23 December 2024, Monday
KSFE Galaxy Chits Banner 2

സുന്ദര രാഗം, സ്വാമി സംഗീതത്തിലെ ഭാവ ഭംഗികള്‍

ദക്ഷിണാമൂർത്തി ഓർമ്മദിനം ആഗസ്റ്റ് രണ്ടിന്
ഡോ എം ഡി മനോജ്
August 7, 2022 3:33 am

കർണാടക സംഗീതത്തിന്റെ അന്തർധാരയെ കയ്യടക്കത്തോടെയും ധ്വനി സാന്ദ്രതയോടെയും അസാധാരണമാം വിധം ചലച്ചിത്ര ഗാനങ്ങളിൽ സാർത്ഥകമാക്കി എന്നതായിരുന്നു വി ദക്ഷിണാമൂർത്തി എന്ന സംഗീതജ്ഞന്റെ മഹത്വം. സ്വാമിയുടെ സംഗീതത്തിൽ ക്ലാസിക്കലും മെലഡിയും ഫോക്കുമെല്ലാം ഒരുപോലെ പ്രണമിച്ചു നിന്നു. പാട്ടിനെ പ്രണയ സുന്ദരവും പ്രാർത്ഥനാ നിർഭരവുമാക്കുന്ന രീതിയാണ് അദ്ദേഹം പ്രയുക്തമാക്കിയത്. മെലഡിയുടെ ഉള്ളറിവിനെ അത്രത്തോളം അർത്ഥ സാന്ദ്രമാക്കി, പാട്ടിലെ സൗന്ദര്യ ബോധത്തെ രാഗപരമായും ഭാവപരമായും സൂക്ഷ്മമാക്കുകയായിരുന്നു ദക്ഷിണാമൂർത്തി. ശാസ്ത്രീയ ഘടനയിൽ തീർത്ത പാട്ടുകളിലും മെലഡിയായിരുന്നു ലാവണ്യ ഭംഗിയായി നിലനിന്നത്. ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ശിൽപ വടിവുകൾ അതിന്റെ പരമാവധിയിൽ പുലരുകയായിരുന്നു സ്വാമിയിൽ. ശാസ്ത്രീയസംഗീത ഗാന പദ്ധതിയിൽ നിന്ന് ലളിത ഗാനവും നേരെ തിരിച്ചും പരിണാമപ്പെടുന്നുണ്ട്, ആ സംഗീത പ്രപഞ്ചത്തിൽ. ക്ലാസിക്കൽ സംഗീതത്തിന്റെ അഭിജാത സംസ്കൃതിയെ ലളിതമായ ചലച്ചിത്രഗാന സാധ്യതയാക്കി മാറ്റുന്നതിൽ വിജയിച്ചു എന്നതായിരുന്നു സ്വാമിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകം. 

ചലച്ചിത്ര കഥാ സന്ദർഭങ്ങൾക്കുള്ള വരികളിൽ രാഗ സംഗീതത്തിന്റെ പൊരുളുകൾ അന്വേഷിക്കുകയായിരുന്നു ദക്ഷിണാമൂർത്തി. കർണാടക സംഗീതത്തിലെ മേളകർത്താരാഗങ്ങളെ പാട്ടിന്റെ വിരൽത്തുമ്പിൽ പിടിച്ചു അദ്ദേഹം നടത്തിച്ചു. “സ്വപ്നങ്ങൾ” എന്ന ഗാനം ത്യാഗരാജ കീർത്തനമായ “വന്ദന മു രഘുനന്ദന“യെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതാണ്. “സാമജ വരഗമന“യാണ് “കാവ്യ പുസ്തകമല്ലോ ജീവിതം” എന്ന പാട്ടായത്. രാഗമാലികകളുടെ സാന്നിധ്യം ചലച്ചിത്ര ഗാനങ്ങളിൽ സജീവമാക്കിയ സംഗീതജ്ഞനായിരുന്നു അദ്ദേഹം. “ആലാപനം”, “കതിർമണ്ഡപം”, “മനസ്സിലുണരൂ”, “കാട്ടിലെ പാഴ്മുളം”, “സിന്ധു ഭൈരവി രാഗരസം”, “എല്ലാം നീയേ ശൗരേ “, “സ്വാതി തിരുനാളിൻ” .. അങ്ങനെ എത്രയോ ഗാനങ്ങൾ. രാഗ രമണീയതയെ പാട്ടിൽ അനായാസം ചേർത്തു വെക്കുകയായിരുന്നു സ്വാമി. ആഭേരിയിൽ കാക്കത്തമ്പുരാട്ടിയും പുലയനാർ മണിയമ്മയും ചിത്രശിലാപാളികളും എല്ലാം വ്യത്യസ്തമാവുന്നു. വല ചിയിൽ “ദേവി ശ്രീദേവി” യും ബേഗഡ യിൽ “ഇന്നലെ നീയൊരു സുന്ദര രാഗമായെൻ” എന്ന ഗാനവും രാഗാത്മകമാകുന്നത് കൗതുകകരമാണ്. ഖരഹരപ്രിയയിൽ സ്വാമിയൊരുക്കിയ ഗാനങ്ങൾക്ക് അപാര സൗന്ദര്യമുണ്ടായിരുന്നു. “ഉത്തരാസ്വയംവരം,” “കാർകൂന്തൽ “, “സന്ധ്യക്കെന്തിന് സിന്ദൂരം”, “ദേവവാഹിനി”, “അശോക പൂർണിമ”… അങ്ങനെ ഖരഹരപ്രിയയിൽ പീലി വിരിച്ചു നിന്നു എത്രയെത്ര ഗാനങ്ങൾ… 

