
ചരിത്രപരമായി ജുൽഫർ എന്നറിയപ്പെടുന്ന നാടാണ് റാസൽഖൈമ. പരമ്പരാഗതമായി കടലുമായി തൊഴിൽ ചെയ്തു വന്നിരുന്നവരാണ് റാസൽഖൈമയിലെ ജനങ്ങൾ. എങ്കിലും ബ്രിട്ടീഷുകാർ റാസൽഖൈമയെ കടൽക്കൊള്ളക്കാരുടെ തീരമായിട്ടാണ് കരുതിയിരുന്നത്. ‘ദ പൈറേറ്റ്സ് കോസ്റ്റ്’ എന്ന് അവർ ഈ നാടിന് വിളിപ്പേര് സമ്മാനിക്കുകയും ചെയ്തു. അക്കാലത്ത് റാസൽഖൈമയും, ഷാർജയും അൽ ഖാസിമി വംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. 1819ൽ കടൽ വഴിയെത്തിയ ബ്രിട്ടീഷുകാർ കനത്ത പീരങ്കി ആക്രമണത്തിലൂടെ റാസൽഖൈമയെ കീഴടക്കിയത് അറബ് ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ്. വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികരംഗമാണ് റാസൽഖൈമയുടെത്. ധാരാളം വാണിജ്യ വ്യവസായ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. അറബി നാടുകളിൽ മാത്രമല്ല ലോകത്ത് തന്നെ ആദ്യ മനുഷ്യവാസത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഇന്നത്തെ റാസൽഖൈമ. ഏഴായിരം വർഷം മുമ്പ് തന്നെ ഇവിടെ സംഘടിത മനുഷ്യവാസം ഉണ്ടായിരുന്നു. കച്ചവടത്തിന് വേണ്ടി കടലിലൂടെയും മരുഭൂമികളിലൂടെയും ദീർഘ യാത്രകൾ നടത്തിയിരുന്നവരായിരുന്നു ഇന്നത്തെ റാസൽഖൈമയുടെ പൂർവികർ.
റാസൽഖൈമയിൽ നിന്നും പതിനെട്ട് കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തായി അൽ-ജസീറ അൽ- ഹംറ എന്നൊരു പട്ടണമുണ്ട്- കടൽത്തീരപട്ടണം. നേരത്തെ ഇവിടം ഒരു ചെറുദ്വീപായിരുന്നു. കടലിൽ നിന്ന് മുത്തുവാരി സമ്പന്നരായവർ പടുത്തുയർത്തിയ നഗരമായിരുന്നു അന്ന് അത്. ചുവന്ന ദ്വീപ് എന്നാണ് അൽ- ജസീറ അൽ‑ഹംറ എന്ന വാക്കിന്റെ അർത്ഥം. 1950 വരെയും നിറയെ ആളുകൾ ഉണ്ടായിരുന്ന ഒരു പട്ടണമായിരുന്നു അത്. രണ്ടായിരത്തിൽ കൂടുതൽ ആളുകൾ, 1830 മുതൽ ഒരു നൂറ്റാണ്ടിലധികം കാലം സന്തോഷത്തോടെ ജീവിച്ചു പോരുകയായിരുന്നു. പിന്നീടാണ് പല തെരുവുകളിൽ നിന്നും പലപ്പോഴായി ആ നഗരത്തിൽ വസിച്ചിരുന്നവരുടെ മൃതദേഹങ്ങൾ കിട്ടിത്തുടങ്ങിയത്. ക്രമേണ ഭീതിയുടെ ഒരു തുരുത്തായി അവിടം മാറി. ആരും രാത്രികാലങ്ങളിൽ പുറത്തിറങ്ങാതായി. ദൂരദേശത്തേക്ക് കച്ചവടത്തിനായി പോയവർ രാത്രികാലങ്ങളിൽ അവിടേക്ക് വരാതെയായി. പിന്നീടങ്ങോട്ട് രാത്രികാലങ്ങളിൽ ജിന്നുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പലരും പലപ്പോഴായി പലയിടങ്ങളിൽ ജിന്നുകളെ കാണാൻ തുടങ്ങിയപ്പോൾ പേടി കൂടുതലുള്ളവർ നഗരം വിട്ടു പോകാൻ തുടങ്ങി. ക്രമേണ നഗരം മുഴുവൻ ഭീതിയുടെ നിഴലിലായി. ഒടുവിൽ അവിടെ വസിച്ചവരെല്ലാം വീട് ഉപേക്ഷിച്ചു അടുത്ത നഗരങ്ങളിലേക്ക് പലായനം ചെയ്തു. പിന്നീടുള്ള അറുപത്തി അഞ്ച് വർഷം ആരും അവിടേക്ക് വരാതെയായി. കാലക്രമേണ കെട്ടിടങ്ങൾ പഴകി ദ്രവിച്ച് ഒരു പ്രേത നഗരം പോലെയായി. അര നൂറ്റാണ്ട് കാലത്തെ വെയിലും മഴയും കടൽക്കാറ്റുമേറ്റ് കെട്ടിടങ്ങൾ എല്ലാം നാശോന്മുഖമായി. കാടുമൂടിയ ആ നഗരം ആരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ കിടന്നു.
