരുന്നു. സുധാഷയുടെ വാക്കുകളിൽ നിന്നാണ് റോസ് എന്നെ അറിയുന്നത്. തുടർന്ന് കാലാലയങ്ങളിലെ പ്രസംഗ ഡിബേറ്റ മത്സരങ്ങളിലെല്ലാം അവൾ എന്നെ പിന്തുടർന്നു. അവൾ പഠിക്കുന്ന കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജിൽ വച്ചാണ് അവൾ എന്നോട് പ്രണയം വെളിപ്പെടുത്തുന്നത്.

ഡോ എന്‍ പി ഹാഫിസ് മുഹമ്മദിനോടൊപ്പം

അക്കാലത്ത് ഞാൻ ആരാധകർക്കും ആരവങ്ങൾക്കും നടുവിലായിരുന്നു. പിൽക്കാലത്ത് മാത്രമാണ് അതിന്റെ ക്ഷണികതകളെ കുറിച്ച് ഞാൻ തിരിച്ചറിഞ്ഞത്. വെറും ഒരു ഭ്രമം മാത്രമായേ അവളുടെ സ്നേഹത്തെ ഞാൻ കണ്ടിരുന്നുളളു. കലാലയങ്ങളിൽ നിന്നും കലാലയങ്ങളിലേക്കുളള പ്രസംഗമത്സരങ്ങളിൽ എന്നെ ഒരു സൗഹൃദസംഘം പിന്തുടർന്നിരുന്നു. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും പുരസ്കാരതുകയുമായി ഞാനും കൂട്ടുകാരും മദ്യശാലകളിലേക്ക് ചേക്കേറും അവൾ കണ്ണീരോടെ — അവൾക്ക് –കണ്ണീരെന്നും പേരുണ്ട് — മദ്യശാലയ്ക്കു പുറത്ത് എന്നെ കാത്തു നിൽക്കും. ഏത് ഇരുട്ടിലും ഏത് മഴയിലും ഏത് വെയിലിലും അവൾ എന്നെ കാത്തിരുന്നു. അവൾക്ക് കാത്തിരിപ്പ് എന്ന പേര് കൂടി ഉണ്ടായിരുന്നു. സമ്മാനം കിട്ടാതിരുന്ന ദിവസങ്ങളിൽ അവളുടെ സ്വർണ്ണാഭരണം പണയം വച്ചാണ് കുടിച്ചിരുന്നത്. പിന്നെയാ സ്വർണ്ണം ഒരിക്കലും മടക്കി എടുത്തതുമില്ല. തിരുവല്ല മാർത്തോമ കോളേജിൽ പി ടി ചാക്കോ മെമ്മോറിയൽ ഡിബേറ്റ് നടന്ന ഒരു പകൽ. ആ ദിവസങ്ങളിൽ തുടർച്ചയായി ഭക്ഷണമില്ലാതെയുളള മാരകമദ്യപാനമായിരുന്നു എന്റെ രീതി. ശരീരം നന്നേ ക്ഷീണിച്ചിരുന്നു. മത്സരവേദിയിൽ ഞാൻ ഒരു പരാജയമായി. വാക്കുകളുടെ ശാദ്വലഭൂമികൾ എന്നെ കയ്യൊഴിഞ്ഞു. മത്സരശേഷം എനിക്ക് മദ്യശാലയിലേക്കെത്താൻ തിടുക്കമായി. അന്ന് ആദ്യമായി മദ്യം കഴിക്കേണ്ടന്നവൾ കേണപേക്ഷിച്ചു.

ഞാൻ അവളോട് പൊട്ടിത്തെറിച്ചു. ഒരു പാട് ആക്ഷേപങ്ങൾ ചൊരിഞ്ഞു. നേരേ നിവർന്നു നിൽക്കുവാൻ പോലും കഴിയാത്ത എന്നെ തനിച്ച് ബാറിലേക്ക് വിടാൻ അവൾക്ക് മനസ് വന്നില്ല. അവളും എന്നോടൊപ്പം തിരുവല്ലയിലെ ബാറിലേക്ക് വന്നു. രണ്ടു ദശകങ്ങൾക്ക് മുൻപ് പൊതു ഇടത്തിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുക എന്നത് ഒരു സദാചാരസമൂഹത്തിന് അചിന്തനീയമായിരുന്നു. അപ്പോൾ പിന്നെ ആണധികാരങ്ങളുടെയും തിരിച്ചറിവുകൾ നഷ്ടപ്പെടുന്ന ലഹരിയുടെ ഇരുണ്ട ശീതളിമയിൽ ഒരു പെൺകുട്ടി വരിക എന്നത് ഇന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ലായിരുന്നു. പക്ഷെ അതൊന്നും അവൾക്കൊരു പ്രശ്നമാല്ലായിരുന്നു. ദുർബലനായ എന്നെ ഉപേക്ഷിച്ച് പോകാൻ അവൾക്കു കഴിയുമായിരുന്നില്ല. അവളും എന്റയൊപ്പം ബാറിൽ ഇരുന്നു. എനിക്കാകട്ടേ അവളുടെ മാനാഭിമാനങ്ങൾ ഒരു പ്രശ്നമായിരുന്നില്ല. മദ്യം ആവോളം കുടിക്കുക എന്നത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. അവൾക്കു നേരെയുളള വിടനോട്ടങ്ങളും പരിഹാസങ്ങളും ഞാൻ കേട്ടില്ല. ഞാൻ മദ്യപിച്ച് കൊണ്ടിരുന്നു. ഒടുവിൽ ലക്കുകെട്ട എന്നേയും താങ്ങി ഒരു ഓട്ടോയിൽ അവൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്നു. വൈകിട്ട് ആറ് മണി കഴിഞ്ഞു. ആറ് മണിക്ക് മുൻപ് തന്നെ ഹോസ്റ്റലിൽ അവൾക്ക് കയറണമായിരുന്നു. ഞാൻ അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. റോസ് എന്നെ മടിയിൽ കിടത്തി. എനിക്ക് ബോധം കിട്ടുവാൻ വേണ്ടി അവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവളുടെ പേര് പ്രാർതഥന എന്ന് കൂടിയായിരുന്നു. അർദ്ധരാത്രിയിലാണ് ഞാൻ ഉണർന്നത്. തീവണ്ടിയാപ്പീസിലെ മഞ്ഞവെളിച്ചക്കയത്തിൽ ഉറവകെട്ടിയ കണ്ണീർത്തടങ്ങളുമായി അവൾ എന്നെ നോക്കിയിരിക്കുന്നണ്ടായിരുന്നു. യാഥാർത്ഥത്തിൽ ആ നിമിഷത്തിൽ അവളുടെ നിസഹായതയെകുറിച്ചോ ദൈനതയെക്കുറിച്ചോ എന്നോടുള്ള തീവ്രാനുരാഗത്തെക്കുറിച്ചോ ഞാനാലോച്ചില്ലായിരുന്നു. അപ്പോഴാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുളള തീവണ്ടി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കരുനാഗപ്പളളി റെയിൽവേ സ്റ്റേഷന് സമീപം ഏത് ഇരവിലും തുറന്നിരിക്കുന്ന ഒരു ചാരായക്കട എനിക്ക് അറിയാമായിരുന്നു. ആ ഓർമ്മ എന്നിൽ ഭ്രന്തമായ ആവേശമുണർത്തി സഹനപർവ്വങ്ങളിൽ ഒരു മെഴുകുതിരിപോലെ എനിക്കായെരിഞ്ഞവളോട് ഒരു വാക്ക് പോലും പറയാതെ ഞാൻ തീവണ്ടിയിലോടിക്കയറി. അവൾ പിറകിൽ നിന്നും അനിൽ.… അനിൽ.… എന്നു വിളിച്ചുകൊണ്ടിരുന്നു. ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഇരുളും വെളിച്ചവും ഇടകലർന്ന പാതിരാവിന്റെ വിജനതയിൽ അവളെ തനിച്ചാക്കി ഞാൻ ട്രയിൻ കയറി. ഞാൻ അവളെ ഒന്നു തിരിഞ്ഞ് നോക്കിയത് പോലുമില്ല. എനിക്ക് എത്രയും പെട്ടന്ന് കരുനാഗപ്പളളിയിലെത്തണം. ആ വിഷദ്രാവകം ആവോളം നുകരണം. എന്റെ സ്വർഗവും ജീവിതത്തിന്റെ സംഗീതവും പ്രണയവുമെല്ലാം മദ്യം മാത്രമായിരുന്നല്ലോ. അതുകൊണ്ട് തന്നെ ആ പാതിരാവിൽ നിരാലംബതയുടെ നടുക്കടലിൽ അവളെ ഉപേക്ഷിച്ച് പോകാൻ എനിക്ക് യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ല.