അക്ഷരങ്ങളിൽ വിരിയുന്ന സംഗീത മനോധർമത്തെ പാട്ടിലാക്കുകയായിരുന്നു ദക്ഷിണാമൂർത്തി. “സന്ധ്യക്കെന്തിന് സിന്ദൂരം” എന്ന പാട്ടിൽ “തങ്കമേ” എന്ന നീട്ടലും “എന്നേ കാവ്യ ഗന്ധർവനാക്കുന്നു” എന്ന വരി കഴിഞ്ഞൊരു മാത്ര കടന്നുള്ള “സുന്ദരി” എന്ന വിളിയുമൊക്ക പ്രദാനം ചെയ്യുന്ന പ്രണയ നവ്യതകൾ ആലോചനാമൃതങ്ങൾ ആകുന്നു. “നിൻ മന്ദഹാസം” എന്ന പാട്ടിലെ ഗമക ഗതികളെ മറി കടന്നുവരുന്നുണ്ട് ഒരു മധുരോദാരമായ മെലഡിയുടെ മൃദുഭാവം. “വൃശ്ചികപ്പൂനിലാവേ” എന്ന പാട്ടിൽ “മച്ചിന്റെ മേലിൽ” തരുന്ന സവിശേഷ ട്വിസ്റ്റ് വേറെതന്നെയാണ്. “നിന്റെ മിഴിയിൽ നീലോല്പലം” എന്ന പാട്ടിന്റെ പല്ലവി അവസാനിക്കുന്നിടത്ത് പൂർണമാവുകയാണ് “നീയൊരു നിത്യവസന്തം” എന്ന നിമന്ത്രണം. ശ്രീകുമാരൻ തമ്പിയുടെ വരികളിൽ ആയിരുന്നു സ്വാമിയുടെ കൂടുതൽ പാട്ടുകളും. “ശ്രാന്തമംബരം” (ജി യുടെ കവിത ) ശുഭ പന്തുവരാളിയിൽ ശോഭനമായിത്തീർന്നു സ്വാമിയുടെ സാക്ഷാത്കാര ധന്യതയിൽ നീലാംബരിയിൽ നിരവദ്യമായി ത്തീർന്നു “ഹർഷ ബാഷ്പം.” രാധാകൃഷ്ണ പ്രണയത്തിന്റെ സൗന്ദര്യ ശ്രുതികൾ മുഴുവനും സംഗീതാത്മകമായി “പൊൻ വെയിൽ മണിക്കച്ച” എന്ന പാട്ടിൽ. നാദസ്വരത്തിന്റെ നിറവുകൾ അതിന്റെ സാന്ദ്രതയിൽ സുഭഗമായി “മാലക്കാവടി പീലിക്കാവടി”, “ഗോപീചന്ദനക്കുറിയണിഞ്ഞു” എന്നീ ഗാനങ്ങളിൽ. ഫോക്കിന്റെ തനതു ശൈലികളിൽ ഉറപ്പിച്ചു നിർത്തിയ ഗാനങ്ങളായിരുന്നു “ചെന്തെങ്ങ് കുലച്ച പോലെ”, “തൈപ്പൂയക്കാവടിയാട്ടം” എന്നിവ. രാമ രാമ രാമ (ഭക്ത ഹനുമാൻ) എന്ന ഗാനത്തിലെ ഹനുമൽ ഭക്തി പോലെ മറ്റൊന്ന് കണ്ടിട്ടില്ല മലയാളത്തിൽ. ഒരു ഗമക പ്രയോഗത്തിന്റെ നേർത്ത സാധ്യത പോലുമില്ലാതെയാണ് സ്വാമി “ചന്ദ്രികയിലലിയുന്നു” എന്ന പാട്ട് ചെയ്തതുമെന്നും ശ്രദ്ധേയമാണ്. പാശ്ചാത്യ സംഗീത ഘടനയിൽ ചെയ്ത “നനഞ്ഞ നേരിയ പട്ടുറുമാൽ”, നൃത്ത സംഗീത സമ്പ്രദായത്തിൽ തീർത്ത “ആറാട്ടിനാനകൾ”, “സ്വര രാഗരൂപിണി, ഗസൽ ഫോർമാറ്റിൽ സംഗീതമാവിഷ്കരിച്ച “വരുമല്ലോ രാവിൽ”, “കരിനീലക്കണ്ണുള്ള പെണ്ണേ”, ഹാസ്യഗാനമായ “അങ്ങാടി മരുന്നുകൾ, ഒരു രൂപാ നോട്ടു കൊടുത്താൽ” … അങ്ങനെ ബഹുസ്വരതയുള്ള പാട്ടു ലോകം. 