2015 ലാണ് റാസൽഖൈമ ഗവൺമെന്റ് ഈ നഗരത്തെ പുനഃസൃഷ്ടിക്കാൻ പദ്ധതിയിടുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പണികൾക്കായി അവിടെ എത്തി. ഇപ്പോൾ അവിടെ പണിയെടുക്കുന്ന തൊഴിലാളികളും അവിടെ ജിന്നുകളുടെ ഉപദ്രവം ഉണ്ടായിരുന്നു എന്നുള്ള വസ്തുതയെ ശരിവയ്ക്കുന്ന കഥകളാണ് പറയുന്നത്. നിർമ്മാണത്തിന്റെ ആദ്യ നാളുകളിൽ പല തൊഴിലാളികളും ജിന്നുകളെ കണ്ടു എന്നും അവർ പേടിച്ച് ജോലി മതിയാക്കി അവിടെ നിന്ന് മടങ്ങിയെന്നും, മറ്റ് തൊഴിലാളികൾ പറയുന്നു. അന്ന് അവിടെനിന്നും ജോലി മതിയാക്കി പോയവർ തെളിവിനായി ജിന്നുകളുടെ ചിത്രം മൊബൈലിൽ പകർത്തി മറ്റുള്ളവരെ കാണിച്ചിട്ടാണ് അവിടെ നിന്ന് പോയതെന്നും അവർ സമർത്ഥിക്കുന്നു. റാസൽഖൈമ നഗരത്തിൽ നിന്നും വളരെ അകലെ അല്ലാത്ത ‘ഗോസ്റ്റ് ടൗൺ’ എന്നും വിശേഷിപ്പിക്കുന്ന അൽ-ജസീറ അൽ‑ഹംറ പട്ടണം റാസൽഖൈമ ഡിപ്പാർട്ട്മെന്റ് ഓഫ് ആന്റിക്യുറ്റീസ് ആൻഡ് മ്യൂസിയത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ പുനഃരുദ്ധരിച്ചു വരികയാണ്. യുഎഇയിലെ ‘പോംമ്പി’ എന്നാണ് ഈ പുരാനഗരത്തിന്റെ വിശേഷണം. ഇറ്റലിയിലെ പോംമ്പി നഗരം നൂറ്റാണ്ടുകൾക്ക് ശേഷം വീണ്ടെടുത്തത് പോലെ അൽ- ജസീറ അൽ‑ഹംറയും പുനഃസൃഷ്ടിക്കുന്നതിന്റെ സൂചകമായ വിശേഷണമാണത്. നൂറ്റാണ്ടുകളായി ആളുകൾ വസിച്ചിരുന്ന നഗരത്തിലെ കെട്ടിടങ്ങൾ എല്ലാം ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുകയാണ്. മരുഭൂമിയിൽ നിന്നുള്ള കല്ലും കുഴമണ്ണും തീരത്തുനിന്നുള്ള കോറൽ ശിലകളും ചേർത്താണ് ഇവിടെ വീടുകളുടെ ഭിത്തി പണിതിരുന്നത്. ഇടിഞ്ഞു തകരാറായ ഒരു വീടിനകത്തെ മേൽക്കൂരയുടെ നിർമ്മാണം കൗതുകകരമാണ്, ഉരുളൻ തടി കൊണ്ടുള്ള തുലാങ്ങൾക്ക് മീതെ കണ്ടലിന്റെ തണ്ട് ചതച്ച് വിരിച്ച് അതിനുമീതെ മണ്ണും ചെറുകല്ലുകളും നിരത്തിയാണ് മേൽക്കൂര പണിതിരിക്കുന്നത്. കണ്ടൽ തണ്ടാണ് മേൽക്കൂരയുടെ പ്രധാന നിർമ്മാണ വസ്തു. ദ്വീപിന് ചുറ്റിലും പണ്ട് ധാരാളം കണ്ടൽക്കാടുകൾ ഉണ്ടായിരുന്നു. അത് ഉപയോഗിച്ചാണ് ഇവിടുത്തുകാർ പരമ്പരാഗതമായി വീടിന്റെ മച്ച് നിർമ്മിച്ച് വന്നത്. രണ്ടു നിലയുള്ള സമ്പന്ന വീടുകളുടെ രണ്ടാം നില നിർമ്മിക്കാൻ അവർ ഈന്തപ്പനയുടെ തണ്ടും കണ്ടൽ ചെടിയുടെ ചുള്ളിക്കമ്പും നിരത്തി അതിൽ കുഴ മണ്ണും ചെറുകല്ലുകളും പിന്നെ ഈന്തപ്പനയോലയും ചേർത്താണ് മച്ച് ഉണ്ടാക്കിയിരുന്നത്. നിയതമായ രൂപമില്ലാത്ത കല്ലുകൾ പടുത്തു അതിൽ ഉണങ്ങിയ പുല്ലും ചേർത്തു കുഴച്ച മണ്ണ് തേച്ച് പിടിപ്പിച്ചാണ് ഭിത്തി പ്ലാസ്റ്റർ ചെയ്തിരുന്നത്. പല സ്ഥാപനങ്ങൾ ഇവിടെ ഉണ്ടായിരുന്നു, വിദ്യാലയങ്ങൾ, വീടുകൾ, കച്ചവട പുരകൾ, മോസ്ക്കുകൾ എന്നിങ്ങനെ പലതും. ഇന്നവയൊക്കെ പുരാവസ്തു വകുപ്പ് പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ പ്രേത നഗരമായി വിശേഷിപ്പിക്കപ്പെടുന്ന അൽ- ജസീറ അൽ‑ഹംറയിൽ നിന്നും ആളൊഴിഞ്ഞു പോയതിന് ചരിത്രപരമായി പല കാരണങ്ങൾ പറയുന്നുണ്ട്. എങ്കിലും പൂർണമായും ഇതെങ്ങനെ ഉപേക്ഷിക്കപ്പെട്ട് എന്നത് ഒരു ചോദ്യമായി അവശേഷിക്കുകയും ചെയ്യുന്നു.