കോട്ടയം ബി. സി. എം കോളേജിലെ ചെയർപേഴ്സണും പിൽക്കാലത്ത് ‘വനിത’ പത്രാധിപസമിതിയിലും ഉണ്ടായിരുന്ന ജിനുറാണി ജോർജ്ജ് റോസിന്റയും എന്റെയും അടുത്ത കൂട്ടുകാരിയായിരുന്നു. ജിനുവാണ് റോസിനോട് ഡോക്ടർ എൻ പി ഹാഫിസ് മുഹമ്മദിനേയും അദ്ദേഹം നേതൃത്വം നൽകുന്ന കോഴിക്കോട്ടെ ‘സുരക്ഷ’ എന്ന ഡീ അഡിക്ഷൻ സെന്ററിനേയും കുറിച്ച് പറയുന്നത്. കണ്ണീർ പുരണ്ട വാക്കുകളാൽ റോസ് എന്നോട് സുരക്ഷയിലേക്ക് പേകാൻ യാചിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഞാൻ സമ്മതിച്ചു. അങ്ങനെ അവളുമൊത്ത് ഒരു രാവറുതിയിൽ കോഴിക്കോട് സുരക്ഷ ഹോസ്പിറ്റലിൽ എത്തി. ഇരുപത്തിരണ്ട് ദിവസമാണ് ഡീ അഡിക്ഷൻ ട്രീറ്റ്മെന്റിനായി അവിടെ കഴിയേണ്ടി വന്നത്. അനുതാപവും സഹജസ്നേഹവും കൊണ്ട് ഹാഫിസ് സാർ എന്നെ സ്നാനപ്പെടുത്തി. 22ദിവസത്തെ ട്രീറ്റ്മെന്റിന് ശേഷം ഞാൻ സുരക്ഷയുടെ പടവുകളിറങ്ങി. ഇനി ഒരിക്കലും മദ്യപിക്കുകയില്ലെന്നും വാക്കിൽ വൻകരകൾ തേടിയുളള യാത്ര തുടരുമെന്നും ഞാൻ സാറിന് ഉറപ്പ് നൽകി. എന്നാൽ കഷ്ടിച്ച് രണ്ടുമാസം മാത്രമേ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞുളളു. വീണ്ടും ഞാൻ ആ വിഷദ്രാവകത്തിലേക്ക് കൂപ്പ് കുത്തിവീണു.
റോസിനെ അഭിമുഖീകരിക്കാൻ ഞാൻ തയ്യാറായില്ല. ഞാൻ അവളിൽ നിന്നും ഓടിയൊളിച്ച് കൊണ്ടേയിരുന്നു. അവൾ എന്നെ തിരക്കി മൈനാഗപ്പളളി എന്ന ഗ്രാമത്തിലേക്കും കൊല്ലം എസ് എൻ കോളേജിലേക്കും വന്നു. അപ്പോഴവൾ എനിക്ക് ഒഴിയാബാധയായ് തോന്നി. എനിക്ക് അവളോട് വെറുപ്പ് തോന്നി. എന്റെ സൗഹൃദങ്ങളോടും ചേച്ചിയോടും ഒരിക്കൽ മാത്രം ഒന്ന് കാണണമെന്ന് അവൾ വിലപിച്ചു. ചേച്ചി എന്നോട് പറഞ്ഞു: “അവളുടെ കണ്ണീരിന്റെ ശാപത്തിൽ നിന്നും രക്ഷപെടാൻ നിനക്ക് കഴിയില്ല. നീ അവളെ കാണണം ആശ്വസിപ്പിക്കണം…’’ ഒടുവിൽ അവളെ കാണുവാൻ ഞാൻ തീർച്ചയാക്കി. അവളുടെ ലാന്റ് ഫോണിൽ വിളിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഞാനെത്തുമെന്ന് പറഞ്ഞു. കരുനാഗപ്പളളിയിലെ വിജയബാറിൽ നിന്നും മദ്യപിച്ച് ഒരുകുപ്പി മദ്യവും കരുതിയാണ് ഞാൻ ട്രയിനിൽ കോട്ടയത്തേക്ക് പുറപ്പെട്ടത്. എന്നാൽ ആ യാത്രയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എനിക്ക് ഇറങ്ങാൻ കഴിഞ്ഞില്ല.

 

 

ലഹരിയുടെ നിലയില്ലാക്കയം എന്നെ എത്തിച്ചത് തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു. ഒരു പകൽ മുഴുവൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എന്നെ അവൾ കാത്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹൃദയരക്തം പുരണ്ട അക്ഷരങ്ങളിൽ അവൾ എനിക്കൊരു കത്തെഴുതി. ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ ഒരുനിഴലായി പോലും കടന്നുവരികയില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവളുടെ കത്ത് അവസാനിച്ചത്. പിന്നീടൊരിക്കലും അവളെന്നെ വിളിച്ചിട്ടില്ല. കത്ത് എഴുതിയിട്ടില്ല. കാണാൻ വന്നിട്ടില്ല. കുറച്ചു കാലത്തിനു ശേഷം ജീവിതം മുഴുവൻ ഇരുൾ വിഴുങ്ങിയപ്പോൾ, ആൾക്കൂട്ടവും ആരവവും അകന്നപ്പോൾ, വാക്കുകൾ എന്നെ കയ്യൊഴിഞ്ഞപ്പോൾ അവളുടെ സാമിപ്യം വേണമെന്ന് തീവ്രമായി ആഗ്രഹിച്ചപ്പോൾ ഞാൻ അവളെ അന്വേഷിച്ചു. അവൾ എവിടെയാണെന്ന് ആർക്കും അറിവുണ്ടായില്ല.