“ആലാപനം” എന്ന ഗാനത്തിന്റെ “അനാദിമധ്യാന്തമീ വിശ്വചലനം” എന്ന ഭാഗം കേൾക്കുമ്പോൾ തോന്നുന്ന ഓങ്കാര വിടർച്ചകൾ മറ്റൊരു ഗാനത്തിലുമില്ല. “ആകാശം ഭൂമിയെ വിളിക്കുന്നു” എന്ന പാട്ടിൽ കണ്ണു ചിമ്മി നിൽക്കുകയാണ് അനുരാഗ നക്ഷത്രങ്ങൾ. മലയാളത്തിലെ മികച്ച ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിലൊന്നാണ് ശങ്കരാഭരണത്തിൽ തീർത്ത “കനിവോലും കമനീയ ഹൃദയം.” ഒരേ ആശയം പ്രതിഫലിക്കുന്ന വരികളിൽ ചേർത്തു വെച്ച സംഗീതം ശ്രദ്ധിക്കൂ… “എത്ര സമുദ്ര ഹൃദന്തം ചാർത്തി, ഇത്രയും നീലിമ നിന്റെ കണ്ണിൽ” (ഹൃദയസരസ്സിലെ )… “എങ്ങനെ കോരി നിറച്ചു നിൻ കണ്ണിൽ ഇത്ര വലിയ സമുദ്രം, അനുരാഗ സ്വപ്നവർണ സമുദ്രം” (എത്ര ചിരിച്ചാലും )… ഇങ്ങനെ ഒരേ ചമത്കാര ഭംഗികളെ ഇരു ഗാനങ്ങളിലും അത്യുദാത്തമായാണ് സ്വാമി അലങ്കരിച്ചു വച്ചിട്ടുള്ളത്. രാഗദേവതയോടുള്ള പ്രാർത്ഥനയായിരുന്നു ആ സംഗീത ജീവിതം. 

മനുഷ്യന്റെ ഹൃദയത്തെ അരമുറിക്കരിക്കിനെപ്പോലെ കണ്ട പി ഭാസ്കരൻ മാഷിന്റെ “മനുഷ്യ ബന്ധങ്ങൾ, കടങ്കഥകൾ” എന്ന പാട്ടിനെ അതുപോലെ ലളിതമായാണ് സ്വാമി ചിട്ടപ്പെടുത്തിയത്. സ്വാമി സംഗീതത്തിലെ ഭാവ ഭംഗികൾ അറിയാൻ “ഏഴു സുന്ദര കന്യകമാർ “, “വാതിൽപ്പഴുതിൽ”, “ഏകാന്ത ജീവനിൽ” എന്നീ ഗാനങ്ങളൊക്കെ മാറി മാറി കേട്ടാൽ മതിയാകും. ശ്യാമരാഗമെന്ന സിനിമയിലെ ഗാനങ്ങൾക്കായിരുന്നു അദ്ദേഹം അവസാനം ഈണം പകർന്നത്. സംഗീതത്തിൽ ദക്ഷിണാമൂർത്തി ആവിഷ്കരിച്ച ദക്ഷതകൾ അത്രയ്ക്കും സാരവത്തായിരുന്നു. ഏത് പ്രണയ കല്പപനയും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിത്യ സത്യമായിത്തീർന്നു. ദക്ഷിണാമൂർത്തിയിലെ താപസനായ സംഗീതജ്ഞൻ വരും തലമുറയ്ക്ക് നൽകിയിട്ടുള്ളത് രാഗാനുശീലനത്തിന്റെ വലിയൊരു സഞ്ചയികയാണെന്ന് നാമോരോരുത്തരും തിരിച്ചറിഞ്ഞു കൊണ്ടേയിരിക്കുന്നു… 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.