ഇവിടെയുണ്ടായിരുന്ന അറുന്നൂറിൽപ്പരം വീടുകൾക്കും വിദ്യാലയങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും പള്ളികൾക്കും പലവിധത്തിലാണ് നാശം സംഭവിച്ചത്. ചിലത് പൂർണമായും മറ്റുചിലത് ഭാഗികമായും തകർച്ച നേരിട്ടതാണ്. എന്നാൽ ചിലത് അവിടെ ഒരു നിർമ്മിതി ഉണ്ടോ എന്ന് പോലും അറിയാൻ പറ്റാത്ത വിധത്തിൽ നശിച്ചു പോയിരുന്നു. പുരാവസ്തു വകുപ്പ് ഇവിടെയുള്ള ചില ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങൾ വേലികെട്ടി തിരിച്ചിരിക്കുന്നു. പണ്ട് ഇവിടം ഈ വിധത്തിൽ ആയിരുന്നു എന്ന് വരുംതലമുറയ്ക്ക് കാണിച്ചു കൊടുക്കുവാനും അന്നത്തെ വീട് നിർമ്മാണ രീതിയും, അതിന് ഉപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളും എന്തെന്നറിയുവാനും അവർ അതിനെ കൂടുതൽ കേടുപറ്റാതെ സംരക്ഷിച്ചു വരുന്നു. ആഡംബരത്തിന്റെയും പ്രൗഡിയുടെയും ഉത്തുംഗതയിൽ നിൽക്കുന്ന പുതിയ തലമുറയ്ക്ക് ഒരു നൂറ്റാണ്ട് പോലും പഴക്കമില്ലാത്ത പൂർവികരുടെ ജീവിത സാഹചര്യവും സംസ്കാരവും അവരെ അത്ഭുതപ്പെടുത്തുന്നുണ്ടാവാം. പൈതൃകത്തെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്താനായിട്ടാണ് ഗവൺമെന്റ് ഇങ്ങനെയുള്ള നിർമിതികളെ സംരക്ഷിക്കുന്നതും, അതിനെ പ്രദർശിപ്പിക്കുന്നതും. നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച അൽസാബ് മോസ്കിന്റെ അവശിഷ്ടം കാണാം. സാബ് എന്നത് ഗോത്രത്തിന്റെ പേരാണ്. സാബ് ഗോത്രത്തിൽ പെട്ടവരായിരുന്നു ഇവിടെയുണ്ടായിരുന്ന ജനങ്ങളും.
പുനഃരുദ്ധാരണ പ്രവർത്തനം ഏകദേശം പൂർത്തിയായ വീടുകൾ ഇവിടെയുണ്ട്. നഗരത്തിൽ ഉണ്ടായിരുന്ന മിക്ക വീടുകളുടെയും രൂപം ഒരുപോലെയായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപും ഒരു അറബി വീട് ഒരു കോട്ട പോലെയായിരുന്നു. വലിയൊരു മതിൽക്കെട്ട് കൊണ്ട് അതിനെ മറ്റു കെട്ടിടങ്ങളിൽ നിന്നും വേർതിരിച്ചിരിക്കും. വലിയ കുടുംബങ്ങളാണ് ഇവിടെ ഓരോ വീട്ടിലും ഉണ്ടായിരുന്നത്. പുരുഷന്മാർക്ക് നാല് ഭാര്യമാർ വരെ ഉണ്ടായിരുന്നു. അവരും കുഞ്ഞുങ്ങളും ഒരേ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. എത്രയോ കാലം മുമ്പ് ആളുകൾ വസിച്ചിരുന്ന കെട്ടിടങ്ങൾ, രണ്ടു നൂറ്റാണ്ടിനു മുൻപ് വരെ നിർമ്മിച്ചവ ഈ കൂട്ടത്തിലുണ്ട്. മരുഭൂമിയിലെ മണ്ണ് ഉണങ്ങിയ പുല്ലും ചേർത്ത് കുഴച്ച് വലിയ കട്ടകൾ ഉണ്ടാക്കി അതുകൊണ്ടായിരുന്നു അന്നും അവർ വീടുകൾ നിർമ്മിച്ചിരുന്നത്. ചരിത്രം പറയുന്ന ഒരു വില്ലേജായി രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇന്ന് പുരാവസ്തു വകുപ്പ്. കുഴമണ്ണും സിമന്റും ചേർത്താണ് ഇപ്പോൾ പുതുക്കി പണിയുന്നത്. പുറത്ത് എത്ര ചൂടാണെങ്കിലും ഇതിനകത്ത് തണുപ്പാണ്. പ്രത്യേകമായ ഒരു പരുക്കൻ സൗന്ദര്യം ഇതിനുണ്ട്. മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ വീടുകളുടെ രൂപം ഇങ്ങനെയായിരുന്നു. അതിന് കൃത്യമായ അളവുകളോ വടിവുകളോ ഉണ്ടാകണമെന്നില്ല. ഭിത്തിയിൽ മുഴകളും വളവുകളും വാതിലുകൾക്ക് പല വലിപ്പവുമൊക്കെ സ്വാഭാവികം. പുതിയ കെട്ടിടത്തിന്റെ മച്ച്, മരക്കമ്പുകളും കണ്ടൽ ചുള്ളികളും പാകി അതിൻമേൽ കുഴമണ്ണ് നിരത്തി ഉണ്ടാക്കിയ സംവിധാനമാണ്. ഈ വീടുകൾക്കെല്ലാം വേനൽക്കാലത്ത് ചൂടുവായു പുറത്തു പോകുന്നതിനും തണുത്ത കാറ്റ് അകത്തു കടക്കുന്നതിനും പ്രത്യേകമായി നിർമ്മിച്ച ‘അൽദഹറസ്’ എന്നറിയപ്പെടുന്ന സംവിധാനം ഉണ്ടായിരുന്നു. കടലിൽ നിന്നും മുത്തുവാരലും അതിന്റെ വ്യാപാരവും ആയിരുന്നു ഈ നഗരത്തിലെ കൂടുതൽ പേരുടെയും ഉപജീവനമാർഗം. മുത്തുവാരലിലൂടെ സമ്പന്നരായ ഇവർ ഇവിടെ സുസജ്ജവും സ്വയം സമ്പൂർണവുമായ ഒരു പട്ടണമാണ് പടുത്തുയർത്തിയത്.
ഇപ്പോൾ ഇവിടെ ചെറിയൊരു സൂഖ് (ചന്ത) രൂപം കൊള്ളുന്നത് കാണാം. പണ്ട് ഉണ്ടായിരുന്നത് തന്നെ. പനയുടെ തടിയും തണ്ടും കൊണ്ട് മേൽക്കൂരയും ഭിത്തിയും ഉണ്ടാക്കിയ ചെറുകെട്ടിടങ്ങളുടെ നീണ്ട നിര. റസ്റ്റോറന്റുകളും, സ്മരണികകളും, കരകൗശല വസ്തുക്കളും ലഭിക്കുന്ന കടകളായിട്ടാണ് ഇതിനെ രൂപപ്പെടുത്തുന്നത്. ഏതാനും വർഷം കഴിഞ്ഞാൽ റാസൽഖൈമയിലെ ഒരു പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഇത് വളരും. പണ്ടുകാലത്ത് വീടുകളും പീടികകളും എങ്ങനെയായിരുന്നോ അതേ രീതിയിൽ തന്നെയാണ് ഇതിന്റെ നിർമ്മാണം. പണ്ടത്തെ ഗോത്രവർഗക്കാരുടെ നിർമ്മാണ ശൈലിയിൽ പൗരാണിക മട്ടിലുള്ള നിർമ്മാണം.
ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ ആളുകൾ വരാൻ ഭയപ്പെട്ടിരുന്ന ഒരു ഇടമായിരുന്നു അൽ-ജസീറ അൽ‑ഹംറ. എന്നാൽ സമീപഭാവിയിൽ ടൂറിസ്റ്റുകൾ നിറഞ്ഞൊഴുകുന്ന ഒരിടമായി ഇവിടം മാറാൻ പോവുകയാണ്. അതിനുതകും വിധം വലിയൊരു കോംപ്ലക്സ് ആയിട്ടാണ് ഇത് രൂപപ്പെടുത്തി കൊണ്ടിരിക്കുന്നത്. നടവഴികളുടെ മുകളിൽ വലകൾ പോലെയാണ് കമ്പുകൾ മെടഞ്ഞ് കെട്ടിയിരിക്കുന്നത്. കാറ്റും വെളിച്ചവും കടക്കുന്ന വിധം, എന്നാൽ വെയിൽ നേരിട്ട് താഴെ പതിക്കാത്ത രീതിയിലാണ് നടപ്പന്തൽ, രസകരമായ ഒരു ഡിസൈൻ ആണിത്. പ്രോജക്ട് പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും. വിശാലമായ പാർക്കിങ്, മ്യൂസിയം, വിസിറ്റേഴ്സ് സെന്റർ, ബോട്ടിക് ഹോട്ടൽ, കഫേകൾ എന്നിവയൊക്കെ ഇവിടെ വരാൻ പോകുകയാണ്. പഴയ നഗരത്തിനു മുന്നിൽ ഒരു ഗോപുരം കാണാം, അത് പണ്ട് ഇവിടെ ഉണ്ടായിരുന്ന കോട്ടയുടെ ഭാഗമാണ്. തകർന്നു പോയിരുന്ന കോട്ടയെ പുനഃസൃഷ്ടിക്കുകയാണ് ഇപ്പോൾ. ഗോപുരത്തിനു മുകളിൽ യുഎഇയുടെ പതാക പാറി കളിക്കുന്നു. പഴയ രൂപത്തിലും വലിപ്പത്തിലുമാണ് പൂർത്തിയായ കോട്ട. കോട്ടയുടെ പ്രധാന നിരീക്ഷണ ഗോപുരം കാണാം. അതിനോട് ചേർന്ന് കാവൽക്കാരുടെ മുറികളും ഉണ്ടായിരുന്നു. ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ പതിവായിരുന്ന പഴയകാലത്ത് പ്രതിരോധ സംവിധാനം എന്ന നിലയിലാണ് കോട്ട ഇവിടെ പണികഴിപ്പിച്ചത്.
പുനർനിർമ്മിച്ച എല്ലാ നിർമ്മിതികളുടെയും മുറ്റം ചുവന്ന മണ്ണും മണലും സിമന്റും പ്രത്യേക അനുപാതത്തിൽ കൂട്ടിക്കലർത്തിയാണ് ഫ്ലോറിങ് ഒരുക്കുന്നത്. ദീർഘകാലം നിലനിൽക്കുന്നതിനോടൊപ്പം ട്രഡീഷണൽ അറബിമുറ്റത്തിന്റെ സ്വഭാവവും ഇങ്ങനെ തന്നെയാണെന്നുള്ളതുമാണ് ഈ രീതിയുടെ പ്രത്യേകത. മണ്ണിന്റെ നിറത്തിൽ പോലും ശ്രദ്ധിച്ചിരിക്കുന്നു. ഇവിടം വലിയൊരു കൾച്ചർ സെന്ററായിട്ടാണ് ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. പഴയ നഗരത്തെ കാണുന്നതിനോടൊപ്പം കലയെ ആസ്വദിക്കാനുള്ള കേന്ദ്രങ്ങളും ഭക്ഷണവൈവിധ്യം നുകരാനുള്ള ഫുഡ് സ്ട്രീറ്റുകളും സുവനീർ ഷോപ്പുകളുടെ വലിയ കേന്ദ്രങ്ങളും എല്ലാം ചേർന്ന് വമ്പൻ ഒരു ടൂറിസ്റ്റ് കേന്ദ്രം. അതിന്റെ മുന്നോടിയായിട്ടാണ് തകർന്നുപോയ കെട്ടിടങ്ങളെ പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഏതാനും വർഷങ്ങൾക്കകം ഇത് നല്ലൊരു ഹെറിറ്റേജ് സമുച്ചയമായി ഇത് മാറും. അറബ് ലോകത്തിന് തന്നെ ചരിത്രം അനാവരണം ചെയ്യുന്ന ഒരു ഇടമാവും അപ്പോൾ അൽ-ജസീറ അൽ‑ഹംറ. ഗൾഫ് നാടുകൾക്കൊന്നും വലിയ ചരിത്രം ഇല്ലെന്നാണ് നമ്മൾ ചിന്തിക്കുക. എന്നാൽ അയ്യായിരവും ആറായിരവും വർഷത്തെ ചരിത്രം ഈ നാട്ടുകാർ രേഖപ്പെടുത്തിവച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.