വിഷദ്രാവകം തുറന്നിട്ട നരക വാതിലൂകളിലൂടെയുളള ഒരു യാത്രയിൽ തലച്ചോറിലെ ബ്ലാക്ക് ഔട്ടുകൾ ഒരു പൊളളിക്കുന്ന യാഥാർത്ഥ്യമായി അനുഭവപ്പെട്ടത്. ഓർമ്മകളില്ലാതെ ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിട്ടെന്ത് കാര്യം? മറവികൾ മരണം തന്നെയാണ്. ഓർമ്മകളെല്ലാം അനുനിമിഷം ചോർന്നുപോകുന്നുവെന്ന തിരിച്ചറിവുണ്ടായ രാത്രി എന്നിലേക്ക് ഒരുപാട് പേർ കയറിവന്നു. അച്ഛന്റെയും അമ്മയുടേയും ദീനമായ നോട്ടങ്ങൾ. ആളും ആരവും നിറഞ്ഞ വേദികൾ, പുരസ്ക്കാരങ്ങളുടെ പെരുമഴക്കാലങ്ങൾ, പ്രാർത്ഥന പോലെ നിർമ്മലമായ റോസിന്റെ സ്നേഹസാന്ത്വനങ്ങൾ… നിന്ദയും പരിഹാസവും ഏറ്റുവാങ്ങി ജനിയുടെ തെരുവോരങ്ങളിൽ ലഹരിപുതച്ചുറങ്ങിയ നാളുകൾ… പിന്നെ പാതിസ്വപ്നത്തിലെന്നവണ്ണം എന്നിലേക്ക് പുസ്തകങ്ങളുടെ ഒരു കാട് ഒഴുകിവന്നു. ഇതുവരെ വായിക്കപ്പെടാതിരുന്ന, എന്റെ സ്പർശനമേൽക്കാതിരുന്ന പുസ്തകങ്ങളുടെ കാടങ്ങൾ. അവ ശിഖരങ്ങൾ നീട്ടി എന്നെ മാടിവിളിച്ച് കൊണ്ടിരുന്നു. തിങ്ങി നിറഞ്ഞ സദസുമായി ശൂന്യ വേദികൾ എനിക്കായി നിലവിളിച്ച് കൊണ്ടിരുന്നു. തടവിലാക്കപ്പെട്ട ആത്മാക്കൾ പോലെ ഉച്ചരിക്കപ്പെടാതെ പോയ വാക്കുകൾ ഞങ്ങളെ സ്വതന്ത്രരാക്കൂ എന്ന് കേണ് കരഞ്ഞു കൊണ്ടിരുന്നു. പ്രാണന്‍ രക്തം തൊട്ട സൗഹൃദങ്ങൾ ‘നീ തിരികെ വരികയെന്ന്’ ഒരേ സ്വരത്തിൽ ഉദ്ഘോഷിച്ചു.

കാണാദൂരത്തിരുന്ന് കൊണ്ട് റോസിന്റെ ഹൃദയസ്പന്ദങ്ങൾ വാക്കുപൂക്കും കാലത്തിലേക്ക് മടങ്ങിവരാൻ ഹൃദയത്തിൽ മുട്ടിവിളിച്ചു പ്രാർത്ഥിച്ചു. ആ നിമിഷം — പതിനെട്ടാമത്തെ വയസിൽ എന്റെ സിരകളിൽ, ചോരയിലേക്ക് സംക്രമിച്ചൊഴുകിയ ആ വിഷദ്രാവകത്തെ ഞാൻ വെറുത്തു. കാലത്തിന്റെ ഉദാരതപോലെ വീണുകിട്ടിയ ആ നിമിഷത്തിൽ ഞാൻ സ്നാനപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അഞ്ചാമത്തെ പുസ്തകത്തിന്റെ പ്രകാശനവും കഴിഞ്ഞ്, നിലയ്ക്കാത്ത കൈയ്യടികളുടേയും ആരവങ്ങളുടേയും ആരവങ്ങളുടേയും അഭിനന്ദനങ്ങളുടേയും തോരാമഴ പെയ്ത്തിൽ ഹാഫിസ് മുഹമ്മദ്സാറിന്റയും കരവലയത്തിൽ നിൽക്കുമ്പോൾ ഞാനിതെല്ലാം ഓർത്തു. ഈ നിമിഷത്തിനായി, എന്റെ ഉയർത്തെഴുന്നേല്പിനായി, കണ്ണീരൊഴുക്കിയവരുടെ, പ്രാർത്ഥിച്ചവരുടെ, എന്നും ഒപ്പം ചേർത്ത് നിർത്തിയവരുടെ ഉറവ വറ്റാത്ത സ്നേഹ കാരുണ്യങ്ങൾക്കു മുൻപിൽ ഞാൻ ശിരസ് നമിക്കുന്നു. ലഹരികൊണ്ട് മുറിവേറ്റ ഒരുവന്റെ ഈ കുമ്പസാരം എന്റെ രക്തവും മാംസവുമാണ്. ഇത് നിങ്ങളെടുത്ത് കൊൾക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.